പരിഹസിച്ചാൽ ഇല്ലാതാകുമോ ഗുലാം നബി ഉന്നയിച്ച ചോദ്യങ്ങൾ
ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് ആസാദി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്നതിന് പിന്നാലെ കടുത്ത ആരോപണങ്ങളുടെ അണമുറിയാത്ത ശരമഴ തന്നെ കോൺഗ്രസ് നേതാക്കൾ ഗുലാം നബിക്കെതിരെ തൊടുത്തു. നേടേണ്ടതെല്ലാം നേടി ഇനിയൊന്നും ലഭിക്കാനില്ല, അതാണ് ഗുലാം നബിയുടെ നിരാശയ്ക്ക് കാരണം. യുവതലമുറയ്ക്ക് വഴിമാറാൻ തയ്യാറല്ല. മോദിയുടെ അച്ചാരം വാങ്ങി കോൺഗ്രസിനെ തകർക്കാനുള്ള ശ്രമം. അതും രാഹുൽ ഗാന്ധി ഇന്ത്യയെ ഒന്നിപ്പിക്കാൻ ഇറങ്ങുന്നതിന് തൊട്ടുമുമ്പ്. ഇങ്ങനെ തുടങ്ങി ലൂട്ടൻസ് ഡൽഹിയിൽ ഒരു ഫ്ളാറ്റ് ലഭിക്കാത്തതിലുളള കൊതികെർവാണ് ഗുലാം നബിയുടെ പ്രഖ്യാപനത്തിന് പിന്നിലെന്ന് വരെ ഒരു മയവുമില്ലാതെ യുവതുർക്കികൾ കടന്നാക്രമിച്ചു.
ഇത്ര വിലകുറഞ്ഞ പരിഹാസം കൊണ്ട് കോൺഗ്രസിന് മറികടക്കാനാകുന്നതാണോ ഗുലാം നബി ആസാദിന്റെ രാജിയും അതുയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയും
രാജ്യസഭ അംഗത്വം വീണ്ടും നൽകാതിരുന്നതിനെയാണ് രാഹുൽ ബ്രിഗേഡ് നേതാവ് ലൂട്ടൻസ് ഡൽഹിയിൽ ഫ്ളാറ്റ് ലഭിക്കാത്തതിലുള്ള വിഷമമാണ് ഗുലാം നബിക്കെന്ന് പരിഹസിച്ചത്. ഇത്ര വിലകുറഞ്ഞ പരിഹാസം കൊണ്ട് കോൺഗ്രസിന് മറികടക്കാനാകുന്നതാണോ ഗുലാം നബി ആസാദിന്റെ രാജിയും അതുയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയും. അങ്ങനെ മറികടക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നതെങ്കിൽ ഗുലാം നബി പുറത്ത് പോകേണ്ട നേതാവ് തന്നെയാണ്. ആ നടപടി വൈകിപ്പോയോ എന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളു.
ആക്രമണവും ചെറുത്തു നിൽക്കാനുള്ള ശ്രമവും
എന്തുകൊണ്ടാണ് കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കൾ പാർട്ടി വിട്ടപ്പോഴുണ്ടാകാത്ത കടുത്ത വിമർശനം, കൂട്ട ആക്രമണം ഗുലാം നബി ആസാദിന്റെ തീരുമാനത്തിനെതിരെ ഉണ്ടാകുന്നുത്? രാജി പ്രഖ്യാപിച്ച് അദ്ദേഹം സോണിയാ ഗാന്ധിക്കെഴുതിയ അഞ്ച് പേജുള്ള കത്തും അതിലെ ഉള്ളടക്കവും തന്നെയാണ് കാരണം. കത്ത് സോണിയാ ഗാന്ധിക്കുള്ളതാണെങ്കിലും അതിലെ വിമർശനങ്ങൾ മുഴുവൻ രാഹുൽ ഗാന്ധിക്കുള്ളതാണ്. ഇത്ര രൂക്ഷ ഭാഷയിൽ ഒളിയും മറയുമില്ലാതെ ഒരുപക്ഷേ ഇതുവരെ ഒരു കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയെ വിമർശിച്ചിട്ടുണ്ടാകില്ല. അടുക്കള കമ്മിറ്റിയും സ്തുതിപാടകരുമൊക്കെയാണ് കോൺഗ്രസിൽ കാര്യങ്ങൾ നടത്തുന്നത് എന്നുള്ള ആരോപണങ്ങൾ മുമ്പ് പല തവണ ഉയർന്നിട്ടുള്ളതാണ്.
