ബി സി ജോജോ: വാര്‍ത്തകളുടെ വേട്ടക്കാരന്‍
എന്റെ തലമുറയിലെ പത്രപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു ഇന്നു യാത്രപറഞ്ഞ ബി സി ജോജോ. മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് അച്ചടി മാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും മരിക്കുന്നില്ല. അവര്‍ നല്‍കിയ സംഭാവനകള്‍ കാലത്തെ അതിജീവിക്കുക തന്നെചെയ്യും. അസാധാരണമായ വാര്‍ത്തകള്‍ കണ്ടെത്തുകയും അതു ധീരമായി പുറത്തുകൊണ്ടുവരികയും ചെയ്തതാണ് ബി സി ജോജോയെ വ്യത്യസ്തനാക്കുന്നത്.
കേരള രാഷ്ട്രീയം ഇളക്കിമറിച്ച പാമോയില്‍ കേസ് പുറത്തുകൊണ്ടുവന്നത് ജോജോ ആയിരുന്നു. കെ കരുണാകരന്‍ ഉള്‍പ്പെടെ രാഷ്ട്രീയ രംഗത്തെയും സിവില്‍ സര്‍വീസിലെയും പ്രമുഖര്‍ പ്രതികളായി മാറിയ ആ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കേരളകൗമുദിയിലും കലാകൗമുദിയിലും പാമോയില്‍ കുംഭകോണം പ്രസിദ്ധപ്പെടുത്താന്‍ ജോജോ നടത്തിയ പോരാട്ടവും മറക്കാന്‍ കഴിയില്ല.
പത്രാധിപരായിരുന്ന എം എസ് മണിയും അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനും മുന്‍കൈയെടുത്താണ് പാമോയില്‍ കേസ് പുറത്തുകൊണ്ടുവന്നത്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ രാഷ്ട്രീയഭാവി പോലും മാറ്റിമറിച്ച ഒന്നായിരുന്നു പാമോയില്‍ ഇടപാട്. ആ സമയം ചീഫ് സെക്രട്ടറിയായിരുന്ന പത്മകുമാര്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ, സിവില്‍ സപ്ലൈസ് സെക്രട്ടറിയായിരുന്ന സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പി ജെ തോമസ്, സിവില്‍ സപ്ലൈസ് എംഡിയായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരായിരുന്നു പ്രതിക്കൂട്ടില്‍.
കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ പദവി തോമസിനു നഷ്ടപ്പെടാന്‍ ഇടയാക്കിയത് ജോജോയുടെ വാര്‍ത്തയുടെ തുടര്‍ച്ചയായുള്ള കേസായിരുന്നു. ഇപ്പോഴും സുപ്രീം കോടതിയില്‍ തുടരുന്ന പാമോയില്‍ കേസില്‍ പ്രതികളായിരുന്ന ലീഡറും പത്മകുമാറും മുസ്തഫയും ഓര്‍മയായിക്കഴിഞ്ഞു. ഐഎഎസുകാരായ തോമസും ജിജി തോംസണും ഈ നിമിഷം വരെയും കേസില്‍ നിന്നു മോചിതരായിട്ടില്ല. വാര്‍ത്ത പുറത്തുകൊണ്ടുവന്ന ബി സി ജോജോയും യാത്രയായെങ്കിലും മാധ്യമചരിത്രത്തിലെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ എണ്ണപ്പെട്ട ഒന്നായി ചരിത്രം ഇതിനെ രേഖപ്പെടുത്തും.
പാമോയില്‍ കുംഭകോണത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ടെങ്കിലും ആ വാര്‍ത്ത തള്ളിക്കളയാന്‍ സുപ്രീം കോടതി വരെയുള്ള നിയമസംവിധാനങ്ങള്‍ക്കു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാധ്യമായില്ല. വാര്‍ത്തയുടെ ശരിതെറ്റുകളെക്കുറിച്ച് ഇടതുപക്ഷത്തിനും യുഡിഎഫിനും വ്യത്യസ്ത നിലപാടുകളാണ് അന്നും ഇന്നുമുള്ളത്.
അന്തര്‍ സംസ്ഥാന നദീജല കരാറുകളായ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം എന്നിവയുടെ ലംഘനങ്ങളെക്കുറിച്ച് ജോജോ എഴുതിയ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചരിത്രസംഭവങ്ങളാണ്. വിഎസിനോടൊപ്പവും ജലസേചന മന്ത്രിയായിരുന്ന ടി എം ജേക്കബ്, മുല്ലപ്പെരിയാര്‍ സബ്ജക്ട് കമ്മിറ്റി ചെയര്‍മാനായിരുന്ന ഇപ്പോഴത്തെ മന്ത്രി കെ കൃഷ്ണന്‍ കുട്ടി എന്നിവരുമൊന്നിച്ചും ജോജോ നടത്തിയ യാത്രകള്‍ നിരവധിയാണ്. മുല്ലപ്പെരിയാര്‍ കരാര്‍ ലംഘനത്തെക്കുറിച്ച് ജോജോ എഴുതിയ പുസ്തകവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇ കെ നയനാര്‍ മുഖ്യമന്ത്രിയായിരിക്കെ, അന്ന് ഇടതു മുന്നണി കണ്‍വീനറായിരുന്ന വി എസ് അച്യുതാനന്ദന്‍ നടത്തിയ പറമ്പിക്കുളം യാത്ര അവസാനിക്കും മുമ്പേ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ജലസേചന മന്ത്രി ബേബി ജോണിന് രാജിവയ്ക്കേണ്ടിവന്നിരുന്നു.
