നാട്ടുകാരും മാധ്യമങ്ങളും ചർച്ച ചെയ്യേണ്ടതല്ല, ഉമ്മൻ ചാണ്ടിയുടെ രോഗവും ചികിത്സയും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും ഇപ്പോൾ നടക്കുന്ന മാധ്യമചർച്ചകൾ ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തതും അസാന്മാർഗ്ഗികവും നിയമവിരുദ്ധവുമാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് ഇനി ചർച്ച ചെയ്ത് ഒരഭിപ്രായ രൂപീകരണം നടത്തേണ്ട ആവശ്യമില്ല, കാരണം ആരോഗ്യരംഗത്തെ സ്വകാര്യത, നിയമത്തിലും മെഡിക്കൽ എത്തിക്സിലും ഒക്കെ ധാരാളം പഠനങ്ങൾക്ക് വിധേയമാവുകയും തീർപ്പാക്കപ്പെടുകയും ചെയ്തിട്ടുള്ള വിഷയമാണ്. സാര്‍വ ലൗകികമായി അതിന്റെ അടിസ്ഥാന തത്വം മനുഷ്യാവകാശമാണ്, അതുകൊണ്ടു തന്നെ ലോകത്തൊരിടത്തും ഇക്കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഉമ്മൻ ചാണ്ടിയുടേതെന്നല്ല, രോഗാവസ്ഥയിലുള്ള ആരുടേയും ആരോഗ്യ വിവരങ്ങൾ ആ വ്യക്തിയുടെ അറിവും സമ്മതവും കൂടാതെ ആരും അറിയാനും ചർച്ച ചെയ്യാനും പാടില്ല. സമൂഹത്തിന് അപകടകരമായേ ക്കാവുന്ന അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് ഈ പൊതു തത്വത്തിന് അപവാദമായ നടപടികൾ സ്വീകരിക്കാൻ കഴിയുക.
ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ റെഗുലേഷൻസ് പ്രകാരം (സെക്ഷൻ 2.2) ഒരു രോഗിയുടെ ആരോഗ്യ വിവരങ്ങൾ, വ്യക്തിപരമായ കുഴപ്പങ്ങൾ ഉൾപ്പെടെ, ഒരു ഡോക്ടർ പുറത്തു പറയാൻ പാടില്ല. പുരാതനമായ ഇന്ത്യൻ എവിഡൻസ് ആക്റ്റും പറയുന്നത് ഏറെക്കുറെ ഇതു തന്നെ. മെഡിക്കൽ കൗൺസിലിന്റെ കോഡ് ഓഫ് എത്തിക്സ് പ്രകാരം സമൂഹത്തിനോ വ്യക്തികൾക്കോ അപകടം സംഭവിച്ചേക്കാവുന്ന അവസ്ഥയിൽ ഒരു കോടതിയിൽ, ജഡ്ജിയുടെ ഉത്തരവ് പ്രകാരം മാത്രമേ ഇത്തരം വിവരങ്ങൾ പറയാവൂ എന്നാണ്. ഐ സി എം ആർ മാർഗ്ഗരേഖയും പറയുന്നത് ഇത് തന്നെ. അതായത്, ചില അസാധാരണ സാഹചര്യങ്ങളിലൊഴികെ, കോടതിയുടെ പരിരക്ഷയ്ക്കുള്ളിലല്ലാതെ, രോഗിയുടെ സ്വകാര്യത ഒരിക്കലും ഹനിക്കാൻ പാടില്ല. ഇത് ഉദ്യോഗസ്ഥർ, ഗവേഷകർ തുടങ്ങി മറ്റുള്ളവർക്കും ബാധകമാണ്. വിവരാവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ പുവപ്പെടുവിച്ചിട്ടുള്ള വിധിയും പറയുന്നത് ഇതു തന്നെയാണ്. മനുഷ്യാവകാശം എന്ന് പറയുന്നത് പോലെ ഇത് ഒരു സാർവലൗകിക മര്യാദയാണ്.
