അമിതാഭ് കൊതിച്ചു, സയാനിയെ ഒന്ന് കാണാൻ
1960കളുടെ അവസാനം. ശബ്ദതരംഗങ്ങളുടെ ലോകത്ത് സൂപ്പർസ്റ്റാറാണ് അന്ന് അമീൻ സയാനി. ആഴ്ചയിൽ ഇടതടവില്ലാതെ ഇരുപതോളം റേഡിയോ ഷോകൾ പ്രൊഡ്യൂസ് ചെയ്ത് അവതരിപ്പിച്ചുവന്ന കാലം. ശ്വാസം വിടാൻ പോലും സമയം കിട്ടാത്ത നാളുകൾ.
ആയിടക്കൊരിക്കൽ മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരൻ മുൻകൂട്ടി അനുമതി വാങ്ങാതെ സ്റ്റുഡിയോയിൽ സയാനിയെ കാണാൻ വന്നു. ശബ്ദപരിശോധന നടത്തണം: അതാണ് ആവശ്യം. ഓഡിഷൻ ടെസ്റ്റ് പാസായാൽ ആകാശവാണിയിൽ പാർട്ട് ടൈം അനൗൺസറായി കയറാം. "അയാൾക്ക് വേണ്ടി നീക്കിവെക്കാൻ എന്റെ പക്കൽ സമയമുണ്ടായിരുന്നില്ല അന്ന്. പിന്നീടൊരിക്കൽ അപ്പോയിന്റ്മെന്റ് വാങ്ങി കാണാൻ വരാൻ നിർദേശിച്ചു അയാളെ പറഞ്ഞുവിട്ടു ഞാൻ. പിറ്റേന്നും അതിന്റെ പിറ്റേന്നും അയാൾ എന്നെ കാണാൻ വന്നതായി റിസപ്‌ഷനിസ്റ്റിൽ നിന്നറിഞ്ഞു. അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കാണാൻ പറ്റില്ല എന്നായിരുന്നു എന്റെ മറുപടി..'' പിന്നീടയാൾ വരാതായി. സയാനി അക്കഥ മറക്കുകയും ചെയ്തു.
സാധാരണക്കാരന്റെ സംഗീതാസ്വാദന ഗ്രാഫിന്റെ ഉയർച്ച താഴ്‌ചകൾ സയാനിയോളം മനസ്സിലാക്കിയവർ വേറെയുണ്ടാവില്ല
അന്നത്തെ ചെറുപ്പക്കാരൻ റേഡിയോ സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് സിനിമയിൽ ചേക്കേറിയതും സഹനടനായി തുടങ്ങി നായകനും സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊക്കെയായി വളർന്നതും പിന്നീടുള്ള കഥ. ഇന്ത്യൻ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചൻ ആയിരുന്നു ആ കഥാപാത്രം.
"വർഷങ്ങൾക്കു ശേഷം അമിതാഭ് ഒരു അവാർഡ് നിശയിൽ ഈ അനുഭവം അയവിറക്കിക്കേട്ടപ്പോഴാണ് അമ്പരന്നുപോയത്. അന്ന് അമിതാഭിന് ഓഡിഷൻ നിഷേധിച്ച ക്രൂരൻ ഞാനായിരുന്നല്ലോ. പക്ഷേ അമിതാഭിന് അന്നത്തെ എന്റെ തിരക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നു. പിൽക്കാലത്ത് ഇക്കാര്യം പറഞ്ഞു ഏറെ ചിരിച്ചിട്ടുണ്ട് ഞങ്ങൾ...'' റേഡിയോ സിലോണിലെ ബിനാക്കാ ഗീത് മാലയിലൂടെ ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിന്റെ ഭാഗമായി മാറിയ പ്രക്ഷേപകന്റെ വാക്കുകൾ.
1988ലാണ് ബിനാക്ക ഗീത് മാല റേഡിയോ സിലോണിൽ (പിൽക്കാലത്ത് ശ്രീലങ്ക ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷൻ) നിന്ന് പടിയിറങ്ങിയത്. തുടർന്ന് ഏഴു വർഷം വിവിധ്ഭാരതിയിൽ, സിബാക്ക ഗീത് മാല എന്ന പേരിൽ. 1995ൽ സ്വാഭാവിക മരണമെത്തുമ്പോഴേക്കും റേഡിയോയിൽ നിന്ന് ടെലിവിഷനിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു പുതിയ തലമുറ. "ചലച്ചിത്ര ഗാനങ്ങൾ കേൾക്കാനല്ല കാണാനുള്ളതാണെന്ന വിശ്വാസം രൂഢമൂലമായി കഴിഞ്ഞിരുന്നു അതിനകം,'' സയാനി. എങ്കിലും നിരാശയൊന്നുമില്ല അദ്ദേഹത്തിന്. "ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു ഗീത് മാല. സ്വാതന്ത്ര്യത്തിലേക്ക് കൺതുറന്ന തലമുറക്ക് മുന്നിൽ ആസ്വാദനത്തിന്റെ വാതിലുകൾ തുറന്നിട്ട പരിപാടി. അത് അതിന്റെ ധർമം ഭംഗിയായി നിർവഹിച്ചു എന്നേ പറയാനാകൂ. ആ കാലഘട്ടത്തിൽ നിന്നുകൊണ്ട് ചിന്തിക്കണം ഗീത് മാലയുടെ പ്രാധാന്യം മനസ്സിലാക്കാൻ.''
