ആത്മവിശ്വാസം നൽകാത്ത ബൈഡനും രാഷ്ട്രീയ യോജിപ്പില്ലാത്ത ട്രംപിനുമിടയില്‍ അമേരിക്കന്‍ ജനത, നിസംഗതയോടെ വോട്ടര്‍മാര്‍

ആത്മവിശ്വാസം നൽകാത്ത ബൈഡനും രാഷ്ട്രീയ യോജിപ്പില്ലാത്ത ട്രംപിനുമിടയില്‍ അമേരിക്കന്‍ ജനത, നിസംഗതയോടെ വോട്ടര്‍മാര്‍

സ്ഥാനാർഥികളുടെ അവസ്ഥ ദയനീയമാണെന്നും വരും മാസങ്ങളിലെ സംഭവവികാസങ്ങൾ പരിഗണിച്ചാകും വോട്ടവകാശം വിനിയോഗിക്കുക എന്നാണ് ചില യുവാക്കളുടെ പ്രതികരണം
Updated on
4 min read

"ഞാൻ ഡോണൾഡ്‌ ട്രംപിനെ വെറുക്കുന്നുണ്ടെങ്കിലും എനിക്ക് ആത്മവിശ്വാസം പകരുന്നതിൽ ജോ ബൈഡൻ പരാജയപ്പെട്ടു. അതുകൊണ്ടു ഞാൻ വോട്ടുചെയ്യുന്നില്ല" ഒരു വോട്ടറുടെ വാക്കുകളാണിത്. ഒരുപക്ഷേ, വരും മാസങ്ങളിൽ അവരുടെ മനസ് മാറി ആർക്ക് വോട്ട് ചെയ്യണമെന്ന തീരുമാനം എടുത്തേക്കാം. പക്ഷേ, ഒരുകാര്യം ഉറപ്പിച്ച് പറയാൻ സാധിക്കുന്നത് അമേരിക്കയിലെ നിഷ്പക്ഷ വോട്ടർമാർക്കിടയിൽ പൊതുവേയൊരു അസംതൃപ്തി അനുഭവപ്പെടുന്നുണ്ട് എന്നതാണ്. നവംബറിൽ നടക്കുന്ന വോട്ടെടുപ്പിൽ തങ്ങളുടെ ബാലറ്റവകാശം വിനിയോഗിക്കേണ്ടവരെ നിരുത്സാഹപ്പെടുത്തുന്നത് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്ക് പാർട്ടികളുടെ സ്ഥാനാർഥി നിർണ്ണയത്തോടുള്ള വിയോജിപ്പും നിരാശയുമാണ്. "രണ്ട് നല്ല സ്ഥാനാർത്ഥികളിൽ ഏറ്റവും മികച്ചയാൾ" എന്നതിനുപകരം "രണ്ട് മോശം സ്ഥാനാർത്ഥികളിൽനിന്ന് തീരെ മോശമല്ലാത്ത" ഒരാളെ തിരഞ്ഞെടുക്കാനാണ് തങ്ങൾക്ക് അവസരമുള്ളതെന്നാണ് കഴിഞ്ഞ മാസം പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.

ട്രംപ്- ബൈഡൻ സംവാദം
ട്രംപ്- ബൈഡൻ സംവാദം

ആദ്യ പ്രസിഡൻഷ്യൽ സംവാദം നിരാശപ്പെടുത്തുന്നതായിരുന്നു. മുൻ പ്രസിഡന്റ് അസത്യങ്ങൾ വിളമ്പിയപ്പോൾ നിലവിലെ പ്രസിഡന്റാകട്ടെ കാര്യങ്ങൾ വ്യക്തവും കൃത്യവുമായി പറയാൻ ബുദ്ധിമുട്ടുന്നതാണ് വോട്ടർമാർ കണ്ടത്. യുവവോട്ടർമാർ നിലവിലെ kഅമേരിക്കൻ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതീക്ഷയറ്റ അവസ്ഥയിലാണുള്ളതെന്നാണ് പല പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ അവസ്ഥ ദയനീയമാണെന്നും വരും മാസങ്ങളിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചായിരിക്കും വോട്ടവകാശം വിനിയോഗിക്കുക എന്നുമാണ് പ്രഥമ വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്ന ചില യുവാക്കളുടെ പ്രതികരണം.

കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ബൈഡൻ ഉണ്ടാക്കിയ നേട്ടങ്ങൾ 90 മിനിറ്റ് നീണ്ട സംവാദത്തിലെ പ്രകടനം ഒന്നുമാത്രം കൊണ്ട് വിസ്മരിക്കാനാവില്ലെന്ന നിലപാടിലാണ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്

തിരഞ്ഞെടുപ്പ് ഫലം ആത്യന്തികമായി തീരുമാനിക്കുന്നത് സുപ്രധാന സംസ്ഥാനങ്ങളിലെ (സ്വിങ് സ്റ്റേസ് ) വോട്ടർമാർ ആയിരിക്കും. ന്യൂയോർക്ക് ടൈംസ്/സിയെന കോളേജ് സർവേ പ്രകാരം, കഴിഞ്ഞയാഴ്ച നടന്ന സംവാദത്തിന് ശേഷം, ട്രംപിൻ്റെ ലീഡ് വർധിച്ചിട്ടുണ്ട്. അതേസമയം, മികച്ച ഭരണം കാഴ്ചവയ്ക്കുന്നതിന് ബൈഡന്റെ പ്രായം തടസമാണെന്ന ആശങ്ക ഡെമോക്രാറ്റുകൾക്കും നിഷ്പക്ഷ വോട്ടർമാർക്കുമിടയില്‍ ഉയർന്നിട്ടുമുണ്ട്.

സംവാദത്തിൽ നിരാശ പ്രകടിപ്പിക്കുന്ന വോട്ടർമാർ
സംവാദത്തിൽ നിരാശ പ്രകടിപ്പിക്കുന്ന വോട്ടർമാർ

ബൈഡൻ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറണണമെന്ന ആവശ്യം പലർക്കുമുണ്ട്. അതിൽ ഒരു വിഭാഗം മാധ്യമങ്ങളും കുറച്ച് ഡെമോക്രാറ്റ് നേതാക്കളും ഉൾപ്പെടുന്നു. ആ വികാരം വർധിക്കുകയും ചെയ്യുന്നുണ്ട്. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ, ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിജിച്ച്, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നിവരിൽ ആരെങ്കിലും ബൈഡന് പകരക്കാരനാകുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറാൻ പ്രസിഡൻ്റിന് പദ്ധതിയില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. കൂടാതെ, കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ബൈഡൻ ഉണ്ടാക്കിയ നേട്ടങ്ങൾ 90 മിനിറ്റ് നീണ്ട സംവാദത്തിലെ പ്രകടനം ഒന്നുമാത്രം കൊണ്ട് വിസ്മരിക്കാനാവില്ലെന്ന നിലപാടായിരുന്നു വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് സംവാദത്തിന് ശേഷം സ്വീകരിച്ചത്.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലത്തിൽ സംവാദത്തിന് കാര്യമായ സ്വാധീനമൊന്നും ഉണ്ടാകില്ലെന്നാണ് ഹിസ്റ്ററി പ്രൊഫസർ അലൻ ലിക്റ്റ്‌മൻ കരുതുന്നത്

രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ട്രംപ് ഭീഷണിയാണെന്ന് വിശ്വസിക്കുന്ന മുൻ പ്രസിഡൻ്റുമാരായ ബറാക്ക് ഒബാമയും ബിൽ ക്ലിൻ്റണും ബൈഡന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഒന്നും അവസാനിച്ചിട്ടില്ലെന്ന് ഫണ്ട് ദാതാക്കൾക്കും, ക്യാമ്പയിൻ അംഗങ്ങൾക്കും സഖ്യകക്ഷികൾക്കും ഉറപ്പുനൽകാനുള്ള ശ്രമവും ബൈഡന്റെ പ്രചാരണസംഘം നടത്തുന്നുണ്ട്.