എന്നാൽ ഇതിനെല്ലാം അപ്പുറത്താണ് ഗുലാം നബിയുടെ ആരോപണം. രാഹുൽ ഗാന്ധി പോലുമല്ല അദ്ദേഹത്തിന്റെ അംഗരക്ഷകരുൾപ്പടെയുള്ളവരാണ് ഇപ്പോൾ കോൺഗ്രസിൽ കാര്യങ്ങൾ നടത്തുന്നതെന്ന് കത്തിൽ ഗുലാം നബി തുറന്നടിച്ചു. ഈ അവസ്ഥയിലായിട്ടും നേതാക്കളോ പാർട്ടി പ്രവർത്തകരോ അല്ല കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ഗുലാംനബി പറഞ്ഞതിന് കെ സി വേണുഗോപാലൻമാർക്ക് പോലും രാഹുലിന്റെ ഓഫീസിൽ കാര്യമില്ല എന്നു കൂടി വ്യാഖ്യാനമുണ്ട്. പിന്നെയെങ്ങനെ പരിഹസിക്കാതിരിക്കും. കടത്തി ആക്രമിക്കാതിരിക്കും. അടിയും തടയുമെല്ലാം കഴിയുമ്പോൾ അടുത്ത ആരോപണമുന്നയിച്ച് അടുത്ത നേതാവ് രംഗത്ത് വരുമെന്നത് ടീം രാഹുൽ മറക്കാതിരുന്നാൽ നന്ന്.
2012ൽ എഐസിസി ആസ്ഥാനത്തെ വാർത്താസമ്മേളനത്തിലേക്ക് കടന്നുവന്ന് യുപിഎ മന്ത്രിസഭ അംഗീകരിച്ച ബില്ല് രാഹുൽ ഗാന്ധി കീറിയെറിഞ്ഞതിനെ എന്തിന് ഗുലാം നബി ഇപ്പോൾ കുറ്റം പറയുന്നു.
എന്തുകൊണ്ട് ഇപ്പോൾ ?
ഗുലാം നബിയുടെ ആക്രമണത്തേയും രാജിയേയും കടന്നാക്രമിച്ച് യുവനേതൃത്വം ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. പ്രത്യേകിച്ച് രാജ്യത്തെ ഏകോപിപ്പിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി കച്ചമുറുക്കുന്നതിന് തൊട്ടുമുൻപ്. 2012ൽ എഐസിസി ആസ്ഥാനത്തെ വാർത്താസമ്മേളനത്തിലേക്ക് കടന്നുവന്ന് യുപിഎ മന്ത്രിസഭ അംഗീകരിച്ച ബില്ല് രാഹുൽ ഗാന്ധി കീറിയെറിഞ്ഞതിനെ എന്തിന് ഗുലാം നബി ഇപ്പോൾ കുറ്റം പറയുന്നു. എന്തുകൊണ്ട് ഇക്കാര്യം അന്ന് പറഞ്ഞില്ല. ഗുലാം നബി കുറ്റപ്പെടുത്തിയ അംഗരക്ഷക കാര്യോപദേശക സമിതിയിലെ രാഷ്ട്രീയ യുവനേതാവിന്റെ ചോദ്യമാണിത്. അദ്ദേഹം തന്നെ മറുപടിയും പറഞ്ഞു. അന്ന് കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു ഗുലാംനബി, അതുകൊണ്ട് മിണ്ടിയില്ല. മിണ്ടിയാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന ഭയമായിരുന്നു. ഗുലാം നബിയും, പി ചിദംബരവുമെല്ലാം ഉൾപ്പെടുന്ന മന്ത്രിസഭ അംഗീകരിച്ച ബില്ലായിരുന്നു രോഷാകുലനായി ചെറുപ്പക്കാരന്റെ റോൾ പുറത്തെടുത്ത് രാഹുൽ ഗാന്ധി പരസ്യമായി കീറിയെറിഞ്ഞത്.