മതികെട്ടാന്‍ യാത്രയിലും ചന്ദനമാഫിയകള്‍ക്കെതിരേയുള്ള വി എസിന്റെ പോരാട്ടത്തിലുമെല്ലാം ജോജോയുടെ നിശ്ശബ്ദസാന്നിധ്യമുണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറിയും കണ്‍വീനറുമായിരുന്ന കര്‍ക്കശക്കാരനായ വി എസിനെ ജനകീയനും പരിസ്ഥിതിവാദിയും ആക്കി മറ്റിയതില്‍ ജോജോയും പി പി ജെയിംസും അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍ക്കും കെ എന്‍ ഷാജഹാനുമുള്ള പങ്ക് വളരെ വലുതാണ്. പ്രതിപക്ഷ നേതാവായിരുന്ന വിഎസുമായി ഈ സംഘത്തിനുള്ള അടുപ്പത്തെക്കുറിച്ചാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പരാമര്‍ശം ആദ്യം നടത്തിയത്. പി ബി അംഗങ്ങാളായിരുന്ന വിഎസും പിണറായിയും തമ്മിലുണ്ടായ അകല്‍ച്ചയില്‍ നിര്‍ണായക പങ്ക് ജോജോയ്ക്കും സംഘത്തിനും ഉണ്ടായിരുന്നു.
വിഎസിന്റെ മലമ്പുഴയിലെ ആദ്യത്തെ മത്സരത്തില്‍ മാരാരിക്കുളത്തിനു സമാനമായ അട്ടിമറി അതിജീവിക്കാന്‍ കഴിഞ്ഞത് ചീഫ് എഡിറ്റായിരുന്ന എം എസ് മണിയുടെയും എക്സിക്യൂട്ടീവ് എഡിറ്റായിരുന്ന ബി സി ജോജോയുടെയും ഇടപെടലിന്റെ ഫലമായിരുന്നു. വിഎസിനു സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ കേരള കൗമുദി എടുത്ത നിലപാട് പാര്‍ട്ടിയെ മാറി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി പാര്‍ട്ടി തെറ്റുതിരുത്തി വി എസിനെ മത്സരിപ്പിച്ചു. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും വി എസ് എത്തിയതില്‍ ജോജോ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ പങ്കിനെ സിന്‍ഡിക്കേറ്റ് എന്നല്ല, ചരിത്രപരമായ ഇടപെടല്‍ എന്നു വേണം വിശേഷിപ്പിക്കാന്‍.
രാഷ്ട്രീയത്തില്‍ ജോജോയുടെ ഗുരുവായ വിഎസ് ഓര്‍മകള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. മാധ്യമ രംഗത്തെ ഗുരുവായ കലാകൗമുദി മുന്‍ പത്രാധിപര്‍ എന്‍ ആര്‍ എസ് ബാബുവും ഓര്‍മ നഷ്ടപ്പെട്ട നിലയിലാണ്. അതുകൊണ്ടുതന്നെ പ്രിയ ശിഷ്യനായ ബി സി ജോജോയുടെ അകാല വേര്‍പാട് അവര്‍ അറിയുന്നുണ്ടാവില്ല. എക്സിക്യൂട്ടിവ് എഡിറ്ററായി തിളങ്ങിയ ജോജോ വലിയ പ്രതീക്ഷയാണ് അക്കാലത്ത് കേരള കൗമുദിക്ക് നല്കിയത്. എന്നാല്‍, ഒരു ഘട്ടത്തില്‍ ചീഫ് എഡിറ്റര്‍ എം എസ് മണിയെപ്പോലും എക്സിക്യൂട്ടിവ് എഡിറ്റര്‍ തള്ളിപ്പറഞ്ഞു. അന്നത്തെ മാനേജിംഗ് എഡിറ്റര്‍ ദീപു രവിയോടൊപ്പം ചേര്‍ന്ന ജോജോയുടെ നിലപാടാണ് ഒരര്‍ത്ഥത്തില്‍ കേരള കൗമുദിയേയും കലാകൗമുദിയേയും എന്നേക്കുമായി അടുക്കാനാവാത്ത വിധം രണ്ടാക്കിയത്. തുടര്‍ന്ന്, കേരള കൗമുദി പത്രാധിപര്‍ സ്ഥാനത്തുനിന്ന് എം എസ് മണിക്ക് യാത്രപറയേണ്ടിവന്നു. അതോടെയാണ് കലൗകൗമുദി ദിനപത്രം അദ്ദേഹം കേരളത്തില്‍ നിന്നുകൂടി ആരംഭിച്ചതും.
മുല്ലപ്പെരിയാര്‍ ആയിരുന്ന ബി സി ജോജോ എന്ന പത്രപ്രവര്‍ത്തകന്റെ ഏറ്റവും വലിയ സ്‌കൂപ്പ്. അതേ വാര്‍ത്തയെക്കുറിച്ച് കേരള കൗമുദിയില്‍ ഒന്നാം പേജില്‍ എഴുതിയ എഡിറ്റോറിയലില്‍ നിന്നു ജോജോയുടെ സംഭാവനയെക്കുറിച്ചുള്ള പരാമര്‍ശം ഇപ്പോഴത്തെ ചീഫ് എഡിറ്റര്‍ ദീപു രവി വെട്ടിക്കളഞ്ഞപ്പോള്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം തന്നെ ജോജോ രാജിവയ്ക്കുകയായിരുന്നു.
എല്ലാ അര്‍ത്ഥത്തിലും മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നു ബി സി ജോജോയുടെ ജീവിതം. മാധ്യമരംഗത്തും രാഷ്ട്രീയ രംഗത്തും ജോജോ നടത്തിയ ഇടപെടലുകള്‍ ചരിത്രത്തിന്റെ സാക്ഷിപത്രം തന്നെയാണ്.