അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 

അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 

ബഹുവർണ ചിത്രങ്ങളിലൂടെ ഇന്ത്യൻ കുട്ടികളെ ചരിത്രവും സംസ്കാരവും പഠിപ്പിച്ച അമർ ചിത്രകഥയുടെ ശില്പി അനന്ത പൈ ഓർമ്മയായിട്ട് ഇന്നലെ 13 വർഷം തികഞ്ഞു 
Updated on
10 min read

ബോംബ നഗരത്തിൽ നിന്നാരംഭിച്ച ഇന്ദ്രജാലമായിരുന്നു അമർ ചിത്രകഥ. ഒരു  മായാജാലക്കാരൻ ചിത്രകഥകളിലൂടെ  അനശ്വരമായ വായനാനുഭവമാക്കി മാറ്റിയ മാന്ത്രിക കഥകളായിരുന്നു അത്. അനന്തമായിരുന്നു അദ്ദേഹത്തിൻ്റെ കഥാലോകം. ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവും നാടോടിക്കഥകളും ബഹുവർണങ്ങളിൽ മനോഹരമായി ചിത്രീകരിച്ച് മുതിർന്നവരേയും കുട്ടികളെയും നാല് പതിറ്റാണ്ട് ഇന്ത്യൻ സംസ്‌കാരവുമായി ചേർത്തു നിർത്തിയ ഇന്ത്യൻ ചിത്രകഥയുടെ പിതാവായിരുന്നു അമർ ചിത്രകഥയുടെ ശിൽപ്പിയും എഡിറ്ററുമായ  അനന്ത് പൈ. ‘അങ്കിൾ പൈ’ എന്ന് കുട്ടികളും മുതിർന്നവരും  അനന്തപൈയെ ആദരവോടെ വിളിച്ചു;  ചിത്രകഥാ ലോകം 'ഇന്ത്യൻ വാൾട്ട് ഡിസ്നി'യെന്നും.

അൻപത്തിയേഴ് വർഷം മുൻപ് ബോംബെയിൽ അനന്ത് പൈ തുടങ്ങിവച്ച അമർ ചിത്രകഥ പരമ്പരകളിലൂടെ ഇന്ത്യൻ വീരഗാഥകൾ, മഹാന്മാരുടെ ജീവിതം, നാടോടിക്കഥകൾ, ചരിത്ര പുരുഷന്മാർ, പഞ്ചതന്ത്ര കഥകൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഉപനിഷിത്ത്, വേദങ്ങൾ ഇവയെല്ലാം സാധാരണ വായനക്കാരന് എളുപ്പം മനസിലാവുന്ന ഭാഷയിലൂടെയും ദൃശ്യങ്ങളിലൂടെയും 'അങ്കിൾ പൈ' ഇന്ത്യൻ വായനാ ലോകത്തിന് നൽകി. 

അനന്ത പൈ - അമർ ചിത്രകഥ
അനന്ത പൈ - അമർ ചിത്രകഥ

അക്ബർ ചക്രവർത്തി ബീർബലിനെ കണ്ടെത്തിയത് എങ്ങനെ?  ആരാണ്  തെനാലി രാമൻ?  ആരാണ് മഹിരാവണൻ? അജന്ത എല്ലോറ ഗുഹകൾക്ക്  പിന്നിലെ പുരാണം എന്ത്? ഗണപതി ആനത്തലയൻ ആയതെങ്ങനെ? അമർസിങ്ങ് രാഥോഡ് ആരാണ്? രാജാവായ വിശ്വാമിത്രൻ എങ്ങനെ മഹർഷിയായി? എന്താണ് സമ്യന്തകരത്നത്തിൻ്റെ കഥ ? ആദ്യമായി ഡൽഹി സുൽത്താനേറ്റ് ഭരിച്ച വനിതാ ഭരണാധികാരി ആരാണ് ? ഈശ്വർ വിദ്യാ ചന്ദ്രസാഗർ ആരാണ്?  ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലാനെന്താണ് കാരണം?

അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 
പുസ്തകങ്ങളുടെ ലോക തലസ്ഥാനമായി ഡല്‍ഹി; മലയാളത്തെ മേളയില്‍ എത്തിച്ച ഡി സി കിഴക്കേമുറി

ഇങ്ങനെ ചരിത്രത്തിലേയും പുരാണങ്ങളിലെയും നൂറുകണക്കിന് ചോദ്യങ്ങൾക്ക് ഇന്ത്യയിലെ വായനക്കാർക്ക്  ഉത്തരം ലഭിച്ചത് അമർ ചിത്രകഥകളിൽ നിന്നായിരുന്നു. വായിക്കാനറിയാവുന്നവർക്ക് ഇന്ത്യൻ സംസ്‌കാരത്തെ അറിയാനുള്ള വർണ ചിത്രങ്ങൾ നിറച്ച സെർച്ച് എഞ്ചിൻ ആയിരുന്നു അനന്തപൈയുടെ ചിത്രകഥകൾ. പേര് പോലെ തന്നെ അമർ ചിത്രകഥ ഇന്ത്യൻ ചിത്രകഥാലോകത്ത് അമരത്വം നേടി. 100 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ, ഇപ്പോഴും വിറ്റു പോകുന്ന അനശ്വരമായ  ചിത്രകഥകൾ!

കർണാടകത്തിലെ കർക്കലയിലാണ് 1929 സെപ്റ്റബർ 17 ൽ അനന്ത് പൈ ജനിച്ചത്. രണ്ട് വയസായപ്പോഴെക്കും  മാതാപിതാക്കൾ മരിച്ചതിനാൽ മുത്തച്ഛൻ്റെ കൂടെയാണ് വളർന്നത്. ചെറുപ്പത്തിൽ തന്നെ നല്ല വായനക്കാരനായിരുന്ന പൈ ക്ഷേത്രത്തിലെ ‘ഹരികഥ’ എന്ന പരമ്പരാഗതമായ കഥാപാരായണം മുടങ്ങാതെ കേട്ടിരുന്നു. കഥകൾ ഗാനങ്ങൾ കലർത്തി വ്യത്യസ്ത വ്യാഖ്യാനങ്ങളിൽ പറയുന്ന ഹരികഥയിൽ  അന്നേ പൈ ആകൃഷ്ടനായി. ആ മനസിൽ കഥകളുടെ ഫ്രെയിമുകൾ  സ്ഥാനം പിടിക്കാൻ തുടങ്ങി. 

അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 
കാലത്തിന് മുൻപേ നടന്ന നവോദയ അപ്പച്ചൻ

അനന്ത് പൈക്ക് 12 വയസുള്ളപ്പോൾ കുടുംബം ബോംബയിലേക്ക് താമസം മാറ്റി. ബോംബെ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ അനന്ത പൈ രാസവസ്തുക്കളോട് മല്ലിടാൻ ഇഷ്ടപ്പെട്ടില്ല. പക്ഷേ, കുടുംബത്തെ നോക്കേണ്ടതിനാൽ ഷിംലയിൽ ഒരു ഭക്ഷ്യ നിർമാണ സ്ഥാപനത്തിൽ ജോലിയിൽ  ചേരേണ്ടി വന്നു. ഷിംലയിലെ സുഖകരമായ കാലാവസ്ഥയും മികച്ച വേതനവും പൈയുടെ പ്രായത്തിലുള്ള മിക്ക യുവാക്കൾക്കും സംതൃപ്തകരമായ ഒരു ജീവിതം സമ്മാനിക്കാൻ മതിയായ കാരണങ്ങളാവുമായിരുന്നു. എന്നാൽ പൈയുടെ മനസ് മറ്റൊരു ലോകത്തായിരുന്നു. അതിനിടയിൽ അദ്ദേഹം ബംഗാളി ഭാഷ പഠിച്ചു, പ്രാചീന പാലി ഭാഷ വശത്താക്കി, ബുദ്ധമത ഗ്രന്ഥങ്ങൾ പഠിച്ചു. ബോംബയിലെ ഭാരതീയ വിദ്യാഭവനിൽ നടക്കുന്ന സംവാദങ്ങളിൽ സ്ഥിരമായി പങ്കെടുത്തിരുന്നതിനാൽ  മറാഠിയും ഒരുവിധം വശമായി.

കഥകളുടെ ലോകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു അനന്ത് പൈയുടെ മനസ്. തൻ്റെ നിയോഗം കഥാലോകമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജോലി രാജിവെച്ച് ബോംബെയിൽ തിരിച്ചെത്തി. ബോബെയിൽ 'ടൈംസ് ഓഫ് ഇന്ത്യ'യിലെ എക്സിക്യുട്ടിവായി പുതിയ ജോലി നേടി. അന്ന് തന്നെ ഏറ്റവും മികച്ച അച്ചടി സംവിധാനങ്ങൾ ടൈംസിന് സ്വന്തമായിരുന്നു. സ്ഥാപനത്തിലെ  അച്ചടിയന്ത്രങ്ങൾ പൂർണതോതിൽ ഉപയോഗപ്പെടുത്താതെ വെറുതെ പൊടി പിടിച്ചു കിടന്നു. അത് ഉപയോഗപ്പെടുത്താൻ ഉടമകൾ പുതിയ ഒരു പദ്ധതി ആവിഷ്ക്കരിച്ചു: കോമിക്സ് പുസ്തകങ്ങൾ അച്ചടിച്ച് വിൽക്കുക.

അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 
സാഹസിക പത്രപ്രവർത്തനം ചിട്ടയാക്കിയ ബ്ലിറ്റ്സും കരഞ്ചിയയും

ഇന്ത്യയിൽ അക്കാലത്ത് ചിത്രകഥാ പുസ്തകങ്ങൾ വിരളമായിരുന്നു. 1952-ൽ ബോബെയിലെ ഇന്ത്യാ ബുക്ക് ഹൗസ് ടിൻ ടിൻ, ആസ്ട്രിക്സ്, ആർച്ചി തുടങ്ങിയ ലോകപ്രസിദ്ധമായ വിദേശ  ചിത്രകഥകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റിരുന്നത്. വർണ ചിത്രങ്ങളോടു കൂടിയ കുട്ടികൾക്കുള്ള ഒരു  കഥാപുസ്തകം ഇന്ത്യയിൽ ആദ്യം പുറത്തിറക്കിയത് തെലുങ്കിലാണ്. പ്രശസ്ത തെലുങ്ക് സിനിമാ നിർമാതാക്കളായ ബി നാഗ റെഡ്ഡിയും അലൂരി ചക്രപാണിയും ചേർന്ന് ഇന്ത്യൻ പുരാണങ്ങളായ രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകൾ ഉൾപ്പെടുത്തി 1947 ൽ ‘ചന്ദമാമ’  എന്ന സചിത്ര മാസിക തെലുങ്കിലും തമിഴിലും പുറത്തിറക്കി. പിന്നീട് ഇംഗീഷ്, ഗുജറാത്തി, ഒറിയ, സിന്ധി, ബംഗാളി, പഞ്ചാബി, ആസാമീസ്, സിംഹള, സംസ്കൃതം തുടങ്ങി വിവിധ ഭാഷകളിൽ വരാൻ തുടങ്ങി. ശങ്കർ എന്ന ചിത്രകാരൻ വരച്ച ‘വിക്രമാദിത്യനും വേതാളവും’ എന്ന കഥയുടെ ചിത്രം ലക്ഷക്കണക്കിന് വായനക്കാരുടെ  മനസിൽ പതിഞ്ഞ ആദ്യത്തെ കഥാ ചിത്ര ഐക്കൺ ആയി മാറി. അപ്പോഴും ഒരു ഇന്ത്യൻ ചിത്രകഥ ഈ രംഗത്ത് അവതരിച്ചിരുന്നില്ല.

ചന്ദാ മാമ യിലെ വിക്രവും വേതാളവും, വരച്ച ശങ്കറും
ചന്ദാ മാമ യിലെ വിക്രവും വേതാളവും, വരച്ച ശങ്കറും

ഈയൊരു പശ്ചാത്തലത്തിലാണ് 'ടൈംസ് ഓഫ് ഇന്ത്യ' മാനേജ്‌മന്റ് ചിത്രകഥകൾ അച്ചടിച്ച് വിൽക്കാൻ  തീരുമാനിച്ചത് അതിൻ്റെ ചുമതല അനന്ത പൈക്കായിരുന്നു. അമേരിക്കയിൽ  വളരെ ജനപ്രീതി നേടിയ ‘ സൂപ്പർമാൻ’ കോമിക്സ് പ്രസിദ്ധീകരിക്കാനായിരുന്നു മേധാവികളുടെ തീരുമാനം. തങ്ങളുടെ തന്നെ പ്രസിദ്ധീകരണമായ 'ദ ഇല്ലസ്ട്രേറ്റഡ് വീക്കിലി'യിൽ പ്രസിദ്ധികരിച്ചിരുന്ന ‘ഫാൻ്റം’ കോമിക്ക് സ്ട്രിപ്പ് ആണ് കൂടുതൽ ജനപ്രിയമെന്ന് തിരിച്ചറിഞ്ഞ അനന്തപൈ ഫാൻ്റം മതിയെന്ന്  തീരുമാനിച്ചു. 1964 മാർച്ചിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ‘ ‘ഫാൻ്റം ‘ ചിത്രകഥ ആദ്യമായി 'ഇന്ദ്രജാൽ കോമിക്സ്' എന്ന പേരിൽ പുറത്തിറങ്ങി. ഇന്ത്യയൊട്ടു  പ്രചാരം  നേടിയതോടെ മാൻഡ്രേക്ക്, ഫ്ലാഷ് ഗോർഡൻ, റിപ്പ് കിർബി, ഇന്ത്യൻ നായകൻ  ബഹാദൂർ തുടങ്ങിയ ടൈറ്റിലുകൾ പിന്നാലെ വന്നു. പിന്നിട് പുറത്തിറക്കിയ ഇവയുടെ പ്രദേശിക ഭാഷാ പതിപ്പുകളും വൻ തോതിൽ വിറ്റഴിഞ്ഞു. പിന്നീട് ബഹുവർണങ്ങളിൽ മനോഹരമായ അച്ചടിയിൽ 2.50 രൂപക്ക് ചിത്രകഥയുടെ ഒറ്റ കോപ്പി വിപണിയിൽ ലഭ്യമായി. 

പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് മലയാളത്തിൽ ഇന്ദ്രജാൽ കോമിക്സ് അവതരിപ്പിക്കുന്നത്. 1982ൽ  ഓണക്കാലത്ത് വൻ പരസ്യങ്ങളോടെ മലയാളത്തിൽ ഇന്ദ്രജാൽ കോമിക്സ് എത്തിയതോടെ മലയാളികളുടെ പ്രിയപ്പെട്ട സിഐഡി മൂസയും പറക്കും മഹേഷും ഠമാറും പടാറും ഇരുമ്പ് കൈ മായാവിയുമൊക്കെ എന്നെന്നേക്കുമായി അപ്രത്യക്ഷമായി.

ഇന്ദ്രജാൽ കോമിക്സ്
ഇന്ദ്രജാൽ കോമിക്സ്

പക്ഷെ, ഈ വിജയങ്ങളൊന്നും അനന്ത് പൈയെ തൃപ്തനാക്കിയില്ല. നമ്മുടെ സംസ്കാരവും ചരിത്രവും പറയുന്ന ചിത്രകഥകളുടെ ഇന്ത്യൻ മാതൃക ഇല്ലെന്നത് അനന്തപൈയെ പുതിയ പ്രസിദ്ധീകരണമെന്ന ആശയത്തിലേക്ക് എത്തിച്ചു. 

1967ൽ ഡൽഹിയിൽ തൻ്റെ ഭാര്യ ലളിതയോടൊപ്പം ഒരു കുടുംബചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അവസരത്തിൽ ഒരു കടയിൽ ടി വി യിൽ കുട്ടികൾക്കായി ദൂരദർശൻ നടത്തുന്ന ഒരു ക്വിസ് കണ്ടു. ഗ്രീക്ക് പുരാണത്തിൽ നിന്നായിരുന്നു ആദ്യ ചോദ്യം. കുട്ടി ഉത്തരം പറഞ്ഞത് അനന്ത് പൈയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ ചോദ്യം, രാമായണത്തിലെ ശ്രീരാമൻ്റെ മാതാവ് ആരാണ് എന്നതായിരുന്നു. കുട്ടിക്ക് ഉത്തരമില്ലായിരുന്നു. ഇതിന് ഒരു ക്രിയാത്മക പരിഹാരം ചിന്തിച്ചുകൊണ്ടാണ് അനന്ദ് പൈ  ബോംബയിലേക്ക് മടങ്ങിയത്.

അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 
കാർട്ടൂണിസ്റ്റ് താക്കറെയെ മറാത്താ വാദിയാക്കിയ മലയാളി പത്രാധിപരും മാനേജിങ് എഡിറ്ററും

ഇതിന് രണ്ട് വർഷം മുൻപ് ബോംബെയിലെ ഇന്ത്യാ ബുക്ക് ഹൗസിൻ്റെ ബാംഗ്ലൂരിലെ ശാഖ സന്ദർശിക്കാൻ എത്തിയതായിരുന്നു ഉടമയായ ജി എൽ. മിർച്ചന്ദാനി. ബാംഗ്ലൂരിലെ ഐബിഎച്ച് ശാഖയുടെ ചുമതല വഹിച്ചിരുന്ന ജി കെ അനന്ത റാം എന്ന കന്നടക്കാരൻ മിർച്ചന്ദാനിയോട് ഒരു പദ്ധതി അവതരിപ്പിച്ചു. കന്നടയിൽ കുറച്ച് പുസ്തകങ്ങൾ ഇറക്കുക. ആദ്യം ആ ആശയത്തിന് സമ്മതം മൂളിയില്ലെങ്കിലും അനന്തറാമിൻ്റെ ആവേശം കണ്ട് മിർച്ചന്ദാനി സമ്മതം മൂളി. മൂലധനമായി 10,000 രൂപ നൽകി. കന്നഡ സംസ്കാരത്തിലും ഭാഷയിലും അഭിമാനം കൊള്ളുന്ന അനന്ത റാം കുട്ടികൾക്ക് വേണ്ടി കന്നഡ ഭാഷയിൽ പുസ്തകങ്ങൾ നൽകുന്നത് ആ ഭാഷക്ക് നൽകുന്ന വലിയ അംഗീകാരവും  സേവനവുമാണെന്ന് വിശ്വസിച്ചു.

ജി.കെ. അനന്ത റാം
ജി.കെ. അനന്ത റാം

അക്കാലത്ത് ഐബിഎച്ച് ഇലസ്ട്രേറ്റഡ് ക്ലാസിക്സ് എന്ന പേരിൽ വിദേശ ചിത്രകഥകൾ ഇറക്കുമതി ചെയ്ത് വിറ്റിരുന്നു. അതിൽ 10 കഥകൾ കന്നഡയിൽ പരിഭാഷ ചെയ്ത്  കുട്ടികൾക്കായ് നൽകാൻ അനന്ത റാം തീരുമാനിച്ചു.  പിനാഷിയോ, ആലീസ് ഇൻ വണ്ടർലാൻ്റ്, ജാക്ക് ആൻ്റ് ബീൻസ്റ്റാക്ക്, സ്ലിപ്പിങ്ങ് ബ്യൂട്ടി, അലാഡിൻ ആൻ്റ് ഹിസ് ലാമ്പ് തുടങ്ങിയ പത്ത് ചിത്രകഥകൾ അദ്ദേഹം തിരഞ്ഞെടുത്തു. ഭാഷ വളരെ പ്രധാനമായിരുന്നതിനാൽ അക്കാലത്തെ കന്നടയിലെ ഏറ്റവും പ്രശസ്തനായ ജ്ഞാനപീഠ ജേതാവായ കെ ശിവരാമ കാന്തിനെ പരിഭാഷയ്ക്കായ് സമീപിച്ചു. അദ്ദേഹം സമ്മതം മൂളി. ഒറിജിനൽ ചിത്രങ്ങളോട് കൂടിയ അമേരിക്കൻ ഇലസ്ട്രേറ്റഡ് ക്ലാസിക്സ് എന്ന 10 ചിത്രകഥകൾ കന്നട ഭാഷയിൽ  പുറത്ത് വന്നു. ഇത് ക്രൗൺ ¼ വലുപ്പത്തിൽ 32 പേജുള്ള 75 പൈസ വിലയിട്ട ചിത്രകഥയായിരുന്നു. ഒരോ ലക്കത്തിലും കവർ പേജിൽ ടൈറ്റിലിന് താഴെ പരിഭാഷ ശിവറാം കാരന്ത്  എന്ന് നൽകിയിരുന്നു.

