നിലപാടുകൾ എഡിറ്റ് ചെയ്യാത്ത ബി ആർ പി
ഒരു മാധ്യമപ്രവർത്തകൻറെ അന്ത്യയാത്രയ്ക്ക് ഒട്ടും ഉചിതമല്ലാത്ത ഒരു ദിവസമായിരുന്നു ബി ആർ പി ഭാസ്കർ എന്ന ബാബു സാർ ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വിധി തീരുമാനിച്ചു നിർണായകമായ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്ന ദിവസം. ഫലം എന്തായാലും അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നെകിൽ തൻ്റെ വിലയിരുത്തൽ ചെറിയ വാക്കുകളിൽ മുഖപുസ്തകത്തിലെങ്കിലും ഒരു കുറിപ്പായി നൽകിയേനെ. അത് വ്യക്തവും കൃത്യവുമായ ഒരു രാഷ്ട്രീയ വിശകലനം തന്നെ ആയിരുന്നേനെ. ഇന്നലെ വോട്ടെണ്ണൽ തിരക്കിനിടെ മരിച്ചതിനാൽ ചാനലുകളിലൊന്നും ബാബു സാറിന്റെ മരണം വർത്തയായില്ല; ഇന്ന് പത്രങ്ങളും വളരെ മിതമായ രീതിയിലാണ് വാർത്ത വന്നത്. ഒരു മാധ്യമ പ്രവർത്തകൻ വാർത്ത റിപ്പോർട്ട് ചെയ്യേണ്ടയാളാണ്, സ്വയം വാർത്ത ആവേണ്ടയാൾ അല്ലെന്ന തികഞ്ഞ നൈതികബോധ്യം അവസാന നാളിലും അദ്ദേഹത്തെ നയിച്ചിരുന്നുവോ?
വാർത്തകളോട് പ്രതികരിക്കുന്നവനായിരിക്കണം പത്രപ്രവർത്തകൻ എന്ന് വിശ്വസിച്ച പത്രപ്രവർത്തകനായിരുന്നു ബി ആ പി. ഒരിക്കൽ തൻ്റെ എഡിറ്ററായിരുന്ന ഡൽഹിയിലെ പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രത്തിൻ്റെ എടത്തട്ട നാരായണനിൽ നിന്ന് പകർന്നതായിരുന്നു ബി ആർ പി ഭാസ്കർ തൻ്റെ പത്രപ്രവർത്ത ജീവിതത്തിലുടനീളം പാലിച്ച ആ തത്വം.
ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ എന്ന മുതിർന്ന പത്രപ്രവർത്തകൻ മലയാളികൾക്ക് പരിചിതനാകുന്നത് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ എഷ്യാനെറ്റ് ‘പത്രവിശേഷം’ എന്ന പംക്തി തുടങ്ങിയപ്പോഴാണ്. പത്രങ്ങൾ വിമർശനത്തിനതീതമെന്ന അലിഖിത നിയമത്തെ ആദ്യമായി തച്ചുടച്ച മലയാള പരിപാടിയായിരുന്നു പത്രവിശേഷം. ടെലിവിഷനില്‍ പത്രങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആലോചനയിൽ നിന്നാണ് ഏഷ്യാനെറ്റിൻ്റെ മേധാവിയായിരുന്ന ശശികുമാറിൻ്റെ ആശയമായി 1995 ൽ ‘പത്രവിശേഷം’ പിറക്കുന്നത്. അന്ന് ഏഷ്യാനെറ്റിൽ വാര്‍ത്താസംപ്രേഷണം ആരംഭിച്ചിട്ടില്ല. പ്രശസ്ത സാഹിത്യകാരൻ പോൾ സഖറിയയും ബി ആർ പിയുമായിരുന്നു ഒന്നിടവിട്ട ആഴ്ചകളിൽ ഇത് അവതരിപ്പിച്ചത്. സഖറിയ അപേക്ഷ ഹാസ്യം കലർത്തി അവതരിപ്പിച്ചപ്പോൾ ബാബു ഭാസ്കർ മാധ്യമ വിചാരങ്ങൾക്ക് പ്രാധാന്യം നൽകി.
