കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 

ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ. കെ എൻ രാജിന്റെ ജന്മശതാബ്ദിയാണ് ഇന്ന് 
Updated on
9 min read

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് പാശ്ചാത്യ സാമ്പത്തിക സിദ്ധാന്തങ്ങളും ലിബറിലിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും രാഷ്ട്രീയ ചിന്തകളുമായാണ് കെ എൻ രാജ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി 1947 ജൂണിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തുകാരൻ കക്കാടൻ നന്ദനത്ത് രാജ് എന്ന കെ എൻ രാജ് ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം തന്നെയാണ് ബ്രീട്ടിഷുകാർ ഇന്ത്യ വിടുകയാണെന്ന് വൈസ്രോയി ലൂയി മൗണ്ട് ബാറ്റൻ പ്രഖ്യാപിച്ചത്. 

മൂന്നാം ലോകം എന്ന സങ്കൽപ്പം പിറവിയെടുക്കുന്നതിന് മുൻപ് സാമ്പത്തിക ശാസ്ത്രജ്ഞനായ വ്യക്തിയാണ് കെ എൻ രാജ്. ലണ്ടനിലെ പഠനകാലത്ത് രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിയായ ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് പകച്ചുനിൽക്കുന്ന ചരിത്രത്തിനു സാക്ഷിയായ ഇന്ത്യൻ വിദ്യാർഥിയായ രാജിൻ്റെ അധ്യാപകനായിരുന്നു ഹെരോൾഡ്  ലാസ്കി

ലോകം ആദരവോടെ കാണുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ എൻ രാജിൻ്റെ ജന്മശതാബ്ദിയാണിന്ന്. സ്വതന്ത്ര ഇന്ത്യയിലെ പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്ര പദ്ധതികളുടെയും സ്ഥാപനങ്ങളുടേയും പിന്നിൽ കെ എൻ രാജ് ഉണ്ടായിരുന്നു. നെഹ്റുവിൻ്റെ ഒന്നാം പ്ലാനിങ് കമ്മിഷൻ രൂപീകരണം തൊട്ട് തിരുവനന്തപുരത്ത് ഉള്ളൂരിലെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ആരംഭിക്കുന്നതു വരെയുള്ള പദ്ധതികളിൽ രാജിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്ലാനിങ് കമ്മീഷനിലെ ആദ്യ ഇക്കണോമിസ്റ്റ്, ഡൽഹി യൂണിവേഴ്സിറ്റി ചാൻസലർ, തിരുവനന്തപുരത്തെ സി ഡി എസ് സ്ഥാപകൻ, പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേശക സമിതി അംഗം, നിരവധി സാമ്പത്തിക കൃതികളുടെ രചയിതാവ് എന്നിങ്ങനെ പല മണ്ഡലങ്ങളിൽ തിളങ്ങിനിന്ന അപൂർവ പ്രതിഭയായിരുന്നു ഡോ. കെ എൻ രാജ്.

ഡോ. കെ എൻ രാജ്
ഡോ. കെ എൻ രാജ്

രാജിന്റെ പിതാവ് കെ എൻ ഗോപാലൻ മദ്രാസ് ജുഡീഷ്യൽ സർവീസിൽ ജില്ലാ ജഡ്ജിയായിരുന്നു. അമ്മ കാർത്ത്യായനി. മുത്തച്ഛൻ അയ്യാക്കുട്ടി കൊച്ചി രാജ്യത്തെ പ്രശസ്തനായ ജഡ്ജിയായിരുന്നു. രാജിൻ്റെ അമ്മയുടെ മൂത്ത സഹോദരി പാർവതിയുടെ ഭർത്താവായിരുന്നു സഹോദരൻ അയ്യപ്പൻ.

മദ്രാസ് ക്രിസ്ത്യൻ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും ക്രിസ്ത്യൻ കോളേജിൽനിന്ന് ഓണേഴ്സും പഠനവും  കഴിഞ്ഞാണ് ലണ്ടനിൽ അദ്ദേഹം ഉപരിപഠനത്തിന് പോകുന്നത്. മൂന്നാം ലോകം എന്ന സങ്കൽപ്പം പിറവിയെടുക്കുന്നതിന് മുൻപ് സാമ്പത്തിക ശാസ്ത്രജ്ഞനായ വ്യക്തിയാണ് കെ എൻ രാജ്. ലണ്ടനിലെ പഠനകാലത്ത് രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിയായ ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് പകച്ചുനിൽക്കുന്ന ചരിത്രത്തിനു സാക്ഷിയായ ഇന്ത്യൻ വിദ്യാർഥിയായ രാജിൻ്റെ അധ്യാപകനായിരുന്നു ഹെരോൾഡ്  ലാസ്കി. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ വിദഗ്ധർ നടത്തുന്ന ശ്രമങ്ങളും ചർച്ചകളുമായിരുന്നു സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പഠനകാലത്ത് നേടിയ രാജിൻ്റെ ഏറ്റവും വലിയ അനുഭവ സമ്പത്ത്.

ജോൺ മെയ്‌നാർഡ് കെയ്ൻസ്
ജോൺ മെയ്‌നാർഡ് കെയ്ൻസ്

അക്കാലത്ത് കേബ്രിഡ്ജിൽ വിശ്വ പ്രസിദ്ധനായ ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ മെയ്‌നാർഡ് കെയ്ൻസ് നടത്തുന്ന പ്രഭാഷണങ്ങൾ, വിദ്യാർത്ഥിയായ രാജ് സ്ഥിരമായി കേട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധം ജയിച്ച ബ്രിട്ടൻ്റെ അപ്പോഴത്തെ അവസ്ഥ കെയിൻസ് തീക്ഷ്ണമായ  ഒറ്റ വാചകത്തിലൂടെ എടുത്തുകാട്ടിയത് അക്കാലത്താണ്. കെയിൻസ് തൻ്റെ നാട്ടുകാരോട് പറഞ്ഞു: നമ്മൾ ഒരു ദരിദ്ര രാഷ്ട്രമാണ്. അതനുസരിച്ച് ജീവിക്കാൻ പഠിച്ചേ പറ്റൂ. കെ എൻ രാജ് എന്നും  തൻ്റെ പ്രവർത്തന മേഖലയിൽ ഓർത്തിരുന്ന പാഠമായിരുന്നു അത്. 

