ഓരോ വായനയിലും പുനർജനിക്കുന്ന ആമി; മാധവിക്കുട്ടിയെന്ന പ്രണയപുസ്തകം വീണ്ടും വായിക്കുമ്പോള്‍

ഓരോ വായനയിലും പുനർജനിക്കുന്ന ആമി; മാധവിക്കുട്ടിയെന്ന പ്രണയപുസ്തകം വീണ്ടും വായിക്കുമ്പോള്‍

മാധവിക്കുട്ടിയിലേക്കും അവരുടെ എഴുത്തിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെന്ന ഒരാള്‍ക്ക് അതില്‍ നിന്ന് ഒരു മോചനം അസാധ്യമാണ്
Updated on
3 min read

മലയാള സാഹിത്യത്തിന്റെ മുഴുവന്‍ വശ്യതയും ചേർത്തുവെച്ച സ്ത്രീ സൗന്ദര്യസങ്കല്‍പ്പത്തിന് ഇന്ന് 89ന്റെ നിറവ്. പെണ്‍മനസ്സിന്റെ സങ്കീർണമായ ചിന്താവഴികളെ മുഴുവന്‍ തന്റെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചിരുത്തിയ എഴുത്തുകാരിയുടെ ഓര്‍മകള്‍ക്ക് പോലും വെരുകിന്റെ ഗന്ധമാണ്. തലമുറകള്‍ കടന്നുപോയിട്ടും അവരുടെ എഴുത്തിനോട് തോന്നിയ ഇഷ്ടം മറ്റൊരാളോടും, മറ്റൊന്നിനോടും തോന്നിയിട്ടില്ല.  മാധവിക്കുട്ടിയുടെ സാഹിത്യസങ്കല്പങ്ങള്‍ കാലാതിവര്‍ത്തിയായി മലയാളസാഹിത്യത്തില്‍ അങ്ങനെ വിഹരിക്കുകയാണല്ലോ.

''എനിക്കു സ്‌നേഹം വേണം.. അതു പ്രകടമായി തന്നെ കിട്ടണം..

ഉള്ളില്‍ സ്‌നേഹമുണ്ട് പക്ഷെ പ്രകടിപ്പിക്കാനാവില്ല എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല...

ശവകുടീരത്തില്‍ വന്നു പൂവിട്ടാല്‍ ഞാനറിയുമോ?''

- എന്റെ കഥ

സ്‌നേഹവും പ്രണയവും കാമവുമെല്ലാം മനസ്സിനുള്ളില്‍ ഒതുക്കേണ്ടതാണെന്ന ധാരണകള്‍ തച്ചുടച്ചാണ് മാധവിക്കുട്ടി തന്റെ ആവശ്യങ്ങള്‍ ഉറക്കെ പറഞ്ഞത്. മലയാള സാഹിത്യത്തിലെ നിത്യസുഗന്ധിയായ നീര്‍മാതളപ്പൂവിന് എല്ലാത്തിനോടും ഭ്രാന്തമായ സ്‌നേഹമായിരുന്നു. തനിക്ക് ചുറ്റും എപ്പോഴും സ്‌നേഹം തളം കെട്ടി നില്‍ക്കണമെന്ന് അവര്‍ വല്ലാതെ ആഗ്രഹിച്ചു. എഴുത്തിലൂടെ ലോകമൊട്ടാകെയുള്ള മക്കള്‍ക്കായി സ്‌നേഹം വാരി വിതറിയ അമ്മയില്‍ നിന്ന് ആമിക്ക് ആ വാത്സല്യം അത്രത്തോളം കിട്ടിയിട്ടില്ലെന്ന് കേട്ടിട്ടുണ്ട്. കുഞ്ഞാമിക്ക് കിട്ടിയ ഇഷ്ടങ്ങളെ മുഴുവന്‍ അവള്‍ പൊതിഞ്ഞുവച്ചത് നാലപ്പാട്ട് തറവാട്ടില്‍ അമ്മമ്മയുടെ കരിമ്പടത്തിനുള്ളിലായിരുന്നു. നാലപ്പാട്ടെ തറവാടും സര്‍പ്പക്കാവും നീര്‍മാതളവും എല്ലാം ആമിയോര്‍മകളാണ്. ആ നീര്‍മാതളം, പൂത്തുലഞ്ഞുനിന്ന കാലമത്രയും എഴുത്തിലൂടെ തീക്ഷ്ണമായ സുഗന്ധം പരത്തി.

