ഇന്ദിരാ ഗാന്ധിയും ഹിന്ദുത്വ രാഷ്ട്രീയവും

ഇന്ദിരാ ഗാന്ധിയും ഹിന്ദുത്വ രാഷ്ട്രീയവും

ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ഇന്ദിരാ ഗാന്ധിയുടെ സമീപനം എന്തായിരുന്നു?
Updated on
3 min read

അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ പതിവുപോലെ ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും പിന്‍വലിക്കാനും ഉള്ള കാരണങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമായി. അടിയന്തിരാവസ്ഥ പിന്‍വലിക്കാനായി ഉയര്‍ന്ന കാരണങ്ങളില്‍ പ്രമുഖമായ ഒന്ന് RSS നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പാണെന്ന വാദമാണ്. ഈ വാദത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ഇന്ദിരാ ഗാന്ധിയുടെ സമീപനം എന്തായിരുന്നു എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.

ഇന്ദിരാ ഗാന്ധിയുടെ മാധ്യമ ഉപദേശകനായിരുന്ന എച്ച് വൈ ശാരദാ പ്രസാദിന്റെ മകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ രവി വിശ്വേശ്വരയ്യ ശാരദ പ്രസാദ് ഓപ്പണ്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിലും മലയാളി മാധ്യമ പ്രവര്‍ത്തകനായ വി കെ ചെറിയാന് നല്‍കിയ അഭിമുഖത്തിലും ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഭരണ സംവിധാനത്തിന്റെ എല്ലാ തലങ്ങളിലും നുഴഞ്ഞു കയറാന്‍ വേണ്ടിയാവും ആർഎസ്എസ് അത് ഉപയോഗിക്കുക എന്ന് ഇന്ദിര ആ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്

RSS ന് ഇന്ദിരാ ഗാന്ധിയോടുള്ള സമീപനത്തില്‍ ഏകീകൃത സ്വഭാവം ഇല്ലായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പാകിസ്താനെ വിഭജിച്ച് ബംഗ്ലാദേശ് സ്ഥാപിക്കാന്‍ കാരണക്കാരിയായ ഇന്ദിരാ ഗാന്ധിയോട് RSS ലെ ഒരു വലിയ വിഭാഗത്തിന് ആരാധനയുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെ നയങ്ങള്‍ തങ്ങളുടേതുമായി ഐക്യപ്പെടുന്നതാണെന്നും ആ വിഭാഗം വിലയിരുത്തി.1972 മുതല്‍ RSS സര്‍സംഘചാലക് ബാലാസാഹേബ് മധുകര്‍ ദത്താത്രേയ ദേവരശ് ഇന്ദിരാ ഗാന്ധിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നതായി അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന ടി വി രാജേശ്വര്‍ വ്യക്തമാക്കുന്നുണ്ട്.

1930 കളിലെ യൂറോപ്യന്‍ ഫാഷിസത്തിന്റെ പ്രവര്‍ത്തന രീതികളെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്ന ഇന്ദിര എന്നും RSS ന്റെ നീക്കങ്ങളെ സംശയത്തോടെ മാത്രമാണ് കണ്ടിരുന്നത്. കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ RSS നെ കോണ്‍ഗ്രസില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത്തരമൊരു നീക്കത്തിന്റെ അപകടത്തെക്കുറിച്ച് അന്നുതന്നെ ഇന്ദിര നെഹ്‌റുവിന് കത്തെഴുതുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഭരണ സംവിധാനത്തിന്റെ എല്ലാ തലങ്ങളിലും നുഴഞ്ഞു കയറാന്‍ വേണ്ടിയാവും RSS അത് ഉപയോഗിക്കുക എന്ന് ഇന്ദിര ആ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കോണ്‍ഗ്രസില്‍ ലയിക്കാനുള്ള നീക്കം വിജയിച്ചില്ലെങ്കിലും RSS ന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള ഇന്ദിരയുടെ വിലയിരുത്തല്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നുണ്ട്