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 
എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി

വി കെ കൃഷ്ണമേനോൻ ഇന്ത്യാ ലീഗുമായി ലണ്ടനിൽ പ്രവർത്തിക്കുന്ന കാലം. ഇംഗ്ലണ്ടുകാർക്കു മാത്രമല്ല അവിടെയുള്ള ഇന്ത്യാക്കാർക്കുപോലും അനഭിമതനായിരുന്ന കൃഷ്ണമേനോനുമായി സൗഹാർദത്തിലായ അപൂർവം ഇന്ത്യക്കാരനായി രാജ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും പിന്തുണ നേടാനും കൃഷ്ണമേനോൻ 'ഇന്ത്യാ ലീഗ്' എന്ന സംഘടനയിലൂടെ പ്രഭാഷണങ്ങളും സെമിനാറുകളും നടത്തുന്ന സമയം. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനുവേണ്ടി ഉജ്ജല പ്രഭാഷണങ്ങൾ നടത്തിയിരുന്ന മേനോൻ അക്കാലത്ത് ലണ്ടനിൽ ഇന്ത്യയുടെ ദേശീയ പ്രതീകമായിരുന്നു. ഇന്ത്യാ ലീഗിനുവേണ്ടി കുറച്ചുകാലം രാജ് പ്രവർത്തിക്കുകയും ചെയ്തു. ആ അടുപ്പം പതിയെ വളർന്നു. കെ എൻ രാജിന് വളരെ മതിപ്പുള്ള ഒരാളായിരുന്നു കൃഷ്ണമേനോൻ. ‘An Extraordinary, brilliant human being,’ എന്നാണ് കൃഷ്ണമേനോനെ രാജ് വിലയിരുത്തിയത്.

വി കെ കൃഷ്ണമേനോൻ
വി കെ കൃഷ്ണമേനോൻ

ലണ്ടനിൽനിന്ന് കേരളത്തിൽ തിരിച്ചെത്തിയ രാജ് തൊട്ടുപിന്നാലെ ശ്രീലങ്കൻ പത്രഗ്രൂപ്പായ അസോസിയേറ്റ് ന്യൂസ് പേപ്പേഴ്‌സ് ഓഫ് സിലോണിൽ അസിസ്റ്റ്ൻ്റ് എഡിറ്ററായി എട്ട് മാസം കൊളംബോയിൽ ജോലി ചെയ്തു. സി ഡി ദേശ്‌മുഖ് റിസർവ് ബാങ്ക് ഗവർണറായപ്പോൾ ന്യൂഡൽഹിയിൽ ആർ ബി ഐ റിസർച്ച് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ആരംഭിച്ചപ്പോൾ കെ എൻ രാജ് കൊളംബോയിലെ പത്രപ്രവർത്തനം അവസാനിപ്പിച്ച് റിസർവ് ബാങ്കിൽ ചേർന്നു. റിസർവ് ബാങ്കിൽ ബാലൻസ് ഓഫ് പേയ്മെൻ്റ് (ഒരു നിശ്ചിത കാലയളവിലെ അന്താരാഷ്ട്ര പണമിടപാടുകളുടെ രേഖ) കണക്കാക്കിയതിൻ്റെ മുഖ്യശില്പി രാജായിരുന്നു. ഇന്ത്യാ- പാകിസ്താൻ വിനിമയ നിരക്ക് ആദ്യമായി തിട്ടപ്പെടുത്തിയതും രാജ് തന്നെ.

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 
തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ

ദേശ്‌മുഖ് ഗവർണറായിരിക്കുന്ന കാലത്ത് ഇൻ്റർനാഷ്ണൽ  മോണിറ്ററി ഫണ്ടും (ഐ എം എഫ്) ഇന്ത്യാ ഗവൺമെൻ്റും തമ്മിൽ ചർച്ചകൾ നടന്നപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം കുറയ്ക്കണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു. ദേശ്‌മുഖ് ഇതിനെതിരായിരുന്നു. ഐ എം എഫിനുവേണ്ടി ജോലി ചെയ്തിരുന്ന ഇന്ത്യൻ  ഉദ്യോഗസ്ഥൻ രാജിനോട് ബാലൻസ് ഓഫ് പേയ്മെൻ്റിൻ്റെ പുരോഗതിയെകുറിച്ച് ചോദിച്ചെങ്കിലും രാജ് അത് വെളിപ്പെടുത്താൻ  തയ്യാറായില്ല. പിന്നീട് രൂപയുടെ മൂല്യം കുറയ്ക്കണമെന്ന് ഐഎംഎഫ് തെളിവുകൾ സഹിതം റിപ്പോർട്ട് നൽകി റിസർവ് ബാങ്കിൽ സമ്മർദ്ദം ചെലുത്തി. അതിനുവേണ്ട കാരണങ്ങൾ കാണിച്ച് വേണ്ട  രേഖകളെല്ലാം അവർ ഹാജരാക്കി. എന്നാൽ കെ എൻ രാജ് ബാലൻസ് ഓഫ് പേയ്മെൻ്റിൻ്റെ എല്ലാ അടിസ്ഥാന തത്വങ്ങളും കാണിച്ച് മറുപടി എഴുതി, “ഇന്ത്യയുടെ സാമ്പത്തികനില മോശമല്ല. ഇപ്പോൾ മൂല്യശോഷണം ആവശ്യമില്ല.”  

അതോടെ കെ എൻ രാജ് റിസർവ് ബാങ്കിലെ ശ്രദ്ധേയനായ വ്യക്തിയായി. സി ഡി ദേശ്‌മുഖിനു രാജിൻ്റെ കഴിവുകളിൽ  മതിപ്പായി. പിന്നിട് ദേശ്‌മുഖ് ധനമന്ത്രിയായപ്പോൾ ആസൂത്രണ കമ്മിഷനിലേക്കു വിളിക്കാനും വിദേശപര്യടനങ്ങളിൽ ഒപ്പം കൊണ്ടുപോകാനും ഈ സംഭവം കാരണമായി.

