വി എസിന്റെ നര്‍മത്തിനും രാഷ്ട്രീയമുണ്ട്, അതില്‍ ജീവിതമുണ്ട്

വി എസിന്റെ നര്‍മത്തിനും രാഷ്ട്രീയമുണ്ട്, അതില്‍ ജീവിതമുണ്ട്

വി എസിന്റെ 99-ാം ജന്മദിനത്തില്‍ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ പ്രസ് സെക്രട്ടറിയായിരുന്ന കെ വി സുധാകരന്‍
Updated on
5 min read

പുന്നപ്ര വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദനില്‍ നിന്ന് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനിലേയ്ക്കും, വി എസ് അച്യുതാനന്ദനിലേയ്ക്കും ഏറ്റവും ഒടുവില്‍ വി എസ് എന്ന രണ്ടക്ഷരം കൊണ്ട് കേരളം നെഞ്ചേറ്റിയ രാഷ്ട്രീയ നേതാവിലേയ്ക്കും എത്തിച്ചേര്‍ന്ന വി എസ് അച്യുതാനന്ദന് ഇന്ന് 99 വയസ് പൂര്‍ത്തിയാകുകയാണ്. അദ്ദേഹം നൂറ് വയസിന്റെ നിറവിലേയ്ക്ക് പദമൂന്നുകയാണ്. ഏതാണ്ട് എട്ട് പതിറ്റാണ്ടിലേറെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, നിറഞ്ഞുനിന്ന ചരിത്രമാണ് നൂറിലേയ്ക്ക് കടക്കുന്ന വി എസ് അച്യുതാനന്ദന്റെ ജീവചരിത്രം പറയുന്നത്.

കേരളത്തിലെ ഏറ്റവും ജനകീയനായ, ജനപക്ഷ രാഷ്ട്രീയത്തിന്റെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന് ഉടമയാകുകയും ചെയ്ത ചരിത്രമാണ് വി എസ് അച്യുതാനന്ദനുള്ളത്

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനായി തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ എത്തിയതാണ് വിഎസിന്റെ രാഷ്ട്രീയ ജീവിതം. കേരളത്തിലെ ഏറ്റവും ജനകീയനായ, ജനപക്ഷ രാഷ്ട്രീയത്തിന്റെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന് ഉടമയായ ചരിത്രമാണ് വി എസ് അച്യുതാനന്ദനുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും കര്‍ക്കശക്കാരനായ നേതാവും സംഘാടകനും പ്രക്ഷോഭകാരിയും എന്ന അവസ്ഥയില്‍ നിന്ന് എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കുമതീതമായി, കേരള ജനത ഒന്നടങ്കമെന്ന് പറയാവുന്ന മട്ടില്‍ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആരാധനാപാത്രമായി മാറിയ വി എസിന്റെ ജീവിതം, ഒരു തരത്തില്‍ അദ്ഭുതകരവും അവിശ്വസനീയവുമാണ്. ഏഴാം ക്ലാസുവരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്ന വിഎസ് അച്യുതാനന്ദന്‍, രാഷ്ട്രീയ - സാമൂഹ്യ ഇടപെടലുകളില്‍ തന്റേതായ ഒരിടം കണ്ടെത്തി. ആ ഇടത്തിലേയ്ക്ക് കേരളത്തിലെ സാധാരണ മനുഷ്യരെ കൂട്ടി കൊണ്ടുവരികയും ചെയ്തെന്നുള്ളതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആകെത്തുകയായി പറയാന്‍ കഴിയുന്നത്.

google

ഏകദേശം തൊണ്ണൂറുകള്‍ വരെ വി എസ് അച്യുതാനന്ദന്‍ എന്നുപറയുന്ന രാഷ്ട്രീയ നേതാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയത്തിന്റേയും പരിധിക്കുള്ളിലോ പരിമിതികള്‍ക്കുള്ളിലോ മാത്രം നിറഞ്ഞ് നില്‍ക്കുകയിരുന്നു. എന്നാല്‍, 2001 മുതല്‍ കഴിഞ്ഞ രണ്ട് ദശക കാലത്തിനിടയിലാണ് വി എസ് എന്ന രാഷ്ട്രീയ നേതാവിന്റെ പ്രവര്‍ത്തന മാതൃകയില്‍ വ്യതിയാനമുണ്ടാകുന്നത്. അതിന്റെ ഫലമായാണ് അദ്ദേഹം ഏറ്റവും സ്വീകരിക്കപ്പെടുന്നതും, ആരാധിക്കപ്പെടുന്നതുമായ പൊതുപ്രവര്‍ത്തകനായി മാറിയത്.

