ആപ്പിന്റെ 'ദേശീയ' പ്രവേശനം, സ്വാഭാവികവല്‍ക്കരിക്കപ്പെടുന്ന ഹിന്ദുത്വം
പത്തുവര്‍ഷം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 2012 നവംബര്‍ 26 നാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. അഴിമതിയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനിറങ്ങിയ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രസ്ഥാനം രൂപാന്തരം പ്രാപിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയാവുകയായിരുന്നു. എന്നാല്‍ ഗാന്ധിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്നാ ഹസാരെ ആ പ്രസ്ഥാനത്തില്‍ ഉണ്ടായില്ല. അദ്ദേഹം തന്റെ ശിഷ്യനും പാര്‍ട്ടിയുടെ നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ ചെറുതായി അനുഗ്രഹിച്ചുവെന്ന് മാത്രം.
അന്നാ ഹസാരെയ്‌ക്കൊപ്പം ഡല്‍ഹിയില്‍ ധര്‍ണയ്ക്കിരുന്നവരെ രാജ്യം നേരത്തെയും കണ്ടിട്ടുണ്ടായിരുന്നു. സംവരണ വിരുദ്ധ സമരകാലത്തായിരുന്നു അത്. അന്ന് അവര്‍ക്ക് 'സമത്വ'മായിരുന്നു ആവശ്യം. പിന്നീട് അഴിമതിയില്ലാത്ത ഭരണവും. ഉന്നതകുല ജാതരായ ആള്‍ക്കൂട്ടത്തിന്റെ സമത്വത്തെയും അഴിമതിയെയും കുറിച്ചുള്ള വാചോടോപങ്ങള്‍ വലതുപക്ഷത്തെ എങ്ങനെയൊക്കെയാണ് കോരിത്തരിപ്പിക്കുന്നതെന്ന് അന്ന് തന്നെ ചൂണ്ടിക്കാട്ടിയവര്‍ ഉണ്ടായിരുന്നു. I would rather be not Anna എന്ന ലേഖനത്തില്‍ അരുന്ധതി റോയി ഇക്കാര്യം അന്ന് തന്നെ വിശദീകരിച്ചിരുന്നതാണ്. എന്താണ് അഴിമതിയെന്നും, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഘടനാപരമായ അസമത്വത്തെക്കുറിച്ചും പറയാതെയുള്ള 'അഴിമതി വിരുദ്ധത'യുടെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു അരുന്ധതി പറഞ്ഞത്. മാധ്യമങ്ങള്‍ അരവിന്ദ് കേജ്‌രിവാളും, കിരണ്‍ ബേദിയുമെല്ലാം സമര വേദിയില്‍നിന്ന് ദേശീയ പതാക വീശികളിക്കുന്നത് 24 മണിക്കൂര്‍ സംപ്രേഷണമാക്കുന്നതിന് മുമ്പ് തന്നെ അന്നാ ഹസാരെയും അദ്ദേഹത്തിന്റെ ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളും എന്താണെന്ന് അന്വേഷണം എഴുത്തുകാരന്‍ മുകുള്‍ ശര്‍മ നടത്തിയിരുന്നു. റാലിഗന്‍ സിദ്ധിയെന്ന അന്ന ഹസാരെയുടെ നാട്ടില്‍ അദ്ദേഹത്തിന്റ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ജനാധിപത്യ കീഴാള വിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹം ആ ലേഖനത്തില്‍ വിശദീകരിച്ചത്. (The making of moral authority). എന്തായാലും അന്നാ ഹസാരെയുടെ ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തോട് വളരെ അനുഭാവപൂര്‍ണമായ നിലപാടായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്. ആ പ്രസ്ഥാനത്തില്‍ അതിദേശീയതയ്ക്ക് വേണ്ട എല്ലാ ചേരുവകളുമുണ്ടായിരുന്നു