സി ഡി ദേശ്‌മുഖ്
സി ഡി ദേശ്‌മുഖ്

1950 മാർച്ചിലാണ് രാജ്യത്തിൻ്റെ വികസനത്തിനു മുൻഗണന നൽകേണ്ട  വിഷയങ്ങളായ ഭക്ഷണം, വിദ്യാഭ്യാസം, ഭവനനിർമ്മാണം എന്നിവക്ക് പദ്ധതികൾ ആവിഷ്ക്കരിക്കാനായി സർക്കാർ ആസൂത്രണ കമ്മിഷൻ രൂപീകരിക്കുന്നത്. രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള സർക്കാരിന്റെ ഉപദേശക സമിതിയായിരുന്നു പ്ലാനിങ് കമ്മിഷൻ. പ്രധാനമന്ത്രി ജവഹർ ലാല്‍ നെഹ്റു അധ്യക്ഷൻ, ഗുൽസാരിലാൽ നന്ദ, സി ഡി ദേശ്‌മുഖ്, ജി എൽ മേത്ത, ആർ കെ പാട്ടീൽ എന്നിവരായിരുന്നു അംഗങ്ങൾ.

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 
മണ്ഡലം തകർത്ത മലയാറ്റൂരിന്റെ പാർലമെന്ററി അരങ്ങേറ്റം

പ്ലാനിങ് കമ്മിഷൻ്റെ തുടക്കം തന്നെ അപസ്വരത്തിലായിരുന്നു. അന്നത്തെ പ്രഗത്ഭനായ ധനമന്ത്രി ഡോ. ജോൺ മത്തായി, ആസൂത്രണ കമ്മിഷൻ തൻ്റെ മന്ത്രാലയത്തിന് കീഴിൽ വരണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇക്കാര്യത്തിൽ നെഹ്റുവുമായി അദ്ദേഹം വിയോജിച്ചു. ജോൺ മത്തായി കമ്മിഷനെയല്ല അതിൻ്റെ ഘടനയെയാണ് എതിർത്തത്. “ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന  മന്ത്രിക്കാണ്  തീരുമാനം എടുക്കുന്നതിനുള്ള അധികാരം. അല്ലാതെ പാർലിമെൻ്റിനോ ജനങ്ങളോടോ ഉത്തരവാദിത്വമില്ലാത്ത ആസൂത്രണ കമ്മിഷനോ അല്ല. കമ്മിഷൻ്റെ പ്രവർത്തത്തിലുള്ള ഉത്തരവാദിത്വമില്ലായ്മയാണ് ഏറ്റവും വലിയ ന്യൂനത. കമ്മിഷൻ തുക നിശ്ചയിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണം ഇതിനുള്ള പണം കണ്ടെത്താൻ. കമ്മിഷന് ഇതിൽ യാതൊരു ഉത്തരവാദിത്വവുമില്ല,” തൻ്റെ വാദങ്ങൾ ജോൺ മത്തായി ശക്തമായി ഉന്നയിച്ചു. വിയോജിപ്പ് ശക്തമായപ്പോൾ ഡോ. ജോൺ മത്തായി മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. 

ഡോ. ജോൺ മത്തായി
ഡോ. ജോൺ മത്തായി

അക്കാലത്ത് കോളിക്കമുണ്ടാക്കിയ രാഷ്ട്രീയ സംഭവമായിരുന്നു അത്. ഒഴിവാക്കമായിരുന്ന ഒന്നായിരുന്നു ആ രാജിയെന്നായിരുന്നു കെ എൻ രാജിൻ്റെ അഭിപ്രായം. ആസൂത്രണ കമ്മിഷൻ്റെ ചെയർമാൻ ധനമന്ത്രിയായിരിക്കണമെന്ന് ജോൺ മത്തായിക്ക് നിർദേശിക്കാമായിരുന്നു. ആ തീരുമാനത്തിൽ അവസാനിക്കേണ്ട പ്രതിസന്ധി മാത്രമായിരുന്നു അത്. പക്ഷേ, എന്തുകൊണ്ടോ അദ്ദേഹം അത് ചെയ്തില്ല.

വരാനിരിക്കുന്ന പുരോഗതിയുടെ സ്വപ്നങ്ങളുമായി ജവഹർലാൽ നെഹ്റു ആസൂത്രണം ആരംഭിക്കുന്നു. വിധിയുമായുള്ള സമാഗമം കഴിഞ്ഞ് രാഷ്ട്രപുനർനിർമാണത്തിനായി കാൽവെക്കുകയായിരുന്നു നെഹ്റു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അച്ചടിച്ച പ്രതിയുമായി, ക്യാബിനറ്റ്‌ അംഗങ്ങളുമായി നെഹ്റു യോഗം ആരംഭിക്കുന്നു. ആസൂത്രണ കമ്മിഷൻ്റെ ആദ്യത്തെ വിധിയെഴുത്ത് കൂടിയാണ്. നെഹ്റു പദ്ധതിയുടെ ആദ്യ അധ്യായം വായിക്കാൻ തുടങ്ങുന്നു. ഒരോ ഖണ്ഡിക കഴിയുമ്പോൾ തലയുയർത്തി ചോദിക്കും ‘ Is it all right ?’ 26 വയസുകാരനായ കെ എൻ രാജ് സാക്ഷ്യം വഹിച്ച ചരിത്രമുഹൂർത്തമായിരുന്നു അത്. രാജ്യത്തിൻ്റെ ആദ്യവികസനപ്രക്രിയയിൽ പങ്കുവഹിക്കുക. നെഹ്റുവിനൊത്ത് അതിൻ്റെ ഭാഗമാവുക. പിന്നീട് പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ നെഹ്റു രാജിനെ വിളിച്ചുവരുത്തി നേരിട്ട്, അഭിനന്ദിക്കുകയുണ്ടായി. ഒരു ചെറുപ്പക്കാരനായ അക്കാദമിക്കിന് തീർത്തും അഭിമാനിക്കാവുന്ന സംഭവങ്ങൾ ആയിരുന്നു അത്. 

