പ്രകാശം പരത്തിയ സത്യജിത് 'റേ'

പ്രകാശം പരത്തിയ സത്യജിത് 'റേ'

'റേയുടെ സിനിമ കണ്ടിട്ടില്ലെങ്കില്‍ സൂര്യനെയോ ചന്ദ്രനെയോ കാണാതെയാണു നിങ്ങള്‍ ലോകത്തു നിലനില്‍ക്കുന്നത്'...
Updated on
3 min read

സ്റ്റുഡിയോയൂടെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടിരുന്ന ഇന്ത്യന്‍ സിനിമയെ അവിടെനിന്നും പുറത്തേക്കു നയിച്ച് ലോകത്തിനു മുന്നിലെത്തിച്ച ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ ജന്‍മദിനം ഇന്ന്. നാടകീയതയും അതിഭാവുകത്വവും നിറഞ്ഞാടിയിരുന്ന ഇന്ത്യന്‍ സിനിമയെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളടങ്ങിയ കഥകളിലേക്കു കൈ പിടിച്ചു നടത്തിയത് റേ ആയിരുന്നു. 'റേയുടെ സിനിമ കണ്ടിട്ടില്ലെങ്കില്‍ സൂര്യനെയോ ചന്ദ്രനെയോ കാണാതെയാണു നിങ്ങള്‍ ലോകത്തു നിലനില്‍ക്കുന്നത്'... എന്നു പറഞ്ഞത് പ്രശസ്ത ജാപ്പനീസ് സിനിമാ സംവിധായകനായ അകിരാ കുറസോവയാണ്.

റേയുടെ കരിയര്‍ തുടങ്ങുന്നത് ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു. ഒരുപാട് പ്രസിദ്ധമായ പുസ്തകങ്ങള്‍ക്ക് മുഖചിത്രമൊരുക്കിയിട്ടുണ്ട് അദ്ദേഹം. ചെറുപ്പകാലത്ത് കൊല്‍ക്കത്ത ക്ലബ് ക്രിക്കറ്റിലെ വലംകൈ സ്പിന്നര്‍ കൂടിയായിരുന്നു റേ.
സത്യജിത് റേ സിനിമാ ചിത്രീകരണ വേളയില്‍.
സത്യജിത് റേ സിനിമാ ചിത്രീകരണ വേളയില്‍.

എഴുത്തുകാരനായ സുകുമാര്‍ റേയുടെയും സുപ്രഭയുടെയും മകനായി 1921 മേയ്‌ രണ്ടിന് കൊല്‍ക്കത്തയിലാണ് സത്യജിത്ത് റേ ജനിച്ചത്. കൊല്‍ക്കത്ത നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള മാച്ചു ബസാറിനു സമീപമുള്ള ഇരുനില കെട്ടിടത്തിലായിരുന്നു ജനനം. കാലിഗ്രഫിയില്‍ അസാമാന്യ കഴിവുണ്ടായിരുന്ന റേ വളരെ ചെറുപ്പത്തില്‍ തന്നെ ടാഗോറിന്റെ ശാന്തിനികേതനില്‍ കാലിഗ്രാഫി, ടൈപ്പോഗ്രാഫി എന്നിവയില്‍ ഉപരിപഠനം നടത്തി. റേയുടെ കരിയര്‍ തുടങ്ങുന്നത് ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു. ഒരുപാട് പ്രസിദ്ധമായ പുസ്തകങ്ങള്‍ക്ക് മുഖചിത്രമൊരുക്കിയിട്ടുണ്ട് അദ്ദേഹം. ചെറുപ്പകാലത്ത് കൊല്‍ക്കത്ത ക്ലബ് ക്രിക്കറ്റിലെ വലംകൈ സ്പിന്നര്‍ കൂടിയായിരുന്നു റേ.

പ്രകാശം പരത്തിയ സത്യജിത് 'റേ'
വ്യവസ്ഥകളെ ധിക്കരിച്ച ഗൊദാർദിയൻ മാതൃക

നല്ലൊരു ചിത്രകാരനായിരുന്ന റേ, താന്‍ ചിത്രീകരിക്കാന്‍ പോകുന്ന രംഗങ്ങളെല്ലാം ചിത്രങ്ങളായി വരക്കുമായിരുന്നു. കൂടാതെ നല്ലൊരു പിയാനോ വാദകന്‍ കൂടിയാണ് റേ. ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 37 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. മാസ്റ്റര്‍ പീസ് ആയ 1995 ല്‍ പുറത്തിറങ്ങിയ പഥേര്‍ പാഞ്ചാലിക്ക് 11 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് കിട്ടിയത്. വെറൈറ്റി മാസികയുടെ എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യന്‍ സിനിമ കൂടിയാണ് നിയോ റിയലിസ്റ്റിക് ക്ലാസിക്കായ ഈ ചിത്രം. അടുക്കളയില്‍ ഒതുങ്ങിനിന്ന സ്ത്രീ കഥാപാത്രങ്ങളെ നായകന്‍മാരോടൊപ്പം നില്‍ക്കുന്നവരായി മാറ്റാന്‍ ഓരോ സിനിമയിലും റേ ശ്രമിച്ചിരുന്നു. സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങള്‍ അതിതീവ്രമായി ചിത്രീകരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

