മരങ്ങളുടെ മുറിവുണക്കാൻ വിജയ് നിഷാന്ത്

മരങ്ങളുടെ മുറിവുണക്കാൻ വിജയ് നിഷാന്ത്

ആയിരക്കണക്കിന് തണലുകൾ കാത്ത് രക്ഷിക്കുന്ന ബെംഗളൂരുവിന്റെ സ്വന്തം ട്രീ ഡോക്ടര്‍
Updated on
3 min read

മരങ്ങൾക്കു മുറിവ് പറ്റിയാൽ വേദനിക്കുമോ ? നല്ലോണം വേദനിക്കും . ചികിത്സ കിട്ടിയാൽ മുറിവുണങ്ങും വീണ്ടും ഇലകൾ കിളിർക്കും . മരങ്ങളുടെ മുറിവുകളിൽ മരുന്ന് തേച്ചു സുഖപ്പെടുത്തി അവയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരികയാണ് വിജയ് നിഷാന്ത് .

ബെംഗളൂരുവിന്റെ ട്രീ ഡോക്ടർ

പടർന്നു പന്തലിച്ച് വർഷങ്ങളോളം തണൽ കുട വിരിച്ച മരങ്ങൾ പെട്ടെന്ന് വാടി കരിഞ്ഞു പോകുന്നത് കണ്ടിട്ടില്ലേ . മരങ്ങളുടെ ശരീരത്തിലേക്ക് വിഷാംശങ്ങൾ എത്തുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് . മരത്തണ്ടുകളിൽ നിറ വ്യത്യാസം കാണുകയും ചെറിയ ദ്വാരങ്ങൾ പ്രത്യക്ഷപ്പെടുകയും സാവധാനം ഇവ വലുതാവുകയും ചെയ്യുന്നത് നമ്മൾ കണ്ടിരിക്കും. മനുഷ്യർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന അതിക്രമമാണ് മരങ്ങളെ മുറിപ്പെടുത്തുന്നത്. പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ ആണികൾ അടിക്കുന്നതും മരം നശിക്കാൻ ആസിഡ് കുത്തി വെക്കുന്നതുമൊക്കെ നിത്യ സംഭവമാണ് നഗരങ്ങളിൽ . ഇത്തരം മുറിവുകളിലാണ് വിജയ് നിഷാന്ത് മരുന്ന് പുരട്ടുന്നത് . 

മരങ്ങളുടെ അസുഖങ്ങൾ മാറ്റാൻ നിരവധി ഗവേഷണങ്ങൾ ഇദ്ദേഹം നടത്തി . വൃക്ഷായുർവേദ ഉൾപ്പടെയുള്ള പുസ്തകങ്ങൾ ആശ്രയിച്ചു . ആസിഡ് വീണ് ഉൾവശം പൊള്ളിപ്പോയ മരങ്ങളെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ശ്രമകരമായിരുന്നു. വിജയ് പിന്മാറിയില്ല . ആസിഡ് വീണ് പൊള്ളിയ ഉൾവശം നീക്കം ചെയ്ത് വൃത്തിയാക്കി അവിടെ മരുന്നുകൾ നിറച്ചു, മനുഷ്യരുടെ മുറിവിലെന്നോണം ബാൻഡേജ് ഇട്ടു കെട്ടി . പതിയെ ശ്രമങ്ങൾ വിജയം കണ്ടു . ഉള്ളാകെ കരിഞ്ഞു പോയ മരങ്ങളിൽ മുറിവുണങ്ങി പച്ചിലകൾ കിളിർത്തു . വിജയ് നിഷാന്ത് എന്ന ചെറുപ്പക്കാരനെ ആളുകൾ ട്രീ ഡോക്ടർ എന്ന് വിളിച്ചു തുടങ്ങി. കുറെ വർഷങ്ങളായി മുറിവുകളിൽ മരുന്ന് തേച്ചും വെച്ച് കെട്ടിയും ആയിരക്കണക്കിന് തണലുകൾ കാത്ത് രക്ഷിച്ചു പോരുകയാണ് ഇദ്ദേഹം. നിലം പതിച്ചേക്കുമെന്നു ആശങ്കപ്പെട്ട പതിനായിരത്തോളം  മരങ്ങളാണ് വിജയ് നിഷാന്തിന്റെ മരുന്ന് കൂട്ടുകളിൽ വീണ്ടും ജീവിതം കണ്ടത് .