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 
നിങ്ങൾ എന്നെ സ്ഥാനാർഥിയാക്കി, പിന്നെ എം എൽ എയും 
സി ഡി ദേശ്‌മുഖ് ധനമന്ത്രിയായപ്പോൾ കമ്മി ധനകാര്യം നടപ്പിലാക്കിയത് കെ എൻ രാജിൻ്റെ ഉപദേശപ്രകാരമായിരുന്നു. കമ്മി ബജറ്റ് മൂലം വിലക്കയറ്റം  വരുമോയെന്നത് ഭക്ഷ്യോത്പാദനത്തെ ആശ്രയിച്ചിരിക്കും. എന്നാൽ ആ വർഷം ഉത്പാദനം വർധിച്ചതിനാൽ വിലക്കയറ്റമുണ്ടായില്ല. അതിനാൽ നയം വിജയിച്ചു.

ഒന്നാം പദ്ധതി വലിയ വിജയമായിരുന്നു. പദ്ധതി നടപ്പിൽ വന്ന 1953 - 54 കാലത്ത് സാഹചര്യങ്ങൾ അനുകൂലമായിരുന്നു. ഭക്ഷ്യോത്പാദനം വർധിച്ചു. കാർഷിക പദ്ധതികൾ എല്ലാം ലക്ഷ്യം കണ്ടു ഒന്നാം പദ്ധതി വിജയത്തിൽ കെ എൻ രാജ് ഉൾപ്പടെ പല സാമ്പത്തിക വിദഗ്ധരും സന്തോഷിച്ചെങ്കിലും അത് ചില കീഴ്‌വഴക്കങ്ങൾക്കു വഴിതെളിച്ചു. അതിലൊന്നായിരുന്നു കമ്മി ധനകാര്യം. സി ഡി ദേശ്‌മുഖ് ധനമന്ത്രിയായപ്പോൾ കമ്മി ധനകാര്യം നടപ്പിലാക്കിയത് കെ എൻ രാജിൻ്റെ ഉപദേശപ്രകാരമായിരുന്നു. കമ്മി ബജറ്റ് മൂലം വിലക്കയറ്റം  വരുമോയെന്നത് ഭക്ഷ്യോത്പാദനത്തെ ആശ്രയിച്ചിരിക്കും. എന്നാൽ ആ വർഷം ഉത്പാദനം വർധിച്ചതിനാൽ വിലക്കയറ്റമുണ്ടായില്ല. അതിനാൽ നയം വിജയിച്ചു.

ഇ എം എസ്
ഇ എം എസ്

ഇ എം എസ് ഈ സങ്കല്പത്തെ എതിർത്ത നേതാവായിരുന്നു. “ഇത് ബൂർഷാ സിദ്ധാന്തമാണ്,” ഇ എം എസ് ലേഖനമെഴുതി. “ഇന്ത്യൻ ആസൂത്രണം അടിസ്ഥാനപരമായി തെറ്റി - കാരണം ‘കമ്മി ധനകാര്യം.” ഇതിനു രാജ് മറുപടി പറഞ്ഞു: “ഇത് ബൂർഷാ സിദ്ധാന്തമല്ല. ഇന്ത്യയിൽ വിലക്കയറ്റത്തിനു കാരണം ഭക്ഷ്യോത്പാദനത്തിലെ കുറവാണ്. ഉത്പാദനം വർധിച്ചാൽ വില ഇടിയും.” പക്ഷേ, ഇ എം എസ് അത് അംഗീകരിച്ചില്ല.

കമ്മിഷനിലെ കാലം ഇന്ത്യയിലെ മികച്ച സാമ്പത്തിക വിദഗ്ധരുമായി സൗഹാർദമുണ്ടാക്കാൻ രാജിന് കഴിഞ്ഞു. ദേശ്‌മുഖിനു പുറമെ കാബിനറ്റ് സെക്രട്ടറി എൻ ആർ പിള്ള, പീതാബർ പന്ത്, കൂടാതെ ഡൽഹിയിലെ അന്നത്തെ വിശിഷ്ട വ്യക്തികളായ സർദാർ കെ എം പണിക്കർ, കാർട്ടൂണിസ്റ്റ് ശങ്കർ തുടങ്ങിയവരൊക്കെ കെ എൻ രാജിൻ്റെ സൗഹാർദ വലയത്തിലുണ്ടായിരുന്നു.

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 
കോട്ടയത്ത് മത്സരിക്കാൻ എത്ര മത്തായിമാർ?

ഒന്നാം പദ്ധതി അവസാനിക്കും മുൻപ് കെ എൻ രാജ് ആസൂത്രണ കമ്മിഷൻ വിട്ടു. ഒന്നാം പദ്ധതി വിജയകരമായി അവസാനിച്ചപ്പോൾ ‘ഇന്ത്യ കുതിക്കുന്നു ‘ എന്ന സന്ദേശം മൂന്നാംലോക രാജ്യങ്ങളിൽ ഉയർന്നിരുന്നു. ഒരിക്കൽ കൂടി ജവഹർലാൽ നെഹ്റു കെ എൻ രാജിനെ വിളിച്ചുവരുത്തി. 1961-ലായിരുന്നു അത്. രണ്ടാം പ്ലാനിങ് കമ്മിഷൻ കാർഷികമേഖലയെ വിട്ട് വ്യവസായമേഖലയ്ക്കു മുൻതൂക്കം നൽകി നടപ്പാക്കിയ പരിഷ്കാരം പാളി. ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ട അവസ്ഥ. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവായ പി സി മഹലനോബിസിൻ്റെ നേതൃത്വത്തിൽ നടത്തിയ മാതൃകാ പദ്ധതി രണ്ടാം വർഷം തന്നെ പ്രതിസന്ധിയിലായി. വിദേശസഹായമില്ലാതെ രാജ്യം മുന്നോട്ടുപോകില്ലെന്ന അവസ്ഥ. നെഹ്റു വിദേശസഹായം വാങ്ങുന്നതിന് അനുകൂലമല്ലായിരുന്നു. അമേരിക്കൻ സഹായം കെന്നഡി നൽകുമെന്ന ധാരണയുണ്ടായിരുന്നെങ്കിലും നെഹ്റുവിൻ്റെ അമേരിക്കൻ പര്യടനത്തിൽ ഒന്നും നടന്നില്ല. ഈ പശ്ചാത്തലത്തിലാണ് നെഹ്റു കെ എൻ രാജിനെ വിളിച്ച് ഉപദേശം തേടുന്നത്. ഏറെ നേരത്തെ സംസാരത്തിനുശേഷം ഭാവി പ്രവർത്തനങ്ങൾക്കായി ഡൽഹിയിൽ ഒരു പുതിയ ഗവേഷണ കേന്ദ്രം തുടങ്ങണമെന്ന് നെഹ്റു നിർദേശിച്ചു. 