അതേസമയം, തന്റെ പേരിലുള്ള ക്രിമിനൽ കേസുകളിൽ ചിലതിൽ കുറ്റവാളിയായി വിധിക്കപ്പെട്ട ഡോണൾഡ്‌ ട്രംപിന് സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ യാഥാസ്ഥിതിക വിഭാഗത്തിൽനിന്ന് ആറ് ജസ്റ്റിസുമാരാണ് ഒൻപതംഗ സുപ്രീംകോടതി ബെഞ്ചിലുള്ളത്. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് നുണകൾ പ്രചരിപ്പിച്ചതും 2020 തിരഞ്ഞെടുപ്പ് വിധി വൈസ് പ്രസിഡന്റും പാർലമെന്റും അംഗീകരിക്കുന്നത് തടയാൻ ശ്രമിച്ചുവെന്നതുൾപ്പെടെ നിരവധി കുറ്റങ്ങളാണ് ട്രംപിന്റെ പേരിലുള്ളത്. പ്രസിഡൻ്റുമാർ ക്രിമിനൽ പ്രോസിക്യൂഷനിൽനിന്ന് മുക്തരാണോ എന്ന ചോദ്യം പരിഗണിച്ച സുപ്രീംകോടതിയും വിവിധ തട്ടിലായിരുന്നു. ഒരു പ്രസിഡൻ്റ് എന്ന നിലയിൽ നടത്തുന്ന ഔദ്യോഗിക പ്രവർത്തനങ്ങൾ സംരക്ഷിക്കപ്പെടുമെന്നും സ്ഥാനാർഥി എന്ന നിലയിലാണെങ്കിൽ അദ്ദേഹം സ്വീകരിച്ച നടപടികൾക്കൊന്നും പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു കോടതിയുടെ തീർപ്പ്. 2020-ലെ തോൽവി മറികടക്കാനുള്ള ട്രംപിൻ്റെ അനൗദ്യോഗികമായ ഏതൊരു ശ്രമവും വിചാരണ ചെയ്യപ്പെടുമെന്നും സുപ്രീംകോടതി വിധിച്ചു. എന്നാൽ വോട്ടെടുപ്പിന് മുൻപ് വിചാരണ പൂർത്തിയാക്കാനുള്ള സാധ്യത വളരെ കുറവാണ്.

ആത്മവിശ്വാസം നൽകാത്ത ബൈഡനും രാഷ്ട്രീയ യോജിപ്പില്ലാത്ത ട്രംപിനുമിടയില്‍ അമേരിക്കന്‍ ജനത, നിസംഗതയോടെ വോട്ടര്‍മാര്‍
'ക്ഷീണം ബാധിച്ചു, എന്നാൽ തിരഞ്ഞെടുപ്പിൽനിന്ന് പിന്നോട്ടില്ലെന്ന്' ബൈഡൻ; ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായി മിഷേൽ ഒബാമ?

അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് 2024ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ മനസിലാക്കാൻ 6,500 പേരിൽ അടുത്തിടെ സർവേ നടത്തി. സമ്പദ്‌വ്യവസ്ഥ, ഗർഭച്ഛിദ്ര നിയമങ്ങൾ, യുദ്ധങ്ങൾ, അനധികൃത കുടിയേറ്റം , യുവാക്കളുടെ വോട്ട്, ലിംഗ വ്യത്യാസം തുടങ്ങിയ വിഷയങ്ങളിലെ വോട്ടർമാരുടെ ഇടപെടലാണ് റിപ്പോർട്ട് ഹ്രസ്വമായി വിലയിരുത്തിയത്. സുപ്രധാന വിഷയങ്ങളിൽ, വോട്ടർമാരുടെ ഏറ്റവും പ്രധാനപ്പെട്ട ആശങ്ക ദേശീയ സമ്പദ്‌വ്യവസ്ഥയാണ്. തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യാൻ വോട്ടർമാർ താത്പര്യപ്പെടുന്നു. ട്രംപിനെയും ബൈഡനെയും കുറിച്ച് മതിപ്പില്ലാത്ത അമേരിക്കക്കാരുടെ എണ്ണം ഏകദേശം തുല്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

സംവാദ വേദിയില്‍ നിന്നുള്ള ചിത്രം
സംവാദ വേദിയില്‍ നിന്നുള്ള ചിത്രം

മാധ്യമ പണ്ഡിതന്മാരും സർവേ നടത്തുന്നവരും അവരുടെ റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ടെങ്കിലും ബൈഡനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ആഹ്വാനങ്ങളെ തള്ളിക്കളയുകയാണ് ഹിസ്റ്ററി പ്രൊഫസർ അലൻ ലിക്റ്റ്‌മൻ. കഴിഞ്ഞ 10 പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിൽ 9 എണ്ണത്തിൻ്റെയും ഫലം കൃത്യമായി പ്രവചിച്ച വ്യക്തിയായതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ പരിഗണിക്കേണ്ടതുണ്ട്. മത്സരത്തിൽ ആരു വിജയിക്കുമെന്ന കാര്യത്തിൽ അന്തിമ പ്രവചനം അദ്ദേഹം നടത്തിയിട്ടില്ലെങ്കിലും, പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലത്തിൽ സംവാദത്തിന് കാര്യമായ സ്വാധീനമൊന്നും ഉണ്ടാകില്ലെന്നാണ് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നത്.

