ഇഎംഎസ് ഇല്ലാതെ കാല്‍ നൂറ്റാണ്ട്

ഇഎംഎസ് ഇല്ലാതെ കാല്‍ നൂറ്റാണ്ട്

മലയാളിയുടെ പൊതുജീവിതത്തിന്റെ സജീവതയെ ഇഎംഎസിന്റെ അഭാവം മന്ദീഭവിപ്പിച്ചപ്പോള്‍ സിപിഎമ്മിനെ ആ തിരോധാനം അക്ഷരാര്‍ത്ഥത്തില്‍ ദരിദ്രമാക്കി
Updated on
7 min read

ആറ് പതിറ്റാണ്ടിലേറെ നീളുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ ചരിത്രത്തെ നമുക്ക് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാലഘട്ടത്തെ ആസ്പദമാക്കി രണ്ടാക്കി തിരിക്കാം. ഇഎംഎസ് എന്ന ത്ര്യക്ഷരിയുടെ തണലില്‍ പാര്‍ട്ടി ചലിച്ചിരുന്ന, രൂപീകരണം മുതല്‍ 1998 വരെ നീളുന്ന നാലരപ്പതിറ്റാണ്ട് കാലം. തുടര്‍ന്ന് ഇ എം എസ് അരങ്ങൊഴിഞ്ഞ ശേഷമുള്ള രണ്ടരപ്പതിറ്റാണ്ട് കാലം.

ഒരു നൂറ്റാണ്ടിലേറെ കാലത്തെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടുന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ ചരിത്രത്തെ, കേവലം ഒരു നേതാവിന്റെ സംഭാവനകളെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലഘട്ടത്തെയും മാത്രം അടിസ്ഥാനമാക്കി വിഭജിക്കുന്നതോ ചുരുക്കുന്നതോ സമീകരിക്കുന്നതോ ശരിയാണോയെന്ന സംശയം ന്യായമായും ഉയര്‍ന്ന് വരാം. വ്യക്തികള്‍ക്ക് പകരം സമൂഹത്തിന് പരമപ്രാധാന്യം നല്‍കുന്ന പ്രത്യയശാസ്ത്രമായ കമ്മ്യൂണിസ്റ്റ് ആശയത്തെ അടിസ്ഥാന പ്രമാണമായി അംഗീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

ഇഎംഎസ് ഇല്ലാതെ കാല്‍ നൂറ്റാണ്ട്
മാർക്സിസത്തിന്റെ ശങ്കര ഭാഷ്യം

ലോകത്തെമ്പാടുമുള്ള ഏതാണ്ട് എല്ലാ കമ്മ്യൂണിസ്റ്റ് പാട്ടികളുടെയും കാര്യത്തില്‍ പ്രത്യയ ശാസ്ത്രവും പ്രയോഗവും തമ്മിലുള്ള ഈ വൈരുദ്ധ്യം മുഴച്ച് നില്‍ക്കുന്നുണ്ട്

എന്നാല്‍ ലോകത്തെമ്പാടുമുള്ള ഏതാണ്ട് എല്ലാ കമ്മ്യൂണിസ്റ്റ് പാട്ടികളുടെയും കാര്യത്തില്‍ പ്രത്യയ ശാസ്ത്രവും പ്രയോഗവും തമ്മിലുള്ള ഈ വൈരുദ്ധ്യം മുഴച്ച് നില്‍ക്കുന്നുണ്ട്. ജനാധിപത്യ കേന്ദ്രീകരണം, കൂട്ടായ നേതൃത്വം എന്നീ സംജ്ഞകള്‍ക്ക് സിദ്ധാന്തപരവും രാഷ്ട്രീയപരവുമായ പ്രാധാന്യം മാത്രമേയുള്ളൂവെങ്കിലും അതാതുകാലത്ത് പാര്‍ട്ടിയില്‍ മേധാവിത്വം കൈവരിച്ച്, നായകസ്ഥാനം അലങ്കരിക്കുന്ന നേതാവാണ് പാര്‍ട്ടിയുടെ അവസാനവാക്കെന്നുമുള്ള യാഥാര്‍ഥ്യത്തെ ഇവര്‍ക്ക് ആര്‍ക്കെങ്കിലും വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഇഎംഎസ് ഇല്ലാതെ കാല്‍ നൂറ്റാണ്ട്
ചരിത്രവഴികളിലെ സഖാവ്; ഇഎംഎസ് ഇല്ലാതെ കാൽനൂറ്റാണ്ട്