പത്രപ്രവർത്തത്തിലെ പ്രാഥമിക തത്വങ്ങളിലൊന്ന് പറയാനായി ഒരിക്കൽ പത്രവിശേഷത്തിൽ അദ്ദേഹം പറഞ്ഞ ഒരു ഉദാഹരണം ഇങ്ങനെ: “ഏത് വാർത്തയ്‌ക്കും നമ്മൾ ഉറവിടമേതാണെന്ന് വ്യക്തമാക്കണം. കേരളത്തിലെ പത്രങ്ങൾ ഇത് പാലിക്കാറില്ല. പാശ്ചാത്യ നാടുകളിൽ നിർബന്ധമായി വാർത്തയുടെ സോഴ്സ് പറഞ്ഞിരിക്കും. ഹെമിങ്ങ് വേയുടെ ചരമ വാർത്ത നാം വായിക്കുമ്പോൾ കാണാം ഇത്: Ernest Hemingway is dead, doctors said.” ഇംഗ്ലീഷ് പത്രങ്ങളെക്കാൾ ഭാഷാ പത്രങ്ങൾക്ക് വായനക്കാർക്ക് വേണ്ടി പലതും ചെയ്യാനാവും. ഭാഷാ പത്രങ്ങളിൽ വായനക്കാരും പത്രങ്ങളും തമ്മിൽ ഒരു ഇൻ്റിമസി എപ്പോഴും നിലനിൽക്കും. നിർഭാഗ്യവശാൽ കേരളത്തിൽ നല്ല പത്രമാകാനല്ല മത്സരം; കൂടുതൽ കോപ്പി വിൽക്കാനാണ്. യുദ്ധ വാർത്തയാണെങ്കിൽ അമിതമായ വിവരണങ്ങളായിരിക്കും. ഗ്രാഫും യുദ്ധവിമാനങ്ങളൊക്കെ വരച്ച് വാർത്തയെ കോലം കെടുത്തിയിരിക്കും. റഫറൻസ് ഗ്രന്ഥത്തിലെ വിവരങ്ങൾ മുഴുവൻ അടിച്ച് വെച്ചിരിക്കും. റിപ്പോർട്ട് ജനറൽ ഇൻഫോർമേഷൻ മാത്രമായി മാറുന്നു. വാർത്തയുടെ സുക്ഷ്മതയിലേക്ക് പോകുന്നതേയില്ല - ഈ കാര്യങ്ങളൊക്കെ അദ്ദേഹം പറഞ്ഞിരുന്നത് അര നൂറ്റാണ്ടു കാലത്തെ തൻ്റെ പത്രപ്രവർത്തന അനുഭവത്തിൽ നിന്നായിരുന്നു.
ഗൗരവമായി പത്രം വായിക്കുന്നവർ സ്ഥിരമായി കാണുന്ന പരിപാടിയായി പത്രവിശേഷം മാറി. പത്രങ്ങളെ കീറിമുറിച്ചുള്ള വിമർശനം പത്രവായനക്കാരെ ഉദ്ബോധിപ്പിച്ചെങ്കിൽ മറ്റ് ചിലരെ അത് അലസോരപ്പെടുത്തി. മുഖ്യാധാരാ പത്രങ്ങൾ മാത്രമല്ല ദേശാഭിമാനിയടക്കം പ്രതിഷേധിക്കാൻ തുടങ്ങി. അക്കാലത്തെ എക സാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റിൻ്റെ ദൈനംദിനപരിപാടികൾ ഒരു പ്രധാനപത്രം കൊടുക്കാതെയായി എന്നതു വരെയെത്തി പത്രവിശേഷണത്തിൻ്റെ ചൂട്.
