ലിസ് ട്രസ്
ലിസ് ട്രസ്

ലിസ് ട്രസ്സിന് പറ്റിയതെന്ത്? ഇനി ഋഷിയുടെ ഊഴമോ?

വ്യാപാര-വ്യവസായ പ്രമുഖർ വിശ്വാസമര്‍പ്പിച്ചാല്‍ അടുത്ത നറുക്ക് ഋഷി സുനകിന് വീണേക്കും
Updated on
3 min read

ലിസ് ട്രസ്സില്‍ ബ്രിട്ടന്റെ 'ട്രസ്റ്റ്' പോകാന്‍ വെറും 44 ദിവസങ്ങള്‍ മാത്രമാണ് വേണ്ടിവന്നത്. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ലിസ് ട്രസ്സ്, സ്ഥാനമേറ്റെടുത്ത് ആറാഴ്ചകള്‍ക്ക് ശേഷം ഒക്ടോബര്‍ 20ന് രാജിവെച്ചൊഴിഞ്ഞു. ട്രസ്സ് മുന്നോട്ടുവച്ച സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ രാജ്യത്തെ വിപണികളില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചതും സ്വന്തം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തന്നെ കനത്ത അഭിപ്രായവ്യത്യാസം ഉടലെടുത്തതുമാണ് ട്രസ്സിന്റെ കസേര പൊടുന്നനെ തെറിപ്പിച്ചത്.

സാമ്പത്തികതലത്തിലും രാജ്യാന്തരതലത്തിലും വലിയ അസ്ഥിരത നിലനില്‍ക്കുന്ന അവസരത്തിലാണ് താന്‍ പ്രധാനമന്തിസ്ഥാനം ഏറ്റെടുത്തതെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള അഭിസംബോധനയില്‍ ട്രസ്സ് ജനങ്ങളോട് പറഞ്ഞു. 'ബ്രിട്ടനിലെ കുടുംബങ്ങളും ബിസിനസ്സ് സ്ഥാപനങ്ങളും തങ്ങളുടെ കനത്ത ചെലവുകള്‍ എങ്ങനെ നേരിടും എന്ന ആശങ്കയിലാണ്. ഒന്നുകൊണ്ടും ന്യായീകരിക്കാന്‍ പറ്റാത്ത പുടിന്റെ യുദ്ധം യൂറോപ്യന്‍ വന്‍കരയെ ആകെ അരക്ഷിതത്വത്തില്‍ എത്തിച്ചിരിക്കുകയാണ്. കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാനിരക്ക് ബ്രിട്ടനെ വരിയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചധികമായി' ലിസ് ട്രസ്സ് രാജിസന്ദേശത്തില്‍ രാജ്യത്തോട് പറഞ്ഞു. ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന വിശേഷണം ഇപ്പോള്‍ ലിസ് ട്രസ്സിനാണ്.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ വിദേശകാര്യവകുപ്പിന്റെ ചുമതലയായിരുന്നു ലിസ് ട്രസ്സിന്. ബോറിസിന്റെ രാജിയെത്തുടര്‍ന്ന് നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ 57.4 ശതമാനം വോട്ടുനേടി ട്രസ്സ് ഒന്നാംസ്ഥാനത്തെത്തി. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 42.6 ശതമാനം വോട്ടുനേടിയ മുന്‍ ധനമന്ത്രിയും (ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കെര്‍) ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ രണ്ടാംസ്ഥാനത്തേക്ക് തള്ളിയാണ് ട്രസ്സ് ബ്രിട്ടന്റെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നത്.

സമൂലമായ നികുതിയിളവുകളും, വര്‍ധിച്ചുവരുന്ന ഊര്‍ജ ചെലവ് നേരിടാന്‍ വന്‍തോതില്‍ സര്‍ക്കാര്‍ സഹായവും വാഗ്ദാനം ചെയ്താണ് ട്രസ്സ് അധികാരമത്സരത്തില്‍ സുനകിനെ പിന്നിലാക്കിയത്. വന്‍കിടമുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നികുതിയിളവ് നല്‍കിയാല്‍ അത് കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്ത് വരാന്‍ ഇടയാക്കും എന്നായിരുന്നു ലിസ് ട്രസ്സിന്റെ പ്രഖ്യാപനം. 1980 കളില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും നടപ്പിലാക്കിയതുപോലെ, സമാനമായ രീതി തുടരാനാണ് ട്രസ്സ് ഉദ്ദേശിച്ചിരുന്നത്. വന്‍കിടക്കാര്‍ക്ക് നികുതിയിളവ് നല്‍കിയാല്‍ അതിന്റെ ഗുണം സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും പരോക്ഷമായി ലഭിക്കുമെന്നും അവര്‍ കരുതി. ലിസ്സിന്റെ ഈ പദ്ധതികള്‍ അവരുടെ കീഴില്‍ ധനകാര്യമന്ത്രി ആയിരുന്ന ക്വാസി ക്വാര്‍ട്ടെങ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഒരു മിനിബജറ്റിലൂടെ അവതരിപ്പിച്ചപ്പോള്‍ പക്ഷെ സാമ്പത്തികവിപണികള്‍ ഞെട്ടലോടെയും ആശങ്കയോടെയുമാണ് പ്രതികരിച്ചത്.