കര്‍ക്കശക്കാരനായ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ഇത്തിരി വട്ടത്തില്‍ നിന്ന് വിപുലമായ ജന സ്വാധീനമുള്ള, ഞങ്ങള്‍ എല്ലാവരും ആരാധിക്കുന്ന ഒരു നേതാവിലേയ്ക്ക്, അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ വ്യക്തിത്വത്തിലേയ്ക്ക് അദ്ദേഹം എത്തിപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. വി എസ് സര്‍വരാലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്ന പ്രതിപക്ഷ നേതാവെന്ന പദവി സ്വന്തമാക്കുന്നത് 2001-2006 കാലഘട്ടത്തിലാണ്. കാരണം ആ കാലഘട്ടത്തിലായിരുന്നു അദ്ദേഹം കേവലമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും സംഘടനാപ്രശ്‌നങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് കേരള രാഷ്ട്രീയത്തെ മനുഷ്യന്റെ ദൈനംദിന ജീവിതവുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള സജീവ ഇടപെടല്‍ നടത്തിയത്. കേരളത്തിന്റെ പരിസ്ഥിതി, അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍, കുട്ടികളുടെ പ്രശ്‌നങ്ങള്‍, സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സാധാരണ മനുഷ്യരുടെ കാര്യങ്ങൾ എന്നിവയിൽ അദ്ദേഹം സജീവമായ ഇടപെടല്‍ നടത്തി വന്നത് ഈ കാലഘട്ടത്തിലാണ്.

രാഷ്ട്രീയത്തിനതീതമായി ഇന്ന് എല്ലാവരും കേരളത്തിന്റെ മണ്ണിനെയും മനുഷ്യനെയും പ്രകൃതിയേയുംക്കുറിച്ച് സംസാരിക്കുന്നു. പാരിസ്ഥിതിക വിഷയങ്ങളെ നമ്മുടെ മുഖ്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍.

വി എസിന്റെ നര്‍മത്തിനും രാഷ്ട്രീയമുണ്ട്, അതില്‍ ജീവിതമുണ്ട്
വി എസ് എന്ന വലിയ രാഷ്ട്രീയ ശരി 

വിഎസ് മതികെട്ടാന്‍ ചോലവനങ്ങളുടെ കാര്യത്തിലിടപെട്ട സമയത്ത് അന്ന്, അദ്ദേഹത്തോടൊപ്പം ഞാനും ഉണ്ടായിരുന്നു. മതികെട്ടാന്‍ ചോലവനങ്ങള്‍ പോലെ വളരെ കിഴുക്കാംതൂക്കമായുള്ള, യുവാക്കള്‍ക്ക് പോലും കയറിചെല്ലാന്‍ ബുദ്ധിമുട്ടുള്ള പ്രദേശത്തേയ്ക്ക് യൗവ്വനസഹജമായ ഊര്‍ജത്തോടെ വി എസ് എത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ ഹൃദയം പ്രേമസുരഭിലവും ജീവിതം യൗവ്വനതീക്ഷ്ണവുമായ കാലം എന്നൊക്കെ പറയുന്നതിനെ ഓര്‍മിപ്പിക്കുന്ന മട്ടിലാണ് അച്യുതാനന്ദന്‍ മതികെട്ടാന്‍ ചോലവനങ്ങളുടെ കൊള്ളയെക്കുറിച്ച് അന്വേഷിക്കാന്‍ ചെല്ലുന്നതും അത് കേരളത്തില്‍ ചര്‍ച്ചയായി മാറുന്നതും.

ഓഖിയുണ്ടായ സമയത്ത് പല രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിച്ചപ്പോഴും പ്രകോപിതരായിരുന്ന മത്സ്യത്തൊഴിലാളികള്‍ വി എസ് അച്യുതാനന്ദന്‍ അവിടേയ്ക്ക് കടന്നുചെന്നപ്പോള്‍ അദ്ദേഹത്തിന് അടുത്തുചെല്ലുകയും സംസാരിക്കുകയും തങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കുകയും ചെയ്തു