നെയ്പായസത്തിന്റെ മധുരം കണ്ണീരോടെ നുണഞ്ഞാണ് ഞാനെന്ന വായനക്കാരി മാധവിക്കുട്ടിയിലേക്ക് കടന്നു ചെല്ലുന്നത്. ബാല്യത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വിവാദനായികയോട് തോന്നിയ കൗതുകം പിന്നീട് ആ എഴുത്തുകളിലേക്കും ചേക്കേറി. അവരുടെ എഴുത്തുകളും പ്രണയവും മതം മാറ്റവുമെല്ലാം വലിയ ചര്‍ച്ചാ വിഷയമായിരുന്നല്ലോ. മാധവിക്കുട്ടിയുടെ രചനകളിലൂടെ കടന്നു പോയപ്പോള്‍ ആ കഥാപാത്രങ്ങളെല്ലാം അവര്‍ തന്നെയാണെന്നാണ് തോന്നി. പക്ഷിയുടെ മണം, മനോമി, നഷ്ടപ്പെട്ട നീലാംബരി, നീര്‍മാതളം പൂത്തകാലം, ചന്ദനമരങ്ങള്‍, വണ്ടിക്കാളകള്‍... അവരുടെ എഴുത്തുകളിലൊക്കെ എന്താെക്കെയോ പ്രത്യേകതകളുണ്ടായിരുന്നു.

'എന്റെ കഥ' വായിക്കാന്‍ എടുത്തപ്പോള്‍ ആദ്യം മുഴുമിപ്പിക്കാതെ പുസ്തകം ലൈബ്രറിയില്‍ തിരിച്ചു വച്ചത് ഓര്‍ക്കുന്നു. പിന്നീട് ആ പുസ്തകം വായിച്ചപ്പോള്‍ അവരോട് എന്തെന്നില്ലാത്തൊരിഷ്ടം തോന്നി. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ചേതനകളെ ഇതുപോലെ തുറന്നെഴുതാന്‍ മറ്റൊരാള്‍ക്ക് കഴിയുമോ എന്ന് സംശയമാണ്. മാധവിക്കുട്ടിയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന ആള്‍ക്ക് പിന്നീട് അതില്‍ നിന്ന് ഒരു മോചനം അസാധ്യമാണ്.

ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ചേതനകലെ ഇതുപോലെ തുറന്നെഴുതാന്‍ മറ്റൊരാള്‍ക്ക് കഴിയുമോ എന്ന് സംശയമാണ്

ജീവിതം വിവാദമാക്കിയ എഴുത്തുകാരി എന്ന് പറയുന്നതിനേക്കാള്‍ ഉചിതം, വിവാദമായ സ്വപ്‌നങ്ങള്‍ കണ്ട സ്ത്രീ എന്ന് വ്യാഖ്യാനിക്കുന്നതാകും. മാധവിക്കുട്ടിയുടെ എഴുത്ത് മുഴുവന്‍ യാഥാര്‍ഥ്യമെന്ന് കരുതിയെങ്കില്‍ അത് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തമാണെന്ന് തന്നെ പറയാം. ജീവിതത്തെ കഥകളിലേക്ക് അതേപോലെ പറിച്ച് നടുകയായിരുന്നില്ല കമലാദാസ് എന്ന എഴുത്തുകാരി. എഴുത്തുകളിലൂടെ അവരുടെ സ്വകാര്യജീവിതത്തിലേക്ക് കൈകടത്താൻ നോക്കിയവർക്ക് കണക്കിന് കൊടുത്തിട്ടുണ്ട് കമല.