തുടര്‍ന്ന് ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതോടെ സര്‍ക്കാര്‍ ബോണ്ടുകളിന്മേല്‍ നല്‍കാനുള്ള ലാഭവിഹിതം നിയന്ത്രണാതീതമായി വര്‍ധിക്കാനും ഇടയായി. പിന്തിരിയുന്ന നിക്ഷേപകരെ ആശ്വസിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് സര്‍ക്കാര്‍ ബോണ്ട് വാങ്ങിച്ചുകൊണ്ട് വിപണിയില്‍ ഇടപെടേണ്ട അവസ്ഥയും വന്നുചേര്‍ന്നു. അനിയന്ത്രിതമായ വീട്ടുവായ്പാ പലിശനിരക്ക് അമിതമായ ജീവിതച്ചെലവുകാരണം മുന്‍പേ തന്നെ ബുദ്ധിമുട്ടിലായിരുന്ന ബ്രിട്ടനിലെ താമസക്കാരെ കൂടുതല്‍ വറുതിയിലാഴ്ത്തി.

മതിയായ കരുതലോ പഠനമോ ഇല്ലാതെ നല്‍കിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമായിരുന്നു ലിസ്സ് ട്രസ്സും അവരുടെ ക്യാബിനറ്റ് അംഗങ്ങളും നടപ്പിലാക്കിയത് എന്നത് വിപണിയുടെ ഉടനടിയുള്ള പ്രതികരണത്തില്‍ നിന്നുതന്നെ വ്യക്തമായി. കോര്‍പറേറ്റുകള്‍ക്കും വന്‍കിടനിക്ഷേപകര്‍ക്കും വാഗ്ദാനം ചെയ്ത നികുതിയിളവ് ആനുകൂല്യങ്ങള്‍ക്കുള്ളില്‍ സൂത്രപ്പണികളും കുടിലതകളുമാണെന്ന് പൊതുസമൂഹം വിലയിരുത്തി. നികുതിയിളവ് പ്രഖ്യാപിച്ചെങ്കിലും അതുമൂലം സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്ന നഷ്ടം എങ്ങനെ പരിഹരിക്കും എന്നകാര്യത്തിലും വ്യക്തമായ നയമോ പദ്ധതിയോ ലിസ്സിന്റെ സര്‍ക്കാരിന് ഉണ്ടായിരുന്നില്ല.

ഇനി കൂടുതല്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഒടുവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചതോടെ ലിസ്സ് ട്രസ്സിന്റെ കാര്യം പരുങ്ങലിലായി. ഇതോടെ അവര്‍ ധനമന്ത്രി ക്വാസി കവര്‍ട്ടെങ്ങിനോട് രാജി വെച്ചൊഴിയാന്‍ പറഞ്ഞു. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പൊടുന്നനെ പിന്‍വാങ്ങി. ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതിയെ ലിസ്സും കൂട്ടരും അതുവരെ വിശേഷിപ്പിച്ചത് വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്ന ഘടകം എന്നായിരുന്നു. പൊടുന്നനെയുള്ള ഈ നിലപാടുമാറ്റം ട്രസ്സിന്റെ വിശ്വാസ്യത തകര്‍ത്തു. കഴിഞ്ഞ ദിവസം ധനമന്ത്രി സ്ഥാനത്ത് എത്തിയ ജെറെമി ഹണ്ട്, ലിസ്സിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്ന എല്ലാ സാമ്പത്തികപദ്ധതികളും പിന്‍വലിച്ചു.

പൊടുന്നനെയുള്ള സാമ്പത്തിക നടപടികള്‍ വരുത്തിവെക്കാവുന്ന അപകടങ്ങളെപ്പറ്റി വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ ട്രസ്സ് പാടെ അവഗണിക്കുകയായിരുന്നു. ഏറെക്കാലത്തെ പരിചയസമ്പത്തുള്ള പല സര്‍ക്കാര്‍ ഉപദേശകരെയും ട്രസ്സ് പിരിച്ചുവിട്ടിരുന്നു. തന്റെ നയങ്ങള്‍ രാജ്യത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ അവഗണിച്ചുകൊണ്ട് സ്വന്തം അധികാരം ഉറപ്പിക്കാനായിരുന്നു ലിസ്സിന്റെ ഊന്നല്‍. ലിസ്സിന്റെ രാജിയെത്തുടര്‍ന്ന് ബ്രിട്ടന്‍ ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാന്‍ സാധ്യത തീരെ ഇല്ല. അതിനൊട്ട് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഇടം നല്കുകയുമില്ല.

