എ എം കറുപ്പന്‍
എ എം കറുപ്പന്‍

കൊതുക് ആജന്മ ശത്രു, കൊതുക് നിര്‍മാർജനം ജീവിത ലക്ഷ്യം; എ എം കറപ്പന്‍ വിടവാങ്ങുമ്പോള്‍

കൊതുക് നിര്‍മാർജ്ജനം ജീവിത ലക്ഷ്യമാക്കിയ പൊതുപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്തരിച്ച എ എം കറപ്പന്‍
Updated on
3 min read

കൊതുകിനെതിരായ പോരാട്ടം ജീവിത വ്രതമാക്കി മാറ്റിയ ഒരാള്‍; കൊതുകു നിര്‍മാര്‍ജനത്തിനായി ജീവിതം തന്നെ നീക്കി വെച്ച പോരാളി. രാഷ്ട്രീയ നേതാവും, തടി വ്യാപാരിയും , തൊഴിലാളി സംഘാടകനുമായിരുന്ന എ എം കറപ്പനെ പക്ഷേ ശ്രദ്ധേയനാക്കിയത് കൊതുക് നിര്‍മാര്‍ജനത്തിനായി ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികളാണ്. നിരന്തര ബോധവത്കരണ പരിപാടികളിലൂടെ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാന്‍ കറപ്പന് കഴിഞ്ഞു.

മനുഷ്യന്റെ എക്കാലത്തെയും വലിയ ശത്രുവായ കൊതുകിനെതിരെ ജീവിതാവസാനം വരെ പോരാടുക, കൊതുക് നിര്‍മ്മാര്‍ജ്ജനത്തിനായി സമ്മേളനം വിളിച്ചു ചേര്‍ക്കുക, കേട്ടാല്‍ തമാശയെന്ന് തോന്നുമെങ്കിലും അധികാരി മണമ്മല്‍ കറുപ്പന്റെ ജീവിതം ഇങ്ങനെയൊക്ക ആയിരുന്നു. കൊതുകുകള്‍ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന തോന്നലില്‍ നിന്നാണ് അവയെ ഉന്മൂലനം ചെയ്യണമെന്ന ചിന്ത ഉടലെടുത്തതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇതിനായി കോഴിക്കോട് കേന്ദ്രീകരിച്ച് കൊതുക് നിര്‍മ്മാര്‍ജ്ജന സമിതി രൂപീകരിച്ചു.

ബോധവത്കരണ പരിപാടികള്‍ക്ക് വേണ്ട ലക്ഷക്കണക്കിന് രൂപ സ്വന്തം കയ്യില്‍ നിന്നാണ് കറപ്പന്‍ ചെലവഴിച്ചത്.

സൈക്കിള്‍ റിക്ഷകള്‍ വാടകക്ക് എടുത്തും, ഓട്ടോറിക്ഷയിലും ജീപ്പിലുമെല്ലാം മൈക്ക് സെറ്റുകളിലൂടെ നിരന്തര ബോധവത്കരണം. പോസ്റ്റര്‍, പ്ലക്കാര്‍ഡുകള്‍, തെരുവുനാടകങ്ങള്‍ തുടങ്ങി അത്യന്തം വ്യത്യസ്തമാര്‍ന്ന ക്യാംപെയ്‌നുകള്‍ അദ്ദേഹം നയിച്ചു. കോഴിക്കോടിന് പുറേത്തക്കും ക്യാംപെയ്‌നുകള്‍ എത്തി. ബോധവത്കരണ പരിപാടികള്‍ക്ക് വേണ്ട ലക്ഷക്കണക്കിന് രൂപ സ്വന്തം കയ്യില്‍ നിന്ന് തന്നെ ചെലവഴിച്ചു . കോഴിക്കോട്ടെ നഗരത്തില്‍ കൊതുകളുടെ ഈറ്റില്ലമാണ് കനോലി കനാലെന്ന് കണ്ടെത്തി കനാല്‍ നവീകരണത്തിനും കൊതുക് നിര്‍മാര്‍ജ്ജനത്തിനുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ അദ്ദേഹത്തിനു പിന്നില്‍ അണിചേരാന്‍ പ്രായഭേദമില്ലാതെ ആളുകള്‍ ഒഴുകിയെത്തി. കറപ്പന്‍ കിടപ്പിലാകുന്നത് വരെ കൊതുക് നിര്‍മാര്‍ജ്ജന സമിതി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

