ദയാബായിക്ക് എന്തേ ഇതുവരെ മഗ്സസെ പുരസ്‌കാരം കിട്ടിയില്ല?
1965ൽ, കന്യാസ്ത്രീപട്ടം വേണ്ടെന്നുവെച്ച് സമൂഹത്തിന്റെ താഴേത്തട്ടിൽ കഴിയുന്നവരുടെ ഇടയിലേക്ക് കടന്നുചെന്ന ദയാബായി അന്ന് ഉയർത്തിപ്പിടിച്ചത് ഒരു രാഷ്ട്രീയം കൂടി ആയിരുന്നു. അധഃസ്ഥിതന് വേണ്ടി നിലനിൽക്കാൻ വ്യവസ്ഥാപിതമായ സ്ഥാപനങ്ങൾ മടിക്കുമ്പോൾ വ്യക്തികൾ വേണം പോരാടാൻ എന്ന് അവരെ പഠിപ്പിച്ചത് ജീവിതം തന്നെ ആയിരുന്നു - മതങ്ങൾക്കും രാഷ്ട്രീയക്കാർക്കും വേണ്ടാത്ത ജീവിതം.
ഏകദേശം പത്തുവർഷത്തിനപ്പുറം അവരുടെ ആത്മകഥയായ 'പച്ചവിരൽ' വായിക്കുമ്പോൾ മനസ്സിൽ ഉയർന്ന ഒരു ചോദ്യം എന്തുകൊണ്ട് ഇത്ര നാളായിട്ടും അവർക്ക് മഗ്സസെ പുരസ്‌കാരം കിട്ടിയില്ല എന്നതാണ്. ആ പുരസ്കാരത്തിന്റെ രീതിയും ഘടനയും വെച്ചുനോക്കുമ്പോൾ അതിന് ഏറ്റവും അർഹരായവരുടെ കൂട്ടത്തിൽ തന്നെയാണ് ദയാബായി, അവർ അതിനെ കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ലെങ്കിലും.
ദയാബായിയെ ഞാൻ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളു. കണ്ടപ്പോളോ സംസാരിച്ചപ്പോഴോ ഒന്നും, തന്റെ പ്രവർത്തനങ്ങളെ ഏതെങ്കിലും തരത്തിലുള്ള അംഗീകാരങ്ങളുമായോ പുരസ്കാരങ്ങളുമായോ കൂട്ടിയിണക്കാൻ അവർ ആഗ്രഹിച്ചിട്ടില്ല എന്ന് വ്യക്തമായിരുന്നു. തന്റെ ഉത്തമ ബോധ്യങ്ങളിൽ നിന്നുമാണ് അവരുടെ പ്രവർത്തനമണ്ഡലം രൂപപ്പെട്ടുവരുന്നത്. അതിനാൽ തന്നെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി അവർ നിരാഹാരം ഇരുന്നപ്പോൾ അവരുടെ ബോധ്യത്തെ കുറിച്ച് യാതൊരു സംശയവും തോന്നിയില്ല, അവരുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക തോന്നിയെങ്കിലും. കാല്പനികമായ ഭ്രമമല്ല, മറിച്ച് താൻ ചെയ്യേണ്ടത് എന്ത് എന്ന വ്യക്തമായ ധാരണയാണ് ദയാബായിയുടെ ജീവിതം.
കന്യാസ്ത്രീ പട്ടം കിട്ടാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോളാണ് ഇതല്ല തന്റെ മേഖല എന്ന തിരിച്ചറിവുമായി മേഴ്സി മാത്യു എന്ന യുവതി ബിഹാറിലെ ഹസാരിബാഗിലുള്ള കോൺവെന്റ് ഉപേക്ഷിക്കുന്നത്. പിന്നീട് ഗോത്രവർഗ്ഗ മേഖലകളിലും ചേരികളിലുമായുള്ള അവരുടെ പ്രവർത്തനം മണ്ണിൽ വേരാഴ്ത്തി നിൽക്കുന്ന മനുഷ്യന് വേണ്ടിയുള്ളതായിരുന്നു. സ്വന്തം ഗോത്രത്തിനു പുറത്തുള്ളവരെ ആരെയും വിശ്വസിക്കാത്തവർക്കിടയിൽ ജീവിച്ച് ആ യുവതി അവരുടെ ദീദിയായി, ദയാബായി ആയി.
