റാമ്പ കലാപത്തിലെ വീരനായകൻ; ആരാണ് അല്ലുരി സീതാരാമ രാജു?
റാമ്പ കലാപം
മണ്ണിനായി ആദിവാസികൾ നടത്തിയ പോരാട്ടത്തിനോളം വരില്ല മറ്റേത് പോരാട്ടവും. കൊളോണിയൽ ഭരണം ആദിവാസികളെ അവരുടെ മണ്ണിൽ തന്നെ അന്യരാക്കി. 1882ലെ വനനിയമപ്രകാരം ചെറിയ വനവിഭവങ്ങളുടെ ശേഖരണം നിരോധിച്ചും സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് വനമേഖലകളിൽ താമസിക്കുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും കൃഷിചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചതോടെ ആദിവാസികൾ പരമ്പരാഗതമായി ചെയ്തുവന്ന പോഡുകൃഷിക്കും നിരോധനം വന്നു. കാട് വെട്ടിത്തെളിച്ചും തീയിട്ടും സ്ഥലമൊരുക്കി കൃഷി ചെയ്യുന്ന സമ്പ്രദായമാണ് പോഡു കൃഷി. വിളവെടുപ്പിന് ശേഷം കൃഷി ചെയ്യുന്ന സ്ഥലം ഉപേക്ഷിക്കുകയാണ് പതിവ്.
പുതിയ വനനിയമം വന്നതോടെ പോഡു കൃഷി ഇല്ലാതായി, ആദിവാസികളുടെ ഉപജീവന വ്യവസ്ഥ തകർന്നു. ബ്രിട്ടീഷുകാർക്ക് വേണ്ടി കൂലിയില്ലാതെ പോലും ജോലി ചെയ്യാൻ ആദിവാസി സമൂഹം നിർബന്ധിതരായി.
പുതിയ വനനിയമം വന്നതോടെ പോഡു കൃഷി ഇല്ലാതായി, ആദിവാസികളുടെ ഉപജീവന വ്യവസ്ഥ തകർന്നു. ബ്രിട്ടീഷുകാർക്ക് വേണ്ടി കൂലിയില്ലാതെ പോലും ജോലി ചെയ്യാൻ ആദിവാസി സമൂഹം നിർബന്ധിതരായി. താമസിയാതെ പ്രദേശവാസികൾക്കിടയിൽ ഭരണവിരുദ്ധവികാരം ഉടലെടുക്കുകയും വിവിധയിടങ്ങളിൽ ആദിവാസി സമൂഹം ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ആദിവാസിയല്ലാത്ത അല്ലൂരി സീതാരാമൻ രാജുവിന്റെ നേതൃത്വത്തിലായിരുന്നു ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം. 1922 -24ൽ നടന്ന പോരാട്ടം റാമ്പ കലാപം എന്നറിയപ്പെട്ടു.
മാന്യം വീരുഡു
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിനായി അല്ലുരി അണിനിരത്തി. 1922 ഓഗസ്റ്റിൽ അല്ലുരിയുടെ നേതൃത്വത്തിൽ 500 ആദിവാസികൾ ചേർന്ന് ചിന്തപ്പള്ളി, കൃഷ്ണദേവിപേട്ട, രാജവൊമ്മങ്ങി പോലീസ് സ്‌റ്റേഷനുകൾ കൊള്ളയടിച്ചു. 2500 ഓളം വെടിയുണ്ടകളും മറ്റ് വസ്തുക്കളും അവർ കൂടെ കൊണ്ടുപോയി. റാമ്പ കലാപത്തോടെ അല്ലുരി ആദിവാസികളുടെ വീരനായകനായി. കാടിന്റെ നായകൻ എന്നറിയപ്പെടുന്ന 'മാന്യം വീരുഡു' എന്ന് അദ്ദേഹം അറിയപ്പെട്ടു.
അഹിംസയിലൂടെയല്ല ബലപ്രയോഗത്തിലൂടെ മാത്രമേ ഇന്ത്യയെ മോചിപ്പിക്കാൻ കഴിയൂ എന്നായിരുന്നു അല്ലുരിയുടെ വിശ്വാസം
സായുധ കലാപത്തിൽ വിശ്വസിച്ചിരുന്നെങ്കിലും നിസ്സഹകരണത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തോട് അല്ലുരി അനുകൂലമായി പ്രതികരിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജനങ്ങളോട് ഖാദി ധരിക്കാനും മദ്യം ഉപേക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ അഹിംസയിലൂടെയല്ല ബലപ്രയോഗത്തിലൂടെ മാത്രമേ ഇന്ത്യയെ മോചിപ്പിക്കാൻ കഴിയൂ എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. രണ്ട് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ 1924ൽ ചിന്തപ്പള്ളിയിലെ വനമേഖലയിൽവെച്ച് ബ്രിട്ടീഷുകാർ അല്ലുരിയെ പിടികൂടുകയും കൊയ്യൂർ ഗ്രാമത്തിൽ വച്ച് മരത്തിൽ കെട്ടിയിട്ട് വെടിവച്ചു കൊല്ലുകയും ചെയ്തു.
പതിനെട്ടാം വയസില്‍ സന്യാസ ജീവിതം
1897 ജൂലൈ 4ന് ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ഭീമാവാരം താലൂക്കിലാണ് അല്ലൂരി സീതാരാമ രാജു ജനിച്ചത്. പതിനെട്ടാം വയസിൽ സന്യാസ ജീവിതം സ്വീകരിച്ച അല്ലുരി പിന്നീട് വനമേഖലയിൽ താമസമുറപ്പിച്ചു. ജ്യോതിഷത്തിലും വൈദ്യശാസ്ത്രത്തിലും അല്ലുരിക്ക് അപാര പാണ്ഡിത്യമുണ്ടായിരുന്നു. പൂർവ ഘട്ട മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ പേരിലാണ് അല്ലുരി ഓർമ്മിക്കപ്പെടുന്നത്.
അല്ലുരിയുടെ 125ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്.
രാജ്യത്തിന്റെ ആദരം
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ അല്ലുരി വഹിച്ച പങ്ക് മുൻനിർത്തി 1986ൽ ഇന്ത്യൻ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി. 2019 ജൂലൈയിൽ അദ്ദേഹത്തിന്റെ 122-ാം ജന്മവാർഷികത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ അദ്ദേഹത്തിന്റെ പേരിൽ ഒരു പുതിയ ജില്ലയ്ക്ക് പേരിടുമെന്ന് അറിയിച്ചിരുന്നു. 2022 ഏപ്രിൽ നാലിന് അല്ലുരി സീതാരാമ രാജു ജില്ല നിലവിൽ വന്നു. അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്. നിരവധി പദ്ധതികളും ഇതോടൊപ്പം സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. ജന്മവാർഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഭീമാവരത്ത് ഉദ്ഘാടനം ചെയ്തു. അല്ലുരി സീതാരാമ രാജുവിന്റെ 30അടി ഉയരമുള്ള വെങ്കല പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
റാമ്പ കലാപത്തിന്റെ 100 വർഷത്തോടനുബന്ധിച്ച് വിജയനഗരം ജില്ലയിലെ പാൻഡ്രാങ്കിയിലുള്ള അല്ലുരി സീതാരാമ രാജുവിന്റെ ജന്മസ്ഥലവും ചിന്തപ്പള്ളി പോലീസ് സ്റ്റേഷനും പുനഃസ്ഥാപിക്കും. മൊഗല്ലുവിൽ അല്ലുരി ധ്യാന മന്ദിരം നിർമിക്കുന്നതിനും സർക്കാർ അംഗീകാരം നൽകി.