അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 

അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 

ആദരവെന്ന നിലയിൽ സ്ഥാപിക്കുന്ന പ്രതിമകൾ ബന്ധപ്പെട്ട വ്യക്തികളെ എത്രമേൽ അപഹസിക്കുന്നുവെന്ന് വിമർശിച്ച സി അച്യുത മേനോന്റെ പ്രതിമ നാളെ തലസ്ഥാനത്ത് അനാച്ഛാദനം ചെയ്യപ്പെടുന്നു. അദ്ദേഹം ഉന്നയിച്ച ആശങ്കകൾ വീണ്ടും പ്രസക്തമാക്കുകയാണ് ഈ പ്രതിമയെപ്പറ്റിയുള്ള വിവാദം
Updated on
11 min read

“കാലമെത്ര കഴിഞ്ഞിട്ടും കടലെത്ര ക്ഷോഭിച്ചിട്ടും ആ പ്രതിമ അവിടെത്തന്നെ നിന്നു. നിരന്തരമായി ഉപ്പ് കാറ്റടിച്ച് അവന് കാലാന്തരത്തിൽ ക്ലാവ് പിടിച്ചു. അവൻ്റെ നോട്ടം ചെന്ന് മുട്ടിയിടത്ത്, തള്ളി നിൽക്കുന്ന മുനമ്പിൻ്റെ ഭാഗത്തെ കടലിൽ, അവനെ ഒരു നോക്കു കാണാൻ ആർത്ത് പൂണ്ട്, ഇടയ്ക്കിടെ ജലകന്യകമാർ തലപൊന്തിക്കുമായിരുന്നു.”

  • പ്രതിമയും രാജകുമാരിയും, പി. പത്മരാജൻ.

കുറെക്കാലം മുൻപ് സി അച്യുതമേനോൻ കേരളത്തിലെ  പ്രതിമകളെക്കുറിച്ച്  പ്രസക്തമായ ഒരു ലേഖനം എഴുതിയിരുന്നു. കേരളത്തിലെ മിക്ക പ്രതിമകളും കലാശിൽപ്പങ്ങൾ എന്ന് വിളിക്കുന്നതിനേക്കാൾ കൂടുതൽ ശരി കലാഭാസങ്ങളെന്നോ കലാകൊലപാതങ്ങളെന്നോ വിളിക്കണമെന്നാണ് അദ്ദേഹം അതിൽ  എഴുതിയത്. താൻ തന്നെ മൂകസാക്ഷിയായ, പങ്കെടുത്ത പല വികലമായ പ്രതിമകളുടെ  പ്രതിഷ്ഠാ ചടങ്ങുകളെക്കുറിച്ച് എഴുതിയ അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ പഴയ കാലത്തെ ദിവാൻജിമാരുടേയും മഹാരാജക്കന്മാരുടേയും പ്രതിമകളാണ് ഇപ്പോഴും കാലാ സൗഭാഗ്യങ്ങളായി കേരളത്തിൽ അവശേഷിച്ചിട്ടുള്ളത്. തൃശൂരിനടുത്ത അരിമ്പൂരിൽ പഞ്ചായത്ത് സ്ഥാപിച്ച ഒരു ഗാന്ധി പ്രതിമ നക്സലൈറ്റുകൾ വികൃതമാക്കിക്കളഞ്ഞത് വാർത്തയായി, പോലീസ് കേസും ഉണ്ടായി. പിന്നീട്  കേടുപാട് തീർത്ത് പുന:സ്ഥാപിക്കപ്പെട്ട പ്രതിമ കണ്ടപ്പോൾ, “ഞാൻ ഒരു നക്സലൈറ്റല്ലെങ്കിലും അതിന്റെ തല എറിഞ്ഞ് തകർക്കണമെന്ന് തോന്നിപ്പോയി” എന്നാണ് അച്യുതമേനോൻ ആ  ലേഖനത്തിൽ എഴുതിയത്.  

അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 
മാധ്യമ ചരിത്രത്തിൽ ഇടം നേടിയ റെയ്ഗൻ വധശ്രമ ചിത്രങ്ങൾ

അതേ അച്യുത മേനോന്റെ പ്രതിമയാണ് നാളെ (ഓഗസ്റ്റ് 12) തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്യപ്പെടുന്നത്. വിധി വൈപരീത്യമെന്നു തന്നെ പറയാം, പ്രതിമയ്ക്ക് അച്യുത മേനോന്റെ യാതൊരു സാമ്യവുമില്ലെന്ന വിവാദം കത്തിപ്പടരുകയാണ്. 

കൊച്ചി ദിവാനായിരുന്ന സർ ഷൺമുഖം ചെട്ടിയുടെ ഒരു വെങ്കല പ്രതിമ കൊച്ചിയിൽ സ്ഥാപിക്കാൻ അദ്ദേഹത്തിൻ്റെ ഭരണ കാലത്ത് തന്നെ  ഒരു ശ്രമം നടന്നു. അച്യുതമേനോൻ അന്ന് തൃശൂർ ജില്ലാ കോടതിയിൽ വക്കീലായിരുന്നു. അച്യുതമേനോനെ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് തൻ്റെ മുറിയിലേക്ക് വിളിച്ചു വരുത്തി പ്രതിമ സ്ഥാപിക്കാനുള്ള ധനാഭ്യർത്ഥനയിൽ ഒപ്പിടണമെന്നും പണമൊന്നും തരേണ്ട ഒരു ഒപ്പ് മാത്രം ഇട്ടാൽ മതി എന്നാവശ്യപ്പെട്ടു. അച്യുത മേനോൻ അത് നിരസിച്ചു. താൻ ഇതിൽ  ഒപ്പിടില്ല എന്ന് തീർത്തു പറഞ്ഞു. ഒരു സാദാ വക്കീലായ തന്നെ മജിസ്ട്രേറ്റ് ചേമ്പറിൽ വിളിച്ച് ഒപ്പ് ഇടണം എന്ന് പറയാൻ മാത്രം  തൻ്റെ ഒപ്പിന് ഇത്ര വിലയോയെന്നു ചിന്തിച്ചപ്പോൾ അച്യുതമേനോന്  അതിൻ്റെ കാരണം പിടുത്തം  കിട്ടി. അന്നുണ്ടായിരുന്ന കൊച്ചിൻ കോൺഗ്രസ് പാർട്ടിയുടെ  സെകട്ടറി കൂടിയാണ് അച്യുതമേനോൻ.  സെക്രട്ടറി കൂടി പ്രതിമാ നിർമ്മാണത്തിന് അനുകൂലമായാൽ അണികളും ഒപ്പിടുമല്ലോ. “ആ വെട്ടിൽ ഞാൻ വീണില്ല,” അദ്ദേഹം എഴുതി. ഏതായാലും  ഷൺമുഖം ചെട്ടിയുടെ വെങ്കല പ്രതിമ കൊച്ചിയിൽ ഒരിക്കലും ഉയർന്നില്ല.

തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ പ്രതിമകൾക്ക് വലിയൊരു സ്ഥാനമുണ്ട്. ദിവാനായ സർ സി പി രാമസ്വാമി അയ്യർ തൻ്റെ അപ്രമാദിത്വത്തിൻ്റെ പ്രതീകമായി പല സ്ഥലങ്ങളിലും സ്ഥാപനങ്ങളിൽ തൻ്റെ  ‘പ്രതിമ’ തന്നെ  സ്ഥാപിച്ചിരുന്നു.

തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ പ്രതിമകൾക്ക് വലിയൊരു സ്ഥാനമുണ്ട്. ദിവാനായ സർ സി പി രാമസ്വാമി അയ്യർ തൻ്റെ അപ്രമാദിത്വത്തിൻ്റെ പ്രതീകമായി പല സ്ഥലങ്ങളിലും സ്ഥാപനങ്ങളിൽ തൻ്റെ  ‘പ്രതിമ’ തന്നെ  സ്ഥാപിച്ചിരുന്നു. ജനങ്ങളെയാക്കി അടിച്ചും വെടിവെച്ചും ജയിലിലടച്ചും സ്വാതന്ത്ര്യം നിഷധിച്ച ദിവാൻ്റെ പ്രതിമകൾ തിരുവിതാംകൂറിലെ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ വെല്ലുവിളിച്ച് പല സ്ഥലത്തും തലയുയർത്തി നിന്നു. എഴുത്ത് കൊണ്ടു വരാൻ ആളില്ലാത്ത കാരണം അത് ഞാൻ തന്നെ കൊണ്ടുവരുന്നു എന്ന പോലെയാണ് സി പി രാമസ്വാമി അയ്യരുടെ പ്രതിമാ സ്നേഹം എന്നാണ് തിരുവിതാം കൂറിലെ കോൺഗ്രസ് മുന്നണിപ്പടയാളിയും പ്രമുഖ നേതാവുമായ കുമ്പളത്തു ശങ്കുപിള്ള ഇതിനെ വിശേഷിപ്പിച്ചത്. സ്വന്തം സ്മാരകം മറ്റാരും സ്ഥാപിക്കാത്തതുകൊണ്ട് അത് താൻ തന്നെ മുൻ കൈയ്യെടുത്ത് സ്ഥാപിച്ച് കളയാം എന്ന് തീരുമാനിച്ച സ്വസ്മാരക സ്ഥാപകനാണ് സർ സി പി എന്ന് ശങ്കുപിള്ള പരിഹസിച്ചു.

കുമ്പളത്തു ശങ്കുപിള്ള
കുമ്പളത്തു ശങ്കുപിള്ള

അത്തരത്തിലൊരു സ്മാരകമാണ്  തിരുവിതാംകൂറിലെ  അഭിമാനികളായ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് തമ്പാനൂരിലെ സി പി സത്രത്തിന് മുന്നിലുണ്ടായിരുന്ന സർ സി പിയുടെ  പ്രതിമ. ഈ അർദ്ധകായ പ്രതിമ പൗരുഷത്തോടുള്ള ഒരു വെല്ലുവിളിയായാണ് കുമ്പളത്തു ശങ്കുപിള്ള കണ്ടത്. ആ മാർബിൾ പ്രതിമയുടെ മുമ്പിൽ കൂടി തലകുമ്പിട്ട് നടന്നു പോയ അവസരങ്ങളിലൊക്കെ തനിക്കജ്ഞാതമായ ഒരു അപകർഷതാ ബോധം ആലസ്യം പോലെ അദ്ദേഹത്തെ പിൻതുടർന്നിരുന്നു. “എടോ, ആ പട്ടരുടെ പ്രതിമ ഇങ്ങനെ തുറിച്ച് നോക്കി നിൽക്കുന്നത് എനിക്ക് സഹിക്കാൻ വയ്യ,” കുമ്പളം ഇടക്കിടെ പറയും. എന്ത് വില കൊടുത്തു അത് തകർക്കണം. കുമ്പളവും തിരുവിതാംകൂറിലെ അനിഷ്യധ്യ നേതാവായ എൻ ശ്രീകണ്ഠൻ നായരും റബ്ബർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡൻ്റ് കെ സദാനന്ദ ശാസ്ത്രികളും ചേർന്നായിരുന്നു ഈ അപകടകരമായ ദൗത്യത്തിൻ്റെ പദ്ധതി ആവിഷ്കരിച്ചത്. 

അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 
ബംഗാളിലെ 'ഡെങ് സിയോവോ പിങ്'; ഇടതുപക്ഷത്തിന്റെ തലവര മാറ്റിയ ബുദ്ധദേബ്
അസഹിഷ്ണതയും അജ്ഞ്ഞതയും സാഹസികതയും രാജ്യ സ്നേഹവും എല്ലാം കൂടി കലർന്ന ഒരു വികാരമായിരുന്ന മണി സ്വാമിയെ ആ ധീരകൃത്യത്തിന് പ്രേരിപ്പിച്ചത്.

ഇരുപത്തിനാലുകാരനായ ഒരു യുവാവ് ഇത് ചെയ്യാൻ സ്വയം മുന്നോട് വന്നു.’ സി.പിയെ തട്ടാൻ തന്നെയായിരുന്നു അയാളുടെ തീരുമാനം. “ഞാനതു ചെയ്താലോ ചേട്ടാ,” അയാൾ അവരോട് ചോദിച്ചു. ശ്രീകണ്ഠൻ നായരുടെ ശിഷ്യനും സന്തത സഹചാരിയുമായിരുന്ന  കെ സി എസ് മണിയായിരുന്നു ആ ചെറുപ്പക്കാരൻ.  കോനാട്ടു മഠം  ചിദംബര സുബ്രഹ്മണ്യ അയ്യർ എന്ന കെ സി എസ് മണി. ഒരു പരീക്ഷണ നടപടിയായി ആദ്യം സി പി പ്രതിമ തകർക്കുക എന്ന തീരുമാനമായി.ആകെ  പത്തു രൂപയായിരുന്നു ഈ ഓപ്പറേഷൻ്റെ ബഡ്ജറ്റ് . അത് തന്നെ മണിക്ക് ധാരാളമായിരുന്നു. ഒറ്റ തവണ മാത്രമാണ് മണി സ്വാമി തിരുവനന്തപുരത്ത് പോയിട്ടുള്ളത്. അതിനാൽ സ്ഥല പരിചയം തീരെ കുറവാണ്. സി പിയുടെ പ്രതിമ തച്ചുടയ്ക്കണം. അസഹിഷ്ണതയും അജ്ഞ്ഞതയും സാഹസികതയും രാജ്യ സ്നേഹവും എല്ലാം കൂടി കലർന്ന ഒരു വികാരമായിരുന്ന മണി സ്വാമിയെ ആ ധീരകൃത്യത്തിന് പ്രേരിപ്പിച്ചത്. ഒരു ദിവസം മണി സ്വാമി ഉച്ചയ്ക്ക് മുൻപ് തമ്പാനൂരിൽ ബസ് ഇറങ്ങി നേരെ പ്രതിമയുടെ അടുത്തെത്തി നോക്കി നിന്നു. മാർബിളിൽ തീർത്ത പ്രതിമ. എല്ലാം നോക്കിക്കണ്ടു. തന്നെ സഹായിക്കാമെന്ന് പറഞ്ഞ് വച്ചിരുന്ന റബ്ബർ ഫാക്ടറിയിലെ രണ്ട് തൊഴിലാളികളെ കണ്ടു. വാച്ചർമാരും പോലീസുമുള്ള എപ്പോഴും ജനസമ്പർക്കമുള്ള ഒരു പ്രദേശമാണത്. അതിനാൽ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. രണ്ട് സഹായമാണ് മണിക്ക് വേണ്ടത് ഒന്ന് അടിക്കാനുള്ള ചുറ്റിക. രണ്ട് കാര്യം കഴിഞ്ഞാൽ ഒളിച്ചിരിക്കാനൊരിടം. രണ്ടും സഹായികൾ ഏറ്റു. ചുറ്റിക കടയിൽ നിന്ന് വാങ്ങിക്കൂടാ പോലീസ് അന്വേഷിച്ച് കണ്ടെത്തും. റബ്ബർ ഫാക്ടറിയിൽ നിന്ന് ഒരു ചുറ്റിക അവർ കടത്തിക്കൊണ്ടു വന്നു.  മണി സ്വാമി  അത് പരിശോധിച്ചു ഭാരം കുറവ്. രണ്ട് പൗണ്ട് ഭാരമുള്ളത് വേണം. അവരിലൊരാൾ റബ്ബർ ഫാക്ടറിയിൽ പോയി പുതിയൊരു ചുറ്റിക കൊണ്ടുവന്നു. മണി സ്വാമി അത് ചുഴറ്റി നോക്കി തൃപ്തനായി.

കെ സി എസ് മണി
കെ സി എസ് മണി
തൻ്റെ വാസസ്ഥലമായ ഭക്തി വിലാസത്തിലിരുന്ന് വാർത്തയറിഞ്ഞ് സി പി ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി. പോലീസ് വാൻ അങ്ങുമിങ്ങും ചീറിപ്പാഞ്ഞു. സംശയമുള്ളവരെ പിടിച്ച് കൊണ്ടുപോയി മർദ്ദിച്ചു.