അതിനിടയിൽ കേരളത്തിൽ വന്നെങ്കിലും തന്റെ ഭൂമിക ഉത്തരേന്ത്യയിൽ ആണെന്ന തോന്നൽ അവരെ വീണ്ടും മറുനാട്ടിൽ തന്നെ എത്തിച്ചു. താൻ എന്ത് ചെയ്യുന്നു എന്നത് മറ്റാരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ അവരുടെ യാത്ര തുടരുകയാണ്. അതിനാൽ തന്നെ പുരസ്കാരങ്ങൾക്കും സാമൂഹികമായ അംഗീകാരങ്ങൾക്കും അപ്പുറം നിൽക്കുന്ന ഒരു മാനം അവരുടെ പ്രവർത്തന മേഖലക്കുണ്ട്. അംഗീകാരങ്ങളെ തനിക്ക് ഭയമാണ് എന്ന് അവർ ആവർത്തിച്ച് പറയുന്ന കാര്യമാണ്.
ഒരിക്കൽ അവർ അഭിനയിച്ച ഒരു സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിന് ശേഷം അവരുമായി സുദീർഘമായി സംസാരിച്ചപ്പോൾ ദയാബായി പറഞ്ഞത് കേരളം എന്ന പുരുഷാധിപത്യ സമൂഹത്തെ കുറിച്ചായിരുന്നു. യാതൊന്നുകൊണ്ടും സംതൃപ്തിയടയാത്ത ഒരു ജനതയെ കുറിച്ച്. സ്വന്തം അതൃപ്തികളെ, മോഹഭംഗങ്ങളെ ഹിംസയിലൂടെയും, ചിലപ്പോൾ ലൈംഗിക അതിക്രമങ്ങളിലൂടെയും പുറത്തു വിടുന്ന ഒരു സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞു എന്ന് ദയാബായി പറയുമ്പോൾ അതിനു വ്യക്തമായ കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് അവർ കാട്ടിലേക്കും, ആദിവാസികൾക്കിടയിലേക്കും, ചേരികളിലേക്കുമെല്ലാം ഇറങ്ങുന്നത്. പുരോഗമനം പറയുന്ന മനുഷ്യരെ ചിലപ്പോഴെങ്കിലും ഭയക്കേണ്ടതുണ്ട് എന്ന് അവരെ പഠിപ്പിച്ചതും സ്വന്തം ജീവിതമാണ്.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അധഃസ്ഥിതർക്കിടയിൽ ജീവിക്കാൻ തുടങ്ങിയതോടെയാണ് ദയാബായി തന്റെ വസ്ത്രധാരണ രീതിയും മാറ്റുന്നത്. ഒരു സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അവരുടെ ഭാഗമാവാൻ കഴിയണമെങ്കിൽ ആദ്യം അവരുടെ ജീവിത രീതിയുടെയും ഭക്ഷണരീതിയുടേയുമെല്ലാം ഭാഗമാവാൻ കഴിയണം. അങ്ങിനെയാണ് അവർ എല്ലാ അർത്ഥത്തിലും അവരിൽ ഒരാളായി മാറുന്നത്. അത് ഒട്ടും ഉപരിപ്ലവമായിരുന്നില്ല.
മറ്റൊരു തരത്തിൽ പറഞ്ഞാൽ പൊങ്ങച്ചങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത മധ്യവർഗ്ഗ-ഉപരിവർഗ്ഗ സമൂഹത്തിന് നേരെയുള്ള ഒരു പോരാട്ടം കൂടിയായിരുന്നു ദയാബായിയുടെ ഈ 'മെറ്റമോർഫസിസ്'. എന്നാൽ ഓരോ രോമകൂപത്തിലും പൊങ്ങച്ചം നിറഞ്ഞുനിൽക്കുന്ന മലയാളിക്ക് ഇതൊന്നും അംഗീകരിക്കുക അത്ര എളുപ്പമല്ല. അതിനാൽ തന്നെ കേരളത്തിൽ അവർ നടത്തിയ ഇടപെടലുകൾ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന സമരങ്ങൾ പോലുള്ള പ്രവർത്തനങ്ങളിൽ ഒതുങ്ങി. തന്റെ വ്യക്തിത്വം തന്റെ ആടയാഭരണങ്ങൾ ആണ് എന്ന് വിശ്വസിക്കുന്ന മദ്ധ്യവർഗ്ഗ മലയാളിക്ക് അവരെ ഉൾക്കൊള്ളാൻ വിഷമമായിരിക്കും. സ്വന്തം വസ്ത്രത്തിൽ ഒരു കറവീണാൽ തീരാവുന്നതേ ഉള്ളു അവരുടെ വ്യക്തിത്വം.