സാധാരണക്കാരന്റെ സംഗീതാസ്വാദന ഗ്രാഫിന്റെ ഉയർച്ച താഴ്‌ചകൾ സയാനിയോളം മനസ്സിലാക്കിയവർ വേറെയുണ്ടാവില്ല. 1953 മുതൽ 93 വരെയുള്ള ഗീത് മാലയുടെ വാർഷിക കണക്കെടുപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തിയ പാട്ടുകളുടെ പട്ടിക ഹിന്ദിയിലെ ജനപ്രിയ സംഗീതത്തിന്റെ വളർച്ചയുടെയും തളർച്ചയുടെയും ചരിത്രം കൂടിയാണ്.
യെ സിന്ദഗി ഉസി കി ഹേ (അനാർക്കലി - 1953), ജായേ തോ ജായെ കഹാം (ടാക്സി ഡ്രൈവർ - 54), മേരാ ജൂട്ടാ ഹേ ജാപ്പാനി (ശ്രീ 420 - 55), ഏ ദിൽ ഹേ മുഷ്കിൽ (സി ഐ ഡി - 56), സരാ സാംനെ തോ ആവോ ചലിയെ (ജനം ജനം കേ ഫേരെ - 57), ഹേ അപ്നാ ദിൽ തോ ആവാരാ (സോൾവാ സാൽ - 58), ഹാൽ കൈസാ ഹേ ജനാബ് കാ (ചൽതി കാ നാം ഗാഡി - 59), സിന്ദഗി ഭർ നഹി (ബർസാത് കി രാത് - 60), തേരി പ്യാരി പ്യാരി സൂരത് (സസുരാൽ - 61), എഹ്സാൻ തേരാ ഹോഗാ (ജംഗ്‌ളീ - 62), ജോ വാദാ കിയാ വോ (താജ്മഹൽ - 63), ബോൽ രാധാ ബോൽ സംഗം (സംഗം - 64), ജിസ് ദിൽ മേ ബസാ ഥാ (സഹേലി - 65), ബഹാരോം ഫൂൽ ബർസാവോ (സൂരജ് - 66), സാവൻ കാ മഹീന (മിലൻ - 67), ദിൽ വിൽ പ്യാർ വ്യാർ (ശാഗിർദ് - 68), കൈസേ രഹൂം ചുപ് കി (ഇന്തഖാം - 69), ബിന്ദിയാ ചംകെഗീ (ദോ രാസ്തേ - 70), സിന്ദഗി ഏക് സഫർ (അന്ദാസ് - 71), ദം മാരോ ദം (ഹരേ രാമ ഹരേ കൃഷ്ണ - 72), യാരി ഹേ ഈമാൻ (സഞ്ജീർ - 73), മേരാ ജീവൻ കോറാ കാഗസ് (കോറാ കാഗസ് - 74), ഉസ് നേ കഹാ തൂ കോൻ ഹേ (രോട്ടി കപ്ഡാ ഔർ മകാൻ - 75), കഭീ കഭീ മേരെ ദിൽ മേ (കഭീ കഭീ - 76), ഹുസ്ന് ഹാസിർ ഹേ (ലൈലാ മജ്നു - 77), അഖിയോം കെ ജരോക്കോം സേ (അഖിയോം കെ ജരോക്കോം സേ - 78), ഖൈ കെ പാൻ ബനാറസ് വാല (ഡോൺ - 79), ഡഫ്ലി വാലെ ഡഫ്ലി ബജേ (സർഗം - 80), മേരെ അംഗനേ മേ (ലാവാറിസ് - 81), അംഗ്രേസി മേ കഹ്തെ ഹേ (ഖുദ്‌ദാർ - 82), ശായദ് മേരി ശാദി കാ ഖയാൽ (ആശ - 83), തൂ മേരെ ഹീറോ ഹേ (ഹീറോ - 84), സുൻ സാഹിബാ സുൻ (രാം തെരെ ഗംഗാ മൈലി - 85), യശോദാ കാ നന്ദലാല (സൻജോഗ് - 86), ചിട്ടി ആയി ഹേ (നാം - 87), പാപ്പാ കെഹ്തേ ഹേ (ഖയാമത് സെ ഖയാമത് തക് - 88), മൈ നെയിം ഈസ് ലഖൻ (രാം ലഖൻ - 89), ഗോരി ഹേ കലയ്യ (ആജ് കാ അർജുൻ - 90), ദേഖാ ഹേ പഹ്‍ലി ബാർ (സാജൻ - 91), മേനേ പ്യാർ തുമി സെ കിയാ ഹേ (ഫൂൽ ആർ കാണ്ഡേ - 92), ചോളി കെ പീച്ഛെ (ഖൽനായക് - 93).