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ സഹായികളോടൊത്ത് മണി സ്വാമി സത്രത്തിനടുത്തെത്തി. അവരോട് മാറിപ്പൊയ്ക്കാളാൻ പറഞ്ഞിട്ട് പ്രതിമയുടെ അടുത്തെത്തി. പരിപൂർണ നിശബ്ദത. വൈദ്യുത വെളിച്ചത്തിൻ്റെ കീഴെ സി പി യുടെ മാർബിളിൽ തീർത്ത പ്രതിമ മിന്നുന്നു. അപ്പോൾ  നേരിയ ചാറ്റൽ മഴ തുടങ്ങി. മണി സ്വാമി ഒരു വലിയ ഒരു കരിങ്കൽ കഷ്ണം എടുത്ത് പ്രതിമയുടെ തലയുടെ പിൻഭാഗത്തേക്ക് വലിച്ചെറിഞ്ഞു. കരിങ്കൽ ഭിത്തിയിൽ കൊണ്ട പോലെ ആ കല്ല് തലയിൽ തട്ടി  തെറിച്ച് പോയി. അതോടെ മനസിൻ്റെ നിയന്ത്രണം വിട്ട മണി സ്വാമി കൂടവുമായി മണ്ഡപത്തിൽ ചാടിക്കേറി പ്രതിമയിൽ കൂടം കൊണ്ട് ആഞ്ഞടിച്ചു. ആദ്യത്തെ അടി ബുമാറാങ് പോലെ മുഖത്തേക്ക് തന്നെ കൂടം തിരികെ വന്നു. പിന്നെ കലികയറിയ മട്ടിൽ മണി സ്വാമി ശക്തിയായി തുടരെ ആഞ്ഞടിച്ചു. ആ നിശബ്ദതയിൽ ഓരോ അടിയും ഇടി മുഴക്കം പോലെ ചെവിയിൽ മുഴങ്ങി.  പ്രതിമയിലെ തലപ്പാവ് പൊടിഞ്ഞു തുടങ്ങി എന്ന് മണിക്ക് മനസിലായി.  ഈ ഇടിവെട്ടും പോലെയുള്ള  ശബ്ദം കേട്ട് തൊട്ട് നിന്ന് ആളുകൾ ഓടി വരുന്നതിൻ്റെ അനക്കം കേട്ട മാത്രയിൽ കൂടം ഉപേക്ഷിച്ച് സത്രത്തിൻ്റെ പിൻഭാഗത്തെ മതിൽ ചാടി മണി സ്വാമി രക്ഷപ്പെട്ടു.

പിറ്റേന്ന് തിരുവനന്തപുരം ഞെട്ടലോടെ ആ വാർത്തയറിഞ്ഞു. തൻ്റെ വാസസ്ഥലമായ ഭക്തി വിലാസത്തിലിരുന്ന് വാർത്തയറിഞ്ഞ് സി പി ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി. പോലീസ് വാൻ അങ്ങുമിങ്ങും ചീറിപ്പാഞ്ഞു. സംശയമുള്ളവരെ പിടിച്ച് കൊണ്ടുപോയി മർദ്ദിച്ചു. പലരും പേടിച്ച് കോൺഗ്രസ് പതാകകളെല്ലാം അഴിച്ച് മാറ്റി. വാർത്ത കേട്ടവർ സത്യമാണൊ എന്നറിയാൻ അവിടെ ഓടിയെത്തി മൂക്ക് തകർന്ന ദിവാൻ്റെ ഉടഞ്ഞ പ്രതിമ കണ്ട് കൃതാർത്ഥരായി. പോലീസ് സേന കിണഞ്ഞ് ശ്രമിച്ചിട്ടും ആ കൃത്യം നടത്തിയ ആളെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. കമ്യൂണിസ്റ്റ്കാരാണ് ഇതിന് പിന്നിലെന്ന് അവർ നിഗമനത്തിലെത്തി. ജനങ്ങളും അങ്ങനെ വിശ്വസിച്ചു. ഒടുവിൽ ഉടഞ്ഞ പ്രതിമ ചാക്കിൽ കെട്ടി സത്രത്തിലെ സ്റ്റോർ മുറിയിലേക്കു മാറ്റി. സേച്ഛാധിപതികളുടെ അന്ത്യം ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ എന്ന ചൊല്ല് ശരി വെച്ച് എത്രയോ കാലം സ്റ്റോർ മുറിയിൽ സിപിയുടെ ഉടഞ്ഞ പ്രതിമ ചാക്കിൽ വല കെട്ടി കിടന്നു.

അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 
ശങ്കരാടി: മലയാള സിനിമാ തറവാട്ടിലെ കാരണവർ 

തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ  പ്രതിമ തച്ചുടച്ച വാർത്ത കൊല്ലത്തു നിന്നു പുറത്ത് വന്ന ‘ യുവകേരളം’’  പത്രത്തിൽ മാത്രമാണ് അച്ചടിച്ച് വന്നത്. അതോടെ ആ പത്രത്തിൻ്റെ ലൈസൻസ് റദ്ദാക്കപ്പെട്ടു.

സർ സി പി യുടെ ഷഷ്ഠി പൂർത്തി ആഘോഷ വേളയിൽ തിരുവിതാംകൂറിൻ്റെ പല ഭാഗങ്ങളിലും സി പി രാമസ്വാമി അയ്യർ തൻ്റെ പ്രതിമകൾ സ്ഥാപിച്ചിരുന്നു. താൻ തന്നെ പണികഴിപ്പിച്ച അന്നത്തെ നിയമസഭയുടെ പ്രവേശന ഗേറ്റിൽ തന്നെ തൻ്റെ  ഒരു പ്രതിമ സ്ഥാപിച്ചിരുന്നു. തിരുവിതാംകൂറിൽ ഉത്തരവാദിത്വ ഭരണം നടപ്പിലായപ്പോൾ  നിയമസഭയിൽ വന്ന കോൺഗ്രസംഗങ്ങൾ  കണ്ണിന് കരടായ ഈ പ്രതിമ മാറ്റണമെന്ന് ഭരണത്തലവനായപട്ടം താണുപിള്ള (അന്ന് പ്രധാനമന്ത്രി) യോട്  അടിയന്തരാവശ്യമായി ഉന്നയിച്ചിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന് അതൃപ്തി തോന്നും എന്ന് പട്ടം താണുപിള്ളക്ക് തോന്നിയതിനാൽ അദ്ദേഹം ഈ ആവശ്യം അവഗണിച്ചു. അതിനുപിന്നിൽ മറ്റൊരു കാരണമുണ്ടായിരുന്നു. നാട്ടുരാജ്യങ്ങളുടെ സംയോജനങ്ങൾ നടക്കുന്ന സമയമായിരുന്ന ആ സമയത്ത് രാജ കുടുംബങ്ങളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒരു പ്രവർത്തിയും ചെയ്യരുതെന്നും അവരുടെ പദവിയും ആഭിജാത്യവും മാനിക്കണമെന്നും സർദാർ വല്ലഭായി പട്ടേൽ നാട്ടു രാജ്യങ്ങൾക്ക് കത്ത് വഴി നിർദേശം നൽകിയിരുന്നു.  

പട്ടം രാജി വെയ്ക്കുകയും പറവൂർ ടി കെ നാരായണ പിള്ള അധികാരമേൽക്കുകയും ചെയ്തപ്പോൾ പ്രതിമാ പ്രശ്നം രൂക്ഷമായി പൊന്തി വന്നു. പ്രതിമ മാറ്റാത്തതിനാൽ ടി കെക്കെതിരെ വിമർശനമുയർന്നു. പട്ടം താണുപിള്ള  സർദാർ പട്ടേലിൻ്റെ കത്ത്,  അധികാരമേറ്റ ടി കെക്ക് അയച്ചു കൊടുത്തിരുന്നു. അതിനാൽ ടി കെ ഈ വിഷയത്തിൽ അനങ്ങിയില്ല. പക്ഷേ, നിയമ സഭയിൽ ചോദ്യങ്ങൾ ഉയർന്നു. ഒടുവിൽ പ്രതിമ നീക്കം ചെയ്യുന്നതിന് പ്രമേയം അവതരിപ്പിക്കാൻ പോലും ചില അംഗങ്ങൾ തയ്യാറായി.