സ്വപ്‌നവും ഭാവനയും ജീവിതയാഥാര്‍ഥ്യങ്ങളും ഒരുപോലെ ഇഴചേര്‍ത്ത് പിരിച്ച് അവര്‍ തനിക്ക് ചുറ്റും ഒരു കൂടു തീര്‍ത്തുവച്ചു. അതിനുള്ളില്‍ മുടിയഴിച്ചിട്ട്, ചുവന്ന പട്ടുസാരിയണിഞ്ഞ്, കൈകളില്‍ നിറമുള്ള കുപ്പിവളകളണിഞ്ഞ്, ചുണ്ട് ചുമപ്പിച്ച് അവരങ്ങനെ ഗമയില്‍ നടന്നു. ഇടയ്ക്കിടെ കരഞ്ഞു, പൊട്ടിച്ചിരിച്ചു, പെണ്ണുങ്ങളുടെ ഒച്ച താഴണമെന്ന് പറഞ്ഞ ഇടങ്ങളിലൊക്കെ ആ ചിരികളങ്ങനെ ചിതറിത്തെറിച്ചു. ശരീരത്തെക്കുറിച്ച് എഴുതിയപ്പോള്‍ തെറിവിളിച്ച, സമൂഹത്തിലെ കപട സദാചാരക്കാരോട് മനുഷ്യശരീരം അശ്ലീലമാണോ എന്ന് ചോദിക്കാന്‍ അവർക്ക് ലവലേശം കൂസലുണ്ടായിരുന്നില്ല.

പെണ്ണ് കാമം പറഞ്ഞാല്‍ ഭൂലോകം ഇടിഞ്ഞുവീഴുമെന്ന് കരുതിയവര്‍ക്കുമുന്നില്‍ അവര്‍ ലൈംഗികതയുടെ വിശാലമായ ആകാശത്തെക്കുറിച്ച് തുറന്നെഴുതി

ഇത്ര ധൈര്യത്തോടെ എഴുത്തിനെ സമീപിച്ച മറ്റൊരു എഴുത്തുകാരിയുണ്ടാകില്ല. ആ എഴുത്തിനെ മുഴക്കോലാക്കിയാണ് സമൂഹം മാധവിക്കുട്ടിയെന്ന സ്ത്രീയെ അളന്നത്. പെണ്ണ് കാമത്തെക്കുറിച്ച് പറഞ്ഞാല്‍ ഭൂലോകം ഇടിഞ്ഞുവീഴുമെന്ന് കരുതിയവര്‍ക്കുമുന്നില്‍ അവര്‍ ലൈംഗികതയുടെ വിശാലമായ ആകാശത്തെക്കുറിച്ച് തുറന്നെഴുതി. പ്രണയം പോലും സ്ത്രീ തുറന്ന് പറയാന്‍ മടിക്കുന്ന കാലത്താണ് മാധവിക്കുട്ടിയുടെ 'എന്റെ കഥ' പിറന്നത്. അത് വായിച്ചിട്ട് ''കമലയ്ക്ക് കാണുന്ന ആണുങ്ങളോട് മുഴുവന്‍ കാമം തോന്നുകയാണെന്ന്'' പറഞ്ഞവരെ അവര്‍ വീണ്ടും വീണ്ടും എഴുതി കുത്തിനോവിച്ചു. ആ എഴുത്ത് മാധവിക്കുട്ടിയുടെ ജീവിതമെന്ന് കരുതി വിമര്‍ശിക്കുന്നവരെ അവര്‍ ഗൗനിച്ചത് പോലുമില്ല. സ്വപ്‌നസഞ്ചാരിയായ ആ എഴുത്തുകാരിക്ക് സ്‌നേഹം എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു.

പെണ്ണിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ, സ്വത്വത്തെ ആണ്‍ബോധത്തിന് കീഴില്‍ അടിയറവയ്ക്കേണ്ടതല്ല എന്നതിലായിരുന്നു അവരുടെ ഫെമിനിസം

