ചിലർക്ക് കുതിരപ്പുറത്ത് കയറണം, മറ്റുചിലർക്ക് അടിമ പേരുകൾ തിരിച്ചുവരണം; യഥാർത്ഥത്തിൽ ഗുരുവിൽനിന്ന് കേരളം എന്താണ് പഠിച്ചത്
എല്ലാവരും നഗ്‌ന പാദരായി നടക്കുന്ന കാലം തിരികെ വരണമെന്ന് ചിലർ ആഗ്രഹിക്കുന്നു. കുതിരപ്പുറത്ത് യാത്ര ചെയ്ത കാലം തിരികെ വരാൻ മറ്റ് ചിലർ ആഗ്രഹിക്കുന്നു. കരയുള്ള വേഷ്ടിയുടുത്ത് പുരുഷന്മാർ തലയെടുപ്പോടെ നടന്നു നീങ്ങുന്നത് കാണാൻ ചിലർ കൊതിക്കുന്നു. അപ്പുണ്ണി, തെയ്യുണ്ണി, തേവി തുടങ്ങിയ പേരുകൾ തിരികെ വരണമെന്നാണ് മറ്റ് ചിലരുടെ അടങ്ങാത്ത മോഹം. കാരണവന്മാർ കലപ്പയും തോളിലേന്തി കാളയുടെ പുറകെ ഓടണമെന്നതാണ് മറ്റു ചിലരുടെ ആഗ്രഹം. നഗ്ന പാദരായി പാടത്തും ചെളിയിലും മുങ്ങിത്താഴാൻ വിധിക്കപ്പെട്ടവർ കേരളത്തിലെ കീഴാളരായ അടിത്തട്ടു സമൂഹങ്ങളായിരുന്നു. പാടത്തും പറമ്പിലും അടിമ സമൂഹ ങ്ങളെ ചവിട്ടി താഴ്ത്തിയ സവർണ വർഗമാണ് കുതിരപ്പുറത്തേറിയിരുന്നത്. കരയുള്ള വേഷ്ടി പോയിട്ട് ഒരു സാമാന്യ വെള്ള വസ്ത്രം ധരിക്കാൻ പോലും സവർണർ അവർണരെ അനുവദിച്ചിരുന്നില്ല. അടിമത്വത്തിന്റെ ചരിത്രം പേറുന്ന പേരുകൾ ഉപേക്ഷിച്ച് അവർണ ജനത ആത്മാഭിമാനമുള്ള പേരുകൾ സൂക്ഷിക്കുന്നതാണ് ചിലരെ സങ്കടത്തിലാഴ്ത്തുന്നത്. കാളയോടൊപ്പം പാടത്ത് ഉഴുതാൻ വിധിക്കപ്പെട്ട അടിമ വംശത്തിന്റെ ചരിത്രം പൊയ്കയിൽ അപ്പച്ചൻ പാടുന്നുണ്ട്. ചുരുക്കത്തിൽ ഫ്യൂഡൽ നാടുവാഴി ജാതി ജന്മിത്ത അസമത്വ വ്യവസ്ഥയുടെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പിനായി കേരളത്തിലെ സവർണ ബ്രാഹ്മണ്യം അക്ഷീണ യത്നം നടത്തുന്ന ഘട്ടത്തിലാണ് ഗുരുവിൽ നിന്നും കേരളം എന്താണ് പഠിച്ചതെന്ന ആഴമേറിയ ചോദ്യം ഉന്നയിക്കേണ്ടി വരുന്നത്.
