കര്‍ഷകര്‍ക്കായി മാജിക്കൊന്നും ഇല്ലാതെ സംസ്ഥാന ബജറ്റ്

കര്‍ഷകര്‍ക്കായി മാജിക്കൊന്നും ഇല്ലാതെ സംസ്ഥാന ബജറ്റ്

കര്‍ഷക ക്ഷേമത്തിന്റെ കാര്യത്തില്‍ നിരാശപ്പെടുത്തുന്നതാണ് സംസ്ഥാന ബജറ്റ്
Updated on
4 min read

ജനകീയ മാജിക് എന്ന വിശേഷണം നല്‍കി രണ്ടാം പിണറായി സര്‍ക്കാരിനു വേണ്ടി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ കൃഷിക്കു വേണ്ടി മാജിക്കുകളൊന്നും കരുതി വെച്ചിട്ടില്ല. ദേശീയ തലത്തില്‍ 2021-22 ല്‍ കാര്‍ഷിക മേഖല 3 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ കേരളത്തില്‍ ആ വര്‍ഷം 4.64 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നാണ് ബജറ്റിനു മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ അവകാശവാദം.എന്നാല്‍ ഈ വളര്‍ച്ചയുടെ നേട്ടം കര്‍ഷകരിലേക്കു കൈമാറുന്നതിനോ നിത്യപ്രതിസന്ധിയിലായ കര്‍ഷകരെ കരകയറ്റുന്നതിനോ ഉള്ള കാര്യമാത്രപ്രസക്തമായ പ്രഖ്യാപനങ്ങളൊന്നും സംസ്ഥാന ബജറ്റില്‍ ഇല്ല. പതിവു പദ്ധതികളുടെ ആവര്‍ത്തനവും ചിതറിക്കിടക്കുന്ന ചെറു പദ്ധതികളുമാണ് നിറയെ. കര്‍ഷക ക്ഷേമത്തിന്റെ കാര്യത്തില്‍ നിരാശപ്പെടുത്തുന്നതാണ് സംസ്ഥാന ബജറ്റ്.

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിക്കുമെന്ന ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ബജറ്റ് മൗനം പാലിച്ചിരിക്കുകയാണ്

റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി റബ്ബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി രൂപയായി വര്‍ധിപ്പിക്കുമെന്നതാണ് ബജറ്റില്‍ കര്‍ഷകര്‍ക്കു വേണ്ടി നടത്തിയിരിക്കുന്ന പ്രധാന പ്രഖ്യാപനം. മുന്‍ വര്‍ഷം ഇത് 500 കോടി രൂപയായിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കു കിലോഗ്രാമിനു നല്‍കുന്ന കുറഞ്ഞ വിലയായ 170 രൂപ വര്‍ധിപ്പിക്കാത്തതു കൊണ്ട് ബജറ്റ് അടങ്കല്‍ തുക കൂട്ടിയതിന്റെ പ്രയോജനം റബ്ബര്‍ കര്‍ഷകര്‍ക്കു ലഭിക്കില്ല. റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിക്കുമെന്ന ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ബജറ്റ് മൗനം പാലിച്ചിരിക്കുകയാണ്. കൃഷിച്ചെലവും 50 ശതമാനവും കൂടിച്ചേര്‍ന്ന തുക കുറഞ്ഞ വിലയായി നല്‍കണമെങ്കില്‍ കര്‍ഷകന് കിലോഗ്രാമിന് 250 രൂപയെങ്കിലും സര്‍ക്കാര്‍ സംഭരണവിലയായി നിശ്ചയിക്കേണ്ടി വരും. 170 രൂപ എന്ന താങ്ങുവില 200 രൂപയെങ്കിലുമായി ഉയര്‍ത്തിയിരുന്നുവെങ്കില്‍ ബജറ്റ് അടങ്കല്‍ ഉയര്‍ത്തിയതിന്റെ ചെറിയ മെച്ചമെങ്കിലും കര്‍ഷകര്‍ക്കു ലഭിക്കുമായിരുന്നു.

കേന്ദ്രം രണ്ടു തവണ വര്‍ധിപ്പിച്ചിട്ടും കേരളം നെല്ലിനു നല്‍കുന്ന കുറഞ്ഞ താങ്ങുവിലയായ 28.20 രൂപ ഉയര്‍ത്താന്‍ സംസ്ഥാന ബജറ്റ് തയ്യാറായിട്ടില്ല. നെല്‍കൃഷി വികസനത്തിന് 95.10 കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. 2021-22 ല്‍ സംസ്ഥാനത്ത് നെല്ല് കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയും ഉല്പാദനവും ഉല്പാദന ക്ഷമതയും കുറഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നെല്‍കൃഷി ഉത്തേജനത്തിനുള്ള പാക്കേജുകളൊന്നും ബജറ്റില്‍ ഇല്ല. നെല്ലു സംഭരണത്തിന് കഴിഞ്ഞ സീസണുകളിലെ 200 കോടിയോളം രൂപയുടെ കുടിശിഖ തീര്‍ക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇല്ല. നെല്ല് സംഭരണത്തിനു വേണ്ടി പ്രത്യേക തുകയും നീക്കി വെച്ചിട്ടില്ല.