ജവഹർലാൽ നെഹ്റുവും കെ എൻ രാജും
ജവഹർലാൽ നെഹ്റുവും കെ എൻ രാജും

രാജ് അന്ന് ഡൽഹിയിൽ സ്കൂൾ ഓഫ് ഇക്കണോമിക്സിൻ്റെ തലവനാണ്. അദ്ദേഹം പറഞ്ഞു ഗവേഷണത്തിനുവേണ്ടി പുതിയ സ്ഥാപനം ആരംഭിക്കേണ്ട കാര്യമില്ല. ഡൽഹിയിലെ തങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന് ആവശ്യമായ ധനസഹായവും ലൈബ്രറിയും മതി. ഈ പറഞ്ഞ കാര്യങ്ങൾ ഫലവത്തായി ചെയ്യാം പുതിയ സ്ഥാപനം തുടങ്ങാനുള്ള അനാവശ്യമായ ചെലവ് ഒഴിവാക്കാം. നെഹറു പുതിയ സ്ഥാപനത്തിനു വേണ്ടി വാദം തുടർന്നപ്പോൾ രാജ് പറഞ്ഞു, “ഇന്ത്യയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടക്കുന്നത് തസ്തികയുണ്ടാക്കലും ഊരുചുറ്റലുമാണ്. അത്തരം ബ്യൂറോക്രാറ്റിക് സംവിധാനത്തോട് എനിക്ക് വിയോജിപ്പാണ്.” ഒടുവിൽ നെഹ്റു സമ്മതിച്ചു. പിന്നീട് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിന് യുജിസിയിൽനിന്ന് വിവിധ  സഹായങ്ങൾ ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ഗവേഷണ കേന്ദ്രമായി ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് മാറിയതിനു പിന്നിൽ നെഹ്റുവാണെങ്കിൽ അത് യാഥാർത്ഥ്യമാക്കിയത് കെ എൻ രാജിൻ്റെ ശ്രമങ്ങളാണ്. ഇന്ത്യൻ സാമ്പത്തിക വിദ്യാഭ്യാസ മേഖല അക്കാര്യത്തിൽ രാജിനോട് എന്നും കടപ്പെടിരിക്കുന്നു.

ഇന്ദിരാ ഗാന്ധി അധികാരത്തിൽ വന്നപ്പോഴും അമേരിക്കൻ സഹായം തേടേണ്ട സാഹചര്യമുണ്ടായി. അമേരിക്കൻ സന്ദർശനത്തിനു മുൻപ് കെ.എൻ രാജിനെത്തേടി ഇന്ദിരയുടെ വിളിയെത്തി. കെ എൻ രാജ് വിശദമായ ഒരു നോട്ട് ഇന്ദിരയ്ക്കു നൽകി. “വികസനത്തിനാവശ്യമുള്ള വിദേശസഹായം ഉപയോഗിക്കുന്നതിൽ തെറ്റില്ല പക്ഷേ, അത് നമ്മുടെ നിർദേശങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമാകണം. രണ്ട് കാര്യങ്ങളിൽ വ്യക്ത വേണം. ഒന്ന്: എത് തരത്തിലുള്ള സഹായമാണ് നമുക്കാവശ്യം? രണ്ട് : സഹായത്തിന് ആധാരമായി മുന്നോട്ടുവെയ്ക്കുന്ന നിർദേശങ്ങളും വ്യവസ്ഥകളും നമ്മുടെ സാമ്പത്തിക നയങ്ങൾക്കും ലക്ഷ്യങ്ങൾക്കും വഴങ്ങുന്നതാണോ?”

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 
അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 

പക്ഷേ, ഇന്ദിരാ ഗാന്ധി അത് കാര്യമായി ഗൗനിച്ചില്ലെന്ന് മാത്രമല്ല അമേരിക്കൻ സഹായം ഇഷ്ടംപോലെ ലഭിക്കുമെന്ന വിചാരത്തിൽ അവരുടെ നിർദേശമനുസരിച്ച് രൂപയുടെ മൂല്യം കുറച്ചു. അമേരിക്കൻ സഹായം വിചാരിച്ചപോലെ ലഭിച്ചില്ലെന്നു മാത്രമല്ല അവരുടെ പ്രതിച്ഛായ തകർന്നു. പാർലമെൻ്റിലും പുറത്തും കനത്ത വിമർശനം ഉയർന്നു. രാഷ്ട്രീയ സമ്മർദം ഉയർന്നപ്പോൾ അവർ രക്ഷപ്പെടാനായി പറഞ്ഞു, തനിക്ക് ഡീ വാല്യുവേഷനു പിന്തുണ നൽകിയ ഒരു സാമ്പത്തിക വിദ്ഗധൻ ഇപ്പോൾ അഭിപ്രായം മാറ്റിപ്പറയുന്നുവെന്ന്. ക്ഷുഭിതനായ കെ എൻ രാജ് തൻ്റെ ഭാഗം വിശദീകരിക്കാനായി, താനെഴുതിയ കുറിപ്പ് പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന് ഇന്ദിരാ ഗാന്ധിക്കെഴുതി. പക്ഷേ, അവരുടെ  മറുപടി വിചിത്രമായിരുന്നു, “I would like to have the benefits of your advice in future”. 

ഇന്ദിരാ ഗാന്ധി
ഇന്ദിരാ ഗാന്ധി

കൂടാതെ ഇന്ദിരാ ഗാന്ധിയുടെ സെക്രട്ടറി എൽ കെ ഝാ ഉൾപ്പെടുന്ന മൂന്നംഗ സമിതി സാമ്പത്തിക കാര്യങ്ങൾക്കായി രൂപീകരിക്കുകയും അതിൽ രാജിനെ അംഗമായി നാമനിർദേശം ചെയ്യുകയും ചെയ്തു. തൻ്റെ നിശബ്ദതയ്ക്കുള്ള വിലയാകുന്ന പദവിയാണതെന്നു തിരിച്ചറിഞ്ഞ രാജ് സന്തോഷത്തോടെ നന്ദി പറഞ്ഞ് അത് നിരസിച്ചു.

