വി എസ്- പ്രായോഗിക്കവൽക്കരിക്കപ്പെട്ട വിമതത്വം

വി എസ്- പ്രായോഗിക്കവൽക്കരിക്കപ്പെട്ട വിമതത്വം

വര്‍ഗേതരമെന്ന് യാഥാസ്ഥിക മാര്‍ക്സിസ്റ്റുകാര്‍ കരുതിയിരുന്ന., പരിസ്ഥിതി, ലിംഗനീതി തുടങ്ങിയ വിഷയങ്ങള്‍ കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തിലെ ചര്‍ച്ചയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു
Updated on
2 min read

കേരളം ഔദ്യോഗികമായി നിലവില്‍വരുന്നതിന് മുമ്പ് തന്നെ വി എസ് രൂപപ്പെട്ടിരുന്നു. ചൂഷണമുക്തമായ ലോകത്തിനായുള്ള പ്രവര്‍ത്തനത്തിന് കമ്മ്യൂണിസ്റ്റാവുകയാണ് വേണ്ടതെന്നും ആ പാര്‍ട്ടിയാണ് സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തിയാവുകയെന്നും മനസ്സിലാക്കി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു വി എസ് അച്യുതാനന്ദന്‍. പിന്നീട് സിപിഐയുടെ മധ്യകേരളത്തിലെ പ്രധാനപ്പെട്ട യുവനേതാവായി മാറി.

സിപിഐ 1956 ല്‍ അധികാരത്തില്‍വന്നപ്പോള്‍ വി എസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് അദ്ദേഹം നടന്ന രാഷ്ട്രീയ വഴികള്‍ കേരളത്തിന്റെ ചരിത്രമായി. ഇന്ന് നൂറാം വയസ്സിലേക്ക് കടക്കുമ്പോഴും, വി എസ് സജീവമായിരുന്നെങ്കില്‍ എന്ന് പല സന്ദര്‍ഭങ്ങളിലും കക്ഷി രാഷ്ട്രീയത്തിന്റെ ഭിന്നതയ്ക്കപ്പുറം രാഷ്ട്രീയ കേരളം ആലോചിക്കുന്നുവെന്നതാണ് ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയാണ് സമകാലികനാവുന്നത് എന്നതിന്റെ തെളിവ്

തോക്കേന്തിയ പൊലീസുകാര്‍ക്കെതിരെ വാരിക്കുന്തവുമായി ചെറുത്തുനില്‍ക്കാന്‍ കാണിച്ച പുന്നപ്രയുടെ സാഹസികത വി എസ്സിന് എല്ലാകാലവും ഉണ്ടായിരുന്നുവെന്ന് പറയാം. രാഷ്ട്രീയ ശത്രുക്കളെയും പാര്‍ട്ടിക്കുള്ളിലെ എതിരാളികളെയും നേരിട്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത നേതാവായി വിഎസ് നിറഞ്ഞുനിന്നത് തന്റെ ബോധ്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതുവഴിയാണ്. അതുമാത്രമല്ല, ഈ ബോധ്യങ്ങളെ കാലികമായി മാറ്റിയെടുക്കാനും തന്റെ രാഷ്ട്രീയത്തിന്റെ മുഖ്യഘടകമായി മാറ്റാനും വിഎസ്സിന് സാധിച്ചു.

പാര്‍ട്ടി നേതൃത്വത്തിലെ ഭൂരിപക്ഷത്തിന്റെ തിരസ്‌ക്കാരത്തിനൊടുവിലും വി എസ് നിലനിന്നതും രാഷ്ട്രീയമായി അതിജീവിച്ചതും ഈ സവിശേഷതകള്‍ കൊണ്ടുകൂടിയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നേതൃത്വത്തിന് അനഭിമതനായിട്ടും, ഒന്നും സംഭവിക്കാത്ത നേതാവ് വിഎസ്സായിരുന്നുവെന്ന് അദ്ദേഹത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടയെും ചരിത്രം പറയും.