യുവനേതാവിനോട് ഒന്നു ചോദിക്കട്ടെ, ഗുലാംനബി ഉന്നയിച്ചകാര്യം, മൻമോഹൻ സിങ് തന്നെ ചൂണ്ടികാണിച്ചാല്‍ എന്താകും മറുപടി. സംശയമേതും വേണ്ട ഇപ്പോ പറഞ്ഞതിൽ നിന്ന് ഒരു മാറ്റവുമുണ്ടാകില്ല മറുപടിക്ക്. കൂട്ട ഉത്തരവാദിത്തത്തോടെ മന്ത്രിസഭ എടുത്ത തീരുമാനമാണ് രാഹുൽഗാന്ധി പരസ്യമായി കീറിയെറിഞ്ഞത്. അന്ന് അത് മനസിലാക്കാനുള്ള പക്വത രാഹുൽഗാന്ധിക്കില്ലായിരുന്നു. അന്നത്തേതിൽ നിന്ന് കാര്യമായ മാറ്റമൊന്നും രാഹുൽഗാന്ധിക്കുണ്ടായിട്ടില്ലെന്ന് തിരിച്ചറിയാനുള്ള പക്വത ഇന്ന് അദ്ദേഹത്തോടൊപ്പം നിൽക്കുന്നവർക്കുമില്ല.
രാഹുൽ ഗാന്ധിയുടെ നടപടികൾക്കും നിലാപടുകൾക്കും എതിരെ പ്രതിഷേധമുയർത്തി കോൺഗ്രസ് വിടുന്ന ആദ്യ നേതാവൊന്നുമല്ല ഗുലാം നബി. രാഹുൽ ഗാന്ധിക്കെതിരെ നിലപാടെടുത്ത ജി-23 കൂട്ടായ്മയിലെ ഏറ്റവും പ്രമുഖനായിരുന്നു ഗുലാം നബി. ഗുലാം നബി ഇറങ്ങി പോകുന്നതിന് മുമ്പ് ഒരു ഡസനിലേറെ നേതാക്കൾ കോൺഗ്രസ് വിട്ടു. കപിൽ സിബല്‍, ക്യാപ്റ്റൻ അമരീന്ദർ സിങ്, അശ്വനി കുമാർ, ജയന്തി നടരാജൻ തുടങ്ങി നിരവധി പ്രമുഖർ ഇറങ്ങിപോയി. യുവനിരയുടെ ന്യായീകരണം അനുസരിച്ച് ലഭിക്കാവുന്ന പദവികളെല്ലാം ലഭിച്ച ശേഷം പാർട്ടി വിട്ടവരുടെ ഗണത്തിൽപെടുമായിരിക്കും ഇവരെല്ലാം.
എന്നാൽ ഒരിക്കൽ രാഹുൽ ബ്രിഗേഡിലെ പ്രമുഖരായിരുന്ന ജോതിരാധിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ആർ പി എൻ സിങ്, പ്രിയങ്ക ചതുർവേദി, സുഷ്മിത ദേവ് തുടങ്ങിയ ചെറുപ്പക്കാർ പാർട്ടി വിട്ടത് എന്തുകൊണ്ടാണ്. ഇവരും പാർട്ടി വിട്ടത് ഇനിയൊരു പദവിയും ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞ് തന്നെയായിരിക്കാം. അവർ അന്നെ തിരിച്ചറിഞ്ഞത് സ്തുതിപാടകർ ഇപ്പോഴും കാണുന്നില്ല എന്ന് മാത്രം. കോൺഗ്രസിനെ തകർക്കാൻ ജി-23 സഖ്യമുണ്ടാക്കിയവർ നിലനിൽപ്പില്ലെന്ന് തിരിച്ചറിഞ്ഞ് അനാവശ്യ ആരോപണം ഉന്നയിച്ച് പാർട്ടി വിടുകയാണ്. ഈ ന്യായീകരണം കൊണ്ട് ഇരുട്ടാക്കാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയണം. ഗുലാം നബിക്കെതിരെ ആരോപണം ഉന്നയിക്കുന്ന ജയറാം രമേഷും പവൻ ഖേരയുമൊക്കെ എപ്പോഴെങ്കിലും പാർട്ടിയുടെ അവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിക്കണം.