1969-ൽ കെ എൻ രാജ് ഡൽഹി സർവകലാശാല വൈസ് ചാൻസലറായി. തുടക്കം നന്നായി, അവിടത്തെ സാമ്പത്തിക വകുപ്പ് അന്താരാഷ്ട്ര പ്രസിദ്ധിയിലേക്കുയർന്നു. പക്ഷേ, സർവകലാശാല രാഷ്ട്രീയം അധ്യാപകരിലും വിദ്യാർഥികളിലും വൻ സ്വാധീനം ചെലുത്താൻ ആരംഭിച്ചതോടെ അക്കാഡമിക്ക് നിലവാരം കുത്തനെ താഴ്ന്നു. സർവകലാശാലയിലെ ക്രമസമാധാനം നിലനിർത്തുകയാണ് ചാൻസലറുടെ ജോലിയെന്ന അവസ്ഥ എത്തിയപ്പോൾ വി സി പണി വല്ല പോലീസുകാരനെയും എൽപ്പിക്കാൻ നിർദേശിച്ച് രാജ് രാജിവെച്ചു.  

ലിബറല്‍ ഇടതുപക്ഷ പ്രസിദ്ധീകരണമായ ഇക്കണോമിക്ക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി(ഇ പി ഡബ്ല്യു) വിൻ്റെ ചരിത്രത്തിലും കെ എൻ രാജിൻ്റെ അധികം അറിയപ്പെടാത്ത പ്രധാന റോളുണ്ടായിരുന്നു. 1949-ൽ സച്ചിന്‍ ചൗധരിയെന്ന അവിവിവാഹിതനായ നാല്‍പ്പത്തഞ്ചുകാരന്‍ ബോംബയില്‍ ആരംഭിച്ച വാരികയാണ് 'ദി ഇക്കണോമിക്ക് വീക്കിലി'. അക്കാലത്ത് ബോംബയില്‍ റിസര്‍വ് ബാങ്ക് ഒരു സെമിനാര്‍ നടത്തുന്നു. അതില്‍ പ്രധാന പ്രബന്ധം അവതരിപ്പിച്ചത് കെ എന്‍ രാജായിരുന്നു. സെമിനാര്‍ കേള്‍ക്കാനെത്തിയ സച്ചിന്‍ കെ എന്‍ രാജിനെ പരിചയപ്പെട്ടു. ഒരു ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന സൗഹാര്‍ദം അവിടെയാരംഭിക്കുകയായിരുന്നു.

വാരികയുടെ സാമ്പത്തിക അടിത്തറ മോശമായിരുന്നു. ഒട്ടും ആകര്‍ഷകമല്ലാത്ത വാരികയെ കച്ചവടസാധ്യതകളുള്ള ഒരു പരസ്യക്കാരനും പരിഗണിച്ചില്ല. ഏറെ മുന്നോട്ടുപോകാന്‍ കഴിയാതെ 1965 ഡിസംബര്‍ 25 ലക്കം ഇറക്കി ഇക്കണോമിക്ക് വാരിക പ്രസിദ്ധീകരണം അവസാനിപ്പിച്ചു. എന്നാല്‍, കഥ അവസാനിച്ചില്ല. നിർത്തിയടുത്തുനിന്ന് തുടങ്ങാന്‍ സച്ചിന്‍ ചൗധരിയെ സഹായിക്കാന്‍ രാജെത്തി. അദ്ദേഹത്തിന്റെ ശ്രമത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി 2.25 ലക്ഷം രൂപ സമാഹരിച്ചു. ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷം 1966 ഓഗസ്റ്റ് 20ന് വാരിക പുനഃപ്രസിദ്ധീകരണമാരംഭിച്ചു. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി' യെന്ന പുതിയ പേരില്‍ പ്രസിദ്ധീകരണം വീണ്ടും വായനക്കാരിലെത്തി. ക്രമേണ ഇന്ത്യയിലെ അക്കാഡമിക് ജീവിതത്തെ സാധാരണ ജീവിതവുമായി  ബന്ധിപ്പിക്കുന്ന കണ്ണിയായി ഇ പി ഡബ്ല്യു.

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി കവർ
ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി കവർ

എഡിറ്ററായി സച്ചിന്‍ മാത്രം. കെ എന്‍ രാജ് വൈകുന്നേരങ്ങളില്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ചു. എല്ലാ ജോലികളും ഒറ്റയ്ക്കു ചെയ്യാന്‍ സച്ചിന്‍ ചൗധരിക്ക് കഴിയാതെയായി. ഒരു സഹായിയെ കണ്ടെത്താൻ കെ എന്‍ രാജിനോട് സച്ചിന്‍ ആവശ്യപ്പെട്ടു. അങ്ങനെ കെ എന്‍  രാജ് കണ്ടെത്തിയ യുവ പത്രപ്രവര്‍ത്തകനാണ് കൃഷ്ണരാജ്. 35 വര്‍ഷം ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പത്രാധിപരായിരുന്നു കൃഷ്ണരാജ്. മൂന്നു പതിറ്റാണ്ട് ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥകളെ വിശകലനം ചെയ്ത് വായനക്കാര്‍ക്ക് നല്‍കി ചിന്തിക്കാന്‍  പ്രേരിപ്പിച്ച ധിഷണാശാലിയായ എഡിറ്ററായിരുന്നു കൃഷ്ണരാജ്. ഇടതും വലതും സന്ധിച്ച ഇ പി ഡബ്ല്യുവിന്റെ പേജുകളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ ചിന്തകളെ, പ്രശ്നങ്ങളെ, പോംവഴികളെ കുറിച്ച്  കെ എൻ രാജ് സ്ഥിരമായി എഴുതി.

കൃഷ്ണരാജ്
കൃഷ്ണരാജ്
മഹത്തായ ഒരു കർമംപോലെ കെ എൻ രാജ്  1971-ൽ തിരുവനന്തപുരത്ത് ഉളളൂരിൽ സെൻ്റർ ഫോർ ഡെവലപ്മെൻ്റ് സ്റ്റഡീസ് (സിഡിഎസ്) ആരംഭിച്ചു. മുഖ്യമന്ത്രി അച്യുതമേനോൻ വ്യക്തിപരമായി താല്പര്യമെടുത്ത് ആ സ്ഥാപനത്തിനു താങ്ങും തണലുമായി കൂടെ നിന്നു. നാല് വർഷത്തിനുശേഷം സിഡിഎസ് കേരളത്തിൻ്റെ വികസനത്തെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി. അതിൽ നിർദേശിച്ച പല പരിഷ്കാരങ്ങളും അച്യുത മേനോൻ നടപ്പിലാക്കി.