ഹിംസ്രജന്തുക്കൾ ഇറങ്ങിനടക്കുന്ന കാനന പാതകളിലൂടെ, വെറും നിലാവെളിച്ചത്തിൽ, ഭയമില്ലാതെ ഇറങ്ങിനടക്കുന്ന ദയാബായി പക്ഷെ തനിക്ക് ഏറ്റവുമധികം തിക്താനുഭവങ്ങൾ തന്നത് മനുഷ്യരാണ് എന്ന് ആവർത്തിച്ചുപറയും, പ്രത്യേകിച്ചും സുഖസൗകര്യങ്ങളിൽ വിരാജിക്കുന്ന മനുഷ്യർ. ഉത്തരേന്ത്യയിൽ അത് അധികാര സ്ഥാനത്ത് ഇരിക്കുന്നവരുടെ മാനസികാവസ്ഥ ആണെങ്കിൽ ഇവിടെ അത് മദ്ധ്യവർഗ്ഗ സമൂഹത്തിൽ മൊത്തം നിലനിൽക്കുന്ന ഒരു രോഗാവസ്ഥയാണ്. അതുകൊണ്ടാണ് ഏതാനും വർഷം മുന്നേ കേരളത്തിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ തന്റെ അടുത്തിരുന്ന ഒരു മാന്യദേഹം തന്റെ വസ്ത്രധാരണരീതിയും മൊത്തത്തിലുള്ള രൂപഭാവവും കണ്ട് ആകെ അസ്വസ്ഥനായത് എന്ന് ദയാബായി തന്നെ ഒരിക്കൽ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ആ അസ്വസ്ഥത അദ്ദേഹത്തിന്റെ ശരീരഭാഷയിൽ പ്രകടമായിരുന്നു താനും. "ഞാൻ ആരാണെന്ന് മറ്റുള്ളവർ പറഞ്ഞറിഞ്ഞതിന് ശേഷമാണ് അയാൾക്ക് അല്പമെങ്കിലും സമാധാനമായത്," എന്നും അവർ പറഞ്ഞു.
തീവണ്ടിയിൽ റിസർവേഷൻ ഉണ്ടായിട്ടും സഹയാത്രികർ മോശമായി പെരുമാറുകയും ടിക്കറ്റ് എക്സാമിനർ ഇറക്കിവിടുകയും ചെയ്ത സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട് അവരുടെ ജീവിതത്തിൽ. മാത്രമല്ല മിക്കപ്പോഴും അത്തരം ദുരനുഭവങ്ങൾക്ക് കാരണം മലയാളികൾ ആയിരുന്നു താനും. ഏതാനും മാസം മുന്നേ, പോർബന്ദറിലേക്കുള്ള ഒരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ കൊച്ചിയിൽ നിന്നും കയറിയ ഈ വയോധികയെ മണിക്കൂറുകളോളം അപഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത ഒരു മലയാളി കുടുംബത്തിന് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അത് എവിടെയെങ്കിലും എത്തിയതായി അറിയില്ല. അവരെ അപഹസിക്കുകയും വഴിയിൽ ഇറക്കിവിടുകയും ചെയ്ത ട്രാൻസ്‌പോർട് ബസ് ജീവനക്കാരും മലയാളികൾ തന്നെ.
മതാധികാരികൾക്കും ഭരണാധികാരികൾക്കും പിന്നെ അധസ്ഥിതന്റെ അവകാശങ്ങൾ തട്ടിപ്പറിക്കുന്നവർക്കും അവരെ പേർത്തും പേർത്തും ഓരങ്ങളിലേക്ക് തള്ളിവിടുന്നവർക്കും എതിരെ പോരാടി, പരിഹാസങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയ ദയാബായി തന്റെ ജീവിതത്തിലെ വലിയ സാദ്ധ്യതകൾ തള്ളിക്കളഞ്ഞാണ് ചെളിയും മണ്ണും നിറഞ്ഞ ജീവിത വഴികളിലേക്ക് സ്വയം ഇറങ്ങിച്ചെന്നത്. മനുഷ്യന്റെ തുല്യത കേവലം കടലാസ്സിൽ ഒതുങ്ങുന്നതല്ല എന്ന ബോധ്യം തന്നെ ആയിരുന്നു അതിനു പിന്നിൽ.