മലയാളിയുടെ പൊതുജീവിതത്തിന്റെ സജീവതയെ ആ അഭാവം മന്ദീഭവിപ്പിച്ചപ്പോള്‍ ആ തിരോധാനം സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ദരിദ്രമാക്കിയെന്നതാണ് സത്യം

സിപിഎമ്മിനെ ദരിദ്രമാക്കിയ അഭാവം

ഇ എം എസിന്റെ അഭാവം കേരളീയ പൊതുസമൂഹത്തില്‍ വിശേഷിച്ച് സംസ്ഥാന സിപിഎമ്മില്‍ എന്തുമാറ്റമുണ്ടാക്കിയെന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. മലയാളിയുടെ പൊതുജീവിതത്തിന്റെ സജീവതയെ ആ അഭാവം മന്ദീഭവിപ്പിച്ചപ്പോള്‍ ആ തിരോധാനം സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ദരിദ്രമാക്കിയെന്നതാണ് സത്യം. കാലക്രമത്തില്‍ എല്ലാ പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന അപചയവും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നുമുള്ള വ്യതിയാനവും ഇഎംഎസിന്റെ കാലത്തും സിപിഎമ്മില്‍ പ്രകടമായിരുന്നു. എന്നാല്‍ ഇഎംഎസിന് ശേഷം ഇത്തരം പ്രവണതകള്‍ കൂടുതല്‍ ശക്തമാകുകയും ഗതിവേഗം കൈവരിക്കുകയും ചെയ്തു. അത്തരമൊരു മാറ്റത്തിന്റെ സ്വാഭാവിക പരിണതിയാണ് സിപിഎമ്മിനെ ഇന്ന് വേട്ടയാടുന്നത്.

ഇഎംഎസ് ജീവിച്ചിരുന്ന കാലത്ത് പ്രത്യയശാസ്ത്ര പ്രശ്നങ്ങളില്‍ മാത്രമല്ല സംഘടനാപ്രശ്നങ്ങളിലും അഴിമതി, സ്വജനപക്ഷപാതം തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളെ സാധാരണ ഗ്രസിക്കുന്ന നൈതിക പ്രശ്നങ്ങളിലും പാര്‍ട്ടിക്കുള്ളിലെ അവസാന വാക്കായിരുന്നു അദ്ദേഹം. സിപിഎം നേതൃത്വം ഇത്തരം വ്യതിയാനങ്ങള്‍ക്ക് വഴിപ്പെടുന്നതായി പരാതി ഉയര്‍ന്ന ഘട്ടങ്ങളിലെല്ലാം ഇ എം എസിന്റെ നേതൃത്വത്തില്‍ തിരുത്തലുകള്‍ക്ക് ശ്രമങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു സര്‍വ സമ്മതനായ വ്യാഖ്യാതാവിന്റെയും രക്ഷകര്‍ത്താവിന്റെയും അഭാവമാണ് സിപിഎമ്മിന്റെ അഭ്യന്തര രാഷ്ട്രീയത്തില്‍ ഇന്ന് നിഴലിക്കുന്നത്.

ജീവിച്ചിരുന്ന കാലത്ത് പ്രത്യയശാസ്ത്ര പ്രശ്നങ്ങളില്‍ മാത്രമല്ല സംഘടനാ പ്രശ്നങ്ങളിലും അഴിമതി, സ്വജനപക്ഷപാതം തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളെ സാധാരണ ഗ്രസിക്കുന്ന നൈതിക പ്രശ്നങ്ങളിലും പാര്‍ട്ടിക്കുള്ളിലെ അവസാന വാക്കായിരുന്നു അദ്ദേഹം