പ്രൊഫസർ ലിക്റ്റ്‌മൻ, വൈറ്റ് ഹൗസിലേക്കുള്ള തിരഞ്ഞെടുപ്പിൽ സുപ്രധാനമാകുമെന്ന് വിചാരിക്കുന്നത് 13 ഘടകങ്ങളെയാണ്. "വൈറ്റ് ഹൗസിലേക്കുള്ള 13 താക്കോലുകൾ" എന്നതിന്റെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളും.

  • പാർട്ടിയുടെ സമ്മതം

  • പാർട്ടിയിലെ മത്സരം

  • ഭരണം

  • മുഖ്യകക്ഷികൾ അല്ലാതെയുള്ള മൂന്നാം കക്ഷി

  • ഹ്രസ്വകാല സമ്പദ്‌വ്യവസ്ഥ

  • ദീർഘകാല സമ്പദ്‌വ്യവസ്ഥ

  • നയ മാറ്റം

  • സാമൂഹിക അരക്ഷിതാവസ്ഥ

  • അപവാദങ്ങൾ

  • വിദേശ നയ വിജയം

  • വിദേശ നയ പരാജയം

  • ഭരണപക്ഷ സ്ഥാനാർഥിയുടെ വ്യക്തി പ്രഭാവം

  • പ്രതിപക്ഷ സ്ഥാനാർഥിയുടെ വ്യക്തി പ്രഭാവം

പ്രചാരണത്തിനിടെ ബൈഡന്‍
പ്രചാരണത്തിനിടെ ബൈഡന്‍

അധികാരത്തിലുള്ള പാർട്ടിയുടെ ശക്തിയിലും പ്രകടനത്തിലും വോട്ട് കൂടുമോ കുറയുമോ എന്നാണ് അദ്ദേഹം ഈ ഘടകങ്ങൾ കൊണ്ട് ഉദേശിക്കുന്നത്. ഇവയിൽ ആറെണ്ണം സ്ഥാനാർഥിക്ക് നഷ്ടപ്പെട്ടാൽ അയാൾ തോൽക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതുവരെയുള്ള അവസ്ഥയിൽ ബൈഡന് അങ്ങനെയൊരു നഷ്ടം ഉണ്ടായിട്ടില്ല. വരും മാസങ്ങൾ സംഭവിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ നിലവിലെ കണക്കുകൂട്ടലുകൾ മാറ്റിമറിച്ചേക്കാം.

ആത്മവിശ്വാസം നൽകാത്ത ബൈഡനും രാഷ്ട്രീയ യോജിപ്പില്ലാത്ത ട്രംപിനുമിടയില്‍ അമേരിക്കന്‍ ജനത, നിസംഗതയോടെ വോട്ടര്‍മാര്‍
ബൈഡന്റെ സാധ്യതകള്‍ ഇടിയുന്നോ; ആരാകും ട്രംപിന്റെ എതിരാളി?

ഉദാഹരണത്തിന്, സാമൂഹിക അസ്ഥിരതയുടെ കാര്യമെടുത്താൽ, ഗാസയിലെ വിനാശകരമായ യുദ്ധത്തിൽ ബൈഡൻ ഭരണകൂടം ഇസ്രയേലിനെ പിന്തുണച്ചതിനെതിരെ രാജ്യത്തുടനീളമുള്ള കാമ്പസുകളിൽ വിദ്യാർത്ഥിസമൂഹം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ സർവ്വകലാശാലകൾ വേനലവധിക്ക് അടച്ചതോടെ പ്രതിഷേധം നിലച്ചു. സെപ്റ്റംബറിൽ കോളേജുകൾ വീണ്ടും തുറക്കുമ്പോൾ അവ ശക്തമായി പുനരാരംഭിക്കുകയും പ്രതിഷേധങ്ങൾ കാമ്പസുകളിൽ നിന്ന് പുറത്തേക്ക് വ്യാപിക്കുകയും ദേശീയ തലത്തിൽ അശാന്തി ഉണ്ടാക്കുകയും ചെയ്‌താൽ 'സാമൂഹിക അരക്ഷിതാവസ്ഥ' എന്ന ഘടകം ബൈഡന് പ്രതികൂലമാകും എന്ന് ചുരുക്കം.

logo
The Fourth
www.thefourthnews.in