പിന്നിട് പട്ടം രാജി വെയ്ക്കുകയും പറവൂർ ടി കെ നാരായണ പിള്ള അധികാരമേൽക്കുകയും ചെയ്തപ്പോൾ പ്രതിമാ പ്രശ്നം രൂക്ഷമായി പൊന്തി വന്നു. പ്രതിമ മാറ്റാത്തതിനാൽ ടി കെക്കെതിരെ വിമർശനമുയർന്നു. പട്ടം താണുപിള്ള  സർദാർ പട്ടേലിൻ്റെ കത്ത്,  അധികാരമേറ്റ ടി കെക്ക് അയച്ചു കൊടുത്തിരുന്നു. അതിനാൽ ടി കെ ഈ വിഷയത്തിൽ അനങ്ങിയില്ല. പക്ഷേ, നിയമ സഭയിൽ ചോദ്യങ്ങൾ ഉയർന്നു. ഒടുവിൽ പ്രതിമ നീക്കം ചെയ്യുന്നതിന് പ്രമേയം അവതരിപ്പിക്കാൻ പോലും ചില അംഗങ്ങൾ തയ്യാറായി. നിയമസഭ സമ്മേളനം നടക്കുന്ന കാലമായിരുന്നു അത്. ഒരു ദിവസം കാലത്ത് അംഗങ്ങൾ നിയമസഭാ മന്ദിരത്തിലേക്ക് വന്നപ്പോൾ അവിടെ നിന്ന സി പി രാമസ്വാമി അയ്യരുടെ പ്രതിമ അപ്രതൃക്ഷമായിരുന്നു. ഒരു പ്രതിമ അവിടെ നിന്നിരുന്നു എന്ന് തോന്നാത്ത വിധം അത് സ്ഥാപിച്ചിരുന്ന തൂണടക്കം മുറിച്ച് മാറ്റപ്പെട്ടിരുന്നു. തലേനാൾ രാത്രി വിദഗ്ധനായ ഒരു കല്ലാശാരിയെ കൊണ്ടുവന്ന് രഹസ്യമായി പ്രതിമ കടയോടെ മുറിച്ച് മാറ്റുകയായിരുന്നു. പ്രതിമ പിന്നിട് കൊട്ടാരം ഓഫീസിലേക്ക് അയച്ചു കൊടുത്തു. അതോടെ സി പി പ്രതിമകൾ അപ്പാടെ തിരുവിതാം കൂറിൽ നിന്ന് എന്നെന്നേക്കുമായി അപത്യക്ഷമായി.

കഥയിവിടെ തീർന്നില്ല. സർദാർ വല്ലഭായ് പട്ടേലിൻ്റെ നിർദേശങ്ങളും ഉത്തരവുകളും ലംഘിച്ചു കൊണ്ടുള്ള നടപടികൾക്ക്  വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിലെ ആഭ്യന്തര കാര്യമന്ത്രാലയത്തു നിന്ന് ഒരു കത്ത് മുഖ്യമന്തിക്ക് ലഭിച്ചു. ഒരു മികച്ച അഭിഭാഷകൻ കൂടിയായ ടി കെ. നാരായണ പിള്ള ഉറച്ച മറുപടി തന്നെ നൽകി, “സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെന്ന നിലയിൽ ഈ രാജ്യത്തെ കാര്യങ്ങളും അഭിപ്രായങ്ങളും മറ്റാരേക്കാളുമധികമായി  തനിക്കാണറിവുള്ളതെന്നും പൊതുജനാഭിപ്രായത്തെ മാനിക്കേണ്ടി വരുമ്പോൾ ഇത്തരം പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം തൻ്റെ തീരുമാനങ്ങൾ അംഗീകരിക്കേണ്ടതാണ്.” ഈ സംഭവവുമായി ബന്ധപ്പെട്ടഎല്ലാ എഴുത്തുകുത്തുകളും  പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്റുവിന് ടി കെ. അയച്ചു കൊടുത്തു. അതോടെ പ്രതിമാ വിവാദം  കെട്ടടങ്ങി.

അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 
ടി വി കെ എന്ന മലബാറിന്റെ സർവ വിജ്ഞാന കോശം
പറവൂർ ടി കെ നാരായണ പിള്ള
പറവൂർ ടി കെ നാരായണ പിള്ള

നിർമാണത്തിന് മുൻപ് തന്നെ, ഒരു മന്ത്രിസഭയെ താഴെയിറക്കിയ സംഭവത്തിന് വഴിയൊരുക്കിയ ഒരു പ്രതിമയും തിരുവിതാംകൂർ ചരിത്രത്തിലുണ്ട്.  പത്രത്തിലൂടെ തിരുവിതാം കൂർ മഹാരാജാവിനേയും ദിവാനേയും വിമർശിച്ച് തിരുവിതാം കൂറിൽ നിന്ന് നാട് കടത്തപ്പെട്ട പത്രാധിപർ സ്വദേശാഭിമാനിയുടെ പ്രതിമ നിർമ്മിക്കാനുള്ള ശ്രമമാണ് പട്ടം താണുപിള്ളയുടെ തിരുവിതാം കൂറിലെ പ്രഥമ ജനകീയ മന്ത്രിസഭയെ താഴെയിറക്കാനുള്ള സംഭവങ്ങളിലേക്ക് വഴി തെളിച്ചത്. കുമ്പളത്തു ശങ്കുപിള്ള തന്നെയായിരുന്നു ഇതിലെ നായകൻ.

തിരുവിതാംകൂർ മഹാരാജാവിനാൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ സ്വാതന്ത്ര്യം ലഭിച്ച വേളയിൽ ഉചിതമായി ആദരിച്ച് ഒരു സ്മാരകം അദ്ദേഹത്തിന് വേണ്ടി പടുത്തുയർത്തണമെന്ന് കോൺഗ്രസിലെ പ്രവർത്തകർക്ക് തോന്നി. “എന്നെ നാടുകടത്തിയാൽ എൻ്റെ അവശിഷ്ടമെങ്കിലും എൻ്റെ നാട്ടുകാർ ബഹുമാനിക്കും,” എന്ന് പറഞ്ഞയാളാണ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള. കണ്ണൂരിലെ പയ്യാമ്പലം കടപ്പുറത്ത് അടക്കം ചെയ്ത അദ്ദേഹത്തിൻ്റെ ചിതാഭസ്മം തിരുവിതാംകൂറിൽ കൊണ്ടുവന്ന് ഒരു സ്മാരകം നിർമ്മിക്കേണ്ടതാണെന്ന് കോൺഗ്രസിലെ യുവജനങ്ങളുടെ ഒരു യോഗം ചേർന്ന് തീരുമാനിച്ചു. ഡി സി കിഴക്കേ മുറി, അക്കമ്മ ചെറിയാൻ, കെ ആർ ഇലങ്കത്ത് തുടങ്ങിയവരൊക്കെ പങ്കെടുത്ത ആ യോഗത്തിൽ സെക്രട്ടറിയേറ്റിൻ്റെ മുന്നിലാണ്  സ്മാരകം സ്ഥാപിക്കേണ്ടതെന്ന് ഡി സി കിഴക്കേമുറി വാദിച്ചു. ഏതായാലും കാര്യം തീരുമാനമായി. അന്നത്തെ തിരുവിതാംകൂറിൻ്റെ  പ്രധാനമന്ത്രിയായ  പട്ടം താണുപിള്ളയോട് റസിഡൻസിയിൽ ചെന്ന് കുമ്പളത്തു ശങ്കു പിള്ള നേരിട്ട് വിവരം പറയുകയും ചെയ്തു. അദ്ദേഹം അത് അനുഭാവപൂർവം പരിഗണിക്കുകയും ചെയ്തു.