അതിനിടെ ഏഷ്യാനെറ്റിൻ്റെ തലവനായ ശശികുമാർ സ്ഥാനം ഒഴിഞ്ഞു. ഡോക്ടർ റജി മേനോൻ വൈസ് പ്രസിഡൻ്റായി. ചാനലിൻ്റെ നിലപാടുകൾ അതോടെ മാറാൻ തുടങ്ങി. പത്രവിശേഷം പോലുള്ള ഒരു പരിപാടിക്ക് ചാനലിൻ്റെയും അവതാരകൻ്റെയും വിശ്വാസത അത്യന്താപേക്ഷികമാണെന്ന് ബി ആർ പി വിശ്വസിച്ചിരുന്നു. പ്രേക്ഷകൻ്റെതായി വരുന്ന കമൻ്റുകൾ പത്രവിശേഷത്തിൽ പരാമർശിക്കാറുണ്ട്. ചാനലിൻ്റെ മേധാവിയുടെ ക്രഡിബിളിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ കത്തുകൾ വരാൻ തുടങ്ങിയതോടെ ബി ആർ പി പത്രവിശേഷം അവസാനിപ്പിച്ചു. ഒരു എപ്പിസോഡ് മേധാവി ഇടപെട്ട് എഡിറ്റ് ചെയ്തപ്പോൾ ബി ആർ പി പ്രതിഷേധിച്ചു. മാറിയ സാഹചര്യങ്ങളിൽ തുടരണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു.
തന്നെക്കാൾ ബുദ്ധിയുള്ള ആൾ എന്ന് വിശേഷിപ്പിച്ച് ബി ആർ പി യെക്കുറിച്ചു എം പി നാരായണപിള്ള സമകാലിക മലയാളം വാരികയിൽ എഴുതിയതോടെയാണ് വായനക്കാർ ഇങ്ങനൊരു മലയാളി പത്രപ്രവർത്തകനുണ്ടെന്ന് അറിയുന്നത്. എഴുതുന്നതെല്ലാം വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ശൈലിയുള്ള നാണപ്പൻ അക്കാലത്ത് മലയാളത്തിൽ ഏറ്റവും അധികം വായനക്കാരനുള്ള എഴുത്തുകാരനായിരുന്നു. ബാബു ഭാസ്കറിനെ കുറിച്ചുള്ള ആ കുറിപ്പിൽ നാണപ്പൻ എഴുതി: “ഏഷ്യാനെറ്റിൽ പത്രവിശേഷം കാണുന്ന, കേൾക്കുന്ന പ്രേക്ഷകരാരും അതിൽ കാണുന്ന, മനുഷ്യൻ്റെ പിന്നിലെ യഥാർത്ഥ കഥാപാത്രത്തെപ്പറ്റി ഒരു ശതമാനമെങ്കിലും അറിയാനിടയില്ല”.
ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തെ, ആക്കുളത്തെ അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് ബി ആർ പിയെ നേരിട്ട് കാണുന്നത്. നാണപ്പൻ എഴുതിയ പോലെ, ആ ബുദ്ധിയുടെ ആഴമറിഞ്ഞ അപൂർവം മനുഷ്യന്മാരിലൊരാളായ എടത്തട്ട നാരായണൻ്റെ ജീവിത ചരിത്രമെഴുതാനായി കുറെ കാര്യങ്ങൾ അറിയാൻ വേണ്ടിയായിരുന്നു അത്. ബി ആർ പി 1963 ലെ തൻ്റെ കഥകൾ സൗമ്യതയോടെ പറയാൻ തുടങ്ങി. ഡൽഹിയിൽ സ്‌റ്റേറ്റ്സ്മാൻ പത്രത്തിൽ ജോലി ചെയ്യുമ്പോഴാണ് എന്നെ ഒരു നാൾ എടത്തട്ട നാരായണൻ വിളിക്കുന്നത്. ‘ ലിങ്ക് ‘ വാർത്താമാസികയുടെ വിജയത്തിന് ശേഷം ഒരു പുതിയ പത്രം തുടങ്ങുന്നു. ‘പേട്രിയറ്റ്’. കാര്യങ്ങളെല്ലാം എടത്തട്ട വിശദീകരിച്ചു. 1964 മാർച്ചിൽ 31 ന് ‘പേട്രിയറ്റ് ‘ ആരംഭിച്ചു. 30 വയസുകാരൻ ബി ആർ പി പേട്രിയറ്റിലെ ആദ്യത്തെ അസിസ്റ്റ്ൻ്റ് എഡിറ്ററായിരുന്നു. പത്രത്തിൻ്റെ ഇടതുപക്ഷ വീക്ഷണമാണ് ബി ആർ പിയെ പേട്രിയറ്റിൽ എത്തിച്ചത്.
