നന്ദികേടിൽ മാത്രം ജീവിക്കുന്ന പരിഭാഷ

നന്ദികേടിൽ മാത്രം ജീവിക്കുന്ന പരിഭാഷ

ഒരു ഇന്ത്യൻ പുസ്തകം പരിഭാഷപ്പെടുത്തുന്നതിലും വിഷമമാണ് ഒരു വിദേശ പുസ്തകം നമ്മുടെ ഭാഷയിലേക്ക് കൊണ്ടുവരാൻ, കാരണം രണ്ടു സംസ്കാരങ്ങൾക്കിടക്കാണ് പരിഭാഷകൻ പാലം പണിയുന്നത്.
Updated on
3 min read

 പരിഭാഷ ഏറ്റവും നന്ദികെട്ട ഒരു ജോലിയാണെന്നാണ് പറയാറ്. ഇത് പൂർണ്ണമായും തെറ്റല്ല താനും. ഇത് മലയാള ഭാഷയുടെ മാത്രം പ്രശ്നമല്ല, മിക്ക ഭാഷകളിലും ഇങ്ങനെ ഒക്കെത്തന്നെയാണ് സംഭവിക്കുന്നത്. വലിയ എഴുത്തുകാർ ഒരു കൃതി പരിഭാഷപ്പെടുത്തുമ്പോൾ ആ പരിഭാഷകന് കിട്ടുന്ന  അംഗീകാരം മറ്റു പലർക്കും  കിട്ടാറുമില്ല. മലയാളത്തിൽ നമ്മൾ പി മാധവൻ പിള്ളയെ പോലെ, അല്ലെങ്കിൽ വിലാസിനി, നാലപ്പാട്ട് നാരായണ മേനോൻ തുടങ്ങിയ ചിലരെയല്ലാതെ എത്രപേരെ ഓർക്കുന്നു? മാർകേസിനു നോബൽ സമ്മാനം ലഭിക്കും മുന്‍പ് നമ്മൾ അദ്ദേഹത്തിന്റെ എത്ര എഴുത്തുകൾ മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 

ഈ ലോക പരിഭാഷാദിനത്തിൽ വീണ്ടും ആ പഴയ ചോദ്യം മനസ്സിൽ ഉദിക്കുന്നു. എന്താണ് പരിഭാഷ? അത് ഒരു ഭാഷയിലെ എഴുത്തുകാരനുമേൽ നടത്തുന്ന കടന്നുകയറ്റമോ അയാൾ എഴുതിയതിനു സ്വന്തം വ്യാഖ്യാനം ചമയ്ക്കലോ അല്ലെന്നു ഞാൻ വിശ്വസിക്കുന്നു. ഒരു ഭാഷയെ, അത് വേരാഴ്ത്തിയ സംസ്കാരത്തെ, മറ്റൊരു ഭാഷയിലേക്കും സംസ്കാരത്തിലേക്കും പകരുമ്പോൾ അനിവാര്യമായ സ്വാതന്ത്ര്യത്തെ കുറിച്ച് ഉത്തമ ബോധ്യത്തോടെ തന്നെയാണ് ഇത് പറയുന്നത്.