1971 ൽ കേരളത്തിൽ മടങ്ങിയെത്തിയ  കെ എൻ രാജിനെ മുഖ്യമന്ത്രി സി അച്യുതമേനോൻ ക്ഷണിക്കുന്നു. അദ്ദേഹം രാജിനോട് പറഞ്ഞു, “കേരളത്തിലെ സർവകലാശാല വിദ്യാഭ്യാസത്തിൻ്റെ നിലവാരം വളരെ താഴ്ന്നതാണ്. വികസന പ്രവർത്തനം പഠിക്കാനും പോംവഴി നിർദേശിക്കാനും ഒരു ഇൻസ്സ്റ്റിറ്റ്യൂട്ട് ആരംഭിക്കണം.”

മഹത്തായ ഒരു കർമംപോലെ കെ എൻ രാജ്  1971-ൽ തിരുവനന്തപുരത്ത് ഉളളൂരിൽ സെൻ്റർ ഫോർ ഡെവലപ്മെൻ്റ് സ്റ്റഡീസ് (സിഡിഎസ്) ആരംഭിച്ചു. മുഖ്യമന്ത്രി അച്യുതമേനോൻ വ്യക്തിപരമായി താല്പര്യമെടുത്ത് ആ സ്ഥാപനത്തിനു താങ്ങും തണലുമായി കൂടെ നിന്നു. നാല് വർഷത്തിനുശേഷം സിഡിഎസ് കേരളത്തിൻ്റെ വികസനത്തെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി. അതിൽ നിർദേശിച്ച പല പരിഷ്കാരങ്ങളും അച്യുത മേനോൻ നടപ്പിലാക്കി. കോഴിക്കോട്ടെ കുന്ദമംഗലത്തെ വാട്ടർ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ പീച്ചിയിലെ വനഗവേഷണ കേന്ദ്രം, തിരുവനന്തപുരം ആക്കുളത്ത് എർത്ത് സയൻസ് സ്റ്റഡീസ് തുടങ്ങിയവ അങ്ങനെ ആരംഭിച്ചവയാണ്. കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കു മികച്ച സംഭാവന നൽകിയ സ്ഥാപനങ്ങളായി ഇവ മാറി.

സി അച്യുതമേനോൻ
സി അച്യുതമേനോൻ

ലോകത്തിൻ്റെ എല്ലാ ഭാഗത്തും നിന്നും മികച്ച ശാസ്ത്രജ്ഞരെ സി ഡി എസിൽ പ്രഭാഷണങ്ങൾക്കായി രാജ് കൊണ്ടുവന്നു. ഇന്ത്യയിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക തലത്തിലെ പ്രതിഭകളെല്ലാം വന്നു. പ്രശ്നവും പ്രശ്നപരിഹാരവും ചർച്ച ചെയ്തു. റിപ്പോർട്ടുകളുണ്ടായി, അച്യുതമേനോനെപ്പോലെ  ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ആത്മാർത്ഥതയോടെ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി. ഇന്ത്യക്കകത്തും പുറത്തും സി ഡി എസ് പ്രശസ്തമായി. ഇപ്പോൾ കെ എൻ രാജിൻ്റെ ഓർമക്കായ് സി ഡി എസ് എല്ലാ ഫെബ്രുവരിയിലും കെ എൻ രാജ് മെമ്മോറിയൽ ലക്ചർ നടത്താറുണ്ട്. 

സി ഡി എസ് നടത്തുന്ന കെ എൻ രാജ് മെമ്മോറിയൽ ലക്ചറിന്റെ 2024ലെ ബ്രോഷർ
സി ഡി എസ് നടത്തുന്ന കെ എൻ രാജ് മെമ്മോറിയൽ ലക്ചറിന്റെ 2024ലെ ബ്രോഷർ

കേരളത്തിനു പരിചയമില്ലാത്ത ഒരു അക്കാദമിക്ക് സംസ്കാരം സിഡിഎസിലൂടെ വളർത്തിയെടുത്തത് ഡോ. രാജാണ്. കേരളത്തിൻ്റെ വികസനപ്രവർത്തനങ്ങളിൽ മാത്രമല്ല പൊതുജീവിതത്തിലും അദ്ദേഹം ഇടപെട്ട്  പ്രതികരിച്ചു. തിരുവനന്തപുരത്ത് ഇടതുപക്ഷക്കാരായ വിദ്യാർഥികൾ റെയിൽ ഗതാഗതം അലങ്കോലപ്പെടുത്തിയപ്പോൾ ഒരു യാത്രക്കാരനായ അദ്ദേഹം അവരെ ചോദ്യം ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് കെ എൻ രാജിനെതിരെ ഒരു നടപടിയുമെടുക്കാൻ സാധ്യമല്ലെന്ന് ഇന്ദിരാ ഗാന്ധിയോട് പറഞ്ഞ സി അച്യുതമേനോൻ ഒരു തവണ കൂടി മുഖ്യമന്ത്രിയായിരുന്നാൽ, കേരളം വികസനകാര്യത്തിൽ കുറേക്കൂടി മുന്നോട്ടുപോയേനെയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ജവഹർലാൽ നെഹ്റുവിനോടും ഇന്ദിരാഗാന്ധിയോടും ഇ എം എസിനോടും ചില നയങ്ങളിൽ വിയോജിച്ച കെ എൻ രാജ് ഇടതിനും വലതിനുമിടക്ക് ഒരു നേർരേഖയിലൂടെയാണ് സഞ്ചരിച്ചത്.