അതിനിടയിൽ  കാര്യങ്ങൾ മാറി മറഞ്ഞു. പട്ടം താണുപിള്ളയുടെ മനസ് മാറി. ശ്രീമൂലം തിരുനാൾ നാടു കടത്തിയ ഒരാളെ അദ്ദേഹത്തിൻ്റെ അനന്തരവകാശിയായ ചിത്തിര തിരുനാളിന്റെ കാലത്ത് ആദരിച്ചാൽ രാജകുടുംബത്തിന് അത് ഇഷ്ടമാവില്ലെന്ന് പട്ടത്തിന് തോന്നി. അങ്ങനെയിരിക്കെ കുമ്പളത്തു ശങ്കുപിള്ള  പട്ടം താണുപിള്ളയെ ചെന്ന് കണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കാൻ സെക്രട്ടറിയേറ്റ് കോംപൗണ്ടിൻ്റെ ഒരു മൂലയിൽ  അര സെൻ്റ് സ്ഥലം  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാലോചനയും കൂടാതെ പട്ടം അപേക്ഷ  നിഷ്കരുണം തള്ളിക്കളഞ്ഞു.

സെക്രട്ടറിയേറ്റ് കോംബൗണ്ട് പ്രതിമ സ്ഥാപിക്കാനുള്ളതല്ലെന്നും പ്രതിമ സ്ഥാപിക്കാൻ വെറെയെവിടെയെങ്കിലും സ്ഥലമാവശ്യപ്പെട്ടാൽ നൽകാമെന്നും പട്ടം പറഞ്ഞു. ക്ഷുഭിതനായ കുമ്പളത്തു ശങ്കുപിള്ള ഒരു ചെറിയ സംഘം കോൺഗ്രസ് പ്രവർത്തകരുമായി കണ്ണൂരിലെ പയ്യാമ്പലം കടപ്പുറത്ത് ചെന്ന്  രാമകൃഷ്ണ പിള്ളയെ അടക്കം ചെയ്ത ശ്മാശനത്തിൽ നിന്ന് ഏതാനും അസ്ഥി കഷ്ണങ്ങൾ ഒരു കുടത്തിലാക്കി തിരുവനന്തപുരത്തേക്ക് കാറിൽ യാത്രയായി. വഴി നീളെ ഇവർക്ക് വൻ സ്വീകരണം ലഭിച്ചു. തിരുവനന്തപുരത്തെത്തിയപ്പോൾ വലിയൊരു  ജാഥയായി വെള്ളയമ്പലത്തേക്ക് മാർച്ച് ചെയ്ത് അവിടെ വൻ ജനാവലിയായി യോഗം ചേർന്നു. 

അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 
നിലപാടുകൾ എഡിറ്റ് ചെയ്യാത്ത ബി ആർ പി

ആരോഗ്യ നില മോശമായിട്ടും തിരുവിതാംകൂറിലെ  ഏറ്റവും പ്രമുഖനായ വ്യക്തികളിലൊരാളും  മലയാള മനോരമ പത്രത്തിൻ്റെ പത്രാധിപരുമായ മാമ്മൻ മാപ്പിള ഈ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് പട്ടം താണു പിള്ള സർക്കാരിനോടുള്ള ക്രിസ്ത്യൻ സമുദായത്തിൻ്റെ എതിർപ്പായി വ്യാഖ്യാനിക്കപ്പെട്ടു. യോഗത്തിൽ പ്രസംഗിച്ച കുമ്പളത്തു ശങ്കുപിള്ള നിശിതമായ ഭാഷയിൽ പട്ടം താണുപിള്ളയെ വിമർശിച്ചു. ‘ താണു പിള്ള ദളവ ‘ എന്നാണ് പട്ടത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത്. “ശ്രീ രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടങ്ങൾ നിക്ഷേപിക്കാനും ഒരു സ്മാരകം സ്ഥാപിക്കാനും രണ്ട് സെൻ്റ് സ്ഥലം സർക്കാരിനോടാവശ്യപ്പെട്ടു. അതെനിക്ക് ചീനി വെയ്ക്കാനും വാഴ വെയ്ക്കാനുമൊന്നുമല്ലെന്ന്‌ ഞാൻ പറയേണ്ട കാര്യമില്ലല്ലോ. എൻ്റെ അപേക്ഷക്ക് ഒരു മറുപടി തരികയെന്ന ഒരു സാമാന്യ മര്യാദ പോലും ഇന്നത്തെ മന്ത്രിമാർ കാണിച്ചില്ലെന്ന് ഖേദപൂർവ്വം പറയേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ തരാമെന്ന് പ്രധാനമന്ത്രി പട്ടം പറഞ്ഞു. തുടർന്നുള്ള ആലോചനക്ക് ശേഷം സാധ്യമല്ലെന്ന് പറഞ്ഞു. എന്ത് പ്രധാനമന്ത്രിയാണ് പട്ടമെന്ന് ഞാൻ ചോദിക്കുകയാണ് ?” ശങ്കുപിള്ള പ്രസംഗിച്ചു.

“ഇവിടത്തെ മന്ത്രിസഭ സ്ഥലം തരാൻ വിസമ്മതിച്ചപ്പോൾ ഞാൻ വിചാരിച്ചു ഈ ഭൗതികാവശിഷ്ടം പട്ടത്തിനപ്പുറം വെച്ചിട്ട് സ്ഥലം തരുന്ന മന്ത്രിസഭ വരുമ്പോൾ ഇങ്ങോട്ടു കൊണ്ടു വന്ന് സ്ഥാപിക്കാമെന്ന്  പ്രവർത്തനക്ഷമമായ ഒരു ഭരണം ഇവിടെ സ്ഥാപിതമാകണമെങ്കിൽ ഈ മന്ത്രിസഭ രാജി വെയ്ക്കണം. അല്ലെങ്കിൽ രാജിവെയ്പിക്കണം,” അദ്ദേഹം ശക്തമായ ഭാഷയിൽ തുടർന്നു. 

ഇതിനകം പട്ടം താണുപിള്ളക്കെതിരെ സ്വന്തം പാർട്ടിയിൽ എതിർപ്പ് വർധിച്ചിരുന്നു. കുമ്പളത്തിൻ്റെ ജൈത്രയാത്ര പട്ടത്തിനെതിരെ പാർട്ടിയിൽ അപസ്വരങ്ങൾ വർദ്ധിപ്പിച്ചു. “എല്ലാം എനിക്ക്, ഞാനാർക്കുമില്ല,”എന്ന പട്ടത്തിൻ്റെ മനോഭാവം  പ്രശ്നം കൂടുതൽ വഷലാക്കി. പട്ടത്തിൻ്റെ നേതൃത്വത്തിനെതിരെ കുമ്പളം ഒപ്പു ശേഖരണം നടത്തി. 1948 ഒക്ടോബർ 10 ന് 64 പാർട്ടി അംഗങ്ങൾ ഒപ്പിട്ട പ്രമേയം അവതരിപ്പിക്കും മുൻപ് പട്ടം രാജി പ്രഖ്യാപിച്ചു ഇറങ്ങി പോയി. അങ്ങനെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയുടെ നിർമാണം ഒരു മന്ത്രി സഭയുടെ പതനത്തിന് തന്നെ വഴിവെച്ചത്. പിന്നീട് 1957 ഓഗസ്റ്റ് 13 ന് ഇന്ത്യൻ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദ് സ്വദേശാഭിമാനിയുടെ പ്രതിമ പാളയത്ത് അനാച്ഛാദനം ചെയ്തു.

സ്വദേശാഭിമാനി പ്രതിമ - പാളയം
സ്വദേശാഭിമാനി പ്രതിമ - പാളയം
ആളുകൾ മരിക്കാൻ കാത്തുനിൽക്കുകയാണ് നമ്മൾ പ്രതിമയുണ്ടാക്കാൻ. എവിടെ പഴുതു കണ്ടോ അവിടെ പ്രതിമ ഉയരും. ശിൽപ്പിയുടെ കഴിവിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് പ്രതിമയിൽ ന്യൂനത മുഴച്ചു നിൽക്കും.