മൂന്നാറിലെ ഭൂമി കയ്യേറ്റം

സര്‍ക്കാരിന് അവകാശപ്പെട്ട പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ടാറ്റ അടക്കമുള്ള കമ്പനികള്‍ അനധികൃതമായി കയ്യേറിയത് ഒഴിപ്പിക്കുന്നതിനായി നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ഭരണപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അവ പൂര്‍ണമായും വിജയിച്ചില്ലെങ്കിലും അത് കേരളത്തിന്റെ രാഷ്ട്രീയ രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ദിശാമാറ്റം ഉണ്ടാക്കുന്നതിന് സഹായകരമായ ഇടപെടലുകളായിരുന്നു. അതുപോലെ തന്നെ മൂന്നാറിലെ 'പൊമ്പിളൈ ഒരുമൈ' സമരത്തിലും വിഎസ് കടന്നുചെന്നു. ഓഖിയുണ്ടായ സമയത്ത് പല രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിച്ചപ്പോഴും പ്രകോപിതരായിരുന്ന മത്സ്യത്തൊഴിലാളികള്‍, വി എസ് അവിടേയ്ക്ക് കടന്നുചെന്നപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന് സംസാരിക്കുകയും ആശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കുകയും ചെയ്യുകയായിരുന്നു. അതിന് ഞാന്‍ കൂടി സാക്ഷിയാകുകയായിരുന്നു എന്നതാണ് സത്യം.

ജനങ്ങളുടെ നേതാവ്

പലപ്പോഴും സംഘടനാപരമായ പരിമിതികളെപ്പോലും ലംഘിച്ചുകൊണ്ട് മുന്‍പിന്‍ നോക്കാതെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്നതായിരുന്നു അദ്ദേഹത്തെ ഏറ്റവും ശ്രദ്ധേയനായ, ആദരണീയനായ, നേതൃഗുണമുള്ള നേതാവാക്കിയത്. മറ്റൊരു കാര്യം അദ്ദേഹത്തിന്റെ പ്രഭാഷണ രീതിയായിരുന്നു. നീട്ടിയും കുറുക്കിയും, ആവര്‍ത്തിച്ചുമുള്ള കുട്ടനാട്ടിലെ തികച്ചും ഗ്രാമ്യമായ ഭാഷയും, ഭാഷാശൈലിയും ഉപയോഗിച്ചുകൊണ്ടുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ തൊണ്ണൂറുകള്‍ വരെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളൊന്നും തന്നെ എല്ലാവരും അംഗീകരിച്ചിരുന്ന ഒരു ഭാഷാശൈലിയായിരുന്നില്ല. തൊണ്ണൂറുകള്‍ക്ക് ശേഷം വി എസ് ആ ഭാഷാ ശൈലിയിലേയ്ക്ക് ജനങ്ങളെ കൂട്ടികൊണ്ടുവന്നു എന്നത് ചെറിയ കാര്യമല്ല. അദ്ദേഹത്തിന്റെ നീട്ടിയും കുറുക്കിയും ഉള്ള പ്രയോഗങ്ങള്‍, ആവര്‍ത്തിച്ചു പറയുന്ന രീതികള്‍, അതുപോലെ തന്നെ ചില പുരാണ കഥാപാത്രങ്ങളെ പറ്റിയും വിശുദ്ധ വേദപുസ്തകങ്ങളെ പറ്റിയുമുള്ള ഉദ്ധരണികളുമെല്ലാം സമകാലീന സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള അദ്ദേഹത്തിന്റെ ഒരു അനിതരസാധാരണമായ കഴിവ് കേരളം കണ്ടിട്ടുള്ളതാണ് .

ഉമ്മന്‍ ചാണ്ടി അധികാരത്തിലിരിക്കെ സര്‍ക്കാര്‍ ചില പ്രശ്‌നങ്ങളെ തുടർന്ന് വിവശമായി കുഴഞ്ഞിരിക്കുന്ന സമയത്ത് വി എസ് ഗാന്ധാരി വിലാപത്തിലെ, ''വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവശിവ'' എന്ന ഉദ്ധരണി ഉപയോഗിച്ചായിരുന്നു പരിഹസിച്ചത്.

ജനങ്ങളുടെ മനസറിഞ്ഞ് സംസാരിക്കാന്‍ കഴിവുള്ള നേതാവായിരുന്നു വിഎസ് . അദ്ദേഹം ഒരിക്കലും ഒരു താത്വികനായിരുന്നില്ല. സൈദ്ധാന്തികമായി ഏറെ കാര്യങ്ങളൊന്നും പറയുവാനും കഴിവുള്ള ആളായിരുന്നില്ല. പക്ഷെ, അദ്ദേഹം സാധാരണ മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങളെ അദ്ദേഹത്തിന്റേതായ ശൈലിയില്‍ സരസ ഗംഭീരമായി അവതരിപ്പിക്കുന്നതില്‍ വലിയ പ്രാവീണ്യം കാണിച്ചു. ജീവിതത്തിന്റെ ചുറ്റുപാടുമുള്ള നര്‍മം വിതറുന്ന കാര്യങ്ങള്‍ പ്രസംഗത്തില്‍ കൂട്ടിയിണക്കി പറയാനുള്ള വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു.