താര്‍ക്കികന്മാര്‍ക്കിടയിലെ മാര്‍ക്സിസ്റ്റും മാര്‍ക്സിസ്റ്റുകള്‍ക്കിടയിലെ താര്‍ക്കികനുമായിരുന്നു ഇ എം എസ് എന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. കുട്ടിക്കാലത്ത് വര്‍ഷങ്ങള്‍ നീണ്ട വേദാധ്യയനത്തിലൂടെ സ്വായത്തമാക്കിയ സംവാദ മികവ് പാര്‍ട്ടിക്കുള്ളിലും പൊതു രാഷ്ട്രീയമണ്ഡലത്തിലും വിജയകരമായി പ്രയോഗിക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു. തര്‍ക്കിച്ച് ജയിക്കുക അഥവാ യുക്തി കൊണ്ട് ജയിക്കുകയെന്ന അദ്ദേഹത്തിന്റെ ശൈലി അക്കാലത്ത് കാര്യമായി വിമര്‍ശിക്കപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് ഉള്ളടക്കത്തിന്റെ അപര്യാപ്തതയുടെ പേരില്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

ഇ എം എസിന്റെ മരണത്തോടെ മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിന്റെ അടിത്തറയായിരുന്ന ഈടുറ്റ ആശയ സംവാദങ്ങള്‍ക്കും രാഷ്ട്രീയ സംവാദങ്ങള്‍ക്കും കൂടിയാണ് തിരശ്ശീല വീണത്. ഇ എം എസിന് ശേഷം സംവാദങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിമാറിയെന്നതാണ് സത്യം. മുഖ്യ വ്യവഹാരമേഖലയായ രാഷ്ട്രീയത്തിന് പുറമേ അദ്ദേഹം പല ധൈഷണിക മണ്ഡലങ്ങളിലും ഇടപെട്ടിരുന്നുവെങ്കിലും ചരിത്ര രചനയിലും സാഹിത്യമേഖലയിലും പത്രപ്രവര്‍ത്തന മേഖലയിലും നല്‍കിയ സംഭാവനകള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.

കല കലയ്ക്ക് വേണ്ടി മാത്രമോ?

മാര്‍ക്സിസ്റ്റ് ചരിത്രരചനാ രീതി അവലംബിച്ച് നടത്തിയ ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രരചനയും കേരള ചരിത്രരചനയും വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് വിധേയമായി. വായനക്കാരുടെയും അക്കാദമിക് സമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റിയ പുസ്തകങ്ങള്‍ക്ക് പുറമേ എണ്ണമറ്റ ലേഖനങ്ങളും കുറിപ്പുകളും അദ്ദേഹത്തിന്റേതായി ദിനപ്പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലെ ഇത്രമാത്രം എഴുതിക്കൂട്ടിയ മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്.

ഇ എം എസിന്റെ രചനകളുടെ ഒരു സമാഹൃത പതിപ്പ് പുറത്തിറക്കിയാല്‍ അതിന് കുറഞ്ഞത് നൂറു വാല്യങ്ങളെങ്കിലും ഉണ്ടാകുമന്നാണ് ഒരു കണക്കുകൂട്ടല്‍. എന്നാല്‍ ഇത്ര സര്‍വതല സ്പര്‍ശിയായ രചനകളിലൊന്നും അയ്യന്‍കാളി അടക്കമുള്ള സമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പങ്ക് കാര്യമായി വിലയിരുത്തപ്പെട്ടില്ലെന്ന വിമര്‍ശനം ഇന്ന് സജീവമാണ്. ഇത് ഇ എം എസിന്റെ ചരിത്ര വീക്ഷണത്തിന്റെയും സാമൂഹ്യ നിരീക്ഷണത്തിന്റെയും ബലഹീനതയായി എടുത്തുകാട്ടപ്പെടുന്നുമുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് സിപിഎമ്മിന്റെയും മുഖപത്രമായി മാറിയ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായി പ്രവര്‍ത്തിക്കുമ്പോഴും മറ്റ് പ്രമുഖ മലയാളദിന പത്രങ്ങളിലെയും ഇംഗ്ലീഷ് ആനുകാലികങ്ങളിലെയും 'കോളമിസ്റ്റു' മായിരുന്നു അദ്ദേഹം. സാഹിത്യരംഗത്ത് പുരോഗമന കലാ സാഹിത്യ സംഘത്തെ ഉപയോഗിച്ച് നടത്തിയ ധിഷണാപരമായ പ്രവര്‍ത്തനങ്ങള്‍ ബൗദ്ധിക മേഖലയെ ജീവസുറ്റതാക്കി നിലനിര്‍ത്തിയെന്നതില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.