വ്യാഖ്യാതാവാകാൻ ശ്രമിക്കാതെ വരികൾ വായിക്കാനും വരികൾക്കിടയിൽ വായിക്കാനും കഴിയുമ്പോളാണ് ഒരു പരിഭാഷ മികച്ചതാവുന്നത്. എഴുത്തുകാരൻ/എഴുത്തുകാരി പറയാത്ത ഒരു കാര്യവും പരിഭാഷയിൽ കടന്നുവരരുത്. പറയാതെ പറഞ്ഞ കാര്യം അങ്ങിനെ തന്നെ പറയാൻ പരിഭാഷക്കും കഴിയണം. ഭാഷ അറിയുന്നതുകൊണ്ടു മാത്രം എല്ലാവരും പരിഭാഷകർ ആവുന്നില്ല, സാഹിത്യത്തിലെ പിഎച്ഡി ആരെയും കവിയാക്കില്ല എന്ന് പറഞ്ഞതുപോലെ. പിന്നെ, വാക്കിനു 50 - 75 പൈസ വെച്ച് 'തൂക്കിവിൽക്കാനുള്ള' ഉരുപ്പടിയാണ് പരിഭാഷ എന്ന് നമ്മുടെ പല പ്രസാധകരും കരുതുന്നതിനാലും, അയാൾക്ക് അത്രയൊക്കെ അംഗീകാരം മതി എന്ന് അവർ തീരുമാനിക്കുന്നതിനാലും, അസാമാന്യമായ കഴിവുണ്ടായിട്ടും പരിഭാഷ ഒരു തൊഴിലായി എടുക്കാൻ പലരും തയ്യാറല്ല. ഞാൻ അടക്കം പലരും ഈ പണി ചെയ്യുന്നത് തുച്ഛമായ പണം മോഹിച്ചല്ല താനും. ഇത്രയധികം വിദേശ പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വന്നിട്ടും നമ്മുടെ സർവ്വകലാശാലകളോ അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളോ ഈ മേഖലയെ കണ്ടതായി നടിക്കുന്നില്ല. പലപ്പോഴും അവരുടെ പരിഭാഷാ മേഖല ഇന്ത്യൻ ഭാഷകളിൽ ഒതുങ്ങുന്നു, ഒതുക്കുന്നു. ഇങ്ങനെ പറയുമ്പോൾ ചിലർ ചോദിക്കും, മാർകേസിന്റെ പരിഭാഷകരായ എടിത്ത് ഗ്രോസ്സ്മാനും ഗ്രിഗറി റബാസ്സയുമെല്ലാം ഇങ്ങനെ തന്നെ അല്ലേ എന്ന്. പുസ്തകത്തിന്റെ ചട്ടയിൽ ഒന്നും അവരുടെ പേര് കാണില്ലല്ലോ എന്ന്. ശരിയാണ്, പക്ഷെ അവർ വാങ്ങിയ പ്രതിഫലത്തിന്റെ വലിപ്പം കൂടി നമ്മൾ അന്വേഷിക്കണം എന്ന് മാത്രം! ലോക പരിഭാഷദിനത്തിൽ ഞാൻ നേരത്തെ പറഞ്ഞ പല കാര്യങ്ങളും ആവർത്തിക്കേണ്ടി വരുന്നത്, കോരന് ഇപ്പോളും കഞ്ഞി കുമ്പിളിൽ തന്നെ ആണ് എന്നതുകൊണ്ട് മാത്രമല്ല, അതിന്റെ അളവ് കുറഞ്ഞുവരുന്നു എന്നതുകൊണ്ട് കൂടിയാണ്. എന്റെ ആദ്യത്തെ പരിഭാഷ എസ്തബാൻ മോണ്ടിജോ എന്ന ക്യൂബൻ അടിമയുടെ ജീവിതകഥ ആയിരുന്നു. തീർത്തും യാദൃച്ഛികമായാണ് ആ പുസ്തകം എന്റെ കയ്യിൽ കിട്ടിയത്, എന്റെ പ്രിയ സുഹൃത്ത് പ്രമോദിന്റെ വീട്ടിൽനിന്നും. അവന്റെ അച്ഛൻ, സഖാവ് ഇ പദ്മനാഭൻ, ഏതോ യാത്രയിൽ വാങ്ങിയതായിരുന്നു 1967ൽ ഇറങ്ങിയ ആ പുസ്തകം. അന്ന് എന്റെ ഏട്ടനും (പി സുരേന്ദ്രൻ) മൾബറി ബുക്ക്സ് നടത്തിയിരുന്ന ഷെൽവിയും ധൈര്യം തന്നതിനാലാണ് ആ പുസ്തകം പരിഭാഷപ്പെടുത്താൻ ഞാൻ മുതിർന്നത്. 1992 ൽ പരിഭാഷപ്പെടുത്തിയ ആ പുസ്തകം അതിന്റെ ഇംഗ്ലീഷ് പതിപ്പ് ഷെൽവിയുടെ പുസ്തകശാലയിൽ നിന്നും കാണാതായതിനാൽ ഇറങ്ങാൻ വൈകി. പിന്നീട് ആ പുസ്തകശാലയിലെ അലമാരികളിൽ നിന്നും യാദൃച്ഛികമായി ആ പുസ്തകം  കിട്ടിയ ശേഷം ആമുഖം എഴുതിയാണ് ഇത് പ്രസിദ്ധീകരിച്ചത്. ഏകദേശം അപ്പോൾ തന്നെയാണ് ഇതിന്റെ ആമുഖത്തിന്റെ ഒരു കോപ്പി പ്രസാധകൻ വിദേശത്ത് നിന്നും സംഘടിപ്പിക്കുന്നത്.