ഡൽഹിയിലെ ഏറ്റവും വില കുറഞ്ഞ പത്രമായിരുന്നു. പേട്രിയറ്റ്. ഇതിൻ്റെ എഡിറ്ററാകാൻ വി കെ കൃഷ്ണമേനോന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, പേട്രിയറ്റിൻ്റെ സംഘടകരായ അരുണ അസഫലി, ഡോക്ടർ ബാലിഗ എന്നിവർ എടത്തട്ട തന്നെ എഡിറ്റർ ആയാൽ മതിയെന്ന് തീരുമാനിച്ചതിനാൽ അത് നടന്നില്ല. കൃഷ്ണമേനോൻ അതോടെ പരിഭവത്തിലായി. പേട്രിയറ്റിൻ്റെ ആദ്യ ലക്കം പത്രത്തിന് കൃഷ്ണമേനോൻ്റെ സന്ദേശം വേണം. എടത്തട്ട ബി ആർ പിയെ അയച്ചു. കൃഷ്ണമേനോൻ പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച സമയമായിരുന്നു അത്. വീട്ടിൽ ചെന്ന് കണ്ടപ്പോൾ മേനോൻ ആദ്യം പരിഭവം പറഞ്ഞെങ്കിലും സഹകരിക്കാൻ തയാറായി. തന്നെക്കാൾ മുതിർന്നതാണെങ്കിലും സ്വതവേ ഗൗരവക്കാരനും കടുത്ത മുൻകോപക്കാരനുമായ എടത്തട്ടയോട് സ്വാതന്ത്ര്യത്തോടെ ഇടപെടാൻ തനിക്ക് കഴിഞ്ഞുവെന്ന് ബി ആർ പി പറഞ്ഞു.
ഒരിക്കൽ ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള ഒരു സർക്കസ് വന്നു. എടത്തട്ട ഭാസ്കരോട് പറഞ്ഞു. “Babu, you know they are coming from my native place.” അദ്ദേഹം ചിരിച്ചു എന്നിട്ട് പറഞ്ഞു. “അവർ ശരീരം കൊണ്ട് സർക്കസ് കാണിക്കുന്നു. താങ്കൾ ബുദ്ധികൊണ്ടും”. Babu ,You call me a circus artist ? എടത്തട്ട ചോദിച്ചു.
ഡൽഹി മഥുരാ റോഡിലെ ലിങ്ക് ഹൗസിൽ നിന്നാണ് പേട്രിയറ്റ് പത്രം ഇറങ്ങുന്നത്. ലിങ്ക് ഹൗസിലെ കാൻ്റീൻ നടത്തിപ്പുകാരനെ എഡിറ്റർ എടത്തട്ട നാരായണൻ ഒരു നാൾ പത്രത്തിൻ്റെ സർക്കുലേഷൻ മാനേജറാക്കിയ വിചിത്രമായ കഥ ബാബു ഭാസ്കറിനെക്കുറിച്ചുള്ള ലേഖനത്തിൽ നാണപ്പൻ എഴുതിയിട്ടുണ്ട്. കാൻ്റീൻ വിജയകരമായി നടത്തിയ കുഞ്ഞിരാമൻ പേട്രിയറ്റിൻ്റെ സർക്കുലേഷൻ മാനേജറായി മാറിയ കഥ. നാടകീയമായ ശൈലിയിലെഴുതിയ ആ സംഭവത്തിലെ നാരായണ പിള്ള എഴുതാത്ത ഒന്ന് അന്ന് ബി.ആർ. പി പറഞ്ഞു.