മലയാളിയുടെ അലസതയെയും ധൂർത്തിനെയും കുറിച്ച് അദ്ദേഹം എന്നും ആകുലനായിരുന്നു. സംവരണം മലയാളിക്കു മനോരോഗമായെന്ന് തുറന്നുപറഞ്ഞ കെ എൻ രാജ് കേരളത്തിൽ ഇടതിനും വലതിനും അനഭിമതനായി. സ്വന്തം കാര്യം നോക്കാതെ കേന്ദ്രവിരുദ്ധ സമീപനം മാത്രം പറയുന്ന രാഷ്ട്രീയത്തിനോട് അദ്ദേഹത്തിന് ഒരിക്കലും യോജിപ്പില്ലായിരുന്നു. സാമ്പത്തിക ശാസ്ത്രത്തെ ഇന്ത്യൻ സാഹചര്യങ്ങൾക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നു ചിന്തിച്ച കെ എൻ രാജ്  ഇടതുപക്ഷ സോഷ്യലിസ്റ്റായിരുന്നു. ഡൽഹിയിൽ രാജ് വൈസ് ചാൻസറായിരുന്നപ്പോൾ ജനസംഘക്കാരാണ് സ്ഥിരമായി അദ്ദേഹത്തെ ബുദ്ധിമുട്ടിച്ച് പ്രശ്നങ്ങളുണ്ടാക്കിയത്. അത് അസഹനീയമായപ്പോഴാണ് രാജ് രാജിവെച്ച് ഡൽഹി വിട്ടത്.

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 
കാലത്തിന് മുൻപേ നടന്ന നവോദയ അപ്പച്ചൻ

വർഷങ്ങൾക്കുശേഷം കൊറിയയിൽ സിയോളിൽ എത്തിയ കെ എൻ രാജ് ഇന്ത്യൻ എംബസി നടത്തിയ ഒരു പാർട്ടിയിൽ വെച്ച്  അന്നത്തെ  പഴയ ജനസംഘം നേതാവിനെ കണ്ടു. പണ്ട് ഡൽഹിയിൽ ഒരുപാട് ബുദ്ധിമുട്ടിച്ചതിന് അദ്ദേഹം രാജിനോട്  മാപ്പ് ചോദിച്ചു. ക്ഷമാപൂർവം സംസാരിച്ചത് ഇന്ത്യൻ വിദേശകാര്യമന്ത്രി എ ബി വാജ്പേയ്. രാജ് അദ്ദേഹത്തോട് പറഞ്ഞു, “നിങ്ങളും നിങ്ങളുടെ പാർട്ടിയും ഈ രാജ്യത്തെ നശിപ്പിക്കും.” അവിടെ വെച്ച് വാജ്പേയ്  ഒരിക്കൽ കൂടി കെ എൻ. രാജിനോട് ഡൽഹിയിൽ തൻ്റെ പാർട്ടി ചെയ്ത അപരാധത്തിന് ക്ഷമ ചോദിച്ചു.

എ ബി വാജ്പേയ്
എ ബി വാജ്പേയ്

വാജ്പേയിയും ദേവഗൗഡയുമൊഴികെയുള്ള  പ്രധാനമന്ത്രിമാരുടെ സാമ്പത്തിക സമിതിയിൽ കെ എൻ രാജ് അംഗമായിരുന്നു. 1999 ൽ പത്മഭൂഷൻ നൽകി രാജ്യം കെ എൻ രാജിനെ  ആദരിച്ചു. അതിനും പതിനൊന്ന് വർഷം മുൻപ്, 1988 ൽ  മലയാള മനോരമ ദിനപത്രം ശതാബ്ദിയാഘോഷിച്ചപ്പോൾ  പുറത്തിറക്കിയ ശതാബ്ദി പതിപ്പിൽ നൂറ് വർഷത്തിൽ കേരളം കണ്ട നൂറ് മഹദ് വ്യക്തികളെ തെരഞ്ഞെടുത്ത്, അവതരിപ്പിച്ച് ആദരിച്ചപ്പോൾ  അതിലൊരാൾ ഡോ. കെ എൻ രാജായിരുന്നു.

1947 മുതൽ ഇതുവരെ ഇന്ത്യ നേടിയ വികസനത്തിന്റെ ചരിത്രം എഴുതണമെന്നതായിരുന്നു കെ എൻ രാജിൻ്റെ അവസാന ആഗ്രഹം. എല്ലാ ഡേറ്റയും തൻ്റെ കയ്യിലുണ്ടെന്ന് ജീവചരിത്രകാരനായ മുരളിയോട് അദ്ദേഹം അവസാന കാലത്ത് പറഞ്ഞു. പക്ഷേ, നിർഭാഗ്യവശാൽ, അത് പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. അത് പുറത്തുവന്നിരുന്നെങ്കിൽ ആധുനിക  ഇന്ത്യൻ സാമ്പത്തിക വികസന ചരിത്രത്തിൻ്റെ ബൈബിളായേനെ. 2010 ഫെബ്രുവരി 10 ന് ഡോ. കെ എ രാജ് അന്തരിച്ചു. ഭാര്യ ഡോ. സരസമ്മ നേരത്തെ അന്തരിച്ചിരുന്നു. ഹിന്ദുവിൽ സയൻസ് എഡിറ്ററായ ഗോപാൽ രാജ്, ദീനു എന്നിവർ മക്കൾ.

അദ്ദേഹം അന്തരിച്ചപ്പോൾ പ്രശസ്ത പത്രപ്രവർത്തകനായ ടി ജെ എസ് ജോർജ് ഇങ്ങനെ അനുസ്മരിച്ചു: ''കെ. എൻ. രാജിന് ഓക്സ്ഫോഡിലോ, യു.എന്നിലോ താവളമുറപ്പിച്ച് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാമായിരുന്നു. ജവഹർലാൽ നെഹ്റു അദ്ദേഹത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നു. അച്യുതമേനോൻ കേരളത്തിലേക്കും. കേന്ദ്രീകൃത ആസൂത്രണമെന്ന നെഹ്റുസങ്കൽപ്പവും വിശിഷ്ട സ്ഥാപനമെന്ന അച്യുത മേനോൻ പദ്ധതികളും അവസാനിച്ചു.  കെ എൻ രാജിനെ ഉപയോഗപ്പെടുത്താനുള്ള ദീർഘ വീക്ഷണമോ ബൗദ്ധികശേഷിയോ നെഹ്റുവിൻ്റെയോ അച്യുതമേനോൻ്റെ പിൻഗാമികൾക്ക് ഇല്ലാതെ പോയി. കെ എൻ രാജ് എകാന്ത പഥികനായി.''

logo
The Fourth
www.thefourthnews.in