പൊതു പ്രവര്‍ത്തകനായിരുന്ന കറപ്പന്‍ തൊണ്ണൂറുകളിലാണ് കൊതുക് നിര്‍മാര്‍ജ്ജന രംഗത്തേക്ക് എത്തുന്നത്. ആദ്യകാലത്ത് തനിച്ചായിരുന്നു പ്രചാരണം. പിന്നീട് വാഹനം വാടകക്ക് എടുത്ത് രണ്ട് പേരെ പ്രചാരണ പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. 1998 ഏപ്രില്‍ 5 ന് കോഴിക്കോട് കൊതുക് വിരുദ്ധ സമ്മേളനം വിളിച്ചു ചേര്‍ത്ത് അവിടെ വച്ച് തിക്കോടിയനും കുഞ്ഞാണ്ടിയും രക്ഷാധികാരികളായി കൊതുക് നിര്‍മാർജ്ജന സമിതി രൂപീകരിക്കപ്പെട്ടു. സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു എ.എം കറപ്പന്‍. ദീര്‍ഘകാലം കറപ്പന്‍ സെക്രട്ടറിയായിരുന്ന ചക്കോരത്ത് കുളം ഐക്യ കേരളം വായനശാലയും കൊതുക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.

ചിക്കന്‍ ഗുനിയ, ഡെങ്കി അടക്കം ഇന്ന് പടര്‍ന്ന് പിടിക്കുന്ന കൊതുക് ജന്യ രോഗങ്ങളെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കറപ്പന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കൊതുക് നിര്‍മ്മാര്‍ജ്ജന സമിതിയുടെ ഭാരവാഹിയായ മധു ദ ഫോര്‍ത്തിനോട് പറഞ്ഞു

പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച് കൊതുകുകളെ ആകര്‍ഷിച്ച ശേഷം കൊതുക് ലാര്‍വ്വകളെയും മുട്ടകളെയും മണ്ണില്‍ ഒഴിച്ച് നശിപ്പിക്കുകയെന്ന ലളിതമായ രീതി അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. ചിക്കന്‍ ഗുനിയ, ഡെങ്കി അടക്കം ഇന്ന് പടര്‍ന്ന് പിടിക്കുന്ന കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കറപ്പന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കൊതുക് നിര്‍മ്മാര്‍ജ്ജന സമിതിയുടെ ഭാരവാഹിയായ മധു ദ ഫോര്‍ത്തിനോട് പറഞ്ഞു. കൊതുക് നിര്‍മാര്‍ജ്ജന രംഗത്ത് ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ കൊണ്ടു വരേണ്ടതിന്റെ ആവശ്യകത ഭരണകര്‍ത്താക്കളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്ന് അനുഭവങ്ങള്‍ മുന്‍നിര്‍ത്തി സഹ പ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു. കോഴിക്കോട് നഗരസഭയും ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു.

മലപ്പുറം സ്വദേശിയായ കറപ്പന്‍ തന്റെ ഒന്‍പതാം വയസ്സിലാണ് കോഴിക്കോട് എത്തുന്നത്.പതിനൊന്നാം വയസ്സില്‍ കല്ലായിയിലെ ചായക്കടയില്‍ ജോലിക്കാരനായി ജീവിതം തുടങ്ങി. തടിമില്ലിലെ തൊഴിലാളികളുമായുള്ള ചങ്ങാത്തം പിന്നീട് അദ്ദേഹത്തെ മില്‍ തൊഴിലാളിയാക്കി. തുടര്‍ന്ന് തൊഴിലാളി സംഘടനാ രംഗത്തും സജീവമായി. 1947 സെപ്തംബര്‍ 21 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ രൂപം കൊണ്ട കെ.എസ്.പിയില്‍ അംഗമായി.

മൈസൂര്‍ രാജാവിനെതിരെ മൈസൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് ആര്‍.എസ്.പിയില്‍ അംഗമായ അദ്ദേഹം 118 കൈവണ്ടിത്തൊഴിലാളികള്‍ വലിയങ്ങാടിയില്‍ നടത്തിയ സമരത്തിനും നേതൃത്വം വഹിച്ചു. ഈ സമരത്തിന് നേതൃത്വം വഹിച്ചതിനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിമോചന സമരത്തില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനത്തില്‍ പ്രതിഷേധിച്ച് 1958 സജീവ രാഷ്ട്രീയം ഉപേക്ഷിച്ച കറപ്പന്‍ പിന്നീട് തടി വ്യവസായ മേഖലയിലേക്ക് പ്രവേശിച്ചു.

ലിറ്റില്‍ ഹാര്‍ട്ട് സ്‌കൂള്‍ സ്ഥാപകന്‍, ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി വിവിധ പദവികളും വഹിച്ചിട്ടുണ്ട്. രാം ദാസ് വൈദ്യര്‍ക്ക് ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ ഇടപെടലുകള്‍ നടത്തിയ കണ്ണിയിലെ ഒരാള്‍ കൂടെയാണ് കറപ്പന്റെ നിര്യാണത്തോടെ നഷ്ടമാകുന്നത്.

logo
The Fourth
www.thefourthnews.in