പ്രതിമ നിർമിക്കുന്ന പോലെ ദുഷ്ക്കരമാണ് അതിനെ ചൊല്ലിയുണ്ടാക്കുന്ന വിവാദങ്ങളും. പ്രതിമ ഉണ്ടാക്കാൻ തീരുമാനിക്കുന്നത് തൊട്ട് ആരംഭിക്കും വിവാദങ്ങളും പൊല്ലാപ്പുകളും. ആളുകൾ മരിക്കാൻ കാത്തു നിൽക്കുകയാണ് നമ്മൾ പ്രതിമയുണ്ടാക്കാൻ. എവിടെ പഴുതു കണ്ടോ അവിടെ പ്രതിമ ഉയരും. ശിൽപ്പിയുടെ കഴിവിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് പ്രതിമയിൽ ന്യൂനത മുഴച്ചു നിൽക്കും. ഇത്തരം വൈകൃതങ്ങൾ കണ്ടിട്ട് ഒരിക്കൽ നോവലിസ്റ്റും, ചരിത്രകാരനും പത്രപ്രവർത്തകനുമായ പി കെ ബാലകൃഷ്ണൻ പൊട്ടിത്തെറിച്ചു. “ആ നല്ല മനുഷ്യനെ കവലകളിൽ ഇട്ടു കാട്ടിയിരിക്കുന്നതു കണ്ടില്ലെ?” ശ്രീ നാരായണ ഗുരുവിനെ പറ്റിയായിരുന്നു പരാമർശം. ഓർക്കുക, ഗുരുവിനെ കുറിച്ച് മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകമെഴുതിയാളാണ് പി കെ ബി. 

 മുപ്പത്തഞ്ച് വർഷം മുൻപ് കോഴിക്കോട് നടന്ന പ്രതിമാ വിവാദം ഏറെ കോലാഹലം ഉണ്ടാക്കിയതാണ്. രസകരമായ പല ആശയങ്ങളും സ്വർഗ പ്രതിഭകളിൽ നിന്ന് ഒരുത്തിരിഞ്ഞതും ഈ പ്രതിമ വിവാദക്കാലത്താണ്. പ്രതിമ ചില്ലറക്കാരന്റേതായിരുന്നില്ല, ശിൽപ്പിയും. പുതിയറയിൽ എസ് കെ സ്മാരക പാർക്കിൽ ഒരു ദേശത്തിന്റെ കഥാകാരൻ എസ് കെ.പൊറ്റെക്കാടിന്റെ പ്രതിമ അന്നത്തെ കേന്ദ്ര സാഹിത്യ അക്കാഡമി ചെയർമാൻ ബി കെ ഭട്ടാചാര്യ അനാവരണം ചെയ്തപ്പോഴാണ് സംഭവം. അവിടെ കൂടിയിരുന്നവരും എസ് കെയെ അടുത്തറിഞ്ഞവരും പ്രതിമ കണ്ട് പരസ്പരം നോക്കി ഇത് നമ്മുടെ എസ് കെ തന്നെയോ?

എസ്.കെ യുടെ വിവാദമായ പ്രതിമ
എസ്.കെ യുടെ വിവാദമായ പ്രതിമ

പ്രതിമയുടെ പുഞ്ചിരിയിൽ ഒരപരിചിതത്വം. ഏഥന്റെ ലോക സഞ്ചാരത്തിൽ പഴയ കൗതുക വസ്തുക്കൾ തേടി അലഞ്ഞ അതിരാണിപ്പാടത്തെ കഥാകാരൻ എസ് കെ പൊറ്റെക്കാടിന്റെ പ്രതിമ വിവാദങ്ങളാൽ ചുറ്റപെട്ട ഒരു കൗതുക വസ്തുവായി മാറി. ശിൽപ്പം നിർമ്മിച്ചത്  മികച്ച കലാകാരനായ എം ആർ ഡി ദത്തനാണ്. കേരളത്തിന്റെ മുഖ്യമന്ത്രി  സി കേശവൻ മുതൽ ഗുരുവായൂർ കേശവന്റെ വരെ പ്രശ്സ്ത ശിൽപ്പങ്ങൾ നിർമ്മിച്ച ശിൽപ്പി. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മാത്രം ഇരുന്നൂറെണ്ണം നിര്മിച്ചിട്ടുണ്ട് ഇദ്ദേഹം.

പുതിയറയിലെ പ്രതിമ അനാവരണം ചെയ്തു കഴിഞ്ഞതോടെ വിവാദങ്ങളുടെ അനാഛാദനവും ആരംഭിച്ചു. ശിൽപ്പം എസ് കെ യുടെതല്ലെന്ന് ആരോപണ പ്രത്യാരോപണങ്ങൾ പത്രങ്ങളായ പത്രങ്ങളിൽ വരാൻ തുടങ്ങി. പ്രതിമ അനാവരണം ചെയ്തപ്പോഴോ ശിൽപ്പി എം. ആർ. ദത്തനെ കമ്മറ്റിക്കാർ പൊന്നാടയണിക്കുമ്പോഴോ ഇല്ലാത്ത വിവാദം പിന്നെ എങ്ങനെ വന്നു?

ശിൽപ്പി ദത്തൻ മറുപടി പറഞ്ഞത് ഇങ്ങനെ: പ്രതിമാ കമ്മറ്റി ചെയർമാനായ എ സുജനപാലാണ് ദത്തനെ ഈ ശിൽപ്പം പണിയാൻ ഏൽപ്പിച്ചത്. പുതിയറ പാർക്കിൽ ആദ്യം പ്ലാസ്റ്റർ ഓഫ് പാരിസിൽ 5 ദിവസം കൊണ്ട് രൂപം തയ്യാറാക്കി എസ് കെയെ അറിയുന്നവർ അവിടെ വന്നിരുന്നു. അവരുടെയും എസ് കെയുടെ മക്കളുടേയും ബന്ധുക്കളുടേയു അഭിപ്രായങ്ങളും ഫോട്ടോകളും പഠിച്ചിട്ടാണ് പ്ലാസ്റ്റർ ഓഫ് പാരീസിൽ രൂപം ഉണ്ടാക്കിയത്. അത് കോഴിക്കോട്ടെ ഓണാഘോഷ സാംസ്‌കാരിക യാത്രയിൽ പ്രദർശിപ്പിച്ചതുമാണ്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിന്ന് പ്രതിമ വെങ്കലത്തിലേക്ക് മാറിയപ്പോഴാണ് രൂപം മാറിയത് എന്നാണ് ആരോപണം.

ശിൽപ്പി എം. ആർ. ഡി. ദത്തൻ
ശിൽപ്പി എം. ആർ. ഡി. ദത്തൻ

“പൊറ്റെക്കാടിനെയല്ല ഞാൻ നിർമ്മിച്ചത് പൊറ്റെക്കാടിൻ്റെ പ്രതിമയെയാണ് . അദ്ദേഹത്തിൻ്റെ വ്യത്യസ്തങ്ങളായ സ്വഭാവങ്ങളും രൂപഭാവങ്ങളും ചേഷ്ടകളുമെല്ലാം ശ്രദ്ധിച്ച് മനനം ചെയ്താണ് ഞാൻ പ്രതിമ ഉണ്ടാക്കിയത്,” ദത്തൻ പറഞ്ഞു. “ലണ്ടൻ മ്യൂസിയത്തിലെ പ്രതിമകളെപ്പോലെ ചായമിട്ടും പ്രതിമ തീർക്കാനാവും പക്ഷേ അവയെ ‘ ബൊമ്മ’ യെന്നാണ് കലാകാരന്മാർ വിളിക്കുക. പൊറ്റക്കാടിൻ്റെ ബൊമ്മ തീർക്കാനല്ല ഞാൻ ശ്രമിച്ചത്. മറിച്ച് തേജോമയമായ ആവ്യക്തിത്വത്തിൻ്റെ ഒരു നിമിഷത്തിലെ ഛായയാണ് പ്രതിമയിലേക്ക് സന്നിവേശിപ്പിച്ചത്,” ദത്തൻ പറഞ്ഞു.

കെ സി എസ് പണിക്കരുടെ പുത്രനും പ്രശസ്ത ശിൽപ്പിയുമായ നന്ദഗോപാൽ ഇതിനോട് വിയോജിച്ചു. “നിങ്ങളുടെ പൊറ്റെക്കാടിനെയല്ല എൻ്റെ പൊറ്റെക്കാടിനേയാണ് സൃഷ്ടിച്ചത് എന്ന ദത്തൻ്റെ മറുപടിയോട് യോജിക്കാനാവില്ല. നാട്ടുകാരുടെ പണം കൊണ്ടുണ്ടാക്കിയ പ്രതിമ എസ്. കെ. പൊറ്റെക്കാടിനെ പോലെയിരിക്കണം. അതേ സമയം സ്വന്തം ചിലവിൽ ചെയ്യുകയാണെങ്കിൽ ദത്തന് ദത്തൻ്റെ പൊറ്റെക്കാടിനെ സൃഷ്ടിക്കാം,” നന്ദഗോപാൽ പറഞ്ഞു. ഏതൊരു ശിൽപ്പത്തിലും മുഖഛായക്ക് രണ്ടാം സ്ഥാനമേയുള്ളൂ ശിൽപ്പിയുടെ വൈഭവമാണ് ശിൽപ്പത്തിൽ നിറഞ്ഞ് നിൽക്കേണ്ടത് എന്നാണ് എം  വി ദേവൻ അഭിപ്രായം പറഞ്ഞത്.