അങ്ങനെ പിന്നീട് കേജ്‌രിവാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുണ്ടാക്കി. ഡല്‍ഹിയില്‍ അതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുകയും ചെയ്തു. ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച പ്രകോപനപരമായ ഇടപെടലുകള്‍ പിന്നീട് അദ്ദേഹം പൂര്‍ണമായി ഒഴിവാക്കി. ബിജെപി യുടെഎല്ലാ നീക്കങ്ങളെയും അദ്ദേഹം നേരിട്ടുകൊണ്ടേയിരുന്നു. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാണെന്നും കേജ്‌രിവാളിന്റെ 'ജനപക്ഷ' രാഷ്ട്രീയമാണ് ഇനി ബിജെപിയ്ക്ക് ബദലാവുകയെന്നും ചില നീരീക്ഷകര്‍ കഥകളുണ്ടാക്കി. എന്നാല്‍ ഈ ഘട്ടത്തിലൊന്നും ബിജെപിക്കെതിരെ ഒരു പൊതുപ്രതിപക്ഷത്തോടൊപ്പം നില്‍ക്കാതിരിക്കാനാണ് കേജ്‌രിവാള്‍ ശ്രദ്ധിച്ചത്. കേവലമായ സിവില്‍-സമൂഹ രാഷ്ട്രീയം എങ്ങനെയാണ് ഒരു ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ വിരുദ്ധത സൃഷ്ടിക്കുന്നതെന്നതിന്റെ പ്രത്യക്ഷ പ്രകടനമായിരുന്നു പിന്നീടുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. 1980 കള്‍ മുതല്‍ ഘട്ടം ഘട്ടമായി ശക്തിപ്പെട്ട ഹിന്ദുത്വം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധീശത്വം നേടിക്കഴിഞ്ഞുവെന്ന തോന്നല്‍ ആദ്യം ഉണ്ടായ രാഷ്ട്രീയ പ്രസ്ഥാനം ആം ആദ്മി ആണെന്ന് പറയാം. രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് തീവ്രമായി നടത്തിവന്ന മൃദു ഹിന്ദുത്വ പരീക്ഷണങ്ങളെക്കാള്‍ ബോധ്യം ഇക്കാര്യത്തില്‍ അരവിന്ദ് കേജ്‌രിവാളിനും അദ്ദേഹത്തിന്റെ സിവില്‍ സൊസൈറ്റി രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമുണ്ടായിരുന്നു എന്ന് വേണം കണക്കാക്കാന്‍. സംവരണ വിരുദ്ധരും അതിദേശീയ വാദികളുമായ സിവില്‍ സൊസൈറ്റി സംഘത്തെ സംബന്ധിച്ച് മൃദു ഹിന്ദുത്വമെന്നത് സ്വാഭാവികമായി എത്തിച്ചേരാവുന്ന ഇടമായിരുന്നു.
പൗരത്വ നിയമമായാലും കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കാര്യമായാലും മോദിക്കൊപ്പം നില്‍ക്കുന്നതില്‍ കേജ്‌രിവാളിനോ മനീഷ് സിസോഡിയക്കോ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെടുമ്പോള്‍ തന്നെ കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയ നൈതികതയൊന്നും അലട്ടുന്ന പാര്‍ട്ടി ആയിരുന്നില്ല ആം ആദ്മി. അതുകൊണ്ടാണ് മോദി അയോധ്യയില്‍ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് കാര്‍മ്മികനാവുമ്പോള്‍, ആ ക്ഷേത്രത്തിലേക്ക് സൗജന്യയാത്രയെന്ന വാഗ്ദാനം ആം ആദ്മിക്ക് നല്‍കാന്‍ പറ്റുന്നത്. കറന്‍സിയില്‍ സരസ്വതിയുടെ പടം വെയ്ക്കണമെന്ന ആവശ്യമൊക്കെ ഉന്നയിക്കാന്‍ കേജ്‌രിവാളിനും കൂട്ടര്‍ക്കും കഴിയുന്നതും ഇതുകൊണ്ടൊക്കെ തന്നെ. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ മുസ്ലീങ്ങളും ദളിതരും ആം ആദ്മിയില്‍നിന്ന് പതുക്കെ അകലുകയാണെന്ന് നിരീക്ഷണം ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ട്വീറ്റില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്.