അതുമായി ബന്ധപ്പെട്ട് ഞാന്‍ സാക്ഷിയായ ഒരു അനുഭവം, 2015 ല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുമ്പോഴായിരുന്നു. അന്ന് അദ്ദേഹത്തിന് 92 വയസ് പ്രായമെത്തിയിരുന്നു എന്നത് ഓര്‍ക്കണം. ആറ്റിങ്ങലിന് അടുത്ത് ഒരു സന്ധ്യാ സമയത്ത് ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രണോയ് റോയിയും അദ്ദേഹത്തിന്റെ ഭാര്യ രാധിക റോയിയും ശേഖര്‍ ഗുപ്തയും അടക്കമുള്ള ദേശീയതലത്തില്‍ ശ്രദ്ധേയരായ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. വിഎസ് സരസഗംഭീരമായി നടത്തിയ പ്രഭാഷണം ഇംഗ്ലീഷില്‍ അവര്‍ക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു. അതെല്ലാം പറഞ്ഞുകൊടുക്കുന്ന സമയത്താണ് വിഎസിന്റെ പ്രഭാഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നര്‍മരസവും അതിന് ജീവിതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധവും അവര്‍ക്ക് വ്യക്തമാകുന്നത്. അതുകേട്ട് പ്രണോയ് റോയ് അടക്കമുള്ളവര്‍ ചിരിച്ചതെല്ലാം ഞാന്‍ ഓര്‍ക്കുന്നു. അവസാനം വിഎസിന്റെ പ്രായം തിരക്കിയ പ്രണവ്‌ റോയ് അദ്ദേഹത്തിന്റെ പ്രായം തൊണ്ണൂറ്റി മൂന്നിനോട് അടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അവിശ്വസനീയമായി തോന്നുന്നുവെന്നും ഈ തൊണ്ണൂറ്റിമൂന്നുകാരനെങ്ങനെ ഇത്ര വീറോടെ സംസാരിക്കുന്നുവെന്നും അദ്ഭുതപ്പെടുന്നതിന് സാക്ഷിയാകാന്‍ കഴിഞ്ഞവരിലൊരാളാണ് ഞാന്‍.

വി എസിന്റെ നര്‍മത്തിനും രാഷ്ട്രീയമുണ്ട്, അതില്‍ ജീവിതമുണ്ട്
വി എസിന്റെ ഒരു ദിനം
''എല്ലാവരും പറയുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ലാ വരുന്നില്ലാ എന്ന്. പക്ഷേ സത്യത്തില്‍ നിങ്ങള്‍ ആ കാര്യം മനസിലാക്കാത്തതുകൊണ്ടാണ്. പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ എത്താന്‍ കഴിയാത്തത് അദ്ദേഹം നോട്ട് മാറുന്നതിനായി ബാങ്കിന് മുന്നില്‍ പോയി വരി നില്‍ക്കുന്നതുകൊണ്ടാണ്'' എന്ന് പറഞ്ഞ് വിഎസ് ആളുകളെ ചിരിപ്പിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ നര്‍മം പലതരത്തില്‍ ആളുകളെ ചിരിപ്പിക്കുന്നതായിരുന്നു. 2016 ല്‍ നോട്ട് നിരോധനകാലത്ത് കേട്ട വലിയ ആക്ഷേപമായിരുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ല അദ്ദേഹത്തെ കാണാനില്ല എന്നത്. അന്ന് വി എസ് രാജ്ഭവന്റെ മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ സരസമായി ഒരു കാര്യം സൂചിപ്പിക്കുകയുണ്ടായി. ''എല്ലാവരും പറയുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ലാ വരുന്നില്ലാ എന്ന്. പക്ഷെ, സത്യത്തില്‍ നിങ്ങള്‍ കാര്യം മനസിലാക്കാത്തതുകൊണ്ടാണ്. പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ എത്താന്‍ കഴിയാത്തത് അദ്ദേഹം നോട്ട് മാറുന്നതിനായി ബാങ്കിന് മുന്നില്‍ പോയി വരി നില്‍ക്കുന്നതുകൊണ്ടാണ്'' എന്ന് പറഞ്ഞ് വിഎസ് ആളുകളെ ചിരിപ്പിക്കുകയുണ്ടായി. സാധാരണ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുകയായിരുന്ന പശ്ചാത്തലത്തിലാണ് വിഎസ് നര്‍മത്തിലൂടെ ആ രാഷ്ട്രീയ പ്രശ്‌നം മുന്നോട്ടുവെച്ചത്.