ജി-23 നേതാക്കൾ ആവശ്യപ്പെട്ടത് കോൺഗ്രസ് പാർട്ടിക്ക് സ്ഥിരം പ്രസിഡന്റ് വേണമെന്നായിരുന്നു. അത് രാഹുൽ ഗാന്ധി ആകുന്നതിനെ കപിൽ സിബൽ ഒഴിച്ച് ആരും എതിർത്തതുമില്ല. നേതൃത്വം ഏറ്റെടുക്കാതെ രാഹുൽ റിമോട്ട് കൺട്രോളിൽ പാർട്ടിയെ നയിക്കുന്നതിനെയാണ് ഇവർ എതിർത്തത്. 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽനിന്ന് പുറത്തായ ശേഷം ഒരു ലോക്സഭ തിരഞ്ഞെടുപ്പും മൂന്ന് ഡസനിലധികം നിയമസഭ തിരഞ്ഞെടുപ്പുകളും രാജ്യത്ത് നടന്നു. ഇതിൽ രണ്ടോ മൂന്നോ സംസ്ഥാനത്തൊഴിച്ച് മറ്റെല്ലായിടത്തും കോൺഗ്രസ് തകർന്നടിഞ്ഞു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പിന്നീട് അങ്ങോട്ട് പദവിയുടെ ഉത്തരവാദിത്തമില്ലാതെ രാഹുൽ പാർട്ടി ഭരിച്ചു. ഇതാണ് കോൺഗ്രസിന്റെ വീഴ്ചയുടെ പ്രധാനകാരണമെന്നാണ് ഗുലാം നബി രാജിക്കത്തിൽ ചൂണ്ടികാട്ടുന്നത്. ഇതിൽ തെറ്റെന്താണ്.
ഇപ്പോൾ പോലും രാഹുൽ ഗാന്ധി തന്നെയല്ലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടതും നടപ്പിലാക്കേണ്ടതും പാർട്ടി പ്രസിഡന്റും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമല്ലെ ? അങ്ങനെയെങ്കിൽ പാർട്ടിയെ രക്ഷിക്കാനായി രാജ്യത്താകെ നടത്തുന്ന പദയാത്രയുടെ ക്യാപ്റ്റനാകേണ്ടത് പാർട്ടി പ്രസിഡന്റല്ലേ ? ഇതാണ് ഗുലാം നബിയും ജി23 നേതാക്കളും ചോദിക്കുന്നത്. ആ ചോദ്യത്തിൽ എന്താണ് തെറ്റ്.
ഭാരത പദയാത്ര രാഹുൽ ഗാന്ധി നയിക്കുമെന്ന പ്രഖ്യാപനം വന്ന ശേഷം പോലും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് പരസ്യമാക്കിയ രാഹുൽ ഗാന്ധി ഇത്തരമൊരു യാത്ര നയിക്കുന്നത് കൊണ്ട് എന്താണ് ഗുണം. ഇതിനെല്ലാമപ്പുറം ഇപ്പോൾ ഈ യാത്രകൊണ്ട് എന്ത് ഗുണമാണുണ്ടാകാൻ പോകുന്നത് എന്ന ചോദ്യവുമുണ്ട്. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസ് പാർട്ടിയുടെ സംഘടനാശേഷി ഇപ്പോൾ കടലാസിൽ പോലുമില്ല. പിസിസി അധ്യക്ഷനെ നിയമിച്ചതിനപ്പുറം പോയിട്ടില്ല മിക്ക സംസ്ഥാനങ്ങളിലും. ഇങ്ങനെയുള്ളപ്പോൾ കടംകൊണ്ട ആളുകളേയും തെളിച്ച് രാഹുൽ ഗാന്ധി ഗ്രാമങ്ങളിലൂടേയും നഗരങ്ങളിലൂടേയും നടന്നും ഇരുന്നും യാത്ര നടത്തുന്നത് കൊണ്ട് ആർക്കാണ് ഗുണം. ആരാണ് ശക്തിപ്പെടുക. ഇക്കാര്യങ്ങള്‍ രാജി കത്തിലും ചോദിച്ചതാണ് ഗുലാം നബിയോടുള്ള അരിശത്തിന് കാരണം.
