സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ വില്ലുവണ്ടി തെളിച്ച വിപ്ലവകാരി
ആധുനിക കേരളത്തിന് അടിത്തറ പാകിയവരില്‍ പ്രമുഖനും ജാതി വിരുദ്ധ പോരാട്ടങ്ങളുടെ നേതൃത്വവുമായിരുന്ന മഹാത്മ അയ്യന്‍കാളിയുടെ 160-ാം ജന്മദിനാഘോഷ പരിപാടികള്‍ രാജ്യത്തെമ്പാടും പ്രത്യേകിച്ച് കേരളത്തിലെ എല്ലാ മേഖലകളിലും നടക്കുകയാണ്. അടിസ്ഥാന ജനതയുടെ വിമോചകനും ജനാധിപത്യവത്കരണ മുന്നേറ്റത്തിന് അടിസ്ഥാനമിട്ട നവോത്ഥാന പോരാളിയും എന്ന നിലയിലാണ് അയ്യന്‍കാളി വായിക്കപ്പെടുന്നത്. മനുസ്മൃതിയുടെ ജാതിനിയമങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കപ്പെട്ടിരുന്ന മലയാളി സമൂഹം നിശ്ചലമായിരുന്നു. ഈ നിശ്ചലാവസ്ഥയെ ഭേദിക്കുവാനും ജാതി നിയമങ്ങളെ ദുര്‍ബലപ്പെടുത്താനും അയ്യന്‍കാളിയുടെ പ്രക്ഷോഭ സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സമരങ്ങളാണ് പ്രധാനമായും ജാതി വിരുദ്ധവും മതേതരവുമായ സാമൂഹ്യക്രമമെന്ന പുതിയ ആശയത്തിലേയ്ക്ക് മലയാളി സമൂഹത്തെ നയിച്ചത്. കൊളോണിയന്‍ അധിനിവേശം സൃഷ്ടിച്ച സാമ്പത്തികവും ഭരണപരവും വിദ്യാഭ്യാസപരവുമായ പുരോഗമന പരിഷ്‌കാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തിന് കളമൊരുക്കിയെന്ന ചരിത്ര വസ്തുതയും കൂട്ടി വായിക്കേണ്ടതാണ്.
വില്ലുവണ്ടിസമരം
1860 ല്‍ പൊതുമരാമത്ത് വകുപ്പ് രൂപീകരിക്കുന്നതോടെയാണ് തിരുവിതാംകൂറില്‍ റോഡുകളെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കം കുറിച്ചത്. ബ്രാഹ്‌മണ സംരക്ഷണം, ജാതിനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തല്‍, നികുതിപിരിക്കല്‍ തുടങ്ങി പ്രധാനകര്‍ത്തവ്യ നിര്‍വ്വഹണത്തിനു ശേഷം മാത്രമേ റോഡ് നിര്‍മ്മാണത്തിന് അക്കാലത്ത് പ്രാധാന്യം ഉണ്ടായിരുന്നുള്ളൂ. സര്‍ക്കാര്‍ ഫണ്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിക്കുന്ന റോഡുകൾ രാജവീഥികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ റോഡുകള്‍ പക്ഷെ സവര്‍ണ്ണ വിഭാഗങ്ങളുടെ സ്വകാര്യ ഇടങ്ങളായാണ് കരുതിപോന്നത്. ഈ രാജവീഥികളില്‍ പ്രവേശിക്കാന്‍ ജാതീയകാരണങ്ങളാല്‍ അടിസ്ഥാന ജനതയെ സമൂഹം അനുവദിച്ചിരുന്നില്ല.
1886 ല്‍ മാത്രമാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കുമായി രാജവീഥികള്‍ തുറന്നുകൊടുത്തത്. സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നിട്ടും നായന്മാരുടെ നേതൃത്വത്തിലുള്ള സിവില്‍ സമൂഹം അയിത്തവിഭാഗങ്ങളെ റോഡിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കാതിരുന്ന സാഹചര്യത്തെയാണ് അയ്യന്‍കാളി നേരിട്ടത്. ഈ നീതി നിഷേധത്തെ ഭേദിക്കാന്‍ അനവധി പ്രക്ഷോഭ സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. പൊതുവഴിയിലൂടെ നടക്കാന്‍ മുഴുവന്‍ മനുഷ്യര്‍ക്കും അവകാശമുണ്ടെന്ന ജനാധിപത്യബോധ്യമാണ് അയ്യന്‍കാളിയെ 1893 ല്‍ വില്ലുവണ്ടി സമരത്തിലേക്ക് നയിച്ചത്. അക്കാലത്ത് അധ:സ്ഥിതര്‍ ഒരു വില്ലുവണ്ടി വാങ്ങുന്നതും വില്ലുവണ്ടിയില്‍ യാത്ര ചെയ്യുന്നതും വിലക്കപ്പെട്ടിരുന്ന ഒരു കുറ്റകൃത്യമായാണ് കണക്കാക്കിയിരുന്നത്. അദ്ദേഹത്തിന്റെ വേഷവിധാനങ്ങള്‍ പോലും ജാതിനിയമങ്ങളെ ധിക്കരിക്കലായിരുന്നു. സ്വഭാവികമായും വില്ലുവണ്ടി യാത്രയെ തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് പ്രബല സവര്‍ണ സിവില്‍സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറുകയായിരുന്നു. നായര്‍ പ്രമാണിമാരേയും ഗുണ്ടകളേയും സംഘര്‍ഷാത്മകമായി നേരിട്ടുകൊണ്ടാണ് അയ്യന്‍കാളിയുടെ നേതൃത്വത്തിലുള്ള സംഘടിത യാത്ര തുടര്‍ന്നത്. ഈ പ്രക്ഷോഭ സമരങ്ങള്‍ അയിത്ത ജാതിക്കാരില്‍ ഉയര്‍ത്തിയ ആവേശകരമായ സ്വാതന്ത്ര്യബോധം ഒട്ടനവധി സഞ്ചാര സ്വാതന്ത്ര്യസമരങ്ങള്‍ക്ക് പ്രചോദനമായി. ജാതി മേധാവിത്വ ശക്തികളുമായി നിരന്തരം ഏറ്റുമുട്ടിക്കൊണ്ട് നേടിയെടുത്ത സഞ്ചാരസ്വാതന്ത്ര്യം അയിത്ത ജാതിക്കാരുടെ ഉന്നമനത്തിനും ജാതി വിരുദ്ധ സാമൂഹ്യ ഘടനയുടെ നിര്‍മിതിക്കുമാണ് അടിസ്ഥാനമിട്ടത്.
വിദ്യാഭ്യാസ അവകാശ പോരാട്ടം
സര്‍ക്കാര്‍ ജോലിക്ക് അടിസ്ഥാന മാനദണ്ഡം ഇനിമുതല്‍ വിദ്യാഭ്യാസ യോഗ്യത ആയിരിക്കുമെന്ന തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നത് 1865 ലാണ്. അതുവരെ പരദേശി ബ്രാഹ്‌മണരുടേയും നായന്മാരുടേയും പാരമ്പര്യ അവകാശമായിരുന്നു സര്‍ക്കാര്‍ ജോലികള്‍. സര്‍ക്കാര്‍ ജോലിക്ക് അടിസ്ഥാന യോഗ്യതയായി വിദ്യാഭ്യാസം മാറിയതോടെ വിദ്യാഭ്യാസത്തിനായുള്ള ഉണര്‍വ് വിവിധ സമുദായങ്ങള്‍ക്കിടയില്‍ പ്രകടമായി. ജാതി അയിത്താചാര നിയമങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന അടിസ്ഥാന ജനതയ്ക്കു സ്‌കൂള്‍ പ്രവേശനം സ്വഭാവികമായും നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ അവകാശം നേടിയെടുത്തില്ലെങ്കില്‍ സമുദായ പുരോഗതി അസാധ്യമാണെന്ന് അയ്യന്‍കാളി തിരിച്ചറിഞ്ഞിരുന്നു. 1907 ല്‍ സാധുജന പരിപാലന സംഘം രൂപീകരിച്ചുകൊണ്ട് സ്‌കൂള്‍ പ്രവേശനത്തിനായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തി. 