കേരളത്തിലെ അധികാര കക്ഷി രാഷ്ട്രീയത്തിന്റെ അഴിമതിയും ജീര്‍ണതയും വിഎസ് നിത്യേനെ മുഖ്യവാര്‍ത്തയാക്കി.

1962 ലെ ഇന്ത്യ ചൈന യുദ്ധകാലത്ത് സൈനികര്‍ക്ക് രക്തദാനം നടത്തിയെന്നതുമുതല്‍ നിരവധിയായ 'അച്ചടക്കലംഘന' ങ്ങളാണ് വി എസ് നടത്തിയത്. പാര്‍ട്ടി പൂര്‍ണമായും തന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കാലത്ത് സംഘടന രീതി ഉപയോഗിച്ചായിരുന്നു വിഎസ് എതിരാളികളെ വെട്ടിമാറ്റിയത്. പാലക്കാട് സമ്മേളനത്തില്‍ സിഐടിയു വിഭാഗത്തെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി വെട്ടിമാറ്റി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ഏറ്റ പരാജയമായിരുന്നു അന്ന് പാര്‍ട്ടിയില്‍ സര്‍വശക്തനായ വിഎസ്സിന്റെ രോഷത്തിന് കാരണമെന്നായിരുന്നു സംസാരം.

എന്നാല്‍ രണ്ട് സമ്മേളനങ്ങള്‍ക്കിപ്പുറം, സി ഐടിയുവിന്റെ ചില നേതാക്കള്‍ വീണ്ടും വിഎസ്സിന്റെ സുഹൃത്തുക്കളായി. പാര്‍ട്ടിയില്‍ അന്യവര്‍ഗ ചിന്താഗാതി കടന്നുകൂടിയിരിക്കുന്നവെന്നും അതിനെതിരായ പോരാടുന്നുവെന്ന പ്രതീതിയായിരുന്നു അതിന് കാരണം. വിഎസ് തന്റെ ശൈലി ഇതിനകം മാറ്റിയിരുന്നു.

വര്‍ഗേതരമെന്ന് യാഥാസ്ഥിക മാര്‍ക്സിസ്റ്റുകാര്‍ കരുതിയിരുന്ന., പരിസ്ഥിതി, ലിംഗനീതി തുടങ്ങിയ വിഷയങ്ങള്‍ കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തിലെ ചര്‍ച്ചയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ അതിലും കക്ഷി രാഷ്ട്രീയം അതിവിദഗ്ദമായി വി എസ് വിളക്കി ചേര്‍ത്തു.

മതികെട്ടാന്‍ ഉന്നയിച്ചപ്പോള്‍ കെ എം മാണിക്കും, ഐസ് ക്രീം പാര്‍ലര്‍ കേസില്‍ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അതു പോലെ സ്വന്തം പാര്‍ട്ടിയിലെ ചിലരെയും വിഎസ് എതിരിട്ടു. അങ്ങനെ കേരളത്തിലെ അധികാര കക്ഷി രാഷ്ട്രീയത്തിന്റെ അഴിമതിയും ജീര്‍ണതയും വിഎസ് നിത്യേനെ മുഖ്യവാര്‍ത്തയാക്കി.

പാര്‍ട്ടിയുടെ ഉള്ളില്‍നിന്ന് പുറത്തേക്ക് പടര്‍ന്ന് പന്തലിക്കുന്ന മരമായി വി എസ് വളര്‍ന്നപ്പോള്‍ 'ലെനിനിസ്റ്റ് സംഘടനാ' രീതികളെക്കുറിച്ച് ഉരുവിട്ട് നിസ്സാഹാരായി നോക്കി നില്‍ക്കാന്‍ മാത്രമെ പാര്‍ട്ടിയിലെ ശക്തര്‍ക്ക് പോലും കഴിഞ്ഞുള്ളു. പാര്‍ട്ടി സംഘടന തന്നെ കൈവിട്ടപ്പോള്‍ വി എസ് സ്വീകരിച്ച തന്ത്രം വിജയിച്ചുവെന്നതിന് തെളിവായിരുന്നു മല്‍സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ച നേതൃത്വത്തെ വെട്ടിലാക്കി സംസ്ഥാനത്തെ സാധാരണ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഒടുവില്‍ വി എസ് മുഖ്യമന്ത്രിയായി.