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധാരാളമായി ആളുകള്‍ വിമര്‍ശിച്ച ഘട്ടത്തില്‍, ''ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി എന്റെ കുടുംബം പോലും ഉപേക്ഷിച്ചയാളാണ്'' എന്നുപറഞ്ഞ് പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ പ്രയോഗത്തെയും വി എസ് വളരെ സരസമായി അവതരിപ്പിച്ചു. അദ്ദേഹം ഒരു പ്രസംഗത്തില്‍ സൂചിപ്പിച്ചത് - ''പ്രധാനമന്ത്രി കുടുംബത്തെ ഉപേക്ഷിച്ചതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടു, രാജ്യം കുളംതോണ്ടി'' എന്നായിരുന്നു. നിമിഷ നേരം കൊണ്ട് രാഷ്ട്രീയ പ്രശ്‌നങ്ങളെ ഇങ്ങനെ തമാശ രൂപത്തിൽ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്ന നേതാവായിരുന്നു അദ്ദേഹം.

ഒരിക്കല്‍ വെള്ളാപ്പള്ളി നടേശനെതിരെ മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വി എസ് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഇനി ഇതിന്റെ പേരില്‍ വേണമെങ്കില്‍ തൂക്കുകയറില്‍ നില്‍ക്കാനും ഒരുക്കമാണെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍ വിലപിച്ചപ്പോള്‍ അതിന് അതേമട്ടിൽ തിരിച്ചടി നല്‍കി വി എസ് പറഞ്ഞത്, ''നടേശാ, പണം മോഷ്ടിച്ചാല്‍ തൂക്കുകയര്‍ ലഭിക്കുകയില്ല, പൂജപ്പുരയിലേക്കായിരിക്കും പോകേണ്ടിവരിക'' എന്നായിരുന്നു. ഇത്തരത്തിലുള്ള സംസാരത്തിലൂടെയാണ് അദ്ദേഹം ജനങ്ങളിലേയ്ക്ക് ഇറങ്ങിചെന്നിരുന്നത്. എന്നാല്‍ ഓരോ ഹാസ്യങ്ങളും കേവലം ചുറ്റും കൂടിയിരിക്കുന്നവരെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. ആ തമാശ പറച്ചിലിലൊരു രാഷ്ട്രീയമുണ്ടായിരുന്നു, ആ തമാശ പറച്ചിലുകളില്‍ ജീവിതവുമുണ്ടായിരുന്നു.

ഏഴാം ക്ലാസുവരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്ന, ഉപയോഗിക്കുന്ന വാക്കുകളെല്ലാം വ്യാകരണത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ട് സുന്ദരമായി, ഗംഭീരമായി ഭാഷ അവതരിപ്പിക്കാന്‍ കഴിയുന്ന അത്യപൂര്‍വം നേതാക്കളില്‍ ഒരാാളുകൂടിയായിരുന്നു വി എസ് അച്യുതാനന്ദന്‍

ജീവിതത്തിന്റേയും രാഷ്ട്രീയത്തിന്റേയും അതി സങ്കീര്‍ണമായ പ്രശ്‌നങ്ങളെല്ലാം അതി ലളിതമായ ഭാഷയില്‍ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. ഏഴാം ക്ലാസുവരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്ന, ഉപയോഗിക്കുന്ന വാക്കുകളെല്ലാം വ്യാകരണത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ട് സുന്ദരമായി, ഗംഭീരമായി ഭാഷ അവതരിപ്പിക്കാന്‍ കഴിയുന്ന അത്യപൂര്‍വം നേതാക്കളില്‍ ഒരാാളുകൂടിയായിരുന്നു വി എസ് അച്യുതാനന്ദന്‍. രണ്ടു മൂന്ന് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ അത്തരം സരസ ഗംഭീരമായ വാക്കുകളോ പ്രസംഗങ്ങളോ കേള്‍ക്കാന്‍ കഴിയാറില്ല. ശാരീരിക പ്രശ്‌നങ്ങള്‍ മൂലം വി എസ് വീട്ടില്‍ വിശ്രമിക്കുകയാണ്.

വിഎസ് അച്യുതാനന്ദനെന്ന രാഷ്ട്രീയ നേതാവ് നൂറിന്റെ നിറവിലേയ്ക്ക് കടക്കുമ്പോള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായാണ് അദ്ദേഹത്തിന് കേരളം ഒന്നടങ്കം ആശംസകളും അഭിവാദ്യങ്ങളും നേരുന്നത്.

logo
The Fourth
www.thefourthnews.in