എ ജി നൂറാനി: ഹിന്ദുത്വത്തെ പ്രതിരോധിച്ച പോരാളി

എ ജി നൂറാനി: ഹിന്ദുത്വത്തെ പ്രതിരോധിച്ച പോരാളി

ഇന്ത്യയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ സമയങ്ങളിൽ പ്രതിരോധ ശബ്ദമായി മുൻപന്തിയിലുണ്ടായിരുന്നവരിൽ പ്രമുഖനായിരുന്നു അദ്ദേഹം
Updated on
2 min read

ഇന്ത്യയുടെ ആത്മാവ് അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കാര്യകാരണസഹിതം നിരന്തരം വിളിച്ചുപറഞ്ഞിരുന്ന നിയമജ്ഞൻ, പണ്ഡിതൻ, ഗ്രന്ഥകാരൻ, എല്ലാത്തിലുമുപരി രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പോരാളികളിൽ ഒരാൾ. അതായിരുന്നു അബ്ദുൽ ഗഫൂർ മജീദ് നൂറാനി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണകൂടങ്ങൾ ഉൾപ്പെടെ നടത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾ, ഭരണഘടന വിരുദ്ധ മുന്നേറ്റങ്ങൾ എന്നിവയെല്ലാം തുറന്നുകാട്ടുന്നതിൽ പ്രധാനിയായിരുന്നു എ ജി നൂറാനി. ഇന്ത്യൻ ബൗദ്ധിക-നിയമജ്ഞ മേഖലയിലെ ഒരുയുഗാന്ത്യമാണ് നൂറാനിയുടെ വിയോഗം. ഇന്ത്യയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ സമയങ്ങളിൽ പ്രതിരോധ ശബ്ദമായി മുൻപന്തിയിലുണ്ടായിരുന്നവരിൽ പ്രമുഖനായിരുന്നു അദ്ദേഹം.

കാർക്കശ്യവും ഉൾക്കാഴ്ച നിറഞ്ഞതുമായ വിശകലനങ്ങളുമായിരുന്നു നൂറാനിയുടെ മുഖമുദ്ര. 'ആർഎസ്എസ് പോലൊരു ഭീകരസംഘടന' ഏതൊരു ജനാധിപത്യ രാജ്യത്തിനും ഭീഷണിയാണെന്ന് നൂറാനി നിസംശയം വിളിച്ചുപറഞ്ഞു. ആർ എസ് എസിന്റെ ഓരോ വാദങ്ങളെയും പ്രവർത്തനങ്ങളെയും ചരിത വസ്തുതകൾ നിരത്തി നൂറാനി എതിരിട്ടു.

എ ജി നൂറാനി: ഹിന്ദുത്വത്തെ പ്രതിരോധിച്ച പോരാളി
പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി അന്തരിച്ചു

ഹിന്ദുത്വമെന്ന അപകടത്തെ തരണം ചെയ്യാൻ സമൂഹമൊന്നടങ്കം ഉയർത്തെഴുന്നേൽക്കണമെന്ന ആഹ്വാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരസ്യവും പരോക്ഷവുമായ ഓരോ കടന്നുകയറ്റങ്ങളെയും തിരിച്ചറിയാൻ ഇന്ത്യൻ ജനതയെ പാകപ്പെടുത്തുക എന്ന രാഷ്ട്രീയ പ്രവർത്തനമായിരുന്നു 93 വർഷക്കാലത്തെ ജീവിതത്തിനിടെ അദ്ദേഹം നടത്തിയത്. 'ആർഎസ്എസ്: എ മെനെയ്‌സ് ടു ഇന്ത്യ' എന്ന പുസ്തകം അതിന്റെ ഉദാഹരണമാണ്.

ഇന്ത്യയുടെ നയതന്ത്ര ചരിത്രം, ജമ്മു കശ്മീർ പ്രശ്നം, ഇന്ത്യൻ ഭരണഘടന തുടങ്ങി പല വിഷയങ്ങളിലും ഒരു സഞ്ചരിക്കുന്ന സർവ്വവിജ്ഞാന കോശമെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ നൂറാനിയെ വിശേഷിപ്പിച്ചത്

കശ്മീർ വിഷയത്തിലും അവിടുത്തെ മനുഷ്യർക്കൊപ്പമായിരുന്നു നൂറാനി നിലകൊണ്ടത്. തൻ്റെ നീണ്ട അക്കാദമിക്, പത്രപ്രവർത്തന ജീവിതത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം അചഞ്ചലമായി അദ്ദേഹം നിന്നു. അതിനെകുറിച്ച് നിരന്തരം എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ കൃതികളിൽ ഉൾപ്പെടുന്നു: ദി കശ്മീർ ക്വസ്റ്റ്യന്‍, ആർട്ടിക്കിൾ 370: ജമ്മു കാശ്മീരിൻ്റെ ഭരണഘടനാ ചരിത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.

ഇന്ത്യൻ നിയമ-രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖനായ നൂറാനി 1930 സെപ്റ്റംബർ 16-ന് ബോംബെയിൽ (ഇപ്പോൾ മുംബൈ) ആണ് ജനിച്ചത്. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂളിലെും ഗവൺമെന്റ് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം.

ഗഫൂർ എന്ന പേരിലായിരുന്നു അദ്ദേഹം സുഹൃത്തക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഉറച്ച ബോധ്യങ്ങളെ പോലെ അദ്ദേഹത്തിന്റെ ജീവിതചര്യകളിലും ആ വാശി അദ്ദേഹം പുലർത്തിയിരുന്നു. ഓരോ ചര്യകളിലും നിഷ്കർഷ പാലിച്ചിരുന്ന അദ്ദേഹം, അനുചിതമെന്ന് തോന്നുന്ന പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നില്ല.

ഇന്ത്യയുടെ നയതന്ത്ര ചരിത്രം, ജമ്മു കശ്മീർ പ്രശ്നം, ഇന്ത്യൻ ഭരണഘടന തുടങ്ങി പല വിഷയങ്ങളിലും ഒരു സഞ്ചരിക്കുന്ന സർവ്വവിജ്ഞാന കോശമെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ നൂറാനിയെ വിശേഷിപ്പിച്ചത്. ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി സംബന്ധിക്കുന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അവസാന നാളുകളിൽ നൂറാനി.

ജമ്മു കശ്മീർ, ഇന്ത്യ-ചൈന ബന്ധം, ഹൈദരാബാദ്, ഭരണഘടന, ബാബറി മസ്ജിദ്, ഹിന്ദുത്വം എന്നിവയെക്കുറിച്ചുള്ള ക്ലാസിക് പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ മരണത്തിലൂടെ നഷ്ടമാകുന്നത് നിയമ-ചരിത്ര-മനുഷ്യാവകാശ രംഗത്തെ പകരം വയ്ക്കാനില്ലാത്ത പ്രതിഭാധനനെയാണ്.

logo
The Fourth
www.thefourthnews.in