മരങ്ങൾ സംസാരിക്കും സംഗീതവും കേൾപ്പിക്കും

വിജയ് നിഷാന്തിനെ സംബന്ധിച്ചിടത്തോളം മനുഷ്യരെ പോലെ സംവേദന ശേഷിയുള്ളവരാണ് മരങ്ങളും ചെടികളും വൃക്ഷലതാദികളും . വൈദ്യുത കാന്തിക തരംഗത്തിലൂടെ അവ പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ട് . ഇതേ കുറിച്ച് ഗാഢമായി പഠിച്ച വിജയ് വൃക്ഷങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ അമേരിക്കയിൽ നിന്നൊരു യന്ത്രവും എത്തിച്ചു. മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ഡിവൈസ് ഇന്റർഫേസ് എന്നായിരുന്നു ഉപകരണത്തിന്റെ പേര്. 2018 മുതൽ ഈ ഉപകരണത്തിന്റെ സഹായത്തോടെ സസ്യങ്ങളുടെ ശബ്ദം സംഗീത തരംഗങ്ങളായി റെക്കോർഡ് ചെയ്ത് വരികയാണ് നിഷാന്ത് . ഈ വിഷയത്തിൽ കൂടുതൽ ഗവേഷണത്തിലാണ് ഇദ്ദേഹം .

മരം വെട്ടുന്നവരോട് സന്ധിയില്ലാ സമരം

വിജയ് നിഷാന്ത് കാരണം സർക്കാരിന്റെ നിരവധി 'സ്വപ്‍ന പദ്ധതികൾ ' വെള്ളത്തിലായിട്ടുണ്ട്. മരം മുറിച്ചു മാറ്റിയുള്ള ഒരു പദ്ധതിയും നടപ്പിലാക്കാൻ  വിജയ് സമ്മതിക്കില്ല . 100  കണക്കിന് തണൽ മരങ്ങൾ വെട്ടേണ്ടി വരുമായിരുന്ന  ബെംഗളൂരു നഗരത്തിലെ  സ്റ്റീൽ ഫ്‌ളൈ ഓവർ പദ്ധതിയിൽ നിന്ന് കർണാടക സർക്കാരിന് പിൻമാറേണ്ടി വന്നത് ഇതിന് ഒരുദാഹരണം മാത്രം . സേവ് ഹെസർഗട്ട , വന്യ ജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും സമരമുഖത്താണ് ഇദ്ദേഹം .
ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ മരം മുറിക്കുന്നതിന് പകരം മരം മാറ്റി സ്ഥാപിക്കാൻ വിജയ് സഹായിക്കും. മരങ്ങളുടെ വേരുകൾ സ്കാൻ ചെയ്ത് അവയെ കേടുപറ്റാതെ പിഴുതെടുത്ത് ഉചിതമായ സ്ഥലത്തേക്ക് പറിച്ചു നട്ടു തരും. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അവബോധമുള്ളവർ ഈ രീതിയിൽ മരങ്ങളെ മാറ്റി സ്ഥാപിക്കാൻ വിജയ് നിഷാന്തിനെ സമീപിക്കാറുണ്ട് .

മരങ്ങളുടെ ഡിജിറ്റൽ സെൻസസ് എടുത്തയാൾ

ബെംഗളൂരുവിലെയും മൈസൂരുവിലെയും മുഴുവൻ മരങ്ങളുടെയും കണക്കെടുത്തയാളാണ്  വിജയ് നിഷാന്ത് . 2010 മുതലായിരുന്നു ആ ഉദ്യമം തുടങ്ങിയത്. രാജ്യത്ത് ആദ്യമായായിരുന്നു  ഒരു നഗരത്തിലെ മരങ്ങളുടെ കണക്കുകൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നത് .
സ്വന്തം  താമസ സ്ഥലമായ ജയാ നഗറിലെ മരങ്ങളുടെ കണക്കെടുത്തായിരുന്നു തുടക്കം. പിന്നീടത് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ജിപിഎസ് ഉപയോഗിച്ച് മരങ്ങളെ മാപ്പ് ചെയ്‌തു.  ഇന്ന് ബെംഗളൂരുവിലെയും മൈസൂരുവിലെയും മരങ്ങളുടെ എണ്ണം, പേര് ,ഇനം , തരം,വർഗം, ഉയരം ,വ്യാപ്തം, വയസ് , ആരോഗ്യം എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം . www .vruksha .com എന്ന ബയോഡൈവേഴ്സിറ്റി പോർട്ടലിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ ട്രാക്ക് ചെയ്യാം .

എഞ്ചിനീയറിങ് വിദ്യാർഥിയായിരിക്കെ പഠനം നിർത്തി പരിസ്ഥിതി സംരക്ഷണത്തിനിറങ്ങിയ വിജയ് നിഷാന്ത് ബെംഗളൂരു കോർപറേഷന്റെ ഫോറസ്റ്റ് സെല്ലിലും വിവിധ എൻജിഒകളിലും പ്രവർത്തിച്ചിട്ടുണ്ട് . മരങ്ങളുടെ മുറിവുണക്കുന്ന വിദ്യ കൂടുതൽ പേരെ പഠിപ്പിച്ചും പരിശീലിപ്പിച്ചും പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ടും സജീവമാണ് ഇദ്ദേഹം .

logo
The Fourth
www.thefourthnews.in