 ആദ്യ പതിപ്പ് 2000 കോപ്പി. മികച്ചരീതിയിൽ വിറ്റു.  പിന്നീട് പ്രസക്തിയും കൈരളിയും വേറെ പതിപ്പുകൾ ഇറക്കി. ആദ്യ പതിപ്പ് ഇറങ്ങിയ ശേഷം അക്കാലത്തെ വളരെ മുതിർന്ന ഒരു എഴുത്തുകാരൻ ഇങ്ങനെ ഒരു പുസ്തകത്തെ കുറിച്ച് എഴുതി, പക്ഷേ  താൻ അത് ഇംഗ്ലീഷിൽ ആണ് വായിച്ചതെന്ന ഭാവത്തിലായിരുന്നു എഴുത്ത് എന്നുമാത്രം. മലയാളം പരിഭാഷ ഇറങ്ങിയതായി എവിടെയും പറഞ്ഞില്ല. അദ്ദേഹം കണ്ടത് മലയാള പുസ്തകം തന്നെ ആയിരുന്നു എന്ന് അറിയുന്നതിനാൽ പ്രസാധകൻ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. യാദൃച്ഛികം എന്ന് പറയട്ടെ രണ്ടാമത്തെ പുസ്തകവും ഒരു അടിമയുടെ ജീവിതകഥ ആയിരുന്നു. ഹാരിയറ്റ് ആൻ ജേക്കബ്‌സിന്റെ ആത്മകഥ ഞാനും എൻ എസ് സജിത്തുമായി ചേർന്നാണ് എഴുതിയത്. അധികം വൈകാതെ മറ്റൊരു പ്രസാധകനും ഇതേ പുസ്തകത്തിന്റെ പരിഭാഷ ഇറക്കി. നിരവധി പുസ്തകങ്ങൾ അങ്ങനെ പലരും പരിഭാഷപ്പെടുത്തിയിട്ടുണ്ട്, അത് സത്യത്തിൽ  നല്ല കാര്യമാണ്, താരതമ്യ പഠനത്തിന്. പക്ഷെ ഇത് പരിഭാഷപ്പെടുത്തിയ വ്യക്തിയോട് സംസാരിച്ചപ്പോൾ താൻ ഏത് എഡിഷൻ അടിസ്ഥാനമാക്കിയാണ് ഈ പരിഭാഷ ചെയ്തത് എന്നുമാത്രം അവർക്കു പറയാനായില്ല. ഡൽഹിയിൽ 14 വർഷത്തോളം ജീവിച്ചതുകൊണ്ടും, ദരിയാഗൻജിലെ  ചില പ്രസാധകർ മറ്റുള്ളവരുടെ പുസ്തകങ്ങളെ തങ്ങളുടേതാക്കി മാറ്റുന്ന 'രസായനവിദ്യ' എങ്ങിനെ പ്രയോഗിക്കുന്നു എന്നറിയുന്നതിനാലും അവരുമായി കൂടുതൽ തർക്കിച്ചില്ല. ഇത്തിരി ഉളുപ്പ് വേണമെന്ന് പ്രസാധകരെ കണ്ടപ്പോൾ പറഞ്ഞു. അതിനാൽ   തന്നെ  ദെര്‍സു ഉസാല മലയാളത്തിൽ ആകുമ്പോൾ മറ്റാരെങ്കിലും ഈ പരിഭാഷയെ അടിസ്ഥാനമാക്കി സ്വന്തം കൃതി ഉണ്ടാക്കിയാൽ അത് പിടിക്കാനുള്ള ചില വിദ്യകൾ ഞാനും പ്രയോഗിച്ചു. റട്ട്ഗർ ബ്രഗ്മാന്റെ 'Humankind' മനുഷ്യകുലം എന്ന പേരിൽ പരിഭാഷപ്പെടുത്തുമ്പോൾ ഇത്തരം പ്രശ്നം അലട്ടിയില്ല, കാരണം, അത് കോപ്പിറൈറ് ഉള്ള പുസ്തകമാണ്. പരിഭാഷകൻ എന്ന രീതിയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം വിഖ്യാത കലാകാരൻ എ രാമചന്ദ്രൻ  താൻ ഇംഗ്ലീഷിൽ എഴുതിയതെല്ലാം പരിഭാഷപ്പെടുത്താൻ തന്ന സ്വാതന്ത്ര്യമാണ്, സ്വന്തം ജീവചരിത്രം അടക്കം. എന്നെക്കാൾ നന്നായി മലയാളം അറിയുന്ന രാമചന്ദ്രൻ സാറിന് എന്നെ വിശ്വാസമാണ്.  