പുരോഗമന കലാസാഹിത്യ സംഘമെന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള സാഹിത്യകാരന്മാരുടെ സംഘടനയിലേക്ക് പ്രശസ്തകവി വൈലോപ്പിള്ളി, പ്രമുഖ തത്വചിന്തകനും സാഹിത്യ വിമര്‍ശകനുമായ പ്രൊഫ. എം എന്‍ വിജയന്‍ തുടങ്ങിയവരെ ആകര്‍ഷിക്കുന്നതിലും ഇ എം എസിന്റെ ധിഷണയ്ക്ക് വലിയ പങ്കുണ്ട്. കല കലയ്ക്ക് വേണ്ടിയോ കല ജീവിതത്തിന് വേണ്ടിയോ എന്നതിനെച്ചൊല്ലിയും ഒരു കലാസൃഷ്ടിയെ സംബന്ധിച്ചിടത്തോളം പുരോഗമനപരമായ ഉള്ളടക്കമാണോ കലാപരമായ രൂപഭദ്രതയോണോ മുഖ്യമെന്നതിനെച്ചൊല്ലിയും ഇ എം എസ് ഒരുഭാഗത്തും പ്രമുഖ സാഹിത്യ വിമര്‍ശകരായ കുട്ടികൃഷ്ണമാരാര്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്നിവരടക്കമുള്ള പ്രമുഖ സാഹിത്യകാരന്‍മാര്‍ മറുഭാഗത്തുമായി അരങ്ങേറിയ സംവാദങ്ങളും ചര്‍ച്ചകളും സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഇന്നും ചിന്താവിഷയമാണ്.

ഇ എം എസിന് ശേഷവും സിപിഎമ്മിന് പ്രത്യയശാസ്ത്രപരമോ സംഘടനാപരമോ ആയ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെങ്കിലും പാര്‍ട്ടിയുടെ സമീപനങ്ങളിലും കാഴ്ച്ചപ്പാടുകളിലും സ്വഭാവത്തിലും പ്രവര്‍ത്തന രീതികളിലും അടിമുടി മാറ്റം ദൃശ്യമാണ്

അടിമുടി മാറിയ വികസന സങ്കല്‍പം

ഇ എം എസിന് ശേഷവും സിപിഎമ്മിന് പ്രത്യയശാസ്ത്രപരമോ സംഘടനാപരമോ ആയ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെങ്കിലും പാര്‍ട്ടിയുടെ സമീപനങ്ങളിലും കാഴ്ച്ചപ്പാടുകളിലും സ്വഭാവത്തിലും പ്രവര്‍ത്തന രീതികളിലും അടിമുടി മാറ്റം ദൃശ്യമാണ്. പാര്‍ട്ടിയുടെ വികസന സങ്കല്പത്തിലുണ്ടായ മാറ്റം സമൂഹത്തിലും ദൂരവ്യാപകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഭൂവിനിയോഗം, ആരോഗ്യമേഖല, ചില്ലറ വിൽപന മേഖല, വന്‍കിട കോര്‍പ്പറേറ്റുകളോടുള്ള സമീപനം തുടങ്ങിയവയിലെല്ലാമുണ്ടായ മാറ്റം സിപിഎം നേതൃത്വം കൊടുക്കുന്ന സംസ്ഥാന ഭരണത്തിലും ദൃശ്യമാണ്.

