ഈ ഖത്തർ ടീമിൽ നിന്ന് നമുക്ക് പഠിക്കാൻ പലതുണ്ട്

ഈ ഖത്തർ ടീമിൽ നിന്ന് നമുക്ക് പഠിക്കാൻ പലതുണ്ട്

ഏഷ്യൻ ഫുട്ബാളിന്റെ തലപ്പത്തേക്കുള്ള ഈ കൊച്ചുരാജ്യത്തിന്റെ കുതിപ്പ് ചർച്ച ചെയ്യാൻ ഇതിലും ഉചിതമായ മറ്റൊരു സമയമില്ല
Updated on
2 min read

ഖത്തറിന്റെ ചരിത്രത്തിലെ നിർണ്ണായക ദിനമായിരിക്കും ഈ വരുന്ന നവംബർ 20. ലോകകപ്പ് ഫുട്ബോളിന് ഒരു മധ്യപൂർവേഷ്യൻ രാഷ്ട്രം ആതിഥേയത്വം വഹിക്കുന്നത് നടാടെ. ഫൈനൽ റൗണ്ടിന് ഖത്തറിന്റെ ദേശീയ ടീം യോഗ്യത നേടുന്നതും ഇതാദ്യം. ഇരുപത്തിരണ്ടാമത് ലോകകപ്പിന്റെ ഉദ്‌ഘാടന മത്സരത്തിൽ ഇക്വഡോർ ആണ് ഖത്തറിന്റെ എതിരാളി.

ഏഷ്യൻ വൻകരയിലെ ചാമ്പ്യന്മാർ എന്ന പദവിയുമായാണ് ഖത്തർ ലോകകപ്പിനെത്തുക. 2019 ലായിരുന്നു ആ ചരിത്രനേട്ടം. ഏഷ്യൻ ഫുട്ബാളിന്റെ തലപ്പത്തേക്കുള്ള ഈ കൊച്ചുരാജ്യത്തിന്റെ കുതിപ്പ് ചർച്ച ചെയ്യാൻ ഇതിലും ഉചിതമായ മറ്റൊരു സമയമില്ല.

ഏഷ്യൻ വൻകരയിലെ ചാമ്പ്യന്മാർ എന്ന പദവിയുമായാണ് ഖത്തർ ലോകകപ്പിനെത്തുക

1981 ൽ ആസ്‌ട്രേലിയയിൽ നടന്ന ഫിഫ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായിക്കൊണ്ടാണ് ഖത്തർ ലോക ഫുട്ബോൾ ഭൂപടത്തിൽ ഇടം നേടിയത്. അധികം വൈകാതെ 1984 ലെ ലോസാഞ്ചലസ് ഒളിമ്പിക്സിലും ഖത്തറിന്റെ അരങ്ങേറ്റം കണ്ടെങ്കിലും, എടുത്തു പറയാവുന്ന ഒരു പ്രകടനം പുറത്തെടുക്കാൻ എട്ടു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു അവർക്ക്; 1992 ലെ ബാഴ്‌സലോണ ഗെയിംസിൽ ക്വാർട്ടർ ഫൈനൽ എത്തും വരെ.