നാളികേരത്തിന്റെ താങ്ങു വില 32 രൂപയില്‍ നിന്നും 34 രൂപയായി ഉയര്‍ത്തി.എന്നാല്‍ ഉല്പാദനച്ചെലവുമായി താരതമ്യ പെടുത്തുമ്പോള്‍ ഇത് അപര്യാപ്തമാണ്. മരച്ചീനി, പൈനാപ്പിള്‍, നേന്ത്രപ്പഴം തുടങ്ങിയവ ഉള്‍പ്പെടെ 16 പഴം-പച്ചക്കറി ഇനങ്ങള്‍ക്ക് 2020 ഒക്ടോബറില്‍ സര്‍ക്കാര്‍ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനോ വിപണി ഇടപെടലിന്റെ ഭാഗമായി കൂടുതല്‍ വിളകളിലേക്ക് വ്യാപിപ്പിക്കുന്നതിനോ ഉള്ള നിര്‍ദ്ദേശം ഈ ബജറ്റില്‍ ഇല്ല.

രണ്ടാം കുട്ടനാട് പാക്കേജിനു വേണ്ടി 2840 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതികള്‍ മിക്കതും കടലാസ്സില്‍ അവശേഷിക്കുകയാണ്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ തോടുകളും ജലപാതകളും വൃത്തിയാക്കി ബണ്ടുകള്‍ ശക്തിപ്പെടുത്തുന്നതിന് 137 കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലകളിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താന്‍ 100 കോടി രൂപയും നല്‍കും. കുട്ടനാടിന്റെ കാര്‍ഷിക വികസനത്തിന് 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തിന് 12 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് വയനാടിനു വേണ്ടി 7000 കോടി രൂപയുടെയും ഇടുക്കിക്കു വേണ്ടി 12000 കോടി രൂപയുടെയും കാസര്‍ഗോഡിനു വേണ്ടി ശതകോടികളുടെയും പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യപിച്ചിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഈ മൂന്നു പാക്കേജുകള്‍ക്കും കൂടി കേവലം 75 കോടി രൂപ വീതം അനുവദിച്ചിരുന്നു.അത് 2023-24 ലെ ബജറ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്.

കേരളം ജൈവകൃഷിക്കു വേണ്ടി നീക്കി വെച്ചിരിക്കുന്നത് കേവലം ആറു കോടി രൂപ മാത്രമാണ്

കാര്‍ഷിക മേഖലക്ക് ആകെ 971.71 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അതില്‍ 156.30 കോടി രൂപയും കേന്ദ്ര പദ്ധതികളില്‍ നിന്നാണ്. കേന്ദ്ര ഗവണ്മെന്റ് ജൈവകൃഷിയില്‍ ഒരു കോടി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുമ്പോള്‍ കേരളം ജൈവകൃഷിക്കു വേണ്ടി നീക്കി വെച്ചിരിക്കുന്നത് കേവലം ആറു കോടി രൂപ മാത്രമാണ്. സമഗ്ര പച്ചക്കറി വികസനത്തിന് 93.45 കോടി രൂപയും നാളികേര വികസനത്തിന് 68.95 കോടി രൂപയും നീക്കി വെച്ചു. വിത്തു തേങ്ങ സംഭരിച്ച് കൃഷി വകുപ്പ് ഫാമുകളിലൂടെ തൈകളാക്കി നല്‍കുന്നതിന് 25 കോടി രൂപ നല്‍കും.

ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി രൂപ ചെലവഴിക്കും. കാപ്പി, തേയില, റബ്ബര്‍ എന്നിവയ്‌ക്കൊപ്പം പഴ വര്‍ഗ്ഗ വിളകളും പ്ലാന്റേഷന്റെ ഭാഗമാക്കി കാലോചിതമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ നിര്‍ദ്ദേശം. എന്നാല്‍ ഇതിനെക്കുറിച്ച് ധനമന്ത്രി ഈ ബജറ്റില്‍ മൗനം പാലിച്ചിരിക്കുകയാണ്. തോട്ടം മേഖലയില്‍ കൃത്യതാ കൃഷിയും ബ്രാന്‍ഡിംഗും പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടു കോടി രൂപ നല്‍കും. കൃഷിഭവനുകളെ നവീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ കൃഷി ഭവനുകളെയും നവീകരിക്കുമെന്ന് 2021 ല്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട് കൃഷി ഭവനുകള്‍ക്കായി 10 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. അഗ്രിടെക്, അഗ്രി സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബജറ്റില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ബജറ്റില്‍ ഈ മേഖലയില്‍ പ്രഖ്യാപനങ്ങളില്ല.