ബഹുരാഷ്ട്ര കുത്തകളുടെ സഹായത്തോടെ മാത്രമേ വികസന പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും ഇന്നത്തെ സാഹചര്യത്തില്‍ സാദ്ധ്യമാകൂ എന്ന നിലപാട് സിപിഎം ഏതാണ്ട് പൂര്‍ണമായി സ്വീകരിച്ച മട്ടാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അവശേഷിച്ചിരുന്ന എതിര്‍ ശബ്ദങ്ങളും കെട്ടടങ്ങിയതോടെ ദീര്‍ഘകാലം സിപിഎമ്മിനെ മഥിച്ച ഒരു ആശയഭിന്നതയ്ക്ക് കൂടിയാണ് ശമനമായത്. പാര്‍ട്ടി നേതാക്കളുടെ പേരില്‍ സാമ്പത്തികരോപണങ്ങളും സംഘടനാപരമായ അച്ചടക്കലംഘനങ്ങളും മുന്‍പും ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും അവ നീതിപൂര്‍വകമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം പാര്‍ട്ടിക്കുള്ളിലുണ്ടെന്ന ഒരു പ്രതീതി അന്ന് സൃഷ്ടിക്കപ്പെട്ടിരുന്നു. കൂട്ടായ നേതൃത്വമെന്നത് അതിന്റെ കൃത്യമായ അര്‍ത്ഥത്തില്‍ നിലനിന്നിരുന്നു എന്ന് പറയാനാകില്ലെങ്കിലും ഇന്നത്തെ പോലെ എല്ലാ അധികാരവും ഒരു നേതാവില്‍ കേന്ദ്രീകരിക്കുന്ന സ്ഥിതി ഇ എം എസിന്റെ കാലത്ത് എന്തായാലും സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല.

കൂട്ടായ നേതൃത്വമെന്നത് അതിന്റെ കൃത്യമായ അര്‍ത്ഥത്തില്‍ നിലനിന്നിരുന്നു എന്ന് പറയാനാകില്ലെങ്കിലും ഇന്നത്തെ പോലെ എല്ലാ അധികാരവും ഒരു നേതാവില്‍ കേന്ദ്രീകരിക്കുന്ന സ്ഥിതി ഇഎംഎസിന്റെ കാലത്ത് എന്തായാലും സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല

പാര്‍ട്ടിയ്ക്ക് രാഷ്ട്രീയ മാര്‍ഗദര്‍ശനവും പ്രത്യയശാസ്ത്ര വ്യക്തതയും നല്‍കുന്ന സൈദ്ധാന്തികനെന്ന പ്രതിച്ഛായയ്ക്ക് പുറമേ തന്ത്രപരമായ നീക്കങ്ങളിലൂടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സമ്മാനിക്കുന്ന നേതാവെന്ന നിലയിലുള്ള സ്വീകാര്യതയും കൈമുതലായുണ്ടായിരുന്നിട്ടും എല്ലാ അധികാരവും തന്നില്‍ കേന്ദ്രീകരിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഇന്ന് സിപിഎം അഭിമുഖീകരിക്കുന്ന മട്ടിലുള്ള പ്രശ്നങ്ങളൊന്നും അതേ ആഴത്തിലും വ്യാപ്തിയിലും അന്ന് സിപിഎമ്മിനെ ഗ്രസിച്ചിരുന്നില്ലെങ്കിലും ഇടക്കാലത്ത് തങ്ങള്‍ അമര്‍ച്ച ചെയ്തതായി നേതൃത്വം അവകാശപ്പെടുകയും എന്നാല്‍ ഇന്ന് വീണ്ടും പ്രകടമാകുകയും ചെയ്യുന്ന വിഭാഗീയതയുടെ വിത്തുകള്‍ ഇ എം എസിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് തന്നെ പാര്‍ട്ടിയില്‍ മുളച്ച് തുടങ്ങിയിരുന്നുവെന്നത് വിസ്മരിക്കാനാവില്ല.

ഇഎംഎസ് പിന്തുണച്ചത് സുശീലാ ഗോപാലനെ

പാര്‍ട്ടി അച്ചടക്കം പൂര്‍ണമായി പാലിക്കുകയും പാര്‍ട്ടിയോടുള്ള തന്റെ വിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ പാര്‍ട്ടിയെ താന്‍ നിശ്ചയിച്ച വഴിയിലൂടെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ആദ്യഘട്ടങ്ങളില്‍ വിജയിച്ചിരുന്ന ഇ എം എസ്, തൊണ്ണൂറുകളുടെ തുടക്കം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തി പ്രാപിച്ച വിഭാഗീയതയ്ക്ക് മുന്നില്‍ മൂകസാക്ഷിയായി മാറുകയായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മാറ്റി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹത്തിന് പാര്‍ട്ടിയിലെ വിഭാഗീയതയുടേയും പടലപ്പിണക്കത്തിന്റെയും കുത്തൊഴുക്കിനു മുന്നില്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമേ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളു.