എടത്തട്ടയുടെ രാഷ്ട്രീയം പത്രപ്രവർത്തനത്തിൽ കലർന്നതോടെ ബി ആർ പി വിയോജിച്ചു. കുടംബമായി ഡൽഹിയിൽ ജീവിക്കാൻ തുടങ്ങിയതോടെ സാമ്പത്തിക നില കുറേക്കൂടി മെച്ചപ്പെടുത്തേണ്ടി വന്നു. പേട്രിയറ്റ് പോലുള്ള പത്രത്തിൽ നിന്ന് കിട്ടുന്നതിന് പരിമിതികളുണ്ടല്ലോ. അങ്ങനെ എടത്തട്ടയുമായി വിയോജിപ്പുകൾ നിലനിൽക്കുമ്പോഴാണ് സുഹൃത്തായ എം പി നാരായണ പിള്ള ബി ആർ പിയെ കാണാൻ വന്നത്. അനുവാദം വാങ്ങാതെ ബി ആർ പി യുടെ ക്യാബിനിൽ ഇരുന്നത് എടത്തട്ടക്ക് ഇഷ്ടമായില്ല. “ഒരാളുടെ അനുവാദം ആദ്യം വാങ്ങണം എന്നിട്ട് വേണം അകത്ത് കയറാൻ,” എടത്തട്ട നാണപ്പനോട് പറഞ്ഞു. തൻ്റെ സന്ദർശകനോടുള്ള മോശമായ പെരുമാറ്റം കണ്ട ബി ആർ പി അപ്പോൾ തന്നെ രാജിവെച്ചു. രാജിക്കത്തിലെ ബൂറീഷ് എന്ന പദപ്രയോഗം പിന്നീടൊരു സംസാര വിഷയമായി എന്നാണ് നാരായണപിള്ള ഇതേക്കുറിച്ച് എഴുതിയത്. “രാജി വെയ്ക്കാൻ പോന്നതാണോ ഈ മൈനർ സംഭവമെന്ന സംശയം അന്നെനിക്കുണ്ടായിരുന്നു. അത്തരം ഒരു സംശയവും ബാബുവിന് അന്നോ പിന്നീടോ ഉണ്ടായിരുന്നില്ല,” നാണപ്പൻ എഴുതി. പേട്രിയറ്റിൽ നിന്ന് രാജി വെയ്ക്കുന്ന ആദ്യത്തെ പത്രപ്രവർത്തകനായിരുന്നു ബി ആർ പി.
അവിടെ നിന്ന് നേരെ ബി ആർ പി പോയത് ന്യൂസ് ഏജൻസിയായ യു എൻ ഐ യിൽ. കുൽദീപ് നയ്യാരായിരുന്നു മേധാവി. 1974-ൽ വേതന വർദ്ധനവിന് വേണ്ടി യു എൻ ഐയിൽ സമരമുണ്ടായപ്പോൾ പ്രശ്നം പാർലമെൻ്റിൽ എത്തി. ഇൻഫോർമേഷൻ മന്ത്രി ഐ കെ ഗുജ്റാൾ യു എൻ ഐ എഡിറ്റർ ജി ജി മിർച്ചന്ദാനിയുമായി ബന്ധപെട്ടു. മൂന്ന് വർഷത്തെ വേജ് ബോർഡ് ഉടമ്പടി പ്രകാരം വേതന വർദ്ധനവ് ആവശ്യപ്പെടാൻ യൂണിയന് അവകാശമില്ലെന്ന് എഡിറ്റർ മന്ത്രിയെ അറിയിച്ചു. ഗുജ്റാൾ അത് പാർലമെൻ്റിനെ അറിയിച്ചു. എന്നാൽ വേജ് ബോർഡ് ശുപാർശ യു എൻ ഐയിൽ നടപ്പിലാക്കിയിട്ടില്ല എന്ന് മന്ത്രിയെ അറിയിക്കാൻ ബി ആർ പി യൂണിയനോടാവശ്യപ്പെട്ടു. നടപ്പിലാക്കാത്ത ശുപാർശയുടെ പേരിലാണ് മാനേജ്മെൻ്റ് വേതന വർദ്ധന തടയുന്നത്. യൂണിയൻ മന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചു. ഇതറിഞ്ഞ മന്ത്രി ഗുജ്റാൾ, തന്നെ മിർച്ചന്ദാനി തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷുഭിതനായി. ഒടുവിൽ മാനേജ്മെൻ്റ് കീഴടങ്ങി. വേതന വർദ്ധന നടപ്പിലാക്കി.