ശബരി മലയിൽ പോലും ഒരു അബ്രാഹ്മണ മേൽശാന്തിക്ക് നിയമനം ലഭിക്കാൻ കോടതികൾ കയറിയിറങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. അത്രത്തോളം ബ്രാഹ്മണ്യ ഹിന്ദുത്വം കേരളത്തിൽ സാംസ്കാരികമായി ആഴത്തിൽ പിടിമുറുക്കി കഴിഞ്ഞു
സവർണ ബ്രാഹ്മണ്യത്തിൽ നിന്നുമുളള മോചനം ലക്ഷ്യമിട്ടാണ് നാരായണ ഗുരു സ്വന്തമായി ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. മനുഷ്യരെ അശുദ്ധരായി കാണുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ക്ഷേത്ര സങ്കല്പമാണ് നാരായണ ഗുരു സൃഷ്ടിച്ചത്. എന്നാൽ, ദേവപ്രശ്ന ജ്യോതിഷ വിധികളിലൂടെ ഗുരു നിർമൂലനം ചെയ്യാൻ ശ്രമിച്ച ബ്രാഹ്മണ്യത്തെ പുനരാനയിക്കാനാണ് ഇന്ന് ശ്രമിച്ചു വരുന്നത്. താൻ പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രങ്ങളിൽ പുലയർ, ഈഴവർ മുതലയാവരെ കൊണ്ട് പൂജാ കൃത്യങ്ങൾ അനുഷ്ഠിപ്പിച്ച ഗുരുദേവൻ ബ്രാഹ്മണ്യത്തെ സമ്പൂർണമായി അകറ്റി നിർത്തി. പക്ഷേ, ഇന്ന് ബ്രാഹ്മണർ പൂജിച്ചാൽ മാത്രമേ ഉത്തമമാകു എന്ന പൊതു ധാരണ ബലപ്പെട്ടിരിക്കുന്നു. ശബരി മലയിൽ പോലും ഒരു അബ്രാഹ്മണ മേൽശാന്തിക്ക് നിയമനം ലഭിക്കാൻ കോടതികൾ കയറിയിറങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. അത്രത്തോളം ബ്രാഹ്മണ്യ ഹിന്ദുത്വം കേരളത്തിൽ സാംസ്കാരികമായി ആഴത്തിൽ പിടിമുറുക്കി കഴിഞ്ഞു. "... അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല " എന്ന് പ്രഖ്യാപിച്ച ഗുരുവര്യന്റെ നാട്ടിലാണ് ലൗജിഹാദ് ആരോപണങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. തെയ്യുണ്ണി, ചിരുതേവി തുടങ്ങിയ പേരുകൾ തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവർ ഇന്ത്യയിലെ ദലിത പിന്നോക്ക ജന വിഭാഗങ്ങളുടെ അടിമ തുല്യമായ ജീവിതം തിരികെ വരണമെന്നും തങ്ങൾക്ക് അങ്ങനെ തമ്പ്രാനായി തുടരാൻ കഴിയണമെന്നുമാണ് സ്വപ്നം കാണുന്നത്. മതേതരരായും പൊതു ബുദ്ധിജീവികളായും സാംസ്കാരിക നായകരായും രംഗപ്രവേശം ചെയ്യുന്ന ഇവർ തങ്ങളുടെ പേരിന്റെ പിന്നിലുള്ള പിള്ള , മേനോൻ, ഭട്ടതിരി, നമ്പൂതിരി തുടങ്ങിയ ജാതി വാലുകൾ യാതൊരു മടിയും കൂടാതെയാണ് പ്രദർശിപ്പിക്കുന്നത്. "ജാതിയേതെന്ന് കേൾക്കണ്ട / നേര് മെയ് തന്നെ ചൊൽകയാൽ " എന്നരുളിയ ഗുരുവിന്റെ നാട്ടിൽ പുതിയ നൂറ്റാണ്ടിലും ജാതിവാലുകൾ നിറഞ്ഞാടുകയാണ്. സംഘടന കൊണ്ട് ശക്തരാകുവാനും വ്യവസായം കൊണ്ട് അഭിവൃദ്ധി നേടാനും ഗുരു ഉദ്ഘോഷിച്ചു. തീർച്ചയായും ഈ ഗുരുവരുൾ ഈഴവ സമുദായം ഏറ്റെടുത്തുന്നു. എന്നാൽ ദലിത് സമൂഹം ഗുരുവിന്റെ ഈ അരുൾ വഴിയെ വിസ്തൃതമാക്കേണ്ടിയിരിക്കുന്നു. സംഘടന കൊണ്ട് സമുദായം ശാക്തീകരിക്കപ്പെടുമെന്ന് ഗുരു കരുതി. അതുവഴി സമൂഹത്തിൽ സമുദായം ഒരു ചാലകശക്തിയായും മാറിത്തീരും. അങ്ങനെ സമുദായത്തിന്റെ ജനായത്ത സ്വപ്നങ്ങളെ സാർത്ഥകമാക്കുന്നതിനുള്ള രാഷ്ട്രീയ പ്രേരണയായും അത് വികസിക്കും.
