കയ്യൂരിന്റെ വെളിച്ചപ്പാട്; കഥയെഴുതും ഓട്ടോക്കാരൻ
N P JAYAN

കയ്യൂരിന്റെ വെളിച്ചപ്പാട്; കഥയെഴുതും ഓട്ടോക്കാരൻ

യാത്രക്കിടെ കയ്യൂരിൽ താൻ പരിചയപ്പെട്ട എഴുത്തുകാരനും വെളിച്ചപ്പാടുമായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെപ്പറ്റി എഴുതുകയാണ് ഫോട്ടോ ജേർണലിസ്റ്റും ടൂറിസം സംരംഭകനുമായ ജയൻ
Updated on
2 min read

വിപ്ലവം ചുവപ്പിച്ച മണ്ണായ കയ്യൂർ ജംങ്ഷനിൽ തേജസ്വിനി നദി കണ്ടുകൊണ്ട് കാസർഗോഡേക്കുള്ള വഴി ചോദിച്ചു കഴിഞ്ഞപ്പോഴാണ് വിശദമായി വഴി പറഞ്ഞുതന്ന ഓട്ടോക്കാരൻ ചേട്ടൻ ഉടുപ്പിട്ടിട്ടില്ലയെന്നും  കാതിൽ മനോഹരമായ ഒരു കമ്മലും തോളിൽ ഒരു ഉത്തരീയവും ധരിച്ചിട്ടുണ്ടെന്നും ശ്രദ്ധയിൽപ്പെട്ടത്. പോരാത്തതിന് മുണ്ഡനം ചെയ്ത തലയും ക്ലീൻ ഷേവ് ചെയ്ത മുഖവും. മൊത്തത്തിൽ ഒരു ചാണക്യ ഭാവം. 

ഓട്ടോ ഡ്രൈവർമാർ കാക്കി ഷർട്ട് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഭാസ്കരൻ വെളിച്ചപ്പാടിനെ അറിയുന്ന പോലീസുകാർ ഒരു അപ്രഖ്യാപിത ഇളവ് നൽകിയിട്ടുണ്ട്

ഒരിക്കൽ പത്രപ്രവർത്തകനായിരുന്നാൽ എക്കാലവും അങ്ങനെ തന്നെയെന്ന പഴഞ്ചൊല്ലിനെ അർഥവത്താക്കുന്ന രീതിയിലായിരുന്നു തുടർന്നുള്ള സംഭവങ്ങൾ. വണ്ടി നിർത്തിയിറങ്ങി അദ്ദേഹത്തെ പരിചയപ്പെടാതെ പോകാൻ തോന്നിയില്ല. കയ്യൂർ ഭാസ്കരൻ വെറുമൊരു ഓട്ടോ ഡ്രൈവർ മാത്രമല്ല, നാട്ടിലെ അമ്പലത്തിലെ വെളിച്ചപ്പാടാണ്, രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരനാണ്. ക്ഷേത്രാചാരപരമായ കാരണങ്ങളാലാണ് അദ്ദേഹം ഉടുപ്പ് ധരിക്കാത്തത്. ഓട്ടോ ഡ്രൈവർമാർ കാക്കി ഷർട്ട് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഭാസ്കരൻ വെളിച്ചപ്പാടിനെ അറിയുന്ന പോലീസുകാർ അതിൽ ഒരു അപ്രഖ്യാപിത ഇളവ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. 

N P JAYAN

കയ്യൂർ ഉദയഗിരിയിൽ കുഞ്ഞമ്പു - വെള്ളച്ചി ദമ്പതികളുടെ ആറാമത്തെ മകനായി ദരിദ്ര ചുറ്റുപാടിലായിരുന്നു ഭാസ്കരന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനാവാതെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിച്ചു. എഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവ് സ്കൂൾ കാലത്തു തന്നെ സുഹൃത്തുക്കളും അധ്യാപകരും ശ്രദ്ധിച്ചിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ ദേശാഭിമാനി വാരികയിൽ ആദ്യത്തെ രചന അച്ചടിച്ചു വന്നു. നിരവധി സ്‌കൂൾ നാടകങ്ങളും തെരുവ് നാടകങ്ങളും ലേഖനങ്ങളും കവിതകളും എഴുതി. തെരുവ് നാടകങ്ങളിലും ശാസ്ത്രകലാജാഥകളിലും സഞ്ചരിക്കുന്ന നാടകവീട്ടിലും പങ്കാളിയായിട്ടുണ്ട്. 

2011ൽ പുറത്തിറങ്ങിയ നോവൽ 'ഉദയഗിരിയിലെ സന്ധ്യ'യാണ് പ്രസിദ്ധീകൃതമായ ആദ്യ പുസ്തകം

സംഭാഷണ മധ്യേ ഓട്ടോയ്ക്കുള്ളിൽ നിന്ന് ഭാസ്കരൻ വെളിച്ചപ്പാട് ഒരു പുസ്തകമെടുത്ത് നീട്ടി, "ഇത് ഞാൻ എഴുതിയ രണ്ട് പുസ്തകങ്ങളിൽ ഒന്നാണ്." വെളിച്ചത്തിന്റെ വിത്തുകൾ എന്ന നോവൽ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. 2011 ൽ പുറത്തിറങ്ങിയ നോവൽ 'ഉദയഗിരിയിലെ സന്ധ്യ'യാണ് പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം.

N P JAYAN

കയ്യൂർ മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ വെളിച്ചപ്പാട് സ്ഥാനീയനാണ് അദ്ദേഹം. ക്ഷേത്രത്തിൽ മൂന്ന് മൂർത്തികളാണ് - വിഷ്ണുമൂർത്തി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി. ഇവരിൽ രക്തചാമുണ്ഡിയുടെ പ്രതിപുരുഷനാണ് ഭാസ്ക്കരൻ വെളിച്ചപ്പാട്.

logo
The Fourth
www.thefourthnews.in