കൊച്ചിയിൽ രാജേന്ദ്ര മൈതാനത്ത് തലയുയർത്തി നിൽക്കുന്ന കൊച്ചി മഹാരാജാവിൻ്റെ  പ്രതിമ തീർത്തത് പ്രശസ്തനായ ശിൽപ്പി റോയ് ചൗധരിയാണ് . വെറും നാലടി ഉയരമുള്ള കൃശഗാത്രനായിരുന്നു രാജാവ്. എന്നാൽ ശിൽപ്പത്തിലെ രാജാവ് ആകാരസൗഷ്ഠവും ഗാംഭീര്യം നിറഞ്ഞവനുമാണ്. ആക്ഷേപം ഉയർന്നപ്പോൾ റോയ് ചൗധരി പറഞ്ഞു, “ഒരു മഹാരാജാവിൻ്റെ ശിൽപ്പമാണ് ഞാൻ തീർത്തത് ഒരു സാധാരണക്കാരൻ്റെയല്ല. ഒരു തലമുറ കഴിയട്ടെ എൻ്റെ പ്രതിമയുടെ പൂർണ്ണമായ മൂല്യം അന്ന് പ്രകടമാകും”. ചൗധരിയുടെ വാക്കുകൾ പോലെ ആ പ്രതിമ ഇന്നും അമൂല്യ സൃഷ്ടിയായി നിലകൊള്ളുന്നു.

അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 
കേരള രാഷ്ട്രീയചരിത്രത്തിന്റെ ഒന്നാം സാക്ഷിയായ കെ സി ജോൺ 
സംഗീത നാടക അക്കാഡമിയിലെ  നടൻ മുരളിയുടെ  കരിങ്കൽ പ്രതിമ
സംഗീത നാടക അക്കാഡമിയിലെ നടൻ മുരളിയുടെ കരിങ്കൽ പ്രതിമ

കല്ല് ദേവിയായ്ക്കഴിഞ്ഞു, അപ്പോൾ തച്ചൻ തീണ്ടാപ്പാടകലെയെന്ന് പറഞ്ഞത് എം ടിയുടെ പെരുന്തച്ചൻ. ശിൽപ്പം നടന്റെതല്ല; പക്ഷേ, പ്രതിഫലം വാങ്ങിയത് തിരികെ തരണ്ട എന്ന് പറഞ്ഞത് തൃശൂരിലെ സംഗീത നാടക അക്കാഡമി. കഴിഞ്ഞ വർഷം  സംഗീത നാടക അക്കാഡമിയിൽ സ്ഥാപിക്കാനുനുള്ള നിർമാണം കഴിഞ്ഞ മലയാള നടൻ മുരളിയുടെ പ്രതിമക്ക്  സ്മര്യപുരുഷനുമായി, യാതൊരു സാമ്യവുമില്ലെന്ന് കണ്ട് അക്കാഡമിക്കാർ ശിൽപ്പിയോട് പണി നിറുത്തി വാങ്ങിയ പ്രതിഫലം തിരികെ തരാനും ആവശ്യപ്പെട്ടു. പിന്നീട് ശിൽപ്പിയുടെ സാമ്പത്തികനില തീരെ പോരാത്തതിനാൽ തിരിച്ചടക്കേണ്ടണ്ടെന്നും പറഞ്ഞ്, ചിലവായ അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ അക്കാഡമി എഴുതി തള്ളി. 

നിർമാണത്തിന്റെ ആദ്യ ദശയിൽ, കലാപരമായ കാര്യങ്ങൾ കൃത്യമായി പരിശോധിക്കാൻ ചുമതലപ്പെടുത്തയാൾ, നേമം പുഷ്പരാജ്,  പ്രതിമയുടെ മോൾഡിന് നടനുമായി യാതൊരു സാമ്യവുമില്ലെന്നും, കാശ് കൊടുക്കരുതെന്നും അന്ന് തന്നെ കൃത്യമായി എഴുതി വെച്ചതാണ്. എന്നിട്ടും പണി മുന്നോട്ട് പോയതായിരുന്നു പ്രശ്നത്തിനു കാരണം. പത്രത്തിൽ അച്ചടിച്ചു വന്ന പ്രതിമ അഥവാ ശിൽപ്പത്തിന് മുരളിയുമായി ഒരു സാദൃശ്യവുമില്ലെന്ന് യാഥാർത്ഥ്യം. ലങ്കാലക്ഷ്മി നാടകത്തിലെ മുരളിയെയാണ് താൻ വെങ്കലത്തിൽ തീർത്തത് എന്നാണ് ശിൽപ്പിയുടെ വ്യാഖ്യാനം. എന്നാൽ തമാശ ഇതൊന്നുമല്ല. 2009-ൽ സംഗീത നാടക അക്കാഡമി ചെയർമാനായിരിക്കെ അന്തരിച്ച നടൻ മുരളിയുടെ ഒരു കരിങ്കൽ ശിൽപ്പം അക്കാഡമിയിൽ സ്ഥാപിച്ചിട്ടുണ്ട് ഇതിനും നടനുമായി സാമ്യമില്ലെന്ന ആക്ഷേപം അന്നേ ഉയർന്നതാണ്. എങ്കിൽ അത് തീർക്കാൻ പുതിയത് ഒരെണ്ണം തീർക്കാമെന്ന് അക്കാഡമിക്കാർ കരുതി. മുരളി നായകനായി തകർത്തഭിനയിച്ച ഒരു സിനിമയുണ്ട് ‘ വെങ്കലം’. എങ്കിൽ പ്രതിമ വെങ്കലത്തിലാകട്ടെയെന്ന് ഏതോ ബുദ്ധിമാ നായ അംഗത്തിൻ്റെ  തലയുദിച്ച ആശയമാണ് ഇപ്പോഴും ഒരു സാമ്യമില്ലാത്ത മുരളിയുടെ വെങ്കല പ്രതിമയുടെ അവതാരം.

വർഷം നാൽപ്പതു കഴിഞ്ഞിട്ടും, ഭരത് ഗോപി അഭിനയിച്ച കെ ജി ജോർജിൻ്റെ പഞ്ചവടിപ്പാലത്തിലെ ഐരാവതക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് ദുശ്ശാസന കുറുപ്പിൻ്റെ പ്രതിമ പഞ്ചവടി പാലത്തിൽ പ്രതിഷ്ഠിച്ചത് ഇതിലും സുന്ദരമായിരുന്നു. മലയാളി മനസിൽ എന്നും ഒരു അനശ്വരമായ ചിത്രമാണ്  സ്വന്തം പ്രതിമ നോക്കി ആസ്വദിക്കുന്ന ദുശ്ശാസന കുറുപ്പ്.  