1987ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാരിന്റെ അവസാന പാദത്തില്‍ ആരംഭിച്ച, ദീര്‍ഘകാലം സംഘടനാരംഗത്ത് നിന്ന നേതാക്കളെ പാര്‍ലമെന്ററി രംഗത്തേക്കും പാര്‍ലമെന്ററി രംഗത്ത് തുടര്‍ച്ചയായി നില്‍ക്കുന്ന വരെ സംഘടനാരംഗത്തേക്കും കൊണ്ടുവരാനുള്ള ആലോചന നേതാക്കള്‍ക്കിടയില്‍ കിടമത്സരമായും ചേരിപ്പോരായും പരിണമിക്കുകയായിരുന്നു. വിഭാഗീയതയുടെ ആദ്യഘട്ടങ്ങളില്‍ ഇ ബാലാനന്ദന്റെ നേതൃത്വത്തിലുള്ള സിഐടിയു ലോബിയ്ക്കൊപ്പം നിലയുറപ്പിച്ച ഇ എം എസിന്റെ നിലപാടിനെക്കൂടി തള്ളിക്കളഞ്ഞാണ് 1996ല്‍ ഇ കെ നായനാരെ മൂന്നാം വട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായി സിപിഎം സംസ്ഥാന സമിതി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിശ്ചയിച്ചത്. മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി അന്ന് സംസ്ഥാന സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ സുശീലാ ഗോപാലനെയായിരുന്നു ഇഎംഎസ് പിന്തുണച്ചിരുന്നത്. അന്ന് സുശീലാ ഗോപാലന്‍ മുഖ്യമന്ത്രിയായിരുന്നുവെങ്കില്‍ സിപിഎമ്മിന്റെ പിന്നീടുള്ള ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് കരുതുന്ന നേതാക്കള്‍ സിപിഎം നേതൃത്വത്തില്‍ ഇന്നും ഒട്ടേറെയുണ്ട്.

സൈബര്‍ സഖാക്കളുടെ വികൃത അനുകരണം

സംസ്ഥാന രാഷ്ട്രീയത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ മാത്രമല്ല ദേശീയ-സാര്‍വ ദേശീയ രംഗങ്ങളിലെ ചലനങ്ങള്‍ പോലും കേരളത്തില്‍ സിപിഎമ്മിന് അനുകൂലമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവും തന്ത്രജ്ഞതയും പലകുറി തെളിയിക്കപ്പെട്ടതാണ്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും തുടര്‍ന്ന് ഇറാഖിനെതിരെ അമേരിക്ക ആരംഭിച്ച യുദ്ധവും വരെ അദ്ദേഹം കേരളത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിഷയമാക്കി. ഞങ്ങള്‍ സദ്ദാമിനൊപ്പം എന്ന ഇ എം എസിന്റെ പ്രഖ്യാപനമാണ് ആ തിരഞ്ഞെടുപ്പില്‍ ഇടതുമുണിക്ക് അത്ഭുത വിജയം സമ്മാനിച്ചതെന്ന വിലയിരുത്തല്‍ അന്നുണ്ടായെങ്കിലും പിന്നീട് അത് ന്യൂനപക്ഷപ്രീണന തന്ത്രമാണെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നു.

ജനങ്ങളുടെ ശ്രദ്ധയും പരിഗണനയും സ്നേഹവും നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് വിവിധ വിഷയങ്ങളിലുള്ള അവഗാഹവും പാണ്ഡിത്യവും കൊണ്ട് മാത്രമായിരുന്നില്ല, മറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ അതി സാധാരണക്കാരനായുള്ള അദ്ദേഹത്തിന്റെ തുറന്ന ജീവിതം കൊണ്ടു കൂടിയായിരുന്നു

