'മുസ്ലിങ്ങളെ ചേർത്തുപിടിക്കലാണ് ഇക്കാലത്തെ സർഗാത്മക രാഷ്ട്രീയം, അതാണ് സിപിഎം ചെയ്യുന്നത്'
പൊതു വ്യക്തി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വലിയ രാഷ്ട്രീയ സംവാദങ്ങൾക്കും തർക്കങ്ങൾക്കും കാരണമായിരിക്കുകയാണ്. ആരൊക്കെയാണ് പൊതു വ്യക്തി നിയമത്തെ എതിർക്കുന്നതെന്നും അതിൽ അവർക്കെത്രമാത്രം ആത്മാർത്ഥതയുണ്ടെന്നുമുള്ള തരത്തിലാണ് കേരളത്തിലെ വിവാദം. എന്നാൽ ഇത്തരം വിവാദം ഇന്ന് ഇന്ത്യൻ രാഷ്ട്രീയം എത്തിനിൽക്കുന്ന അപകടകരമായ അവസ്ഥയെ മറച്ചുപിടിക്കാനോ, അല്ലെങ്കിൽ ആ അവസ്ഥയെ മനസ്സിലാക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.
ജൂൺ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശിലെ ഭോപ്പാലിൽ ബി.ജെ പിയുടെ ബൂത്ത് തല പ്രവർത്തകരോട് സംസാരിക്കവേയാണ് രാജ്യത്ത് പൊതു വ്യക്തി നിയമം അനിവാര്യമാണെന്നും ഒരു കുടുംബത്തിൽ രണ്ട് നിയമം അനുവദിക്കാൻ കഴിയില്ലെന്നും പ്രഖ്യാപിച്ചത്. തുടർന്ന് അദ്ദേഹം പറയുന്നത് -മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്കുവേണ്ടിയാണ് , ഈ നിയമമെന്നും മുസ്ലിങ്ങളെ, പൊതു സിവിൽ നിയമത്തിന്റെ പേരിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ ചൂഷണം ചെയ്യകയാണെന്നും അത് മുസ്ലിങ്ങൾ തിരിച്ചറിയണമെന്നും സൂചിപ്പിക്കുകയുണ്ടായി. ഈ പ്രസംഗത്തോടെ അദ്ദേഹം ബോധപൂർവം മുസ്ലിങ്ങളെയും അല്ലാത്തവരേയും രണ്ട് തട്ടിലാക്കി രാജ്യത്ത് മതധ്രുവീകരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് സാമാന്യബോധമുള്ള ആർക്കും ബോധ്യമാകും.
2014 ൽ നരേന്ദ്ര മോദി അധികാരമെറ്റെടുത്തശേഷം, നടപ്പാക്കുന്ന ഒരോ പദ്ധതികളും ഭരണപരിഷ്കാരങ്ങളും നിയമനിർമാണങ്ങളും രാജ്യത്തെ കോർപ്പറേറ്റ് ഭീമന്മാരെ സഹായിക്കാനും ദളിത് മുസ്ലിം, ആദിവാസി, ക്രിസ്ത്യൻ, സ്ത്രീ വിഭാഗങ്ങളെ പാർശ്വവൽക്കരിക്കാനോ അന്യവൽക്കരിക്കeനോ ലക്ഷ്യമിട്ടുള്ളതുകൊണ്ടാണെന്ന് ഓരോ നടപടിയും പരിശോധിച്ചാൽ നമുക്കു ബോധ്യമാകും. എൻഐഎ ഭേദഗതി, യുഎപിഎ ഭേദഗതി, മുത്തലാക്ക് നിയമം, അനുച്ഛേദം 370 എടുത്തുകളഞ്ഞത്, ജി എസ് ടി എ നടപ്പാക്കിയത്, നോട്ട് നിരോധനം തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നവമി ആഘോഷങ്ങളുടെ പേരിലും പശുക്കടത്തിന്റെ പേരിലും ഇടയ്ക്കിടെ അരങ്ങേറുന്ന ആൾക്കൂട്ട ആക്രമണങ്ങളും ദളിത് ആദിവാസി പീഡനവും ഇത് വ്യക്തമാക്കുന്നതാണ്.
ഇത്തരമൊരു ഘട്ടത്തിൽ 2024ലെ തിരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജിഡിപി നിരക്ക് കുറയുന്നത്, പൊതുമേഖല സ്ഥാപനങ്ങളിൽ തസ്തിക വെട്ടികുറയ്ക്കുന്നത് മൂലുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ എന്നിവ ചർച്ച ചെയ്യാതിരിക്കാൻ രാജ്യത്തെ മഹാഭൂരി പക്ഷം ജനങ്ങളെയും മുസ്ലിം വിരുദ്ധപക്ഷത്ത് നിർത്തി അവരെ നിഴൽ ശത്രുക്കളാക്കി, മറു ഏകീകരണമാണ് ഭരിക്കുന്നവർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകും.