2020 ലെ തിരഞ്ഞെടുപ്പുമായി അപേക്ഷിച്ച് 14 ശതമാനം മുസ്ലീം വോട്ടുകളെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടമായെന്നാണ് അദ്ദേഹം ചൂണ്ടികാണിച്ചത്. 16 ശതമാനം ദളിത് വോട്ടുകളും ആം ആദ്മിക്ക് രണ്ട് വര്‍ഷത്തിനകം നഷ്ടമായെന്നും അദ്ദേഹം വിലയിരുത്തുന്നു. യഥാര്‍ത്ഥത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നതിലും ഉത്തരേന്ത്യയിലെ പലയിടങ്ങളിലും സ്വാധീന ശക്തിയാവുന്നതിലും ബിജെപിക്ക് പ്രശ്‌നമുണ്ടാകുമോ? ബിജെപിയിലെ അടിയുറച്ച ആര്‍ എസ് എസ്സുകാര്‍ എന്തായാലും അതില്‍ സന്തോഷിക്കുകയേ ഉള്ളൂവെന്ന് വേണം കണക്കാക്കാന്‍. പല നിരീക്ഷകരും പലപ്പോഴായി ചൂണ്ടികാണിച്ചതുപോലെ, സമൂഹത്തില്‍ സാംസ്‌കാരിക സ്വാധീനമായി മാറുന്നതിനാണ് ആര്‍ എസ് എസ് ആദ്യഘട്ടത്തില്‍ പ്രധാന്യം നല്‍കിയത്. അതായത് ജനസംഘം രൂപീകരിക്കുന്നതുപോലും ആര്‍ എസ് എസ് ഉണ്ടായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. കേവലമായ രാഷ്ട്രീയ അധികാരത്തിനപ്പുറം തങ്ങളുടെ ഭൂരിപക്ഷാധിപത്യത്തെ പിന്‍പറ്റുന്ന പ്രത്യയശാസ്ത്രത്തിന്റെ സര്‍വമേഖലകളിലുമുള്ള സ്വാധീനമായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ തങ്ങളുടെ തന്നെ പദ്ധതികളില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുന്ന മറ്റൊരു കൂട്ടരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീന ശക്തിയാവുന്നുവെന്നത് ആര്‍ എസ് എസ്സിനെ പോലുള്ള സംഘടനയ്ക്ക് സന്തോഷമേ ഉണ്ടാക്കുകയുള്ളൂ. അത് കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്നത് കൊണ്ടു മാത്രമല്ല, എന്നതാണ് സവിശേഷമായ കാര്യം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വത്തിന്റെ സ്വാഭാവിക വല്‍ക്കരണത്തിന് ആം ആദ്മിയുടെ 'ദേശീയ വികസനം' ആക്കം കൂട്ടുമെന്ന് കാര്യത്തില്‍ സംശയമില്ല
ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വത്തിന്റെ ആരോഹണവും നവ ഉദാരവല്‍ക്കരണവും ഒരേ കാലത്താണ് തുടങ്ങിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ നവ ഉദാരവല്‍ക്കരണം ഇന്ത്യയില്‍ സ്വാഭാവികവല്‍ക്കരിക്കപ്പെട്ടു. നവ ഉദാരവല്‍ക്കരണത്തോട് പ്രത്യയശാസ്ത്ര എതിര്‍പ്പുള്ള ഇടതുപാര്‍ട്ടികള്‍ പോലും അതിന്റെ ശക്തരായ നടത്തിപ്പുകാരായി. ഇനി ഹിന്ദുത്വത്തിന്റെ കാലമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വത്തിന്റെ സ്വാഭാവികവല്‍ക്കരണത്തിന്റെ സൂചനയാണ് ആം ആദ്മിയുടെ സ്വാധീനം വര്‍ധിക്കുന്നതിലൂടെ തെളിയുന്നത്.