പിൽകാലത്ത്  പ്രശസ്തമായ  ‘അമർ ചിത്രകഥ ‘ എന്ന് അറിയപ്പെട്ട പ്രശസ്ത ചിത്രകഥകൾക്ക് വഴിയൊരുക്കിയത് അനന്ത റാമിൻ്റെ ഈ  ശ്രമമാണ്. അതിനാൽ ഈ പത്ത് ചിത്രകഥാപുസ്തകങ്ങളെ ആദ്യത്തെ ഇന്ത്യൻ അമർ ചിത്രകഥകളായി കണക്കാക്കുന്നു. 3000 കോപ്പികൾ വീതം പത്ത് കന്നഡ ചിത്രകഥകൾ അന്ന് അച്ചടിച്ചത് മുഴുവൻ വിറ്റ് പോയി. നിർഭാഗ്യവശാൽ ഇതിൻ്റെ ഒരൊറ്റ കോപ്പി പോലും ഇന്ന് കിട്ടാനില്ല. 1994 എപ്രിലിൽ ഐബിഎച്ചിൻ്റെ ലൈബ്രറിയിൽ ഉണ്ടായ അഗ്നിബാധയിൽ അമർചിത്രകഥാ ശേഖരം മുഴുവൻ കത്തിനശിച്ച കൂട്ടത്തിൽ ഈ കന്നഡ ചിത്രകഥകളും ചാരമായി.

അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 
ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്

അനന്ത റാമിൻ്റെ അടുത്ത  ശ്രമം ഐബിഎച്ച് വഴി  നമ്മുടെ സംസ്കാരത്തിലും പൈതൃകത്തിലുമുള്ള ചിത്രകഥകൾ പുറത്തിറക്കുക എന്നതായിരുന്നു. അതിനു പിന്നിലുമുണ്ടായിരുന്നു ഒരു കഥ. ഒരിക്കൽ അനന്ത റാം ബാഗ്ലൂരിലെ പ്രസിദ്ധമായ  നൃപതുംഗ റോഡിലൂടെ സഞ്ചരിക്കുമ്പോൾ രണ്ട് കുട്ടികളുടെ സംഭാഷണം ശ്രദ്ധിക്കാനിടയായി. ആരാണീ നൃപതുംഗ? ഒരു ആണ്കുട്ടി മറ്റേ കുട്ടിയോട് ചോദിച്ചു. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ രാജാക്കന്മാരിൽ ഒരാളാണ് രാഷ്ട്രകൂട രാജവംശത്തിലെ അമോഘവർഷ നൃപതുംഗ. അത് പോലും അറിയാത്ത തലമുറയാണ് ഇവിടെ വളരുന്നത്.  ഇത്തരം അജ്ഞത മാറ്റി നമ്മുടെ തിളക്കമാർന്ന ചരിത്രത്തെ കുറിച്ച് അവരെ ബോധവന്മാരാക്കണമെന്ന് ആ നിമിഷം അനന്ത റാം ഉറപ്പിച്ചു. ഡൽഹിയിൽ അനന്ത പൈ ചിന്തിച്ചതും ബാഗ്ലൂരിൽ അനന്ത റാം ചിന്തിച്ചതും സമാന ആശയമായിരുന്നു.

അനന്ത റാം ബോംബയിലെ ഐബിഎച്ച് ഓഫീസിലേക്ക് ചിത്രകഥകളുടെ ഒരു പദ്ധതി തയാറാക്കി അയച്ചു. നമ്മുടെ പാരമ്പര്യവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ചിത്രകഥകൾ ഐബിഎച്ച് പുറത്തിറക്കണമെന്നായിരുന്ന അതിലെ സന്ദേശം.  ബാഗ്ലൂരിലെ ചിത്രകഥകളുടെ വിജയകഥ ഇതിനകം  ഐബിഎച്ചിൻ്റെ ഉടമ മിർചന്ദാനിയെ മറ്റൊരു തീരുമാനത്തിലെത്തിച്ചിരുന്നു. അനന്തറാമിൻ്റെ ആശയം കൂടി ലഭിച്ചതോടെ മിർചന്ദാനി ഉറപ്പിച്ചു.  കുറെക്കൂടി വിപുലമായ രീതിയിൽ  ചിത്രകഥകൾ പ്രസിദ്ധീകരിക്കുക. അനന്ത് പൈ അപ്പോഴേക്കും ടൈംസ് ഓഫ് ഇന്ത്യയിലെ ചിത്രകഥാ വിഭാഗത്തലവൻ എന്ന ജോലി രാജിവെച്ച്  തൻ്റെ ആശയങ്ങൾ നടപ്പിലാക്കാൻ  ഒരു പ്രസാധകനെ തേടുകയായിരുന്നു.

“താങ്കളുടെ ചിത്രകഥ ഭാവിയിൽ ഏത് ദിശയിലേക്കായിരിക്കും എത്തുക?”. ഒരു നിമിഷം പോലും വൈകാതെ, അത്യന്തം ആത്മവിശ്വാസത്തോടെ, “ഓരോ ഇന്ത്യൻ ഭവനത്തിലും,” എന്ന് അനന്ത പൈ പ്രതികരിച്ചു. 

വൈകാതെ രണ്ട് പേരും പരസ്പരം കണ്ടുമുട്ടി. ഇതിനകം അനന്ത പൈയെ ക്കുറിച്ച് നന്നായി മനസിലാക്കിയിരുന്ന മിർചന്ദാനി  ഒരു ചോദ്യം മാത്രം ചോദിച്ചു, “താങ്കളുടെ ചിത്രകഥ ഭാവിയിൽ ഏത് ദിശയിലേക്കായിരിക്കും എത്തുക?”. ഒരു നിമിഷം പോലും വൈകാതെ, അത്യന്തം ആത്മവിശ്വാസത്തോടെ, “ഓരോ ഇന്ത്യൻ ഭവനത്തിലും,” എന്ന് അനന്ത പൈ പ്രതികരിച്ചു. 