സത്യജിത് റേ
സത്യജിത് റേ

1992-ല്‍ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ഓണററി ഓസ്‌കാര്‍, 36 ദേശീയ അവാര്‍ഡുകള്‍, മികച്ച സംവിധായകനുള്ള സില്‍വര്‍ ബിയര്‍ അവാര്‍ഡ്, 1982 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഓണററി അവാര്‍ഡ്, അകിറ കുറസോവ പുരസ്‌കാരം, മൂന്നു പത്മ പുരസ്‌കാരങ്ങള്‍, ദാദാ സാഹിബ് ഫാല്‍കേ അവാര്‍ഡ്, എണ്ണിയാലൊടുങ്ങാത്ത ഒട്ടനവധി പുരസ്‌കാരങ്ങള്‍ എന്നിവയെല്ലാം സിനിമാ ചരിത്രത്തില്‍ റേയെ അടയാളപ്പെടുത്താനുള്ളവയാണ്. ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡു ലഭിച്ചിട്ടുള്ള സംവിധായകന്‍ റേയാണ്.

പ്രകാശം പരത്തിയ സത്യജിത് 'റേ'
നിഷേധിയുടെ വിയോഗം; ജോണ്‍ ഇല്ലാതായിട്ട് 36 വര്‍ഷം

കൊല്‍ക്കത്തയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന റേ തന്റെ ഭൂരിഭാഗം സിനിമകളും കൊല്‍ക്കത്തയുമായി ബന്ധിപ്പിച്ചു. പ്രതിദ്വന്ദി, സീമാബദ്ധ, ജനആരണ്യ എന്നീ ചിത്രങ്ങള്‍ കൊല്‍ക്കത്ത നഗരത്തിലേക്കു തിരിച്ചുവച്ച കണ്ണുകളായിരുന്നു. എഴുപതുകളിലെ കൊല്‍ക്കത്തയായിരുന്നു പശ്ചാത്തലമെങ്കിലും അവയെല്ലാം കാലാതിവര്‍ത്തിയായ യാഥാര്‍ത്ഥ്യങ്ങളായിരുന്നതിനാല്‍ ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നു.

തിരക്കഥാ രചനയ്ക്കിടെ സത്യജിത് റേ
തിരക്കഥാ രചനയ്ക്കിടെ സത്യജിത് റേ

അച്ഛന്റെ മരണത്തോടെ മെഡിക്കല്‍ പഠനം നിര്‍ത്തി മറ്റൊരു ജോലി അന്വേഷിക്കുന്ന സിദ്ധാര്‍ത്ഥന്‍ എന്ന യുവാവിന്റെ കഥയായിരുന്നു പ്രതിദ്വന്ദി. ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ലോകത്തുണ്ടായ പ്രധാന സംഭവം ഏതാണെന്ന ചോദ്യത്തിന് സിദ്ധാര്‍ത്ഥന്‍ മറുപടി നല്‍കുന്നത് 'വിയറ്റ് നാമിലെ ജനങ്ങളുടെ ചെറുത്തുനില്‍പ്പ്' എന്നാണ്. അതോടെ ജോലി നഷ്ടപ്പെടുന്നയിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതാണു വലിയ സംഭവമെന്നു പറഞ്ഞിരുന്നെങ്കില്‍ ജോലി ലഭിക്കുമായിരുന്നു. ആദ്യസിനിമ പുറത്തിറക്കാന്‍ പോലും അഡ്ജസ്റ്റ്‌മെന്റിനു തയാറാവാതിരുന്ന റേയുടെ കഥാപാത്രത്തിനും അങ്ങനെ മാത്രമേ മറുപടി നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ.

ക്ലാസ്സിക്കായി മാറിയ പഥേര്‍ പാഞ്ചാലിയുടെ പിറവി

കൊല്‍ക്കത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നതിനിടെ ബിഭൂതിഭൂഷണ്‍ ബാന്ദോപാധ്യായയുടെ പാഥേര്‍ പാഞ്ചാലിയെന്ന നോവലിന് കവറും രേഖാചിത്രങ്ങളും വരയ്ക്കാന്‍ നിയോഗിക്കപ്പെട്ടു. നോവലില്‍ നല്ലൊരു സിനിമയാണു റേ കണ്ടത്. അതിനുള്ള ശ്രമമാരംഭിച്ച റേ തിരക്കഥയോടൊപ്പം പകര്‍ത്താനുള്ള രംഗങ്ങള്‍ ഒരു പുസ്തകത്തില്‍ ചിത്രങ്ങളായും വരച്ചിട്ടു. ചിത്രങ്ങളടങ്ങിയ സ്‌റ്റോറി ബോര്‍ഡുമായി നിരവധി നിര്‍മാതാക്കളെ കണ്ടെങ്കിലും റിയലിസ്റ്റിക്കായ ഒരു സിനിമ നിര്‍മിക്കാന്‍ ആരും തയ്യാറായില്ല. പാട്ടും നൃത്തവും സ്റ്റണ്ടുമില്ലാതെ സിനിമ വിജയിക്കില്ലെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കള്‍.