രണ്ട് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഗുജറാത്തിലും കർണാടകയിലും. ഈ നിർണ്ണായക തിരഞ്ഞെടുപ്പുകളെക്കാൾ രാഹുൽ ബ്രിഗേഡിന് താൽപര്യം ഭാരത പദയാത്രയാണ്.
കർണാടക ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുകൾ
അരയ്ക്കാൻ ആവശ്യപ്പെട്ടതിന് അമ്മികല്ല് കിണറ്റിലിടുന്ന സിനിമ ദൃശ്യത്തെക്കാൾ രസകരമാണ് കോൺഗ്രസിന്റെ ഭാരതപര്യടനത്തിന്റെ കാര്യം. പാർട്ടിയെ ശക്തിപ്പെടുത്താൻ രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തകളുടെ ഫലമാണ് ഈ യാത്ര. രാജ്യത്തിന്റെ ഒരു കോണിൽ നിന്ന് മറുകോണിലേക്ക് പദയാത്ര. ഇതായിരുന്നു തീരുമാനം. നടപ്പിലാക്കാൻ വൈകി. പതിവ് രീതി തന്നെ കാരണം. സംഘടന തിരഞ്ഞെടുപ്പ് തലയ്ക്ക് മുകളിലെത്തി. അതിന് മുൻപ് ചിന്തൻ ശിബിരത്തിലെ ആലോചന നടപ്പിലാക്കാമെന്ന് ഒരു സംഘം തീരുമാനിച്ചു. അതനുസരിച്ചുള്ള ചരടുകളാണ് ഇപ്പോൾ അഴിച്ചും മുറുക്കിയും കെട്ടുന്നത്. ഇതിനിടയിൽ കോൺഗ്രസിന് ഇപ്പോഴും വേരുകളുള്ള, കുറഞ്ഞപക്ഷം പാർട്ടി അങ്ങനെ അവകാശപ്പെടുന്ന, രണ്ട് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഗുജറാത്തിലും കർണാടകയിലും. ഗുജറാത്തിൽ ഈ വർഷം അവസാനവും കർണാടകയിൽ അടുത്തവർഷം ആദ്യവുമാണ് നിയമസഭ തിരഞ്ഞെടുപ്പ്.
ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ ടീം പോയത് ഈ രണ്ട് സംസ്ഥനങ്ങളിലേക്കുമാണ്. ഗുജറാത്തിൽ വൻ ആഘോഷത്തോടെ കോൺഗ്രസ് കൊണ്ട് വന്ന യുവ പട്ടേൽ നേതാവ് ഹാർദ്ദിക് പട്ടേൽ ബിജെപി പാളയത്തിൽ എത്തിയിട്ട് മാസം നാലുകഴിഞ്ഞു. പകരം എന്ത് എന്നാലോചിക്കാൻ പോലും ഇതുവരെ "ഹൈക്കമാണ്ടിന്" സമയം ലഭിച്ചിട്ടില്ല. കർണാടകയിൽ പിസിസി പ്രസിഡണ്ട് ഡി കെ ശിവകുമാർ ഒറ്റയ്ക്ക് പടവെട്ടുന്നു. ഈ നിർണ്ണായക തിരഞ്ഞെടുപ്പുകളെക്കാൾ രാഹുൽ ബ്രിഗേഡിന് താൽപര്യം ഭാരത പദയാത്രയാണ്.