ഇന്ത്യൻ ഇതിഹാസങ്ങൾ, പുരാണങ്ങൾ, പുരാതന ചരിത്ര കഥകൾ, പഞ്ചതന്ത്രം, നാടോടികഥകൾ എന്നിവയായിരുന്നു അനന്തപൈ പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടത്. ഈ ചിത്രകഥാ പരമ്പരയെ  ക്ലാസിക്ക് എന്ന് വിളിക്കാൻ അദ്ദേഹമിഷ്ടപ്പെട്ടില്ല.  ഒരു ഭാരതീയമായ ബ്രാൻഡ് പേര് തന്നെ വേണം എന്ന് അനന്ത് പൈക്ക് നിർബന്ധമുണ്ടായിരുന്നു. പലരുമായി പല ദിവസം ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടും തൃപ്തികരമായ ഒരു പേര് ലഭിച്ചില്ല. ഒരു സായാഹ്നത്തിൽ തൻ്റെ ചിത്രകഥാ സംരംഭത്തെക്കുറിച്ച് ഒരു പുസ്തക വിൽപ്പനക്കാരനോട് വാചാലനായി. എല്ലാം കേട്ട് കഴിഞ്ഞ്  ആ പുസ്തക വിൽപ്പനക്കാരൻ നിസംഗതനായി അനന്ത് പൈയോട് പറഞ്ഞു, “നമ്മുടെ പൈതൃകത്തിൽ നിന്ന് മഹത്തായ കഥകൾ പുനർനിർമിക്കാനൊരുങ്ങുന്ന നിങ്ങളുടെ ഈ പദ്ധതിക്ക് എന്ത് പേരിട്ടാലും അത് അമർ (അനശ്വരം) ആയിരിക്കും”. അങ്ങനെ അമർ ചിത്രകഥ എന്ന പേരും പിറന്നു. 

അമർ ചിത്രകഥ - ലോഗോ
അമർ ചിത്രകഥ - ലോഗോ

രാജ്യമെങ്ങുമുള്ള ഇന്ത്യക്കാർക്ക് സ്വന്തമായ ഭഗവാൻ കൃഷ്ണനെ ആയിരുന്നു തൻ്റെ അമർ ചിത്രകഥയിലെ ആദ്യ ലക്കത്തിന് അങ്കിൾ പൈ തിരഞ്ഞെടുത്തത്. സ്ക്രിപ്റ്റിനേക്കാൾ വിഷമകരം ചിത്രീകരണമാണെന്ന് അറിയാവുന്ന അനന്ത പൈ മാസങ്ങളോളം പറ്റിയ ചിത്രകാരനെ തേടി അലഞ്ഞു. ഇന്ത്യൻ സങ്കൽപ്പത്തിന് യോജിച്ച വരയാകണം, വ്യത്യസ്തവുമാകണം;  അമ്പിളിയമ്മാവൻ്റെ ചിത്രങ്ങളുമായി ഒരു സാമ്യവും പാടില്ല. അതായിരുന്നു ചിത്രകാരന് നല്കാനുണ്ടായിരുന്ന വൺ ലൈനർ.

അങ്ങനെ അനന്ത് പൈ, രാം വയീക്കറെ കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യയിൽ ചിത്രീകരണം നടത്തിയിരുന്ന  രാം വയീക്കർ ഒരു  ശിവകാശി കലണ്ടറിന് വേണ്ടി ശ്രീരാമൻ - സീത എന്നീ ചിത്രങ്ങൾ വരച്ചത് അനന്ത പൈയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അടിസ്ഥാന പരമായി രാം വയീക്കർ ഒരു കാർട്ടൂണിസ്റ്റാണെങ്കിലും തൻ്റെ ലക്ഷ്യത്തിന് യോജിച്ചയാളാണെന്ന് അദ്ദേഹത്തിന് തോന്നി.

രാം വയീക്കർ
രാം വയീക്കർ

ഒടുവിൽ ‘കൃഷ്ണൻ’ എന്ന അമർ ചിത്രകഥ ജനിച്ചു. എഴുത്തിലും ചിത്രീകരണത്തിലും വളരെ ജാഗ്രതയോടെയാണ് അനന്തപൈ പ്രവർത്തിച്ചത്. ഒരു ചെറിയ തെറ്റ് മതിയായിരുന്നു എല്ലാം അവസാനിക്കാൻ. ഒരു ഹിന്ദു പുരാണ ദൈവത്തിൻ്റെ എല്ലാ അംശവും  ഉൾക്കൊണ്ട് 32 പേജുകളിൽ ശ്രീകൃഷ്ണ കഥ ആദ്യമായി വർണ ചിത്രങ്ങളായി അവതരിച്ചു. 1969ൽ ലക്കം 11 ആയാണ് ശ്രീകൃഷ്ണൻ പുറത്തിറങ്ങിയത്. എന്ത് കൊണ്ട് ആദ്യ ലക്കം ഒന്നിന് പകരം 11 ആയി? ഹിന്ദു വിശ്വാസമനുസരിച്ച് ഈ അക്കം മംഗളകരമാണ് എന്നതായിരുന്നു വിശദീകരണം. അനന്ത റാമിൻ്റെ ആദ്യ പത്ത് പുസ്തകങ്ങളാണ് അമർചിത്രകഥയായ് ഐബിഎച്ച് നിർവചിച്ചിരിക്കുന്നതെന്ന വസ്തുത അന്ന് അപൂർവം പേർക്കേ അറിയാമായിരുന്നുള്ളൂ.

ആദ്യത്തെ അമർ ചിത്രകഥ കൃഷ്ണ(1969)
ആദ്യത്തെ അമർ ചിത്രകഥ കൃഷ്ണ(1969)

ആദ്യ ലക്കം ഇറങ്ങി പിന്നീട് വായനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ചിത്രീകരണത്തിൽ മാറ്റം വരുത്തി കവർ പോലും മാറ്റി പുതിയ പതിപ്പ് ഇറക്കി. എന്നിട്ടും വിൽപ്പന മന്ദഗതിയിലായിരുന്നു. അനന്ത പൈ നേരിട്ട് പോയി  സ്റ്റേഷനറി കടകളിലും ഭക്ഷണശാലകളിലും പെട്രോൾ പമ്പിലും വരെ തൻ്റെ ചിത്രകഥക്ക് വിപണി കണ്ടെത്തി. ഇന്ത്യയിൽ പെട്രോൾ പമ്പ് വഴി വിൽക്കുന്ന ആദ്യ പുസ്തകം അമർ ചിത്രകഥയാണ്. ഇന്ധനം നിറക്കുന്ന സമയത്ത് വാഹന ഉടമ ഒരു നിമിഷം അമർചിത്രകഥ പ്രദർശിപ്പിക്കുന്ന സ്റ്റാൻഡ് ശ്രദ്ധിക്കും എന്ന അനന്ത പൈ ആശയമായിരുന്നു അത്.