1974 ല്‍ ഗുജറാത്തിലെ ചിമന്‍ ഭായ് പട്ടേല്‍ സര്‍ക്കാറിനെതിരേ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ആർഎസ് എസിനോ അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിക്കോ ഒരു പങ്കുമുണ്ടായിരുന്നില്ല. ആ പ്രക്ഷോഭത്തിന്റെ വിജയത്തെ തുടര്‍ന്ന് ബീഹാറിലെ അബ്ദുല്‍ ഗഫൂര്‍ ഗവര്‍മെന്റിനെതിരെ സമാനമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ ABVP യും പങ്കു ചേര്‍ന്നു. പക്ഷേ അവരുടെ പിതൃ സംഘടനകളായ ആർഎസ്എസ്, ജനസംഘ് തുടങ്ങിയ സംഘടനകൾ ഘെരാവോയും പണിമുടക്കും ഉള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരായിരുന്നില്ല. ഇത്തരം സമരമാര്‍ഗങ്ങള്‍ അവരുടെ അച്ചടക്ക സ്വഭാവത്തിനെതിരായിരുന്നു. മാത്രവുമല്ല, അവരെ പിന്തുണയ്ക്കുന്ന വ്യാപാരികളുടെയും ചെറുകിട കച്ചവടക്കാരുടെയും താല്‍പര്യങ്ങള്‍ക്ക് ഇത്തരം സമരങ്ങള്‍ ഹാനികരമായിരുന്നു.

ഇന്ദിരാ ഗാന്ധിയും ഹിന്ദുത്വ രാഷ്ട്രീയവും
അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരയെ പുകഴ്ത്തി കത്തെഴുതുകയായിരുന്നു സര്‍സംഘചാലക്

ജയപ്രകാശ് നാരായണനും ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരുമായി ഇതിനിടയില്‍ പിന്നണിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു, പക്ഷെ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തായതോടെ ആ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ആ തക്കം നോക്കി ആർഎസ്എസ്സിലെഒരു വിഭാഗം ജെ പിയുമായി അടുക്കാന്‍ ശ്രമം ആരംഭിച്ചു. അന്നേവരെ ആർഎസ്എസ്സിൻ്റെ കടുത്ത വിമര്‍ശകനായിരുന്നു ജെ പി. രാംനാഥ് ഗോയങ്കയുടെ ഉപദേശമനുസരിച്ച് ജെ പി, രാജ്യസഭാംഗമായിരുന്ന സുബ്രമണ്യം സ്വാമിയോട് ഇന്ദിരാ ഗാന്ധിയെ പുറത്താക്കാന്‍ വേണ്ടി ആർഎസ്എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള സാധ്യതകള്‍ നാനാജി ദേശ്മുഖിനോട് ആരായാന്‍ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് മുരളി മനോഹര്‍ ജോഷിയുടെ അലഹബാദിലെ വീട്ടില്‍ നാനാജി ദേശ്മുഖ്, ഗോവിന്ദാചാര്യ, കൈലാസ് പതിമിശ്ര എന്നിവരും ജെ പിയുമായി കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കുന്നു. ആ യോഗത്തില്‍ വെച്ച് ബിഹാര്‍ പ്രക്ഷോഭത്തിന്റെ നേതൃത്വം ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, സുശീല്‍ കുമാര്‍ മോഡി, ശരദ് യാദവ് എന്നിവരില്‍ നിന്നും ജെ പിയും നാനാജി ദേശ്മുഖും ഏറെറടുക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ പ്രമുഖരായ പല സംഘ് പരിവാര്‍ നേതാക്കള്‍ക്കും ജെ പിയോടൊത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്പര്യമില്ലായിരുന്നു.