മാധവിക്കുട്ടിയുടെ ഫെമിനിസം വ്യത്യസ്തമായിരുന്നു. അതില്‍ ആണുങ്ങളോടുള്ള വെറുപ്പ് ഉണ്ടായിരുന്നില്ല. തെറ്റുകളെ ചോദ്യം ചെയ്യാനുള്ള തൻ്റേടം എന്നാണ് അവർ ഫെമിനിസത്തെ നിർവചിച്ചത്. പെണ്ണിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ, സ്വത്വത്തെ ആണ്‍ബോധത്തിന് കീഴില്‍ അടിയറവയ്ക്കേണ്ടതല്ല എന്നതായിരുന്നു അവരുടെ ഫെമിനിസം. തന്റെ ഭര്‍ത്താവിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നു എന്ന് അവര്‍ എഴുതിയപ്പോഴും അദ്ദേഹം അയാളുടെ കൂടെ തന്നെയുണ്ടായിരുന്നു. ഒരു മനുഷ്യന് ഒരാളില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം അവരെ കഥാപാത്രമാക്കിക്കൊണ്ട് തന്നെ ലോകത്തോട് വിളിച്ചു പറയുകയായിരുന്നു മാധവിക്കുട്ടി. പക്ഷേ അത് ഉള്‍ക്കൊള്ളാന്‍ കാലത്തിന് പിന്നെയും കുറേ ദൂരം സഞ്ചരിക്കേണ്ടി വന്നു.

ദാമ്പത്യത്തില്‍ പുരുഷനോളം തന്നെ സ്ത്രീയും ഉണ്ടെന്ന് അവര്‍ പറഞ്ഞു വച്ചു. ഒരു പെണ്ണ് ഇങ്ങനെയൊക്കെ പറയുമോ എന്ന് മൂക്കത്ത് കൈവച്ച് പറഞ്ഞ മലയാളി വായനക്കാരില്‍ നിന്നും മാധവിക്കുട്ടിയുടെ സ്‌നേഹസങ്കല്പങ്ങള്‍ തേടി ഇറങ്ങുന്നതിലേക്ക് അവര്‍ നമ്മെ കൊണ്ടെത്തിച്ചു കഴിഞ്ഞു. സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങും മുന്‍പേ ദാമ്പത്യത്തിലേക്ക് കടന്ന ഒരു കൗമാരക്കാരിക്കല്ലാതെ മറ്റാര്‍ക്കാണ് സ്‌നേഹത്തെ ഇത്രമേല്‍ നിര്‍വചിക്കാനാവുക.

മരണത്തിനപ്പുറവും ആമി വായിക്കപ്പെടുകയാണ്. പലതവണ പുനര്‍ജ്ജനിക്കാന്‍ ഒരു എഴുത്തുകാരിക്കോ എഴുത്തുകാരനോ അല്ലാതെ മറ്റാര്‍ക്കാണ് ഭാഗ്യമുണ്ടാകുക?

നഷ്ടപ്പെട്ട നീലാംബരി 'മഴ'യായായി പെയ്തിറങ്ങിയപ്പോഴും മലയാളികള്‍ ആ സ്‌നേഹത്തിന്റെ തണുപ്പ് ആവോളം ആസ്വദിച്ചതാണ്. പ്രണയം ഭ്രാന്തിന്റെ ചങ്ങലക്കെട്ടുകളിലേക്ക് പോകുന്നത് കണ്ടതും അവരിലൂടെയാണ്. ശരീരം കൊണ്ടല്ല, ആത്മാവ് കൊണ്ട് പ്രണയിക്കണമെന്ന് പഠിപ്പിച്ചു തന്നു ആമി. പ്രണയത്തില്‍ ലൈംഗികത മാത്രം കണ്ട പുരുഷസമൂഹത്തിനു മുന്നില്‍  സങ്കടങ്ങള്‍ പറഞ്ഞും സ്‌നേഹം പങ്കുവച്ചും അവര്‍ തന്റെ കാമുകനായ കൃഷ്ണനോട് ചേര്‍ന്നിരുന്നു. മരണത്തിനപ്പുറവും ആമി വായിക്കപ്പെടുകയാണ്. പലതവണ പുനര്‍ജ്ജനിക്കാന്‍ ഒരു എഴുത്തുകാരിക്കോ എഴുത്തുകാരനോ അല്ലാതെ മറ്റാര്‍ക്കാണ് ഭാഗ്യമുണ്ടാകുക? നാലപ്പാട്ടെ തറവാട്ടില്‍നിന്ന് അവധിക്കാലത്ത് സ്‌നേഹം വാരിക്കൂട്ടി, അത് തന്റെ അക്ഷരങ്ങളിലൂടെ ലോകമാകമാനം വിതറിയ എഴുത്തുകാരിക്ക് പിറന്നാള്‍ സ്‌നേഹം.

logo
The Fourth
www.thefourthnews.in