രണ്ടാമത്തെ അമർ ചിത്രകഥ
രണ്ടാമത്തെ അമർ ചിത്രകഥ

1970-കളോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അമർ ചിത്രകഥയുടെ വീരഗാഥ ആരംഭിച്ചു. വിൽപ്പന കുതിച്ചുയർന്നു. ആദ്യകാലങ്ങളിൽ വിറ്റ ഇരുപതിനായിരം കോപ്പികൾ സങ്കൽപ്പത്തിനപ്പുറം കടന്ന് 50 ലക്ഷം കോപ്പികളായി. ഒരു മാസം 7 ലക്ഷം കോപ്പി വിൽക്കുമെന്ന നാഴികക്കല്ലിലെത്തി. അമർ ചിത്രകഥ ഒരു  ഒറ്റയാൾ പട്ടാളമായിരുന്നില്ല. പ്രതിഭകകൾക്ക് നേരെ കണ്ണ് വെയ്ക്കാൻ അനന്ത പൈ എന്നും തയാറായിരുന്നു. ഒരു സംഘം എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും കൂട്ടായ്മ അനന്ത പൈ രൂപപ്പെടുത്തി. എഴുതാൻ പ്രതിഭാശാലിയായ കമലാ ചന്ദ്രകാന്ത്, സുബറാവു, ലൂയിസ് ഫെർണാണ്ടസ് എന്നിവരും ചിത്രീകരണത്തിനായി രാം വയിർക്കർ, പ്രതാപ് മല്ലിക് തുടങ്ങിയവരും ചേർന്ന് അടുത്ത 20 കൊല്ലത്തിൽ ഇന്ത്യൻ ചിത്രകഥാ രംഗത്തെ സമ്പന്നമാക്കി.

നിരവധി അമർചിത്രകൾക്ക്  സ്ക്രിപ്റ്റ് എഴുതിയ കമല ചന്ദ്രകാന്ത്
നിരവധി അമർചിത്രകൾക്ക് സ്ക്രിപ്റ്റ് എഴുതിയ കമല ചന്ദ്രകാന്ത്

ഇന്ത്യയിലെ 13 ഭാഷകളിലും ഇംഗ്ലീഷിലും ചരിത്രവും പുരാണങ്ങളും ഇതിഹാസങ്ങളും പഞ്ചതന്ത്രവും നാടോടി കഥകളും അമർചിത്രകഥ നൽകി. 1975ൽ യുനെസ്കോ അമർ ചിത്രകഥയെ കുറിച്ച് വിശദമായി അവരുടെ പ്രസിദ്ധീകരണത്തിൽ എഴുതി. ഇന്ത്യയിലെ കുട്ടികൾക്ക് അത് നൽകുന്ന സാംസ്കാരിക മൂല്യം ഉയർന്നതാണെന്ന് പ്രശംസിച്ചു. അതോടെ അമർചിത്രകഥക്ക് ആഗോള അംഗീകാരം ലഭിച്ചു.

ചിത്രകാരൻ പ്രതാപ് മല്ലിക്ക്
ചിത്രകാരൻ പ്രതാപ് മല്ലിക്ക്

 അനന്ത പൈക്ക് ചരിത്രം വെറും തീയതികളല്ലായിരുന്നു. അവ കാലഘട്ടത്തിൻ്റെ പശ്ചാത്തലവും സാംസ്കാരിക ധർമ്മവും മനസിലാക്കാനുള്ളവയായിരുന്നു. അദ്ദേഹത്തിൻ്റെ അമർ ചിത്രകഥകൾ വിഷയവൈവിധ്യത്തിലും വിപുലമായിരുന്നു. നാന്നൂറിലധികം അമർ ചിത്രകഥകൾ അത് വ്യക്തമാക്കുന്നുണ്ട്. 90 പുരാണ കഥകൾ, 12 സംസ്കൃത ക്ലാസിക്കുകൾ, 24 ബുദ്ധകഥകൾ, ആറ്  ജാതക കഥകൾ, 10 മുഗൾ രാജവംശ കഥകൾ, ഏഴ്  രജപുത്രകഥകൾ, അഞ്ച് ഇന്ത്യൻ വിപ്ലവകാരികൾ എന്നിവ അമർ ചിത്രകഥ ലക്കങ്ങളായി പുറത്തിറങ്ങി. കൂടാതെ കവികൾ, സംഗീതഞ്ജർ, സിഖ്, മറാത്താ വീരന്മാർ ഒക്കെ വിവിധ ലക്കങ്ങളിൽ നായകരായി. ആദരണീയരായ 13 ഇന്ത്യൻ വനിതകളെയും ചിത്രകഥയിലൂടെ വായനക്കാർ അറിഞ്ഞു. ഇന്ത്യൻ വ്യവസായത്തിൻ്റെ നെടുംതൂണായ ടാറ്റയുടേയു ബിർളയുടേയും  വിജയഗാഥയും അമർ ചിത്രകഥ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം,  മംഗൾ പാണ്ഡെ എന്നിവയും അമർചിത്രകഥ ടൈറ്റിലുകൾ ആയിരുന്നു. കാളിദാസൻ, ബാണഭട്ടൻ തുടങ്ങിയവരുടെ കൃതികൾ അമർ ചിത്ര കഥയായിട്ടുണ്ട്. കൂടാതെ ഐൻസ്റ്റൻ, മാഡം ക്യൂറി എന്നീ ശാസ്ത്രജ്ഞമാരുടെ കഥകളും.

ലൂയിസ് ഫെർണാണ്ടസ്.
ലൂയിസ് ഫെർണാണ്ടസ്.