ദേവരശ്, ഏക് നാഫ് റാണഡേ, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവര്‍ ഈ നിലപാട് ഉള്ളവര്‍ ആയിരുന്നു. നെഹ്‌റു കഴിഞ്ഞാല്‍ ആർഎസ്എസിൻ്റെ ഏറ്റവും കടുത്ത വിമര്‍ശകനായാണ് അവര്‍ ജെ പിയെ കണ്ടിരുന്നത്. ഇന്ദിരയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി. രാജ് നാരായണനോട് ഇന്ദിരക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ വാജ്‌പേയ് ആവശ്യപ്പെട്ടു. എബിവിപി സമരങ്ങളും ഘെരാവോയും നടത്തുന്നതിനെ റാണഡേ ശക്തമായി എതിര്‍ത്തു. ജയപ്രകാശ് നാരായണന്‍ നാനാജി ദേശ്മുഖിനെ ലോക് സംഘര്‍ഷ് സമിതിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആർഎസ്എസ്സുമായി സഖ്യത്തിലേര്‍പ്പെട്ട ജെപിയുടെ നടപടിയാണ് ഇന്ദിരയെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ശാരദാ പ്രസാദ് പറയുന്നത്.

ആർഎസ്എസ്സിനോടുള്ള ഇന്ദിരയുടെ കടുത്ത എതിര്‍പ്പ് നെഹ്‌റുവില്‍ നിന്നും പരമ്പരാഗതമായി ലഭിച്ചതായിരുന്നു

ഇന്ത്യയെ സംബന്ധിച് തന്റെ ദര്‍ശനം ആർഎസ്എസ്സിൻ്റെതിന് കടകവിരുദ്ധമാണെന്ന് ഇന്ദിര അദ്ദേഹത്തോട് പലവട്ടം പറഞിട്ടുണ്ടത്രേ. ആർഎസ്എസ്സിനോടുള്ള ഇന്ദിരയുടെ കടുത്ത എതിര്‍പ്പ് നെഹ്‌റുവില്‍ നിന്നും പരമ്പരാഗതമായി ലഭിച്ചതായിരുന്നു. ഹിറ്റ്‌ലറുടെ എസ്എസ് എന്ന ഭീകര സൈന്യത്തിന്റെ റോളാണ് എബിവിപി നിര്‍വ്വഹിക്കുന്നത് എന്നായിരുന്നു ഇന്ദിരയുടെ അഭിപ്രായം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിലെ ഇന്ദിരയുടെ പ്രധാന ലക്ഷ്യം ആർഎസ്എസ്, എബിവിപി, ആനന്ദ്മാര്‍ഗികള്‍ എന്നിവരുടെ പ്രവര്‍ത്തനം എല്ലാക്കാലത്തേക്കും അവസാനിപ്പിക്കുക എന്നതായിരുന്നുവെന്ന് ശാരദാ പ്രസാദ് പറയുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനുശേഷം ഇന്ദിര ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, ആനന്ദ്മാര്‍ഗി തുടങ്ങിയ സംഘടനകളെ നിരോധിക്കുന്നു. ഈ സംഘടനകളുടെയെല്ലാം പ്രമുഖ നേതാക്കളും ഒട്ടേറെ പ്രവര്‍ത്തകരും അറസ്റ്റിലാവുന്നു. രാജ്യമൊട്ടാകെ ഏതാണ്ട് നാല്പതിനായിരത്തോളം ആർഎസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

മാപ്പ് അപേക്ഷിച്ചും ആർഎസ്എസ് അടിയന്തിരാവസ്ഥാ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പ് നല്‍കിയും നിരവധി കത്തുകള്‍ ഇന്ദിരാ ഗാന്ധിക്ക് അയച്ചു. ഒന്നിന് പോലും മറുപടി അയയ്ക്കാന്‍ ഇന്ദിര തയ്യാറായില്ല.

സുബ്രമണ്യം സ്വാമി 2000 ജൂണ്‍ 13-ാം തീയതി ദി ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് ജനസംഘത്തിന്റെയും ആർഎസ്എസ്സിന്റെയും പ്രമുഖ നേതാക്കള്‍ അടിയന്തിരാവസ്ഥക്കെതിരേയുള്ള പോരാട്ടത്തെ ഒറ്റുകൊടുത്തുഎന്നാണ്. ആർഎസ്എസ് പ്രമുഖ് ബാലാസാഹേബ് ദേവരശ് ഈ കാലയളവില്‍ മാപ്പ് അപേക്ഷിച്ചും ആർഎസ്എസ് അടിയന്തിരാവസ്ഥാ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പ് നല്‍കിയും നിരവധി കത്തുകള്‍ ഇന്ദിരാ ഗാന്ധിക്ക് അയച്ചു. ഒന്നിന് പോലും മറുപടി അയയ്ക്കാന്‍ ഇന്ദിര തയ്യാറായില്ല. ഇന്ദിരയില്‍ നിന്നും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ദേവര്‍ശ് മഹാരാഷ്ട മുഖ്യമന്ത്രി S Bചവാനും ആചാര്യ വിനോബഭാവേക്കും വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച് കത്തുകള്‍ അയക്കുന്നു വാജ്‌പേയിയും ഇന്ദിരാ ഗാന്ധിക്ക് കത്തുകള്‍ അയച്ചുവെന്നും അതനുസരിച്ച് ഇന്ദിര അദ്ദേഹത്തിന് നീണ്ട പരോള്‍ അനുവദിച്ചുവെന്നും സുബ്രഹ്ണ്യം സ്വാമി എഴുതുന്നു.