മനുഷ്യ - വന്യ ജീവി സംഘര്‍ഷം തടയുന്നതിനും സമഗ്രമായ പദ്ധതികള്‍ ബജറ്റില്‍ ഇല്ല

മനുഷ്യ - വന്യ ജീവി സംഘര്‍ഷം തടയുന്നതിനും സമഗ്രമായ പദ്ധതികള്‍ ബജറ്റില്‍ ഇല്ല. ഈ പ്രശ്‌നത്തിനുള്ള പരിഹാരങ്ങള്‍ തേടുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 50.85 കോടി രൂപ മാത്രമാണ് നീക്കി വെച്ചിരിക്കുന്നത്. വന്യജീവികള്‍ കൃഷി ഭൂമിയിലേക്ക് കയറുന്നത് തടയാന്‍ കൃഷി വകുപ്പിന് രണ്ടു കോടി രൂപയും നല്‍കും. വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി 30 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ഈ ഇനത്തില്‍ 20 കോടിയോളം രൂപ കുടിശ്ശികയായി നിലനില്‍ക്കുമ്പോള്‍ ഈ വിഹിതം തികച്ചും അപര്യാപ്തമാണ്. മണ്ണ് - ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 89.75 കോടി രൂപ വകയിരുത്തി.

കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന് 19.81 കോടി രൂപയാണ് വിഹിതം. കാര്‍ഷിക കര്‍മ്മ സേനക്ക് 8 കോടി രൂപ നല്‍കും. ചെറുകിട സംസ്‌ക്കരണ സംരംഭങ്ങള്‍ക്കുള്ള യന്ത്രങ്ങള്‍ കര്‍ഷക ഉല്പാദക സംഘങ്ങള്‍ വഴി വാങ്ങുന്നതിന് 3.75 കോടി രൂപ നല്‍കും. കാര്‍ഷിക മേഖലയില്‍ സഹകരണ മേഖലയുടെ ഇടപെടലിന്റെ ഭാഗമായി കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഇന്‍ ടെക്‌നോളജി ഡ്രിവണ്‍ അഗ്രികള്‍ച്ചര്‍ എന്ന പദ്ധതി നടപ്പാക്കും. ഇതിനു വേണ്ടി 34.50 കോടി രൂപ നീക്കി വെച്ചു.

മൃഗചികിത്സാ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ 41 കോടി രൂപ നല്‍കും

മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകള്‍ക്കുള്ള ആകെ അടങ്കല്‍ 435.40 കോടി രൂപയാണ്. മൃഗചികിത്സാ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ 41 കോടി രൂപ നല്‍കും.കെ എല്‍ ഡി ബോര്‍ഡിന്റെ കീഴില്‍ 20 കോടി രൂപ മുതല്‍ മുടക്കില്‍ ഡയറി പാര്‍ക്ക് ആരംഭിക്കും. വാതില്‍പ്പടി വെറ്ററിനറി സേവനങ്ങള്‍ക്ക് 20 കോടി രൂപ നല്‍കും. കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പെറ്റ് ഫുഡ് ഫാക്ടറി തുടങ്ങാന്‍ 4 കോടി രൂപ നല്‍കും. വാണിജ്യ ക്ഷീര വികസന പ്രവര്‍ത്തനങ്ങളും മില്‍ക്ക് ഷെഡ് പ്രവര്‍ത്തനങ്ങളും എന്ന പദ്ധതിക്ക് 42.33 കോടി രൂപ നല്‍കും. സംസ്ഥാന കാലിത്തീറ്റ ഫാം ,മോഡല്‍ ഡയറി യൂണിറ്റ് എന്നിവ സ്ഥാപിക്കാന്‍ 11 കോടി രൂപ വകയിരുത്തി.

ശുദ്ധജല മത്സ്യകൃഷിയില്‍ നിന്നുള്ള ഉല്പാദനം ഇരട്ടിയാക്കാന്‍ 67.5 കോടി രൂപ നീക്കി വെച്ചു.കൈപ്പാട് ,പൊക്കാളി, കോള്‍ നെല്‍കൃഷി മേഖലകളില്‍ കൊഞ്ചു കൃഷി പ്രോത്സാഹിപ്പിക്കാന്‍ 5 കോടി രൂപയും വകയിരുത്തി.

logo
The Fourth
www.thefourthnews.in