‘ഇതിലുള്ളത് മറ്റെവിടേയും ഉണ്ടായേക്കാം ഇതിലില്ലാത്തത് മറ്റൊരിടത്തും ഉണ്ടാകില്ല’ - മഹാഭാരതത്തെ കുറിച്ച് പറയുന്ന ആപ്തവാക്യമാണ്. അത് ആലേഖനം ചെയ്ത് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്നായ ‘മഹാഭാരതം’ ആദ്യമായി ചിത്രകഥാ രൂപത്തിൽ അനന്ത് പൈ പുറത്തിറക്കി. 1985 ൽ, 18 പർവ്വങ്ങളായി ഒന്നേകാൽ ലക്ഷം ശ്ലോകമുള്ള ബുഹുദ് ഗ്രന്ഥം 42 പുസ്തകങ്ങളിലൂടെ ചിത്രീകരിച്ച് അമർ ചിത്രകഥ. ഒന്നിടവിട്ട് ഒരോ ലക്കമായി പുറത്തിറക്കി. ആദ്യ ലക്കം ‘വേദവ്യാസന്റെ’ സ്ക്രിപ്റ്റ് എഴുതിയത് കമലാ ചന്ദ്രകാന്തും ടി എം  പി നെടുങ്ങാടിയും ചേർന്നാണ്. മലയാളികൾക്ക് സുപരിചിതനായ ‘നാദിർഷ ‘ എന്ന പേരിൽ സിനിമാ നിരുപണങ്ങൾ എഴുതിയിരുന്ന ബോബെ മലയാളി എഴുത്തുകാരനായിരുന്നു ടി എം പി നെടുങ്ങാടി.

ദിലീപ് കദം എന്ന ചിത്രകാരനാണ് മഹാഭാരതത്തിന് ചിത്രങ്ങൾ വരച്ചത്.  സുബറാവു ഉൾപ്പെടെ ഏഴ് എഴുത്തുകാർ പരിശ്രമിച്ചാണ് ഇതിന് സ്‌ക്രിപ്റ്റ് എഴുതിയത്. ഒൻപത് എഴുത്തുകാരുടെ പരിശ്രമഫലമായി ഇത് സമ്പൂർണചിത്രകഥയായി പുറത്ത് വന്നു. അവസാന പുസ്തകം നാല്പത്തി രണ്ടാം വോള്യം, ‘സ്വർഗാരോഹണം’, മാർഗി ശാസ്ത്രിയെന്ന എഴുത്തുകാരൻ പൂർത്തിയാക്കി.

കുട്ടികൾക്ക് എഴുതുന്നത് കുട്ടിക്കളിയല്ല എന്ന് ലോകത്തെ കാണിച്ചു കൊടുത്ത ഒരു എഡിറ്റർ ആയിരുന്നു അദ്ദേഹം. ഇതിഹാസമായ മഹാഭാരത്തിന് തന്നെ എറ്റവും മികച്ച വ്യാഖ്യാനങ്ങളാണ് റഫറൻസ് ആയി അമർ ചിത്രകഥക്ക് ഉപയോഗിച്ചത്. ഗോരക്ക്പൂരിലെ ഗീതാ പ്രസ് അച്ചടിച്ച പണ്ഡിറ്റ് ആർ എസ് പാണ്ഡേയുടെ സംസ്കൃതത്തിലുള്ള മഹാഭാരതം ഹിന്ദി വ്യാഖ്യാനം തൊട്ട് മലയാളത്തിലുള്ള കുഞ്ഞുകുട്ടൻ തമ്പുരാൻ്റെ വ്യാസമഹാഭാരതം വരെ ചിത്രകഥക്ക് അടിസ്ഥാനമായി ഉപയോഗിച്ചു. പ്രതാപ് ചന്ദ്ര റോയിയുടെ പ്രശസ്തമായ ഇംഗ്ലീഷിലുള്ള മഹാഭാരതവും  റഫറൻസായിരുന്നു. ആ മഹാകാവ്യത്തോട് നീതി പുലർത്താൻ വാക്കിലും ചിത്രങ്ങളിലും വളരെ ജാഗ്രത പാലിച്ചു സാക്ഷാൽക്കരിച്ചതാണ് 1344 പേജുകളിലായി മഹാഭാരതമെന്ന ഇതിഹാസം. 

മഹാഭാരതം - അമർ ചിത്രകഥ
മഹാഭാരതം - അമർ ചിത്രകഥ

ചിത്രകഥളുടെ പൂർണതക്ക്  വേണ്ടി അനന്ത പൈ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ‘മാർത്താണ്ഡ വർമ്മ’ യെന്ന അമർ ചിത്രകഥ വരച്ച ഇരിഞ്ഞാലക്കുടക്കാരൻ ആർട്ടിസ്റ്റ് മോഹൻദാസ് ഒരിക്കൽ പറഞ്ഞു. മാർത്താണ്ഡ വർമ്മയ്ക്കായി  വരക്കാൻ മോഹൻ ദാസിനെ ബോംബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയച്ചു. കൊട്ടാരവും കഥയുമായി ബന്ധപ്പെട്ട സ്ഥലങ്ങളുമെല്ലാം അദ്ദേഹം സന്ദർശിക്കുകയും തിരുവിതാംകൂർ രാജവംശത്തിലെ അംഗങ്ങളെ കണ്ട് വേഷവിധാനങ്ങളെല്ലാം മനസിലാക്കുകയും ചെയ്തു. വരയ്ക്കും മുൻപ്  ബോബെയിൽ ഒരു സന്ദർശത്തിലെത്തിയ തിരുവിതാംകൂറിലെ അവസാനത്തെ  നാടുവാഴി ശ്രീചിത്തിര തിരുനാളുമായി സംസാരിക്കാൻ അനന്ത പൈ  മോഹൻ ദാസിന് അവസരമൊരുക്കി. ഇത്രയും വിശദമായ തയ്യാറെടുപ്പിന് ശേഷമാണ് മാർത്താണ്ഡ വർമ്മ എന്ന ചിത്രകഥ മോഹൻദാസ് വരച്ചത്.

നേരത്തെ ‘കപീഷ്’ വരച്ച് പ്രശസ്തനായ മാരാത്ത് മോഹൻ ദാസ്  അമർ ചിത്രകഥയ്ക്കായും വരച്ചു. ആദ്യം വരച്ചത് - സ്വാമി അയ്യപ്പൻ, 1975ലായിരുന്നു അത്. പിന്നീട് തച്ചോളി ഒതേനൻ, വേലുത്തമ്പി ദളവ, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ മലയാള ചരിത്രവുമായി ബന്ധപ്പെട്ട അമർ ചിത്രകഥകൾ വരച്ചു. 

പ്രശസ്തനായ അമേരിക്കൻ അനിമേറ്ററായ ജെഫ്രി ഫൗളറുടെ പ്രതിഭ പോലും ഒരിക്കൽ അനന്ത് പൈ അമർ ചിത്രകഥയിൽ ഉപയോഗിച്ചു. പഞ്ചതന്ത്ര കഥകളിൽ ജെഫ്രി വരച്ച ചിത്രങ്ങൾ അനിമേഷൻ ഛായ ഉള്ള വ്യത്യസ്തമായ  അമർ ചിത്രകഥയായിരുന്നു.