താൻ എഴുതിയതിൽ ചില സ്വാതന്ത്ര്യം എടുക്കാൻ എന്നെ പ്രേരിപ്പിച്ചതും അദ്ദേഹം തന്നെ.  അങ്ങനെ ഒരു പരിഭാഷ വായിച്ച് ഒരിക്കൽ എസ് ഗോപാലകൃഷ്ണൻ മികച്ച അഭിപ്രായം പറഞ്ഞതും ഏറെ ആത്മവിശ്വാസം നൽകി. പിന്നീട് രാംകിങ്കറിനെ കുറിച്ച് രാമചന്ദ്രൻ എഴുതിയ പുസ്തകം ഞാൻ പരിഭാഷപ്പെടുത്തി കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചപ്പോൾ ഗോപാലകൃഷ്ണന്റെ ദില്ലിദാലിയിൽ  അതൊരു പോഡ്കാസ്റ്റ് ആയി എന്നതും വലിയ സന്തോഷം. ഇത്തരം ചെറിയ അംഗീകാരങ്ങൾക്കു വലിയ മൂല്യമുണ്ട്, പ്രത്യേകിച്ചും പരിഭാഷകൻ 'രണ്ടാംകിട' പൗരനാകുന്ന ഒരു ലോകത്ത്. എന്റെ ഉപജീവന മാർഗ്ഗം മറ്റു പലതും ആയതിനാൽ പുസ്തക പരിഭാഷക്കായി ഇപ്പോൾ ഞാൻ അധികം സമയം ചിലവഴിക്കാറില്ല. എന്നാലും ചില പദ്ധതികൾ കയ്യിലുണ്ട്, രാമചന്ദ്രന്റേത് അടക്കം. ഇത്രയും എഴുതിയപ്പോഴാണ് ഓർത്തത്, ഇന്ന് കേന്ദ്ര ലളിതകലാ അക്കാദമി പരിഭാഷാ പുരസ്‌കാരം വിതരണം ചെയ്യുന്ന ദിവസമാണ്. മലയാളത്തിൽ പരിഭാഷകർക്ക് അംഗീകാരം കിട്ടുന്ന ഒരേ ഒരു വേദി ഇതായിരിക്കാം. പക്ഷെ അവിടെയും വിദേശ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയവർ തഴയപ്പെടും. ഒരു ഇന്ത്യൻ പുസ്തകം പരിഭാഷപ്പെടുത്തുന്നതിലും വിഷമമാണ് ഒരു വിദേശ പുസ്തകം നമ്മുടെ ഭാഷയിലേക്ക് കൊണ്ടുവരാൻ, കാരണം രണ്ടു സംസ്കാരങ്ങൾക്കിടക്കാണ് പരിഭാഷകൻ പാലം പണിയുന്നത്. പക്ഷെ അത് കണ്ടില്ല എന്ന് നടിക്കാനാണ് പലർക്കും താല്പര്യം. പരിഭാഷ ആർക്കും ചെയ്യാം, ഗൂഗിളിനും ചെയ്യാം എന്ന് അവർ വീണ്ടും വീണ്ടും കണ്ടെത്തും! പക്ഷെ ഞാൻ എഴുതിയത്, ഞാൻ എഴുതിയത് മാത്രമാണല്ലോ.

logo
The Fourth
www.thefourthnews.in