ക്ലാസിക് ചിത്രമായ പഥേര്‍ പാഞ്ചാലിയില്‍ നിന്ന്.
ക്ലാസിക് ചിത്രമായ പഥേര്‍ പാഞ്ചാലിയില്‍ നിന്ന്.

നിരാശനായ റേ ഒടുവില്‍ സ്വന്തമായി സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ലൈഫ് ഇന്‍ഷുറന്‍ പോളിസി പണയം വച്ചും പാശ്ചാത്യ സംഗീത റെക്കോഡുകളുടെ അപൂര്‍വ ശേഖരം വിറ്റും അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. അമ്മയുടെയും ഭാര്യയുടെയും ആഭരണങ്ങള്‍ പണയം വച്ചും പണം കണ്ടെത്തി. 16 എം.എം ക്യാമറയിലായിരുന്നു ചിത്രീകരണം. പണം തീര്‍ന്നതോടെ ചിത്രീകരണം മുടങ്ങി. അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബി.സി. റായിയുടെ ഭാര്യ ബേല റേയുടെ അമ്മയുടെ സുഹൃത്തായിരുന്നു. അമ്മ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങളവതരിപ്പിച്ചു. മുഖ്യമന്ത്രി സഹായം അനുവദിക്കാന്‍ കത്തു നല്‍കിയെങ്കിലും വാര്‍ത്താവിതരണ വകുപ്പ് ഡയറക്ടര്‍ തടഞ്ഞു. സിനിമയില്‍ ഇന്ത്യയുടെ ദാരിദ്ര്യമാണു പ്രമേയമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നിട്ടും കഥയില്‍ മാറ്റം വരുത്താന്‍ റേ തയ്യാറായില്ല. വീണ്ടും ഇടപെട്ട മുഖ്യമന്ത്രി സഹായം അനുവദിച്ചതോടെ ഷൂട്ടിങ് പുനരാരംഭിച്ചു.

പ്രകാശം പരത്തിയ സത്യജിത് 'റേ'
കെ ജി ജോർജ്: ത്രില്ലറുകളുടെ രാജാവ്

സിനിമ പൂര്‍ണമായും പുറത്തു ചിത്രീകരിക്കാനാണു റേ ശ്രദ്ധിച്ചത്. അഭിനേതാക്കളായി തെരഞ്ഞെടുത്തതു പുതുമുഖങ്ങളെയുമായിരുന്നു. അന്നുവരെ മൂവികാമറ പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്ത 21 വയസുകാരനായിരുന്ന സുബീര്‍ മിശ്രയെന്ന ഫോട്ടോഗ്രാഫറായിരുന്നു കാമറാ മാന്‍. ബംഗാളി ഗ്രാമത്തില്‍ ദരിദ്ര കുടുംബത്തിലെ അപു എന്ന ബാലന്റെ കഥ പറയുന്ന ചിത്രം മൂന്നുവര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്.

കാഞ്ചന്‍ജംഗ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ അഭിനേതാക്കള്‍ക്കൊപ്പം സത്യജിത് റേ
കാഞ്ചന്‍ജംഗ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ അഭിനേതാക്കള്‍ക്കൊപ്പം സത്യജിത് റേ

ഒന്നരലക്ഷം രൂപ ബജറ്റില്‍ പൂര്‍ത്തിയായ ചിത്രം 1955 ല്‍ പുറത്തിറങ്ങി. വിജയമായി മാറിയ ചിത്രം പണം മുടക്കിയ ബംഗാള്‍ സര്‍ക്കാരിന് പതിന്മടങ്ങ് നേട്ടം സമ്മാനിച്ചു. 1956 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങള്‍ പഥേര്‍ പാഞ്ചാലി വാരിക്കൂട്ടി.

രണ്ടാമത്തെ ചിത്രമായ അപരാജിതയുടെ വിജയത്തോടു കൂടി റേ ഇന്ത്യന്‍ സിനിമാരംഗത്ത് സ്ഥാനമുറപ്പിച്ചു. അപു അനുഭവിക്കുന്ന മാനസിക സംഘര്‍ഷമായിരുന്നു കഥാ പശ്ചാത്തലം. 1959 ല്‍ ആ തുടര്‍ച്ചയുടെ അവസാന ഭാഗമായ അപുര്‍ സന്‍സാര്‍ (അപുവിന്റെ ലോകം) പുറത്തിറങ്ങി. കൊല്‍ക്കത്തയിലെ സാധാരണ തെരുവില്‍ പട്ടിണിയില്‍ ജീവിക്കുന്ന അപുവിന്‍െ്‌റ കുടുംബ ജീവിതമായിരുന്നു അപുര്‍ സന്‍സാര്‍.

logo
The Fourth
www.thefourthnews.in