ഏത് വിഷയവും വ്യാഖ്യാനിച്ച് തനിയ്ക്കും തന്റെ പാര്‍ട്ടിക്കും അനുകൂലമാക്കാന്‍ ഇ എം എസ് പ്രയോഗിച്ചിരുന്ന അടവുകളുടെ വികൃതമായ അനുകരണവും ആവര്‍ത്തനവുമാണ് ഇന്ന് സൈബര്‍ സഖാക്കള്‍ 'കാപ്സ്യൂളുകളുടേയും' മറ്റും രൂപത്തില്‍ നടത്തുന്നത്. അത്യുജ്ജ്വലനായ വാഗ്മിയോ പ്രഭാഷകനോ അല്ലാതിരുന്നിട്ടും ജനങ്ങളുടെ ശ്രദ്ധയും പരിഗണനയും സ്നേഹവും നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് വിവിധ വിഷയങ്ങളിലുള്ള അവഗാഹവും പാണ്ഡിത്യവും കൊണ്ട് മാത്രമായിരുന്നില്ല, മറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ അതി സാധാരണക്കാരനായുള്ള അദ്ദേഹത്തിന്റെ തുറന്ന ജീവിതം കൊണ്ട് കൂടിയായിരുന്നു. മഹാത്മാഗാന്ധിയെ പോലും വിമര്‍ശനാത്മകമായി വിലയിരുത്താന്‍ ഒരുമ്പെട്ട അദ്ദേഹം പ്രത്യയശാസ്ത്രപരമായി ഗാന്ധിയനായിരുന്നില്ലെങ്കിലും ലളിത ജീവിതത്തിന്റെയും പൊതു ജീവിതത്തിലെ സത്യസന്ധതയുടെയും കാര്യത്തിലെങ്കിലും ഗാന്ധിജിയുടെ അനുയായിയായിരുന്നുവെന്ന് തന്നെ കരുതണം.

മലബാറിലെ ഏറ്റവും സമ്പവും അഭിജാതവുമായ ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച് ആധുനിക വിദ്യാഭ്യാസം നേടിയ അദ്ദേഹം താന്‍ ജനിച്ച സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരായ പരിഷ്‌കരണശ്രമങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശമെങ്കിലും തുടര്‍ന്ന് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ഇ എം എസ് പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബീജാവാപം മുതലിങ്ങോട്ടുള്ള ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായി, പലതിലും നായകസ്ഥാനത്തോ പ്രതിനായകസ്ഥാനത്തോ പ്രതിഷ്ഠിക്കപ്പെട്ടു.

പ്രാഥമികമായി രാഷ്ട്രീയ പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നുവെങ്കിലും അത്തരം ഏതെങ്കിലുമൊരു കള്ളിയില്‍ മാത്രം ഉള്‍പ്പെടുത്തി വിലയിരുത്താന്‍ കഴിയുന്നതല്ല ആ ജീവിതം. അലംഘനീയവും അണുവിട മാറ്റം വരുത്താത്തുമായ ചിന്തകള്‍ കൊണ്ടും ജീവിത നിഷ്ഠകള്‍കൊണ്ടും ബാഹ്യമായി അടയാളപ്പെടുത്തപ്പെട്ടുവെങ്കിലും കോളിളക്കങ്ങളും പ്രതിബന്ധങ്ങളും ത്യാഗങ്ങളും സഹനങ്ങളും ഒളിവ് ജീവിതവും ജയില്‍വാസവുമെല്ലാം ഇ എം എസിന്റെ ജീവിതത്തെ അക്കാലത്തെ മറ്റേതൊരു വിപ്ലവകാരിയുടേയും ജീവിതത്തിന് സമാനമാക്കി.

വികസനത്തിന് അടിത്തറ പാകി

1950കളുടെ തുടക്കത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലെത്തിയ ഇ എം എസ് 1957ല്‍ ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. ബാലറ്റ് പേപ്പറിലൂടെ ആദ്യമായി അധികാരത്തിലേറിയ 'കമ്മ്യൂണിസ്റ്റ് ഭരണാധികാരി'യായി പലപ്പോഴും വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നീണ്ട നിഴലിലായിരുന്നു തുടര്‍ന്നുള്ള കാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കേരളത്തിന്റെ പൊതു രാഷ്ട്രീയത്തിന്റെയും ചലനമെന്ന് വിലയിരുത്തിയാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. കേരള മുഖ്യമന്ത്രിയായുള്ള തന്റെ ആദ്യ ഊഴം അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗം കാരണം പൂര്‍ത്തിയാക്കാനായില്ലെങ്കിലും കേരള വികസനം സംബന്ധിച്ച് സമഗ്രമായ ഒരു കാഴ്ച്ചപ്പാട് മുന്നോട്ട് വയ്ക്കാന്‍ 1957ലെ ഇ എം എസ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് വസ്തുതയാണ്.