അമർ ചിത്രകഥകൾ
അമർ ചിത്രകഥകൾ

രാമായണവും ദശാവതാരവും യേശുക്രിസ്തുവും  അമർ ചിത്രകഥയായി പത്യേക പതിപ്പുകളായി പിന്നീട് പുറത്തുവന്നു. വാക്കിലും വരയിലും അനന്തപൈ പുലർത്തിയ സൂഷ്മത അതിശയകരമായിരുന്നു. ഒരിക്കൽ മാത്രം അമർ ചിത്രകഥയിൽ ഒരു പിഴവ് പറ്റി, വാക്കിലല്ല, കവർ ചിത്രത്തിൽ തന്നെ.  ദ്രൗപദി  എന്ന ചിത്രകഥയിലെ കവറിൽ കൗരവൻ്റെ കയ്യിൽ ലോഹ വളക്ക് പകരം റിസ്റ്റ് വാച്ച് കയ്യിൽ കെട്ടിയ രീതിയിൽ ചിത്രകാരൻ പ്രതാപ് മല്ലിക്ക് വരച്ചു. അനന്തപൈയുടെ കണ്ണുകളെ വെട്ടിച്ച് അത് പുറത്തിറങ്ങി. ഈ അമർ ചിത്ര കഥ ‘ബെൻഹർ പതിപ്പ്’ എന്നറിയപ്പെടുന്നു. വിഖ്യാത ചലചിത്രമായ ‘ബെൻഹറി’ൽ  രണ്ട് യോദ്ധാക്കൾ വാച്ച് കെട്ടിയിരിക്കുന്നത് ചിത്രീകരിച്ചിരുന്നത്  ഓർമിക്കുന്ന ചിത്രകഥാ പതിപ്പായി ഇന്നും ആ ചിത്രവുമായി ദ്രൗപദി ഇറങ്ങുന്നു.

ജർമൻ, ഫ്രഞ്ച്, അറബി തുടങ്ങിയ ഭാഷകളിൽ അമർ ചിത്രകഥ വന്നതോടെ അന്താരാഷ്ട പ്രചാരമുള്ള ഏക ഇന്ത്യൻ ചിത്രകഥയായി മാറി. 90-കളിൽ ദൂരദർശൻ്റെ ഏറ്റവും മെഗാ ഹിറ്റായ രാമായണത്തിൻ്റെ സെറ്റ് ഡിസൈനുകൾക്കും  വേഷങ്ങൾക്കും മാതൃക അമർ ചിത്രകഥയിൽ നിന്ന് ലഭിച്ചതാണെന്ന് രാമാനന്ദ സാഗർ ഒരു ചടങ്ങിൽ കണ്ട് മുട്ടിയ അനന്ത് പൈയോട് പറഞ്ഞു. അങ്ങനെ അനന്ത പൈയും അമർ ചിത്രകഥയും  ദൃശ്യമാധ്യമത്തിനും വഴി കാട്ടിയായി.

അമർ ചിത്രകഥ കൊണ്ട് അവസാനിച്ചില്ല അനന്ത പൈയുടെ ചിത്രകഥ പ്രണയം. 1970-ൽ മുംബൈയിൽ 'രംഗ രേഖാ ഫീച്ചേസ്' എന്ന കോമിക്‌സ് സിൻഡിക്കേറ്റിങ്ങ് സംരംഭം അനന്ത പൈ ആരംഭിച്ചു. പിന്നീട് കുട്ടികളുടെ പ്രിയകഥാപാത്രമായ 'കപീഷ്' ചിത്രകഥ ഇതിലൂടെ പ്രചരിച്ചു. 1976-ൽ ആദ്യത്തെ കപീഷ് ലക്കം പ്രസിദ്ധീകരിച്ചത് കാർട്ടൂണിസ്റ്റ് ശങ്കർ സ്ഥാപിച്ച 'ചിൽഡ്രൻസ് വേൾഡ്' എന്ന ഇംഗ്ലീഷ് ബാലമാസികയിലാണ്. പിന്നീട് ഇത് ഇന്ത്യയിലെങ്ങുമുള്ള വിവിധ ഭാഷകളിലുള്ള ബാലമാസികകളിൽ പരിഭാഷപ്പെടുത്തി അച്ചടിച്ചു വന്നു.

1980-ല്‍ അനന്ത പൈ ആരംഭിച്ച ‘ട്വിങ്കിൾ’ എന്ന സചിത്ര ഇംഗ്ലീഷ്  മാസിക  തുടങ്ങിയതോടെ കുട്ടികൾക്ക് പ്രിയപ്പെട്ട കുറെ കഥാപാത്രങ്ങൾ കൂടി എത്തി. രാം വരീക്കറുടെ ശുപ്പാണ്ടിയും വസന്ത്‌ ബി ഹാല്‍ബെ, ലൂയിസ്‌ ഫെര്‍ണാണ്ടസ്   എന്നിവര്‍ ചേര്‍ന്നൊരുക്കിയ  ശിക്കാരി ശംഭുവും  ലൂയിസും പ്രദീപ്‌ സാഥേയും ഒരുമിച്ച കാലിയയുമൊക്കെ ടിങ്കിളിലൂടെ വായനക്കാരെ ആകർഷിച്ചു.

ഗൂഗിൾ ഡൂഡിൽ  -അനന്തപൈ
ഗൂഗിൾ ഡൂഡിൽ -അനന്തപൈJon Wiley and Micheal Lopez

57  വർഷം മുൻപ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വർണ്ണങ്ങളിലൂടെയും വാക്കുകളുടെയും അനന്ത് പൈ വായനക്കാർക്ക് നൽകിയ അമർ ചിത്രകഥ ഇന്നും ഹൃദ്യമായ വായനാനുഭവമായി തുടരുന്നു. വായന ലോകം ഡിജിറ്റൽ ആയതോടെ അമർ ചിത്രകഥയുടെ ഡിജിറ്റൽ പതിപ്പും പുറത്തിറങ്ങി. ഒരു കോടി കോപ്പികൾ വിറ്റഴിഞ്ഞ അമർ ചിത്രകഥ  പുതിയ തലമുറ ടാബിലും മൊബൈൽ ഫോണിലും വായിച്ച് ആസ്വദിക്കുകയാണ് ഇപ്പോൾ.  അവസാന കാലം വരെ പ്രസിദ്ധീകരണ വ്യവസായത്തിലെ ചലനങ്ങൾ ശ്രദ്ധിച്ചിരുന്ന അനന്ത പൈ 2011 ഫെബ്രുവരി 24ന് അന്തരിച്ചു. 

logo
The Fourth
www.thefourthnews.in