പഞ്ചവടിപ്പാലത്തിലെ  പ്രതിമ
പഞ്ചവടിപ്പാലത്തിലെ പ്രതിമ

അയാൾ ഗാന്ധിജിയെ വരച്ചു. പോലീസ് പൊക്കി ജയിലിലാക്കി. വീണ്ടും അയാൾ ഗാന്ധിയെ വരച്ചു ആ വര പിന്നീട് ഗാന്ധി പ്രതിമയായി. കണ്ണൂർ സെൻട്രൽ ജയിലിലെ വിചിത്രമായ ഒരു  പ്രതിമയുടെ  കഥ ഇങ്ങനെ: കണ്ണൂർ സെൻട്രൽ ജയിലിലെ മുറ്റത്ത്  ഒരു ഗാന്ധി പ്രതിമയുണ്ട് അപൂർണമാണെന്ന്, അത്  തീർത്ത ശിൽപ്പി മാത്രം വിശ്വസിച്ച പ്രതിമ. അതിൻ്റെ ചരിത്രം ഒരു സിനിമാ കഥ പോലെയാണ്. 1957-ൽ ഒരു കള്ളനോട്ട് കേസിൽ എറണാകുളം  വൈറ്റിലക്കാരൻ ഫ്രാൻസിസ് സേവ്യർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പ്രമാദമായ മട്ടാഞ്ചേരി കള്ള നോട്ട് കേസിൽ നോട്ടിലെ ഗാന്ധിയെ  വരച്ചത് ഇയാളായിരുന്നു. കള്ളനോട്ട് നിർമ്മാണ പങ്കാളിയെന്ന് കോടതി വിധിച്ച് കണ്ണൂർ ജയിലിൽ ശിക്ഷയിൽ കഴിയുമ്പോഴാണ് ജയിലധികൃതർ ഒരു ഗാന്ധി പ്രതിമ ജയിൽ പ്രവേശന കവാടത്തിൽ  സ്ഥാപിക്കാൻ തീരുമാനിച്ചത്.

പല ശിൽപ്പികളും ഗാന്ധിയെ വരച്ച് കാണിച്ചെങ്കിലും അധികാരികൾക്ക് ബോധിച്ചില്ല. ഒടുവിൽ ഫ്രാൻസിസ് സേവ്യറോട് ഒരു ഗാന്ധി ചിത്രം വരക്കാൻ ചീഫ് ജയിലർ ആവശ്യപ്പെട്ടു.  നോട്ടിൽ ഗാന്ധിയെ  വരച്ചയാളല്ലെ. സേവ്യർ മനോഹരമായ ഒരു  ഗാന്ധി ചിത്രം വരച്ചു. അത് അധികാരികളെ തൃപ്തരാക്കിയ ചിത്രമായിരുന്നു. അങ്ങനെ അവർ പ്രതിമാ നിർമ്മാണവും അയാളെ ഏൽപ്പിച്ചു . ശാസ്ത്രീയമായി ഇതൊന്നും അയാൾ അഭ്യസിച്ചിരുന്നെങ്കിലും അയാളുടെ  ജന്മവാസന അതിന് സഹായിച്ചു. തൻ്റെ ചിത്രം മാതൃകയാക്കി ശിൽപ്പത്തിൻ്റെ പണിയാരംഭിച്ചു. ജയിൽ അധികാരികൾ ഒരു സെല്ലും രണ്ട് തടവുകാരേയും അയാൾക്ക് സഹായത്തിനായി വിട്ടു കൊടുത്തു. ജയിലിൽ ഉളിയും ചുറ്റികയും പ്രവേശിപ്പിക്കരുത്. അതിനാൽ പ്രതിമാ നിർമ്മാണം പകൽ മാത്രമാണ്. രാവിലെ 8 ന് പണി ആയുധങ്ങൾ കൊടുക്കും. വൈകിട്ട് 5 മണിക്ക് തിരികെ വാങ്ങും. ഒന്നര കൊല്ലം കൊണ്ട് പ്രതിമയുടെ  പണി അയാൾ പൂർത്തിയാക്കി. ഉൽഘാടനത്തിനായി പ്രതിമ പീഠത്തിൽ പ്രതിഷ്ഠിച്ചു. പ്രതിമയുടെ മുഖം മറച്ചിരുന്നു. അത് വരെ ശിൽപ്പിയും സഹായികളുമല്ലാതെ ആരും പ്രതിമയുടെ മുഖം കണ്ടിട്ടില്ല . അത് ഒരു വിശ്വാസം. പ്രതിമയുടെ മുഖം പൂർണ്ണമായാൽ പിന്നെ ശിൽപ്പി പോലും കാണുന്നത് അത് പീഠത്തിൽ പ്രതിഷ്ഠിച്ചതിന് ശേഷം മാത്രം. പൂർത്തിയാകാതെ ആരും പ്രതിമ കാണരുത്.

കണ്ണൂർ സെൻ്റർ ജയിലിലെ ഗാന്ധി പ്രതിമ
കണ്ണൂർ സെൻ്റർ ജയിലിലെ ഗാന്ധി പ്രതിമ
അച്യുത മേനോനും അല്‍പം പ്രതിമാ പുരാണവും 
കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 

ഒടുവിൽ പീഠത്തിൽ പ്രതിഷ്ഠിച്ചതിന് ശേഷം മുഖപടം മാറ്റി. പ്രതിമ കണ്ടവർക്കൊക്കെ അത് നന്നായി തോന്നി. പക്ഷേ, ശിൽപ്പി അത് അംഗീകരിച്ചില്ല. പ്രതിമയുടെ ഭാവം രൗദ്രഭാവമാണെന്ന് അയാൾക്ക് തോന്നി. ഒരു പക്ഷേ, അയാൾക്ക് മാത്രം തോന്നിയതാകാം. ഗാന്ധിജി രൗദ്രഭാവത്തിൻ്റെ പ്രതീകമാവാൻ പാടില്ല. അയാൾ പ്രതിമയുടെ മുഖഭാവം മാറ്റാൻ പണിയായുധമായി പീഠത്തിൽ കയറി. മുഖത്ത് കൊത്തുപണി ആരംഭിച്ചു. പ്രതിമയുടെ മുഖഭാവം പണിക്കനുസരിച്ച്  മാറിത്തുടങ്ങി. പക്ഷേ, അത് പൂർണ്ണമാക്കാൻ അയാൾക്ക് കഴിയും മുൻപ് അയാൾ പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചു. ശിൽപ്പം അപൂർണമാണെന്ന് ശിൽപ്പി മാത്രം വിശ്വസിച്ച ആ ഗാന്ധി പ്രതിമ ശിൽപ്പിയുടെ അഭാവത്തിൽ പിന്നീട് 1960 മെയ് 7 ന് അനാവരണം ചെയ്യപ്പെട്ടു.

അച്യുത മേനോന്റെ പ്രതിമയ്ക്ക് അദ്ദേഹവുമായി സാമ്യമില്ല എന്നതല്ല സത്യത്തിൽ വിവാദമാകേണ്ടത്. അദ്ദേഹത്തെപ്പോലൊരു നേതാവിന് പ്രതിമയാണോ സ്മാരകമാകേണ്ടത് എന്നതാണ്. ജനങ്ങളിൽ നിന്ന് പിരിവിടുക്കാതെയാണ് ഈ പ്രതിമാ നിർമ്മാണം എന്ന് സി പി ഐ നേതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. അത്രയും ആശ്വാസം. അച്യുതമേനോൻ്റെ സംഭാവനകൾ  തമസ്ക്കരിക്കുന്നതിനെതിരെയാണ് പുതിയ പ്രതിമ സ്ഥാപിക്കുന്നത് എന്നാണ്  അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ പറയുന്നത്. അങ്ങനെ തമസ്ക്കരിക്കപ്പെട്ട, അല്ലെങ്കിൽ തമസ്ക്കരിക്കാൻ സാധിക്കുന്ന വ്യക്തിയാണോ അച്യുത മേനോൻ? അരനൂറ്റാണ്ട് കാലത്തെ കേരളത്തിൻ്റെ വികസനത്തെ കുറിച്ച് ആര് എന്ത് ലേഖനം എവിടെയെഴുതിയാലും അര വാക്കെങ്കിലും  അച്യുതമേനോനെ കുറിച്ച്  എഴുതാതെ, ചേലാട്ട് അച്യുതമേനോൻ്റെ ഒരു ഫോട്ടോയെങ്കിലും അച്ചടിക്കാതെ ആ ലേഖനം സത്യസന്ധമാവില്ലെന്നും, ലേഖനം   പൂർണമാവില്ലെന്ന് ഈ ഭൂമി മലയാളത്തിൽ എല്ലാവർക്കും അറിയാം. അങ്ങനെയിരിക്കെ അച്യുതമേനോനെ ഓർമ്മിക്കാൻ ഒരു പ്രതിമ വേണോ? രാഷ്ട്രീയക്കളിക്കായി വീടിനെക്കാൾ വലിയ പടിപ്പുര കെട്ടണോ?

logo
The Fourth
www.thefourthnews.in