1907 ല്‍ തന്നെ വിദ്യാഭ്യാസ അവകാശം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സവര്‍ണ്ണര്‍ അടിസ്ഥാന ജനവിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം തടയുകയായിരുന്നു. സ്‌കൂള്‍ പ്രവേശനം ശക്തമായി ആവശ്യപ്പെടുന്നതോടൊപ്പം സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചെങ്കിലും ആ സ്‌കൂള്‍ സവര്‍ണ്ണ പ്രമാണിമാര്‍ തീയിട്ടു നശിപ്പിക്കുകയായിരുന്നു. തകര്‍ക്കപ്പെട്ട സ്‌കൂള്‍ വീണ്ടും കെട്ടിയുയര്‍ത്തി ക്കൊണ്ട് അയ്യന്‍കാളി സ്ഥാപനവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. 1910 ല്‍ അധ: സ്ഥിതരുടെ സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ഈ ഘട്ടത്തിലാണ് കാറല്‍ മാര്‍ക്‌സിനെ കേരളത്തിനു പരിചയപ്പെടുത്തിയ സാക്ഷാല്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, അധ:സ്ഥിതരുടെ സ്‌കൂള്‍ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് സ്വന്തം പത്രത്തില്‍ മുഖ പ്രസംഗം എഴുതിയത് സവര്‍ണ്ണകുട്ടികളെയും പുലയ- പറയ കുട്ടികളേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടലാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. അയ്യന്‍കാളി ഒരിക്കലും പ്രത്യേക സ്‌കൂളിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നില്ലായെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാവരും പഠിക്കുന്ന വിദ്യാലയത്തില്‍ തന്നെ അടിസ്ഥാന ജനവിദ്യാര്‍ത്ഥികളും പഠിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്. സ്‌കൂള്‍ പ്രവേശനം നായര്‍ പ്രമാണിമാരുടെ നേതൃത്വത്തിലുള്ള പൊതു സമൂഹം അംഗീകരിക്കാതിരുന്ന സാഹചര്യത്തിലാണ് കര്‍ഷക സ്തംഭന സമരമെന്ന ജീവന്‍ മരണ പോരാട്ടത്തിലേയ്ക്ക് അയ്യന്‍കാളി പ്രവേശിക്കുന്നത്. ഞങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാടത്തു പണിയെടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. ഈ പ്രഖ്യാപനം പ്രായോഗികമായി നടപ്പാക്കിയ പ്രക്ഷോഭകാരിയെ കര്‍ഷകതൊഴിലാളി നേതാവായും കാര്‍ഷിക വിപ്ലവകാരിയായും ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. ഒരു വിഭാഗത്തെ ജാതിയുടെ പേരില്‍ വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയ മനുസ്മൃതിയുടെ സവര്‍ണ്ണ മൂല്യബോധത്തെയാണ് ഈ കാര്‍ഷിക സമരത്തിലൂടെ അയ്യന്‍കാളി വെല്ലുവിളിച്ചത്. പകരം എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന നവോത്ഥാന ജാനാധിപത്യ മൂല്യബോധത്തെയാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ദുരിത പൂര്‍ണ്ണവും ആത്മാഭിമാന പ്രചോതിതവുമായ സമരം വിദ്യാഭ്യാസ അവകാശം അംഗീകരിക്കപ്പെട്ടതോടെയാണ് അവസാനിച്ചത്.
അയ്യന്‍കാളി രൂപീകരിച്ച സാധുജന പരിപാലന സംഘം ഒരു മതേതരപ്രസ്ഥാനമാണെന്ന് നിസംശയം പറയാം. അടിസ്ഥാന ജനതയെ മതാതീതമായി ഉള്‍ക്കൊണ്ട പ്രസ്ഥാനമായിരുന്നു സാധുജനപരിപാലന സംഘം. മഹാത്മ അയ്യന്‍കാളി പ്രജാസഭയിലും വിദ്യയ്ക്കും തൊഴിലിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രജാസഭാ സാന്നിധ്യം അധ:സ്ഥിതരുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാക്കി പ്രജാസഭയെ മാറ്റാനും ധാരാളം ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു.
കല്ലുമാല ബഹിഷ്‌കരണ സമരം
അധ:സ്ഥിത സ്ത്രീകള്‍ അണിഞ്ഞിരുന്ന അയിത്തത്തിന്റെയും ജാതീയ അടിമത്വത്തിന്റെയും ചിഹ്നമായ കല്ലുമാല പൊട്ടിച്ചെറിയാനുള്ള അയ്യന്‍കാളി പ്രസ്ഥാനത്തിന്റെ ആഹ്വാനവും നിലപാടുമാണ് കൊല്ലം പെരിനാട്ടു വിപ്ലവത്തിലേയ്ക്ക് നയിച്ചത്. പുലയര്‍- നായര്‍ ഏറ്റുമുട്ടലായി മാറിയ കലാപം മൂലം ധാരാളം കുടിലുകള്‍ അഗ്നിക്കിരയാകുകയും ഒട്ടനവധി കുടുംബങ്ങള്‍ക്ക് പാലായനം ചെയ്യേണ്ടിവരികയും ചെയ്തു. വിഷയത്തിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്താനും സര്‍വ സമുദായ സമാധാന സമ്മേളനം 1915 ല്‍ കൊല്ലത്തു വിളിച്ചു ചേര്‍ക്കാനും അയ്യന്‍കാളിക്കു കഴിഞ്ഞു. നായര്‍ പുരോഗമനകാരികളുടെ സാന്നിധ്യം സമ്മേളനത്തില്‍ ഉറപ്പാക്കി. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള അധ്യക്ഷനായ സമ്മേളനത്തില്‍ വച്ചാണ് അയ്യന്‍കാളിയുടെ ആഹ്വാനപ്രകാരം അധ:സ്ഥിത സ്ത്രീകള്‍ കല്ലുമാല ബഹിഷ്‌ക്കരിക്കുകയും വസ്ത്ര ധാരണ സ്വാതന്ത്ര്യത്തിന് തുടക്കമിടുകയും ചെയ്തത്. അടിസ്ഥാന വർഗത്തിൽപ്പെട്ട സ്ത്രീകൾ സ്വന്തം ശരീരത്തില്‍ എന്തു ധരിക്കണമെന്ന് തീരുമാനിച്ചുപോന്ന മേലാളന്മാരുടെ പാരമ്പര്യ അവകാശത്തെയാണ് ദളിത് സ്ത്രീകള്‍ ഈ നടപടിയിലൂടെ റദ്ദുചെയ്തത്. മാത്രമല്ല സര്‍വ്വസമുദായ സൗഹാര്‍ദ്ദസമാധാന സമ്മേളനമെന്ന ആശയവും പ്രയോഗവും അയ്യന്‍കാളിയുടെ ദീര്‍ഘ വീക്ഷണവും ജനാധിപത്യ കാഴ്ചപ്പാടും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
അയ്യന്‍കാളി രൂപീകരിച്ച സാധുജന പരിപാലന സംഘം ഒരു മതേതരപ്രസ്ഥാനമാണെന്ന് നിസംശയം പറയാം. അടിസ്ഥാന ജനതയെ മതാതീതമായി ഉള്‍ക്കൊണ്ട പ്രസ്ഥാനമായിരുന്നു സാധുജനപരിപാലന സംഘം. മഹാത്മ അയ്യന്‍കാളി പ്രജാസഭയിലും വിദ്യയ്ക്കും തൊഴിലിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രജാസഭാ സാന്നിധ്യം അധ:സ്ഥിതരുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാക്കി പ്രജാസഭയെ മാറ്റാനും ധാരാളം ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി സമ്പ്രദായം നടപ്പാക്കിയതും ഫീസിളവ്, സ്റ്റൈപ്പന്റ് അനുവദിപ്പിച്ചതും ഏക്കര്‍ കണക്കിന് പുതുവല്‍ ഭൂമി അധ:സ്ഥിതര്‍ക്കായി പതിപ്പിച്ചു വാങ്ങാന്‍ കഴിഞ്ഞതും അയ്യന്‍കാളിയുടെ പ്രജാസഭാപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ നേട്ടങ്ങളില്‍ ചിലതാണ്. മഹാത്മാ അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, ജോണ്‍ ജോസഫ്, ദേശീയതലത്തില്‍ ഡോ ബി ആര്‍ അംബേദ്കർ തുടങ്ങി ചുരുക്കം ചിലരൊഴികെ പാര്‍ലമെന്റിലും, നിയമസഭകളിലും ദളിതരുടെ അടിസ്ഥാന ആവശ്യങ്ങള്‍ സ്വതന്ത്രമായി ഉന്നയിക്കാന്‍ അവരുടെ പ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടില്ല.