1976 നവംബറിൽ മാധവ് റാവ്മൂലെ, ദത്തോപാങ്ങ് തേംഗ്ഡി, മോറോപന്ത് പിംഗ്‌ളെഎന്നിവരുടെ നേതൃത്വത്തില്‍ മുപ്പത് RSS നേതാക്കള്‍, അവരെ ജയിലില്‍ നിന്നും മോചിപ്പിക്കുകയാണെങ്കില്‍, ആർഎസ്എസ് അടിയന്തിരാവസ്ഥയെ പിന്‍തുണക്കാമെന്ന് ഇന്ദിരാ ഗാന്ധിക്ക് എഴുതുന്നു ഇതിനെ കീഴടങ്ങല്‍ രേഖ എന്നാണ് ഇന്ദിര വിശേഷിപ്പിക്കുന്നത്. താമസിയാതെ തന്നെ ഇന്ദിര അടിയന്തിരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ട് ജയില്‍ മോചിതരാകാന്‍ വേണ്ടി അടിയന്തിരാവസ്ഥക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നില്ല.

വലതു പക്ഷ രാഷ്ട്രീയവുമായി താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി ഒരു ഒത്തു തീര്‍പ്പിനും അവര്‍ തയ്യാറായിരുന്നില്ല. അതിന്റെ പേരില്‍ ഉണ്ടാകുന്ന നഷ്ടം സഹിക്കാന്‍ ഇന്ദിര തയ്യാറായിരുന്നു.

അടിയന്തിരാവസ്ഥ പിന്‍വലിക്കുമ്പോള്‍ RSS കീഴടങ്ങലിന്റെ വക്കലായിരുന്നുവെന്നും, ഇന്ദിരയുടെ പ്രഖ്യാപനം കൊണ്ട് അവര്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നതും വ്യക്തമാണ്. ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തുന്ന ദീര്‍ഘകാല ഭീഷണികളെക്കുറിച്ച് അവര്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അത്തരം വലതു പക്ഷ രാഷ്ട്രീയവുമായി താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി ഒരു ഒത്തു തീര്‍പ്പിനും അവര്‍ തയ്യാറായിരുന്നില്ല. അതിന്റെ പേരില്‍ ഉണ്ടാകുന്ന നഷ്ടം സഹിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ഇതിനെ വായിക്കേണ്ടത് ഇതേ കാലയളവില്‍ സിപിഎമ്മിനുള്ളില്‍ നടന്ന ആശയ സംഘട്ടനവുമായി ചേര്‍ത്തു വെച്ചാണ്. ആർഎസ്എസുമായി ചേര്‍ന്നുള്ള അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടം അപകടകരമാണെന്ന നിലപാടെടുത്ത പി സുരയ്യായ്ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നു. ഗാന്ധി വധത്തിനു ശേഷം അസ്പൃശ്യരായിരുന്ന ആർഎസ്എസിന് രാഷ്ട്രീയ സ്വീകാര്യത കൈവന്നത് ജെ പി പ്രസ്ഥാനത്തിലുള്ള പങ്കാളിത്തത്തിലൂടെയാണ്. RSS ന് രാഷ്ട്രീയമാന്യത നല്‍കുന്നത് എത്ര മാത്രം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന ഉത്തമ ബോധ്യം ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in