ആസാദും കശ്മീരും പദയാത്ര കഴിഞ്ഞ പാർട്ടിയെ ശക്തിപ്പെടുത്താൻ തിരിഞ്ഞുനോക്കുമ്പോൾ നേതാക്കൾ എത്ര പേർ ഒപ്പമുണ്ടാകും എന്ന ആശങ്ക ചിലരെങ്കിലും മുന്നോട്ട് വയ്ക്കുന്നുണ്ട്. ജി-23ലെ ശശിതരൂർ അടക്കമുള്ള നേതാക്കൾ ഈ ആശങ്ക പരസ്യമായി തന്നെ പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് മുന്നിലും വഴികളുണ്ടെന്ന് ശശി തരൂർ ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ചിലത് കരുതി തന്നെയാകണം. കശ്മീരിന് പിന്നാലെ ഹിമാചൽ പ്രദേശിലാകും വെടിപൊട്ടുകയെന്നാണ് ഇപ്പോൾ എഐസിസി ആസ്ഥാനത്തും പുറത്തും പറഞ്ഞ് കേൾക്കുന്നത്. ഹിമാചൽ കോൺഗ്രസിലെ പദവികൾ രാജിവെച്ച ആനന്ദ് ശർമയുടെ രാജി പ്രഖ്യാപനം അധികം വൈകില്ലെന്ന് തന്നെയാണ് സൂചന. ഒരുപക്ഷേ രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്കിടെ തന്നെ അതുണ്ടാകുകയും ചെയ്യാം.
ഗുലാം നബി രാജിവച്ചപ്പോഴുണ്ടായത് പോലുള്ള ചലനങ്ങളൊന്നും ഒരുപക്ഷേ ആനന്ദ് ശർമ രാജി വച്ചാലുണ്ടായേക്കില്ല. ഗുലാം നബിയുടെ രാജി നേതൃത്വത്തിന് മാത്രമല്ല കോൺഗ്രസിന്റെ മതേതര മുഖത്തിന് കൂടി ഏറ്റ അടിയാണ്. മോദിയുടെ ഭരണത്തിൽ രാജ്യത്താകെ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണെന്ന് പ്രസംഗിക്കാൻ ഇനി കോൺഗ്രസ് നേതൃത്വത്തിന് എങ്ങനെ കഴിയും. അവരുടെ ഏറ്റവും സ്വീകാര്യനായ ന്യൂനപക്ഷ നേതാവാണ് ഇനി വയ്യെന്ന് പറഞ്ഞ് ഇറങ്ങി പോയിരിക്കുന്നത്.
കശ്മീരിലെ 68.31 ശതമാനം മുസ്ലീം ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായിരുന്നു ഗുലാം നബി. അവരെ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെടുത്തി നിർത്തിയ കണ്ണിയായിരുന്നു ഗുലാം നബി. ആ കണ്ണിയാണ് കോൺഗ്രസ് വിട്ടുപോയത്. എന്ത് ന്യായീകരണം നിരത്തിയാലും ഗുലാം നബിയെ എന്ത് കുറ്റം പറഞ്ഞാലും അതൊന്നും കശ്മീരിലെ മുസ്ലീം ന്യൂനപക്ഷങ്ങളെ കോൺഗ്രസിനൊപ്പം നിർത്താൻ പര്യാപ്തമാകില്ല. കശ്മീരില്‍ മാത്രമല്ല രാജ്യത്താകെ ഈ വിശ്വാസ തകർച്ച പ്രതിസന്ധിയുണ്ടാക്കും. പ്രത്യേകിച്ച് കേരളത്തിൽ. ജയറാം രമേഷും, പവൻ ഖേരയും മറ്റു ചില ഇളംമുറക്കാരും തള്ളിപറഞ്ഞത് പോലെ ഗുലാം നബി ആസാദിനെ തള്ളിപറയാൻ മുസ്ലീംലീഗ് നേതൃത്വത്തിനാകുമോ ? കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഗുലാം നബി ആസാദിനെ എളുപ്പത്തിൽ തള്ളിപറയാം. പക്ഷേ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക നേതൃത്വത്തിന് അത് അത്ര എളുപ്പമാവില്ല. അതാണ് ആസാദിന്റെ വ്യക്തി ബന്ധം. അതാണ് പുതിയ നേതൃത്വം മറന്ന് പോയതും.