പൊതു വ്യക്തി നിയമം അഥവാ യൂനിഫോം സിവിൽ കോഡ് എന്നാശയം പ്രധാനമന്ത്രി ഉയർത്തിപ്പിടിയ്ക്കുന്നതിടയിൽ രണ്ടു ദിവസം മുമ്പാണ് ഗോത്രവിഭാഗങ്ങളെ പൊതു സിവിൽ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര നിയമ സഹമന്ത്രിയും ക്രിസ്ത്യൻ ജനവിഭാഗങ്ങളെ ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രിയും പറഞ്ഞതായി ഒരു മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
വാസ്തവത്തിൽ ക്രിസ്ത്യാനികൾക്ക് മാത്രം ബാധകമാകുന്ന രീതിയിൽ ഒരു നിയമം നിലവിലുണ്ടെന്ന് പറയാൻ കഴിയില്ല. ക്രിസ്ത്യൻ മാരീജ് ആക്ടും ഇന്ത്യൻ ഡിവോഴ്സും ആക്ടും ഇന്ത്യൻ സക്സഷൻ ആക്ടും ക്രിസ്താനികൾക്ക് ബാധകമാകുന്ന നിയമങ്ങളാണെങ്കിലും അവയൊന്നും മറ്റു പൊതു നിയമങ്ങൾക്ക് വിരുദ്ധമായി വരുന്നില്ല. അഥവാ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ പലപ്പോഴായി ഭരണഘടനാ കോടതികൾ റദ്ദ് ചെയ്തിട്ടുണ്ട്. ഇതു മനസിലാക്കിക്കൊണ്ടാണ് ക്രിസ്ത്യൻ സമുദായത്തെയും മുസ്ലിംവിരുദ്ധ പക്ഷത്ത് ചേർക്കാൻ ഇത്തരമൊരു പ്രസ്താവന ഭരിക്കുന്നവർ പുറപ്പെടുവിക്കുന്നത്. ഇതോടെ രാജ്യത്തിലെ എല്ലാ വിഭാഗങ്ങളും ഒരു ഭാഗത്തും മുസ്ലിം വിഭാഗം മറുഭാഗത്തും എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിയ്ക്കാൻ സാധിച്ചിട്ടുണ്ട്.
മണിപ്പൂരിൽ രണ്ടു മാസമായി ഒരു പ്രത്യേക ജനവിഭാഗത്തിനുനേരെ അക്രമം നടക്കുമ്പോഴാണ് അതേ വിഭാഗത്തെ കൂട്ടുപിടിച്ച് മറ്റൊരു ന്യൂനപക്ഷ സമുദായത്തിനെതിരെ ഹിന്ദുത്വരാഷ്ട്രീയക്കാർ നിഴൽ യുദ്ധം പ്രഖ്യാപിക്കുന്നത്. മുസ്ലിങ്ങളെ പൂർണമായും അപരവൽക്കരിക്കുന്ന രാഷ്ട്രീയഘട്ടത്തിലാണ് പൊതു വ്യക്തി നിയമമെന്ന വാദം ഉന്നയിക്കുന്നത്. അത് മുസ്ലിം അപരവൽക്കരണം ലക്ഷ്യമിട്ടുള്ളതാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും മുസ്ലിങ്ങളെ ചേർത്തുപിടിയ്ക്കലാണ് സർഗാത്മക രാഷ്ട്രീയമെന്നുമാണ് സിപിഎമ്മും ഇടതുപക്ഷവും നമ്മോട് പറയുന്നത്.
മുസ്ലിം സമുദായത്തിനകത്ത് 1937 ലെ ശരീയത്ത് അപ്ലിക്കേഷന്റെ ബലത്തിൽ നിലനിൽക്കുന്ന ലിംഗ അസമത്വവും പാട്രിയാർക്കി നിയമങ്ങളും മാറ്റേണ്ടതാണെന്നും അതിന് പരിഹാരം ഏക വ്യക്തി നിയമമല്ലെന്നും പല ഘട്ടങ്ങളിലായി വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമത്തിൽ നിലനിൽക്കുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ ഭാഗങ്ങൾ സമുദായത്തിന് അകത്തുനിന്ന് ഉയർന്നുവരുന്ന പരിഷ്കാരവാദക്കാരോട് ഒപ്പം ചേർന്ന് ഭേദഗതി വരുത്തി പരിഹരിക്കാൻ മാർഗമുണ്ടായിട്ടും ആ ഭാഗം പരിഗണിക്കാതെ ഏക വ്യക്തി നിയമം മുന്നോട്ടുവയ്ക്കുന്നത് കൃത്യമായി സമൂഹത്തിൽ മതധ്രുവീകരണം ലക്ഷ്യംവച്ച് മാത്രമാണ്. അത്തരമൊരു സാഹചര്യത്തിൽ ഫാസിസ്റ്റുകൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവരെ ചേർത്തുപിടിയ്ക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുകയെന്നത് തന്നെയാണ് യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയം.