'വരയുടെ പരമശിവൻ' സംഗീതത്തെ കണ്ടറിഞ്ഞ വിധം

'വരയുടെ പരമശിവൻ' സംഗീതത്തെ കണ്ടറിഞ്ഞ വിധം

നിരീക്ഷണം നമ്പൂതിരിയുടെ ജന്മ സ്വഭാവമായിരുന്നു. സംഗീതജ്ഞരുടെ ജുബ്ബയും ആലാപന സവിശേഷതകളും ചേഷ്ടകളും ഹൃദിസ്ഥമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു
Updated on
2 min read

ആർട്ടിസ്റ്റ്‌ നമ്പൂതിരിയുടെ വരകളുടെ, ശില്പങ്ങളുടെ പ്രത്യേകത അതിന് സംഗീതവുമായുള്ള ബന്ധമാണ്. നമ്പൂതിരി വളരെ ചെറുപ്പത്തിലേ സംഗീതത്തിൽ ആഭിമുഖ്യം പുലർത്തിയിരുന്നു. അന്നത്തെ ഇല്ലങ്ങളിലെ ഒരു രീതി അനുസരിച്ച് കഥകളി കാണാൻ കുട്ടി നമ്പൂതിരി പോകുമായിരുന്നു. അതിലെ സംഗീതം കഥകളി പദങ്ങൾ ഇവയൊക്കെ അദ്ദേഹത്തെ ആകർഷിച്ചു. സംഗീത കച്ചേരികൾക്ക് കോഴിക്കോട് തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ നമ്പൂതിരി എത്തുമായിരുന്നു. കൂടെ മക്കൾ ആരെങ്കിലുമുണ്ടാകും.

കച്ചേരികൾ നമ്പൂതിരി ഇരുന്ന് കേൾക്കും. നിരീക്ഷണം നമ്പൂതിരിയുടെ ജന്മ സ്വഭാവമായിരുന്നു എന്ന് പറയുമ്പോൾ സംഗീതജ്ഞരുടെ ജുബ്ബയും ആലാപന സവിശേഷതകളും ചേഷ്ടകളും ഹൃദിസ്ഥമാക്കാൻ കഴിഞ്ഞത് വഴി വാരികകളിൽ രേഖാ ചിത്രീകരണം നടത്തുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ കാണാനാവുമായിരുന്നു.

വിവിധ കഥകൾക്കും നോവലുകൾക്കും മാതൃഭൂമി, കലാകൗമുദി, മലയാളം വാരിക തുടങ്ങിയവയിൽ നമ്പൂതിരി വരച്ചുകൂട്ടിയ ചിത്രങ്ങൾ നിങ്ങളുടെ എല്ലാ കലാ സങ്കല്പങ്ങളേയും ഉല്ലംഘിക്കാൻ പോന്നതാണ്

നമ്പൂതിരി ധരിക്കുന്ന ജുബ്ബ തന്നെ സംഗീതാത്മകമായി ചലിക്കുന്നതായി സൂക്ഷ്മ ദൃഷ്ടിയിൽ വെളിപ്പെടും. തലശ്ശേരി ബ്രണ്ണൻ കോളജിൽ 1985 ൽ നടന്ന ഒരു ചിത്രകലാ ആസ്വാദന ക്യാമ്പിലാണ് ആദ്യമായി നമ്പൂതിരിയെ സവിശേഷമായി ശ്രദ്ധിച്ചത്. നേരത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വരകൾ വഴി അറിയാമായിരുന്നു. നമ്പൂതിരി ഒരു കാറ്റാകുന്നു എന്നും നമ്പൂതിരി നടക്കുമ്പോൾ സംഗീതവും ചിത്രകലയും നൃത്തം ചെയ്യുന്നു എന്നും എം എൻ വിജയൻ മാഷുടെ ഒരു പഴയ പ്രഭാഷണം കേട്ട ഓർമയിൽ പറയാം.