പക്ഷേ, ഇതിനു പിന്നിൽ ബി ആർ പി യാണെന്ന് മിർച്ചന്ദാനി അറിഞ്ഞു. അതോടെ അയാൾ പ്രതികാര നടപടിയാരംഭിച്ചു. ഡൽഹിയിൽ നിന്ന് ബി ആർ പിയെ ബോംബെയിലേക്ക് സ്ഥലം മാറ്റി. കൂടുതൽ വിലക്കുകൾ വന്നു. ഒടുവിൽ ബി ആർ പിക്ക് ടെർമിനേഷൻ നോട്ടീസ് വന്നു. ബി ആർ പി യെ മാനേജ്‌മന്റ് പിരിച്ചുവിട്ടു. ബി. ആർ.പി യെ തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് യു എൻ ഐ ജോലിക്കാർ സമരമാരംഭിച്ചു. മറ്റ് മേഖലകളിലെ യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചു. പത്രങ്ങളുടെ ന്യൂസ് പ്രിൻ്റ് തടയും എന്ന് തുറമുഖ പോർട്ടർ യൂണിയൻ പ്രഖ്യാപിച്ചതോടെ പത്രമുതലാളിമാരുടെ സംഘടന INS പ്രശ്നത്തിൽ ഇടപെട്ടു. ഒടുവിൽ ഇന്ത്യൻ യൂണിയൻ ഓഫ് വർക്കിംഗ് ജേർണ്ണലിസ്റ്റ് സംഘടന ലേബർ സെക്രട്ടറിയുമായി സംസാരിച്ച് ധാരണയായി. ബി ആർ പിയെ തിരിച്ചെടുത്തു ശ്രീനഗറിൽ നിയമിച്ചു.
ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് പിരിച്ച് വിട്ട ഒരു പത്രപ്രവർത്തകനെ ജോലിയിൽ തിരിച്ചെടുക്കുന്നത്. പത്രപ്രവർത്തകരുടെ സംഘടനയുടെ ചരിത്ര വിജയമായിരുന്നു അത്. അവിടെ 18 വർഷം ജോലി ചെയ്ത ശേഷം 1984-ൽ യു എൻ ഐ വിട്ട് ബാഗ്ലൂരിലെ ഡെക്കാൻ ഹെറാൾഡ് പത്രത്തിൽ അസോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. 1991-ൽ കേരളത്തിലേക്ക് തിരികെ എത്തി.
ഉറച്ച നിലപാടുകളായിരുന്നു ബി ആർ പിയുടെ മുഖമുദ്ര. വീട്ടുവീഴ്ചകളെക്കാളും ഭേദം ചെയ്യുന്ന ജോലി രാജിവെക്കുന്നതാണെന്ന വിശ്വാസമായിരുന്നു എന്നും അദ്ദേഹത്തിൻ്റെത് ആദ്യം ജോലി ചെയ്ത മദ്രാസിലെ ഹിന്ദു പത്രത്തിൽ എഡിറ്റർ വി കെ. നരസിംഹനെ യൂണിയൻ രൂപീകരിച്ചതിൻ്റെ പേരിൽ പ്രതികാര നടപടിയെടുത്ത് മാനേജ്മെൻ്റ് പുറത്താക്കി. നരസിംഹനെ ആദ്യം അനുകൂലിച്ച ഹിന്ദുവിലെ പത്രപ്രവർത്തകരില്‍ 21 പേർ പിന്നീട് സമ്മർദം മൂലം പിൻമാറി മാനേജ്മെൻ്റ് കൊടുത്ത കടലാസിൽ ഒപ്പിട്ടു, ബി ആർ പി ഒഴികെ. പിന്നീട് കോടതിയിൽ കേസ് വന്നപ്പോൾ മാനേജ് മെൻ്റ് സമ്മർദം ചെലുത്തി എഡിറ്റർമാരെ ഒപ്പിടീച്ചത് ബി ആർ പികോടതിയെ ധരിപ്പിച്ചു. കേസ് നരസിംഹൻ ജയിച്ചു. സുപ്രീം കോടതി വരെ എത്തിയ കേസ് പിന്നിട് ഒത്തുതീർപ്പിലായി.