എം എസ് ഡബ്ള്യു വും എൽഎൽബിയും എല്ലാം കഴിഞ്ഞ അവർക്ക് ലോകത്ത് എവിടെയും പോയി ഒരു അഭിഭാഷകയായോ സാമൂഹ്യ പ്രവർത്തകയായോ പ്രവർത്തിച്ച് പേരെടുക്കുകയും അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്യാമായിരുന്നു. പക്ഷെ അതല്ല തന്റെ ധർമ്മം എന്ന് ദയാബായി ഉറച്ച് വിശ്വസിക്കുന്നു. അപൂർവമായി ലഭിച്ച പുരസ്‌കാരങ്ങൾ പോലും സ്വീകരിക്കാൻ അവർക്ക് ഭയമാണ്.എന്തുകൊണ്ട് നമ്മുടെ സമൂഹം കേവലമായ പൊലിമയിൽ മാത്രം ഇങ്ങനെ അഭിരമിക്കുന്നു എന്ന് ചോദിച്ചാൽ അത് നമ്മുടെ വിദ്യാഭ്യാസ രീതിയുടെ കുഴപ്പംകൊണ്ടുകൂടിയാണ് അത് എന്ന് അവർ പറയും. വിദ്യാഭ്യാസവും വികസനവുമെല്ലാം സംബന്ധിച്ച നമ്മുടെ സങ്കൽപ്പങ്ങളും ധാരണകളും പുനർനിർവചിക്കേണ്ട സമയമാണിത് എന്ന് അവർ പറയും.
മറ്റുള്ളവരുടെ വേദനയും വികാരങ്ങളും മനസ്സിലാക്കാൻ നമ്മുടെ വിദ്യാഭ്യാസം നമ്മളെ പര്യാപ്തമാക്കുന്നില്ലെങ്കിൽ ആ വിദ്യാഭ്യാസംകൊണ്ട് എന്ത് അർത്ഥമാണുള്ളത്? സാധാരണ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ അവർക്ക് ഉറപ്പാക്കാനാവാത്ത വികസനം കൊണ്ട് എന്ത് കാര്യമാണുള്ളത്? എന്താണ് നിങ്ങൾ അവകാശപ്പെടുന്ന തുല്യത? ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുകയും ഒഴുക്കിനെതിരെ നീന്തുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് പിന്നിൽ മുദ്രാവാക്യവുമായി അണികൾ വന്നില്ല എന്നുവരാം, കൈ തരാൻ നേതാക്കളും. അതിനാൽ തന്നെ പത്മശ്രീയോ കേരളശ്രീയോ ഒന്നും അവരെ തേടി എത്താൻ ഇടയില്ല. പക്ഷെ മാഗ്സസേ പുരസ്കാരത്തിന് അവർക്ക് തീർച്ചയായും അർഹതയുണ്ട്, അതിന്റെ രാഷ്ട്രീയം എന്തായാലും ശരി.
ശൈലജ ടീച്ചർക്ക് കിട്ടുമായിരുന്ന, പാർട്ടി നേതൃത്വം വേണ്ടെന്നുവെച്ച, ആ പുരസ്‌കാരം മറ്റൊരിക്കൽ കൂടി കേരളത്തെ, കേരളത്തിന് ഇനിയും ഉൾക്കൊള്ളാനാവാത്ത ഒരു മലയാളിയെ, തേടിയെത്തും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ശരിയാണ് ഇതൊന്നും ഇല്ലെങ്കിലും അവർ തന്റെ നിഷ്കാമ കർമ്മം തുടരും, കാരണം മണ്ണിനെയും മനുഷ്യനെയും കാടിനേയും കൃഷിയെയും എല്ലാം അറിഞ്ഞ പച്ചവിരലിന്റെ കരുത്താണ് അവരുടെ ജീവിതം.സാർ, ദയവുചെയ്ത് അവർ ധരിച്ച വസ്ത്രംകൊണ്ട് അവരെ വിലയിരുത്തരുത്, അപേക്ഷയാണ്.