ഇതിഹാസങ്ങളോട്, രാമായണ മഹാഭാരത കഥകളോട് നമ്പൂതിരിയുടെ മനസ്സ് പുലർത്തിയ പ്രണയം അദ്ദേഹത്തിന്റെ രേഖാ ചിത്രങ്ങളിൽ ചില ശില്പങ്ങളിൽ കാണാം. വിവിധ കഥകൾക്കും നോവലുകൾക്കും മാതൃഭൂമി, കലാകൗമുദി, മലയാളം വാരിക തുടങ്ങിയവയിൽ നമ്പൂതിരി വരച്ചുകൂട്ടിയ ചിത്രങ്ങൾ നിങ്ങളുടെ എല്ലാ കലാ സങ്കല്പങ്ങളെയും ഉല്ലംഘിക്കാൻ പോന്നതാണ്. എംടിയുടെ രണ്ടാമൂഴം നോവലിന് നമ്പൂതിരി വരച്ച ചിത്രങ്ങൾ. രോഷാകുലയായ പാഞ്ചാലി, ഭീമന്റെ സ്നേഹ പാരവശ്യങ്ങൾ, അർജുനന്റെ വിചാരങ്ങളും ചിന്തകളും യുധിഷ്ഠരന്റെ ധർമ സംശയങ്ങൾ... എല്ലാം നമ്പൂതിരി ഒപ്പിയെടുത്ത് വായനക്കാർക്കും കാഴ്ചകാർക്കുമായി സമർപ്പിക്കുമ്പോൾ അത് ലോകത്തിലെ ഏത് ഉദാത്ത കലയെയും അതിശയിപ്പിക്കും.

നമ്പൂതിരി വരച്ച ഒരു  രേഖാ ചിത്രം
നമ്പൂതിരി വരച്ച ഒരു രേഖാ ചിത്രം

രേഖാചിത്രങ്ങൾ ചിത്രകലയുടെ അടിസ്ഥാന രൂപത്തിൽ നിന്നാണ് ജനിക്കുന്നത്. കാരണം അത് വരകൾ ആണ്. പഞ്ച് എന്ന വിദേശ പ്രസിദ്ധീകരണത്തിൽ വന്ന വരകളെ ഓർത്താണ് ആ രീതിയിൽ വരക്കാൻ തോന്നിയതെന്ന് 1980 കളുടെ ഒടുവിൽ കോഴിക്കോട്ട് ഒരു സായാഹ്നത്തിൽ എനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. നമ്പൂതിരിച്ചിത്രങ്ങൾക്ക് ഒരു തെന്നിന്ത്യൻ ഗോപുരത്തിന്റെ ഛായയാണ്. മഹാബലിപുരം ചിത്രങ്ങൾ ആർട്ടിസ്റ്റ് നമ്പൂതിരിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ കരിക്കട്ട കൊണ്ട്, മണലുകൊണ്ട് വരയുടെ ആദ്യ പാഠങ്ങൾ പഠിച്ച നമ്പൂതിരി, രേഖാ ചിത്രരചനയിലെ ഒരു മഹാപ്രതിഭ തന്നെ. മഹാ മേരു.

'വരയുടെ പരമശിവൻ' സംഗീതത്തെ കണ്ടറിഞ്ഞ വിധം
അതിസൂക്ഷ്മ നിരീക്ഷണപാടവമുള്ള നമ്പൂതിരി വരകള്‍

വി കെ എൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചത് വരയുടെ പരമശിവൻ എന്നാണ്. കേരളീയ രേഖാചിത്ര രചന കളുടെ പരമശിവൻ തന്നെയാണ് നമ്പൂതിരി. കേരളത്തിൽ അല്ലായിരുന്നു ജനനമെങ്കിൽ ലോകോത്തര കലാകാരനായി നമ്പൂതിരി വാഴ്ത്തപ്പെടുമായിരുന്നു. നമ്പൂതിരിച്ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ ഏറെ സുന്ദരികളും വിലാസിനികളുമായി അനുഭവപ്പെടുന്നുണ്ട്.

തികഞ്ഞ സൗന്ദര്യ ആരാധകനായ നമ്പൂതിരി, അടിമുടി കലക്ക് വേണ്ടി ജീവിച്ച മഹാകലാകാരനാണ്. രാമായണം ആസ്പദമാക്കി കുറേ ശില്പങ്ങളും നമ്പൂതിരി ചെയ്തിട്ടുണ്ട്. നമ്പൂതിരിച്ചിത്രങ്ങൾ ത്രീ ഡൈമൻഷനലാണ്. ഒരു ശില്പം പോലെ.

logo
The Fourth
www.thefourthnews.in