ആ മര്യാദയും നിയമവുമാണ് ഉമ്മൻചാണ്ടിയുടെ രോഗാവസ്ഥ ചർച്ച ചെയ്യുന്നതിലൂടെ മാധ്യമങ്ങൾ ലംഘിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ അസുഖമെന്താണ്? എന്താണ് ഡോക്ടർമാർ പറഞ്ഞത്? എന്ത് ചികിത്സയാണു വേണ്ടത്? എന്താണ് അദ്ദേഹം ചെയ്യുന്നത്? കുടുംബം എന്ത് പറയുന്നു? എന്നൊക്കെ അറിയാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്. ആ മെഡിക്കൽ രേഖകൾ കയ്യിൽ കിട്ടിയാൽ പോലും നിയമപ്രകാരം പുറത്തു കാണിക്കാൻ പാടില്ലായിരുന്നു.
അഥവാ ഉമ്മൻ ചാണ്ടിയ്ക്ക് മാരക രോഗമാണ്, ചില തരം ചികിത്സകൾ വേണ്ട എന്ന് അദ്ദേഹവും കുടുംബവും തീരുമാനിച്ചു എന്ന് തന്നെയിരിക്കട്ടെ - അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. മാധ്യമങ്ങൾക്കെന്തു കാര്യം? പൊതുജനത്തിനെന്തു കാര്യം? സർക്കാരിന് എന്ത് കാര്യം? പ്രശസ്ത ക്രിക്കറ്റ് കളിക്കാരൻ മാർട്ടിൻ ക്രോവിന്റെ കാര്യം ഓർമയില്ലേ? കാൻസറിന്റെ അവസാന ഘട്ടത്തിൽ കീമോതെറാപ്പി വേണ്ടെന്നും ഉള്ള സമയം സമാധാനമായി ജീവിക്കാനാണ് താല്പര്യമെന്നുമാണ് അദ്ദേഹം തീരുമാനിച്ചത്. അത് അദ്ദേഹത്തിന്റെ ഇഷ്ടവും തീരുമാനവുമായിരുന്നു. ബന്ധുക്കൾക്ക് അയാളെ ബലം പ്രയോഗിച്ച് ചികിൽസിക്കാൻ ഒരു നിയമവും സംസ്കാരവും അനുവദിക്കുമായിരുന്നില്ല. എന്റെ ഒരു ഡച്ച് സുഹൃത്ത് അവസാന സ്റ്റേജിൽ കീമോ വേണ്ട എന്ന് പറഞ്ഞു പ്രത്യേക വിസ വാങ്ങി കേരളത്തിലെ ഒരു പാലിയേറ്റീവ് സെന്ററിലാണ് സമാധാനമായി മരിക്കാനെത്തിയത്. വയസ്സായി, അസുഖ ബാധിതനായി അവശനായ ഒരു മനുഷ്യന്റെ ചിത്രവും വാർത്തകളും കൊടുത്ത് വിലപിക്കുന്ന ഈ പത്രക്കാർ എവിടെയാണ് പത്രപ്രവർത്തനം പഠിച്ചത്?
ഇതേ കാരണങ്ങൾ കൊണ്ടാണ് സ്പ്രിംഗ്ലർ വലിയ വിവാദമായത്. നമ്മുടെ ആരോഗ്യ വിവരങ്ങൾ നമ്മളറിയാതെ മറ്റുള്ളവർക്ക് ചോർത്തി നൽകി എന്നതായിരുന്നു ആരോപണം. അതെ അവസ്ഥ തന്നെയാണ് കേരളം കണ്ട ജനകീയനായ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എന്താണസുഖം എന്ന് അദ്ദേഹം സ്വയം പറയുന്നത് വരെ അതേക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പോലും പാടില്ല. സോണിയാ ഗാന്ധിയും പിണറായി വിജയനും വിദേശത്തു ചികിത്സയ്ക്ക് പോകുമ്പോൾ എന്താണ് അസുഖം എന്ന് നാം അന്വേഷിക്കാത്തത് ആ ധാർമികതയുടെയും നിയമത്തിന്റെയും ബോധം കൊണ്ടാണ്. എന്ത് കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ചില മാധ്യമങ്ങൾ ഇത് മറക്കുന്നത്? മറ്റൊരാളുടെ രോഗ വിവരങ്ങൾ പൊതു മധ്യത്തിൽ ചർച്ച ചെയ്യുന്നത് സംസ്കാര ശൂന്യതയാണ്, പ്രാകൃതമാണ്. ജില്ലകൾ തോറും പുസ്തക, സാംസ്കാരിക മേളകൾ നടക്കുന്ന നാട്ടിലാണിത് എന്നതാണ് കൂടുതൽ കഷ്ടം.