മലപ്പുറം സമ്മേളനത്തില്‍ വിമത സ്വരം ഉയര്‍ത്തി പരാജയപ്പെട്ട നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം നിര്‍ബന്ധിതമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇതും ഒരു അപൂര്‍വതയാണ്. ഉള്‍പാര്‍ട്ടി സമരത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ ഒതുക്കപെടുകയോ, പുറത്താക്കപ്പെടുകയോ എന്നതാണ് ലെനിനിസ്റ്റ് സംഘടനാ രീതി! ആ രീതി വിഎസ്സിന് മുന്നില്‍ പ്രാവര്‍ത്തികമാകാതെ പോയതിന് കാരണം, അദ്ദേഹം കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവാണെന്നതുകൊണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും വിഎസ് പോരാട്ടത്തിലായിരുന്നു. മുന്നാറിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിലായാലും, എഡിബി വായ്പയുടെ കാര്യത്തിലായാലും വി എസ് പോരടിച്ചു നോക്കി. അതിൽ തിരിച്ചടിയുണ്ടായിട്ടും വി എസ് മുന്നോട്ടുപോയി. പരാജയം ഭക്ഷിച്ച് ജീവിക്കുന്ന നേതാവെന്ന് വിളിക്കപ്പെട്ടു.

പ്രായാധിക്യത്തിനിടയിലും വി എസ് പോരാട്ടം തുടര്‍ന്നുകൊണ്ടെയിരുന്നു. 2011ല്‍ രണ്ട് സീറ്റിന്റെ കുറവില്‍ തുടര്‍ഭരണം നഷ്ടമായപ്പോള്‍, അതിന് കാരണം എന്തായിരുന്നുവെന്ന ചോദ്യം ഉയര്‍ന്നു. ചിലര്‍ പാര്‍ട്ടിയ്ക്ക് നേരെ വിരല്‍ ചൂണ്ടി.

വിഎസ് പോരാട്ടം അവസാനിപ്പിച്ചില്ല. ആലപ്പുഴയിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോകുന്ന തലം വരെയെത്തി വിഎസ്സിന്റെ പ്രതിഷേധം. പാര്‍ട്ടി വിരുദ്ധ ചിന്തകള്‍ വി എസ്സിന് ഉണ്ടെന്ന് പറഞ്ഞ നേതാക്കള്‍ക്ക് പിന്നീടും വിഎസ്സിനെ ഉള്‍ക്കൊള്ളേണ്ടിവന്നു.

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പരിമിതികളും സാധ്യതകളും കൂടിയാണ് വിഎസ്സിന്റെ നൂറ്റാണ്ടിന്റെ ജീവിതം. പാര്‍ട്ടിയിലെ അധികാര തര്‍ക്കങ്ങളിലും രാഷ്ട്രീയ എതിരാളികളോടും ഏതറ്റവും പോകുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രായോഗിക നിലപാടുകള്‍ സ്വീകരിച്ച വിഎസ്, പക്ഷെ രാഷ്ട്രീയ നിലപാടുകളില്‍ തന്റെതായ രീതിയില്‍ അടിസ്ഥാനവിഭാഗത്തിന്റെ താല്‍പര്യങ്ങളോടൊപ്പം നിന്നു. പ്രാഗ്മാറ്റിസം എന്ന ഏക പ്രത്യയശാസ്ത്രത്തിലേക്ക് രാഷ്ട്രീയകക്ഷികള്‍ മാറിയപ്പോള്‍ വി എസ് വ്യത്യസ്തനായി തന്നെ നിന്നു. അങ്ങനെ നില്‍ക്കാന്‍ കേരള രാഷ്ട്രീയത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതാണ് അദ്ദേഹത്തെ വ്യത്യസ്തനായ ജനനായകനാക്കുന്നതും

logo
The Fourth
www.thefourthnews.in