കളിയെഴുത്തുകാരൻ എന്ന നിലയ്ക്ക് ഖത്തർ ഫുട്ബോൾ ടീമിന്റെ പ്രകടനം അടുത്തുനിന്ന് വീക്ഷിക്കാൻ എനിക്ക് ആദ്യമായി അവസരം ലഭിച്ചത് ബാഴ്‌സലോണയിലാണ്. ബംഗളൂരുവിലെ ഡെക്കാൻ ഹെറാൾഡിന് വേണ്ടി ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യുകയായിരുന്നു എന്റെ ദൗത്യം. ആ മത്സരം കവർ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ മറ്റൊരുദ്ദേശ്യം കൂടിയുണ്ടായിരുന്നു . വിശ്വ വിഖ്യാതമായ ക്യാമ്പ് നോവ് സ്റ്റേഡിയം നേരിൽ കാണുക. എന്നെ മാത്രമല്ല, ഫുട്ബോൾ ലോകത്തെ മുഴുവൻ അമ്പരപ്പിച്ചുകൊണ്ട് ഈജിപ്തിനെ ഒരു ഗോളിന് തോൽപ്പിക്കുകയും കൊളംബിയയെ 1-1 ന് സമനിലയിൽ തളയ്ക്കുകയും ചെയ്‌തു ഖത്തർ. അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്പെയിനിനോട് തോറ്റെങ്കിലും (0 - 2) ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയ ഖത്തർ പോളണ്ടിനോട് അടിയറവ് പറയുകയായിരുന്നു. സ്പെയിനാണ് സ്വർണം നേടിയത്. പോളണ്ട് വെള്ളിയും.

അതിന് രണ്ടു വർഷം മാത്രം മുൻപ് ഇറ്റലി ആതിഥ്യം വഹിച്ച 1990 ലെ ലോകകപ്പിന് യോഗ്യത നേടുന്നതിന് തൊട്ടടുത്തെത്തിയിരുന്നു ഖത്തർ. ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്‌തത്‌. രണ്ടാം സ്ഥാനം നേടി ക്വാളിഫൈ ചെയ്ത യു എ ഇയേക്കാൾ ഒരൊറ്റ പോയിന്റ് മാത്രം പിന്നിൽ.

ഖത്തറിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച 1990 കൾ മുതൽ ദേശീയ ഫുട്ബോൾ ടീമിന്റെ ഗതിവിഗതികൾ കൗതുകത്തോടെ നിരീക്ഷിക്കുന്ന ആളാണ് ഞാൻ. 1998 ലെ ഫ്രാൻസ് ലോകകപ്പിനുള്ള നിർണായക യോഗ്യതാ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഒരു സമനില മാത്രം മതിയായിരുന്നു അവർക്ക്. പക്ഷേ നിർഭാഗ്യം തോൽവിയുടെ രൂപത്തിൽ അവരെ പിടികൂടി.

തിരിച്ചടിയിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുന്ന ഖത്തറിനെയാണ് പിന്നെ കണ്ടത്. മികച്ച ആസൂത്രണത്തിലൂടെ, പടിപടിയായുള്ള മുന്നേറ്റത്തിലൂടെ അവരിതാ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. അടിത്തട്ടിൽ നിന്നുള്ള വികസന പ്രവർത്തനങ്ങളിലൂടെയും കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിച്ചു കൊണ്ടുമാണ് ഈ മുന്നേറ്റം അവർ ത്വരിതപ്പെടുത്തിയത്.

ആസ്പയർ അക്കാദമി ഫോർ സ്പോർട്ട്സ് എക്സലൻസ് നിലവിൽ വന്നതോടെ ഖത്തറിന്റെ കളി മാറി

ഏഷ്യൻ ഫുട്ബോളിലെന്റെ തലപ്പത്തേക്കുള്ള ഖത്തറിന്റെ ഉയർച്ച അത്ര എളുപ്പമായിരുന്നില്ല. കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഒടുങ്ങാത്ത വിജയതൃഷ്ണയുടെയും ഗാഥ കൂടിയാണത്. ആ വീരഗാഥ യാഥാർഥ്യമാക്കാൻ ഖത്തർ ഫുട്ബോളിന്റെ അണിയറയിൽ രൂപം കൊണ്ട തീവ്ര പദ്ധതികളെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം. ആ പട്ടികയുടെ തലപ്പത്താണ് ആസ്പയർ അക്കാദമി ഫോർ സ്പോർട്ട്സ് എക്സലൻസിന്റെ സ്ഥാനം.