ആദ്യം നരസിംഹന് അനുകൂലമായും പിന്നിട് ഹിന്ദുവിന് അനുകൂലമായും ഒപ്പിട്ട് കൊടുത്ത എഡിറ്റർമാരുടെ നടപടി കണ്ട് തുടക്കക്കാരനായ ബി ആർ പി അന്ന് അമ്പരന്നു. ഒരു മുതിർന്ന എഡിറ്ററോട് അതിൻ്റെ കാരണം ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, “ബാബു ഭാസ്കറിന് ഭാര്യയും കുട്ടികളും ഉണ്ടാകുമ്പോൾ ‘കാര്യം മനസിലാകും.” പിന്നീട് ബി ആർ പിക്ക് ഭാര്യയും കുട്ടിയും ഉണ്ടായി. പക്ഷേ ആ ‘കാര്യം’ മാത്രം മനസിലായില്ല.
കേരളത്തിൽ താമസമാക്കിയപ്പോൾ പൊതുപ്രവർത്തനത്തിലേക്കെത്തിയ മാധ്യമ പ്രവർത്തകനായി. പൊതുപ്രവർത്തനത്തിൽ സജീവമാകുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 60. മനുഷ്യാവകാശ, പരിസ്ഥിതി, സ്ത്രീവിമോചന പ്രശ്നങ്ങളിൽ ഇടപെട്ട് സജീവമായി പ്രതികരിച്ചു, ലേഖനങ്ങൾ എഴുതി. വിജിൽ ഇന്ത്യാ മൂവ് മെൻ്റിൻ്റെ കേരളത്തിലെ ചെയർമാനായി പ്രവർത്തിച്ചു. കാസർകോട് എൻഡാസൾഫാൻ ഇരകൾക്ക് വേണ്ടിയുള്ള സമരം തൊട്ട് അരിപ്പയിലെ ഭൂസമരം വരെയുള്ളതിൽ നീതിയുടെ ഭാഗത്ത് നിന്നു കേരളത്തിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം നിർദേശിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
വിശ്വാസ്യതയും ആധികാരികതയും പ്രതികരണ ശേഷിയും അന്യം നിന്ന് പോയ കേരളത്തിലെ പൊതുപ്രവർത്തകരിൽ, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പുള്ളിക്കുത്തുകൾക്കെതിരെ എന്നും വിരൽ ചൂണ്ടിയിരുന്ന ഒരാളാണ് വിട പറഞ്ഞത്. മാധ്യമ രംഗത്തെ നൂതന പ്രവണതകളിലെ കൊള്ളേണ്ടതും തള്ളേണ്ടതുമായ ഘടകങ്ങൾ വ്യക്തമായി പറഞ്ഞ ഒരു പത്രപ്രവർത്തകനായിരുന്നു ബാബു ഭാസ്കർ. ആത്മാഭിമാനത്തോടെ മന:സാക്ഷിക്ക് മുറിവേൽക്കാതെ ജീവിക്കുക, മറ്റുള്ളവർക്കും അങ്ങനെ ജീവിക്കാനവകാശമുണ്ടെന്ന് അംഗീകരിക്കുക ഇതായിരുന്നു ബി ആർ പി തൻ്റെ ജീവിതത്തിൽ സ്വീകരിച്ചതും പറഞ്ഞതും സ്വന്തം നിലപാടുകൾ ഒരിക്കലും എഡിറ്റ് ചെയ്യാത്ത വ്യക്തിയായിരുന്നു ബാബു രാജേന്ദ്ര പ്രസാദ് എന്ന ബി ആർ പി.