ഭരണാധികാരിയെന്ന നിലയില്‍ ഇ എം എസിനെയും അന്നത്തെ സര്‍ക്കാരിനെയും അടയാളപ്പെടുത്തിയ ഭരണ നടപടികളായിരുന്നു വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്‌കരണ ബില്ലും മറ്റും. ആ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന കെ ആര്‍ ഗൗരിയമ്മയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും സി അച്യുതമേനോനും വി ആര്‍ കൃഷ്ണയ്യരും ടി വി തോമസുമെല്ലാം തങ്ങളുടെ ഭരണനൈപുണ്യം കൊണ്ട് ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരാണ്. ഇത്തരം ഭരണ നടപടികളുടെ മേന്മ മന്ത്രിമാര്‍ക്ക് പുറമെ അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായര്‍, എ കെ ഗോപാലന്‍, എസ് കുമാരന്‍, സി എച്ച് കണാരന്‍ എന്നിവരടങ്ങുന്ന പാര്‍ട്ടി നേതൃത്വത്തിനും കൂടി അവകാശപ്പെട്ടതാണ്.

'അക്കാലത്തെ' കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്രയായിരുന്ന സാമ്രാജ്യത്വ വിരുദ്ധ-മുതലാളിത്ത വിരുദ്ധ നിലപാടുകള്‍ മറയില്ലാതെ പ്രകടിപ്പിച്ച സര്‍ക്കാരായിരുന്നു ആദ്യ ഇ എം എസ് സര്‍ക്കാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ളതാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ പരിമിതിയെക്കുറിച്ച് ജനങ്ങളെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ട് ഭരണമാരംഭിച്ച ഇ എം എസ് അടിസ്ഥാനപരമായ സാമൂഹ്യമാറ്റങ്ങള്‍ക്ക് ശ്രമിച്ചുവെന്നത് കാണാതിരിക്കാനാവില്ല.

1996ലെ നായനാര്‍ സര്‍ക്കാര്‍ വികേന്ദ്രീകൃത ആസൂത്രണമെന്ന ലക്ഷ്യത്തോടെ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോള്‍ അതിന്റെ മാര്‍ഗ്ഗദര്‍ശിയായി പ്രവര്‍ത്തിച്ചതും ഇ എം എസ് ആയിരുന്നു

1957ന് ശേഷം അധികാരത്തില്‍ വന്ന സിപിഎമ്മിന്റെയും സിപിഐയുടേയും മുഖ്യമന്ത്രിമാരും സര്‍ക്കാരുകളും തങ്ങളുടെ വഴികാട്ടിയായി എന്നും എടുത്ത് കാട്ടിയിരുന്നതും 57ലെ ഇ എം എസ് സര്‍ക്കാരിനെ ആയിരുന്നു. 1996ലെ നായനാര്‍ സര്‍ക്കാര്‍ വികേന്ദ്രീകൃത ആസൂത്രണമെന്ന ലക്ഷ്യത്തോടെ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോള്‍ അതിന്റെ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ചതും ഇ എം എസ് ആയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആസൂത്രണ പ്രക്രിയ എങ്ങനെയായിരിക്കണമെന്ന ചട്ടക്കൂട് തയ്യാറാക്കാന്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു രൂപീകരിച്ച ബല്‍വന്ത് റായ് മേത്താ കമ്മീഷനിലും തുടര്‍ന്ന് നിലവില്‍ വന്ന ഡോ. അശോക് മേത്താ കമ്മീഷനിലും അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചതിലൂടെ ആര്‍ജ്ജിച്ച അറിവും പരിചയവുമാണ് രാജ്യത്തിന് തന്നെ നൂതന അനുഭവമായ ആസൂത്രണ പരീക്ഷണത്തിന് ചുക്കാന്‍ പിടിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

logo
The Fourth
www.thefourthnews.in