അഴീക്കോടന്‍ വധം; അജ്ഞാത കൊലപാതകികളെ തേടി ഒരു സഖാവ്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടിട്ട് 50 വർഷം തികയുന്നു. അര നൂറ്റാണ്ടിനിപ്പുറം അദ്ദേഹത്തിന്‍റെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിയാത്ത ചില ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടുന്ന പുസ്തകം എഴുതിയിരിക്കുകയാണ് സിപിഎം പ്രാദേശിക നേതാവും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമായ ഉണ്ണി ബേപ്പൂർ.
1972 സെപ്തംബർ 23 നാണ് തൃശ്ശൂർ ചെട്ടിയങ്ങാടിയിൽ വച്ച് അഴീക്കോടൻ രാഘവൻ കുത്തേറ്റ് മരിച്ചത്.മരിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും , ഇടത് പക്ഷമുന്നണി കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനറുമായിരുന്നു അഴീക്കോടൻ രാഘവൻ. തൃശ്ശൂർ കേന്ദ്രീകരിച്ച് സിപിഎം പിളർന്ന് രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്‍റർ പ്രവർത്തകരെ കേസിൽ ശിക്ഷിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന് കേസിൽ പങ്കുണ്ടെന്ന് സിപിഎം ആരോപണം ഉയർത്തിയിരുന്നെങ്കിലും ആ വഴിക്ക് അന്വേഷണം നടന്നിരുന്നില്ല.
കാർഷിക സർവ്വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ അഴിമതിയുമായി ബന്ധപ്പെടുത്തിയായിരുന്നു കരുണാകരനെതിരെ ആരോപണം ഉയർന്നത്. കരുണാകരൻറെ പേരിൽ പിഎ കൈക്കൂലി ആവശ്യപ്പെടുന്ന കത്ത് നവാബ് രാജേന്ദ്രന്‍റെ പത്രം 1972 ഏപ്രിലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ കത്തിനായി നവാബ് രാജേന്ദ്രനെ പൊലീസ് പീഡിപ്പിച്ചു. കത്ത് അഴീക്കോടൻ രാഘവന്‍റെ കയ്യിലാണെന്നായിരുന്നു പൊലീസിനോട് നവാബ് പറഞ്ഞത്. പിന്നീട് പൊലീസ് അഴീക്കോടൻ രാഘവനെയും കത്തിനായി സമീപിച്ചു. കത്ത് ഇം.എം.എസിന്‍റെ കൈവശമാണെന്ന് അഴീക്കോടൻ അറിയിച്ചു. ഇത് പ്രതിപക്ഷ പാർട്ടികളുടെ ഒപ്പോടുകൂടെ കോടതിയിൽ ഹാജരാക്കുമെന്ന് അഴീക്കോടൻ രാഘവൻ വ്യക്തമാക്കിയതിന്‍റെ പിന്നാലെയായിരുന്നു കൊലചെയ്യപ്പെട്ടത്.
അഴീക്കോടൻ രാഘവന് നീതി കിട്ടിയില്ലെന്ന തോന്നലിൽ നിന്നാണ് അന്വേഷണത്തിന് തുടക്കമിട്ടതെന്ന് ഉണ്ണി ബേപ്പൂർ പറയുന്നു. സിപിഎം പെരുമണ്ണ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായ ഉണ്ണി തന്‍റെ പാർട്ടിക്ക് പറ്റിയ വീഴ്ചകൾ കൂടെ വിശകലനം ചെയ്താണ് അജ്ഞാത കൊലയാളികളിലേക്ക് എത്താൻ ശ്രമിക്കുന്നത്.