ബ്രിട്ടനില്‍ ഇപ്പോള്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് കൃത്യമായ മുന്‍തൂക്കം ഉണ്ടെന്നാണ് സൂചനകള്‍. അതുകൊണ്ടു കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നിന്നുതന്നെ ലിസ്സിന് പിന്‍ഗാമി ഉടനുണ്ടാകും. ഋഷി സുനക് വരുമോ? ലിസ്സ് ട്രസ്സിന് പുറത്തേക്കുള്ള വാതില്‍ തുറന്നതോടെ പുതിയ ബ്രിട്ടീഷ് പ്രധാനമന്തി ആരാകും എന്ന ചോദ്യം ശക്തമായിത്തുടങ്ങി. അടുത്തയാഴ്ച പുതിയ നേതാവിനെ പാര്‍ട്ടി തിരഞ്ഞെടുക്കും എന്നാണ് രാജിപ്രസംഗത്തില്‍ ലിസ്സ് ട്രസ്സ് പ്രഖ്യാപിച്ചത്. പ്രധാമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രണ്ടുപേര്‍ ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകും മുന്‍ പ്രതിരോധമന്ത്രിയും അധോസഭയുടെ നിലവിലെ ലീഡറുമായ പെന്നി മോര്‍ഡ്വെന്റുമാണ്.

പ്രധാനമന്ത്രിയാകാനുള്ള പുതിയ മത്സരത്തില്‍ ഋഷിയുടെ വിജയസാധ്യത 55 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള പെന്നി മോര്‍ഡ്വെന്റിന് 16 ശതമാനമാണ് വിജയസാധ്യത. ലിസ്സിന്റെ പൊടുന്നനെയുള്ള നികുതി ഇളവുകള്‍ക്കെതിരെ കൃത്യമായ ആപല്‍സൂചനകള്‍ ഋഷി യഥാസമയം നല്‍കിയിരുന്നു. ട്രെസ്സിന്റെ നയങ്ങളെ തുടര്‍ന്ന് വിപണിയിലുണ്ടായ പ്രക്ഷുബ്ധത ഋഷിയുടെ ദീര്‍ഘദൃഷ്ടിയുടെ തെളിവാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ബ്രിട്ടന്റെ വ്യവസായ വ്യാപാര രംഗത്തെ പ്രബലര്‍ കൂടി വിശ്വാസം അര്‍പ്പിച്ചാല്‍ അടുത്ത നറുക്ക് ഋഷിക്ക് വീഴാന്‍ എല്ലാ സാധ്യതകളുമായി.

സാങ്കേതിക ജ്ഞാനത്തോടുകൂടി ശാസ്ത്രീയമായി ഭരണകാര്യങ്ങളെ സമീപിക്കുന്ന ഋഷിയുടെ സമീപനത്തെ പിന്തുണയ്ക്കുന്ന ടോറി (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) അംഗങ്ങള്‍ ഏറെയുണ്ട് . എന്നാല്‍ പൊതുവെ സമ്പന്നനും നികുതിയില്‍ ഇളവു ലഭിക്കാന്‍ വേണ്ടി കുടുംബാംഗങ്ങള്‍ ബ്രിട്ടനില്‍ സ്ഥിരതാമസക്കാരല്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ഋഷിയെ സംശയത്തോടെ നോക്കുന്നവരും സ്വന്തം പാര്‍ട്ടിയിലും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലും കുറവല്ല. കഴിഞ്ഞ തവണ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തില്‍ ലിസ്സ് ട്രസ്സിനോട് 21000 വോട്ടുകള്‍ക്കാണ് ഋഷി കഴിഞ്ഞ തവണ പരാജയപ്പെട്ടത്. പ്രധാനമന്ത്രി ആയിരുന്ന ബോറിസ് ജോണ്‍സനെ മറിച്ചിടാന്‍ ശ്രമിച്ചയാള്‍ എന്ന ഇമേജ് ഇപ്പോഴും ഋഷിക്ക് ഉണ്ടുതാനും. എന്നാല്‍ ട്രെസ്സിന്റെ പാളിപ്പോയ സാമ്പത്തിക പരിഷ്‌കരണ നടപടികളോട് വളരെ കരുതലോടെയും ശാസ്ത്രീയമായും പ്രതികരിച്ച ഋഷിയെ പിന്തുണയ്ക്കുന്ന ടോറികളുടെ എണ്ണം കൂടിവരുന്നു ഋഷിക്ക് ശുഭസൂചന നല്‍കുന്നു.

നിലവില്‍ പ്രധാനമന്ത്രിസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപെടുന്നതും ഋഷി സുനകിനുതന്നെയാണ്. 1980 മെയ് 12 ന് ബ്രിട്ടനിലെ സൗതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. ഇന്ത്യയിലെ പഞ്ചാബില്‍ വേരുകളുള്ള ഋഷിയുടെ മാതാപിതാക്കള്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇന്‍ഫോസിസ് സ്ഥാപകന്‍, ഇന്ത്യയിലെ സ്റ്റീവ് ജോബ്‌സ് എന്നറിയപ്പെടുന്ന എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ജീവിതപങ്കാളി

logo
The Fourth
www.thefourthnews.in