മതേതരരായും പൊതു ബുദ്ധിജീവികളായും സാംസ്കാരിക നായകരായും രംഗപ്രവേശം ചെയ്യുന്ന ഇവർ തങ്ങളുടെ പേരിന്റെ പിന്നിലുള്ള പിള്ള , മേനോൻ, ഭട്ടതിരി, നമ്പൂതിരി തുടങ്ങിയ ജാതി വാലുകൾ യാതൊരു മടിയും കൂടാതെയാണ് പ്രദർശിപ്പിക്കുന്നത്
ഗുരു തുറന്നിട്ട ഈ വഴി അടിത്തട്ട് സമൂഹങ്ങൾക്ക് ഒരു വഴി വിളക്കാണ്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന ഗുരു വാക്യങ്ങൾ സംവരണം മുതലായ പ്രാതിനിധ്യ ജനായത്ത മാർഗങ്ങൾ അടച്ചു കളയാനുള്ള ഉപകരണമാക്കരുതെന്നും ജാതിയുടെ അസമത്വ മൂല്യ വ്യവസ്ഥയുടെ നിരാസമാണ് ഗുരു ലക്ഷ്യമിട്ടതെന്നും സഹോദരൻ അയ്യപ്പൻ പിന്നീട് വിശദമാക്കി. "ശ്രീനാരായണൻ തുറന്ന മാർഗം ശ്രീനാരായണനെ വച്ച് അടച്ച് കളയരുതെന്നും " സഹോദരൻ അനുശാസിച്ചു. ഗുരുവിനെ മുൻ നിർത്തി ചിലർ സംവരണ ജനായത്തത്തെ സംബന്ധിച്ച് തികച്ചും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന കാലത്ത് സഹോദരനെ ഉദ്ധരിക്കാതെ വയ്യ. കാലത്തിനും മുൻപേ നടന്ന മഹാ മനീഷിയാണ് നാരായണ ഗുരു സ്വാമികളെന്ന് അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും എഴുത്തും തെളിയിക്കുന്നു.
എന്നാൽ ഗുരുവിന്റെ കാലത്തിന് ശേഷം ജീവിക്കുന്ന നാം ഗുരുവിനേക്കാൾ ശ്രേഷ്ഠമായ മാർഗ്ഗത്തിൽ ചരിക്കുന്നതാണ് ഗുരുവിന് നൽകാൻ കഴിയുന്ന മഹത്തായ ആദരം. നിർഭാഗ്യവശാൽ ജാതിവാലുകളിൽ അഭിരമിക്കുകയും, പൗരോഹിത്യ ബ്രാഹ്മണ്യത്തെ വർദ്ധിച്ച തോതിൽ കൊണ്ടാടുകയും, പ്രാതിനിധ്യ ജനായത്തത്തെ തന്നെ അട്ടിമറിക്കുന്ന സവർണ സംവരണം നടപ്പിലാക്കുകയും, ശബരിമലയിൽ മലയാള ബ്രാഹ്മണർ തന്നെ പൂജാരിയായി തുടരണമെന്നും, മലയാള പത്രമാധ്യമങ്ങളിലെ ജാതി തിരിച്ചുള്ള വിവാഹ പരസ്യങ്ങളും ഗുരുവിൽ നിന്നും കേരളം എന്ത് പഠിച്ചു എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. തീർച്ചയായും ഗുരു അന്ധകാരം നിറഞ്ഞ ഒരു സമൂഹത്തിൽ വെളിച്ചത്തിന്റെ മഹത്തായ വഴി വിളക്കാണ്. എന്നാൽ മേലുന്നയിച്ച പ്രശ്നങ്ങൾക്ക് ഗുരുവിൽ നിന്ന് പാഠം ഉൾക്കൊണ്ട് പരിഹാരം തേടേണ്ട ബാധ്യത നമുക്ക് മാത്രമാണ്. ആ മഹത്തായ കടമ നിർവഹിക്കുന്നതിലൂടെ മാത്രമേ ഗുരുചിന്തനക ളെ സമകാലികമാക്കാൻ കഴിയൂ. ഇത് തന്നെയാണ് ഗുരുവിനോടുള്ള മഹത്തായ ആദരവും.