അക്ഷരാഭ്യാസം ഇല്ലാതിരുന്നിട്ടും സമൂഹത്തിനു മുന്നേ നടന്ന ജ്ഞാനിയായ അയ്യന്‍കാളി സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളിലൂടെ കാണിച്ചു തന്ന പ്രായോഗികവും സൈദ്ധാന്തികവുമായ ദര്‍ശനം ആധുനിക ഘട്ടത്തിലും വഴികാട്ടിയായി തുടരുകയാണ്. ജാതിവിരുദ്ധവും മതേതരവും ജനാധിപത്യപരവുമായ ചിന്തകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം കാണാം. ഡോ ബി ആര്‍ അംബേദ്കർ വികസിപ്പിച്ച സാമൂഹ്യ ജനാധിപത്യത്തിന്റെ ദര്‍ശനം അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കുന്നുണ്ട്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊതു സമൂഹത്തെ പുനര്‍നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തിലേയ്ക്ക് തന്നെയാണ് അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങള്‍ നീങ്ങിയിരുന്നതെന്ന് വായിച്ചെടുക്കാവുന്നതാണ്.
അയ്യന്‍കാളിയുടെ ജന്മദിനാഘോഷ വേളയില്‍ ദളിതര്‍ നേരിടുന്ന അനേകം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുകയാണ്. ഭൂമിയുടെ പ്രശ്‌നമായാലും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ദളിത് പ്രാതിനിധ്യ പ്രശ്‌നമായാലും പരിഹരിക്കാതെ കിടക്കുകയാണ്. എന്നാല്‍ ഏറ്റവും വലിയ ഗുരുതരപ്രശ്‌നമായി വിദ്യാഭ്യാസ പ്രശ്‌നം മാറുകയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് ദളിതര്‍ക്ക് ഭാഗികമായെങ്കിലും പുരോഗതി നേടാന്‍ കഴിഞ്ഞത്. ദളിതര്‍ക്കിടയില്‍ നിന്നും അനേകം ബിരുദധാരികളും ഉദ്യോഗസ്ഥരും ഉയര്‍ന്നു വന്നിട്ടുണ്ട് മാത്രമല്ല ജ്ഞാനവ്യവഹാരങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ഒരു ബൗദ്ധികനേതൃത്വത്തെ സൃഷ്ടിക്കാനും സമുദായത്തിനു കഴിഞ്ഞിട്ടുണ്ട്. പരിമിതികളുണ്ടെങ്കിലും ധാരാളം എഴുത്തുകാരും, കവികളും, സിനിമാ സംവിധായകരും അഭിനേതാക്കളും ദളിത് സമുദായത്തില്‍ നിന്ന് വന്നിട്ടുണ്ട്. ഈ ഉയര്‍ത്തെഴുന്നേല്‍പ്പിനെ തെല്ലൊരു ആശങ്കയോടെയാണ് ഭരണ-രാഷ്ട്രീയ നേതൃത്വം നോക്കി കാണുന്നത് അതുകൊണ്ടു തന്നെ, ദളിതരെ വിദ്യാഭ്യാസരംഗത്തു നിന്നും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്നും പൂര്‍ണമായും ഒഴിവാക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഈ വിദ്യാഭ്യാസ നയത്തെ ചുവടുപിടിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച 2020 - ലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി തുടങ്ങിയിരിക്കയാണ്. ഈ നിര്‍ദേശം അനുസരിച്ച് അടിസ്ഥാന ജനവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിനും ഫീസിളവിനും സാമ്പത്തിക മാനദണ്ഡം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇതനുസരിച്ച് 2 1/2 (രണ്ടര) ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നു മാത്രമല്ല ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥയാണ് നിലവില്‍ വന്നിരിക്കുന്നത്. കേരളത്തില്‍ ഏകദേശം 70% ദളിത് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ മാര്‍ഗ്ഗരേഖയിലെ ഇതര നിര്‍ദ്ദേശങ്ങളും തുടര്‍പഠനത്തിന് ഹാനികരമാണ്. ദളിത് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. ദളിത് സമുദായം നേരിടുന്ന ഈ ഗുരുതര വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായി ഇടപെടുകയാണ് ഈ ജന്മദിനാഘോഷവേളയില്‍ നാം ചെയ്യേണ്ടത്.