ആസ്പയർ അക്കാദമി നിലവിൽ വന്ന് പത്തു വർഷത്തിനകം, 2014 ഒക്ടോബറിൽ, മ്യാൻമറിൽ നടന്ന എ എഫ് സി അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ഖത്തർ ജേതാക്കളായി. ഫൈനലിൽ പ്രബലരായ ഉത്തര കൊറിയയെ ആണ് അവർ കീഴടക്കിയത്. ഈ വിജയത്തോടെ 2015 ൽ ന്യൂസിലൻഡിൽ നടന്ന ഫിഫ അണ്ടർ 20 ലോകകപ്പിന് ഖത്തർ യോഗ്യത നേടുകയും ചെയ്തു. ആ ടീമിലെ മികച്ച താരങ്ങൾ പലരും ഇത്തവണ ലോകകപ്പിനൊരുങ്ങുന്ന സീനിയർ ടീമിലുണ്ട്. നേരത്തെ ഇതേ കളിക്കാരുടെ മികവിലാണ് 2018 ലെ എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ ഖത്തർ മൂന്നാമതെത്തിയതും.

തൊട്ടടുത്ത വർഷം, ജപ്പാനെ ഫൈനലിൽ 3 - 1 ന് അട്ടിമറിച്ചുകൊണ്ട് എ എഫ് സി ഏഷ്യൻ കപ്പിൽ ഖത്തർ ജേതാക്കളായി. ഉത്തര കൊറിയ, സൗദി അറേബ്യ, ഇറാഖ്, ദക്ഷിണ കൊറിയ, യു എ ഇ തുടങ്ങിയ കരുത്തുറ്റ ടീമുകളെ മറികടന്നുകൊണ്ടാണ് ഖത്തർ ഫൈനലിൽ ഇടം നേടിയത് എന്ന് മറന്നുകൂടാ. അതേവർഷം കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവരെ അർഹരാക്കിയതും ഇതേ ചരിത്ര വിജയം തന്നെ. അവിടെയും പ്രകടനം മോശമായിരുന്നില്ല. 2021 ലെ കോൺകകാഫ് സ്വർണ്ണക്കപ്പിൽ സെമിഫൈനൽ വരെ എത്തിയത് മറ്റൊരു ഉജ്ജ്വല നേട്ടം.

2010 ഡിസംബർ 10 നാണ് ഫിഫ ലോകകപ്പിനു ആതിഥ്യമരുളാൻ ഖത്തർ തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിനെ സംബന്ധിച്ച് ചരിത്രത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു അത്. എട്ട് സ്റ്റേഡിയങ്ങളിലായി നവംബർ 20 ന് ആരംഭിക്കുന്ന ലോകകപ്പിന് ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 ന് തിരശ്ശീല വീഴും. എല്ലാ കണ്ണുകളും കാതുകളും ഇനി മൈതാനത്തേക്ക്.

(മലയാളിയായ മുതിർന്ന സ്പോർട്സ് ലേഖകൻ ഡി രവികുമാർ ``ഇൻസൈഡ് ഖത്തറി''ന്റെ മാനേജിങ് എഡിറ്ററായി ദോഹയിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ എക്സ്പ്രസ്സ്, ഡെക്കാൻ ഹെറാൾഡ് പത്രങ്ങളിൽ ജോലി ചെയ്ത ശേഷം 1996 ൽ ദി പെനിൻസുലയുടെ സ്പോർട്സ് എഡിറ്ററായി ഖത്തറിലെത്തി. 2006 മുതൽ 2018 വരെ ദോഹ സ്റ്റേഡിയം പ്ലസ് സ്പോർട്സ് വാരികയുടെ പത്രാധിപർ. ഖത്തർ ലോകകപ്പ് സംഘാടക സമിതിയുടെ ഭാഗമായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ മീഡിയ കൺസൽട്ടന്റുമാണ് ഇപ്പോൾ അദ്ദേഹം.)

logo
The Fourth
www.thefourthnews.in