പിണറായിയുടെ വിശ്വസ്തനും എതിരാളിയുമെന്ന നിലയിലെ ബര്‍ലിന്‍, പാര്‍ട്ടി ചരിത്രത്തോടൊപ്പം ജീവിച്ച നേതാവ്
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായത് അങ്ങനെയാണ്. പിന്നീട് പാര്‍ട്ടിയില്‍ ഏറ്റവും അടുപ്പം പിണറായി വിജയനോടായി. ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ മുതിര്‍ന്ന ചില നേതാക്കള്‍ രഹസ്യമായി മോസ്‌കോയില്‍ പോയി സോവിയറ്റ് നേതാവായ ജോസഫ് സ്റ്റാലിനെ കണ്ടു. ഈ രഹസ്യ നീക്കത്തിന്് സാക്ഷ്യം വഹിച്ചിരുന്നുവെന്ന് താനെന്ന് ബര്‍ലിന്‍ അവകാശപ്പെട്ടിട്ടുണ്ട്. പിന്നീട് പാര്‍ട്ടി അദ്ദേഹത്തെ ജര്‍മ്മനിയിലേക്ക് അയച്ചു. സിപിഐ പിളര്‍ന്നപ്പോള്‍ ചില ഘട്ടങ്ങളില്‍ സിപിഐയുടെയും സിപിഎമ്മിന്റെയും മുഖപത്രങ്ങള്‍ക്ക് വേണ്ടി ബര്‍ലിനില്‍നിന്ന് കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് വിഖ്യാത പത്രാധിപര്‍ ആര്‍ കെ കരിഞ്ചിയ പത്രാധിപരായിരുന്നപ്പോള്‍ ബ്ലിറ്റ്സിന്റെയും ബര്‍ലിന്‍ ലേഖകനായി.
പൊളിച്ചെഴുത്ത് എന്ന് പേരിട്ട് ആത്മകഥയിലൂടെ പാര്‍ട്ടിയില്‍ തനിക്കറിയുന്ന രഹസ്യങ്ങള്‍ ബര്‍ലിന്‍ പരസ്യമാക്കി.
തിരിച്ച് നാട്ടിലെത്തിയപ്പോഴും പാര്‍ട്ടി നേതാക്കളുമായും സൗഹൃദം തുടര്‍ന്നു. 1980 കളില്‍ എം വി രാഘവന്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിനെതിരെ തിരിഞ്ഞപ്പോള്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നു. എന്നാല്‍ എം പി പരമേശ്വരന്റെ നാലാം ലോക വിവാദം പാര്‍ട്ടിയെ പിടിച്ചുലച്ചപ്പോള്‍ വി എസ് അച്യുതാനന്ദന്റെ നിലപാടിനൊപ്പം നിന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഈ ഘട്ടത്തിലാണ് ബര്‍ലിന്റെ ആത്മകഥ മാതൃഭൂമിയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പൊളിച്ചെഴുത്ത് എന്ന് പേരിട്ട് ആത്മകഥയിലൂടെ പാര്‍ട്ടിയില്‍ തനിക്കറിയുന്ന രഹസ്യങ്ങള്‍ അദ്ദേഹം പരസ്യമാക്കി.
പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനുണ്ടെന്ന് ആദ്ദേഹം ആരോപിച്ച വലതുപക്ഷ വ്യതിയാനത്തിനെതിരെയും ബര്‍ലിന് ആഞ്ഞടിച്ചു. എംഎന്‍ വിജയനും കൂട്ടരും പാര്‍ട്ടിക്ക് പുറത്തുനിന്ന് ഔദ്യോഗിക പക്ഷത്തിനെതിരെ തിരിഞ്ഞപ്പോള്‍ അവരുടെ ശക്തനായ വക്തവായി അദ്ദേഹം. ഈ വിഭാഗം അധിനിവേശ പ്രതിരോധ സമിതി രൂപികരിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായതും ബര്‍ലിനായിരുന്നു. അങ്ങനെ ബര്‍ലിന്റെ മുഖ്യശത്രു തിരുത്തല്‍ വാദികള്‍ എന്ന് അദ്ദേഹം ആരോപിച്ച സിപിഎമ്മായി.
പിണറായി വിജയന്റെ മകള്‍ക്ക് സ്വാശ്രയ സ്ഥാപനത്തില്‍ പ്രവേശനം നേടികൊടുത്തതില്‍ താനും ഇടപെട്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു
പിണറായി വിജയനെതിരെ മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ എന്ന ആക്ഷേപം ബര്‍ലിന്‍ ഉന്നയിക്കുന്നത് ഈ ഘട്ടത്തിലായിരുന്നു. പിണറായി വിജയന്റെ മകള്‍ക്ക് സ്വാശ്രയ സ്ഥാപനത്തില്‍ പ്രവേശനം നേടികൊടുത്തതില്‍ താനും ഇടപെട്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാര്‍ട്ടിക്കെതിരെ അതി രൂക്ഷമായ വിമര്‍ശനമായിരുന്നു അദ്ദേഹം ഓരോ ഘട്ടത്തിലും ഉന്നയിച്ചത്. ഒടുവില്‍ 2005 ല്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടി പുറത്താക്കി. വിഎസിന്റെ ചിറക് മുറിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരുടെയും ചിറകിലല്ല താന്‍ പറക്കുന്നതെന്നായിരുന്നു അതിന് വി എസ് അച്യുതാനന്ദന്‍ നല്‍കിയ മറുപടി.
ഒടുവില്‍ ആരോഗ്യം മോശമായതോടെ കണ്ണൂരിലെ നാറാത്തെ പാര്‍ട്ടി വീട്ടില്‍ അദ്ദേഹം ഒതുങ്ങി. ഇക്കാലത്ത് പാര്‍ട്ടിയുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. പിണറായിക്കെതിരായ പ്രസ്താവനകളില്‍ പാശ്ചാത്താപം പ്രകടിപ്പിച്ചു. പാര്‍ട്ടി അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി. വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ അനാരോഗ്യം അതിന് അനുവദിച്ചില്ല. പിണറായിയെ കണ്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പലതവണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ആ സംഗമം ഉണ്ടായില്ല.
പാര്‍ട്ടിയുടെ നേതൃത്വവുമായി നിലനിര്‍ത്തിയ അടുപ്പവും, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പാര്‍ട്ടി സമീപനവുമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
ബഹുജന നേതാവായിരുന്നില്ല, ബര്‍ലിന്‍. എന്നാല്‍ മാര്‍ക്സിസത്തെ അദ്ദേഹത്തിന്റെതായ രീതിയില്‍ മനസ്സിലാക്കി, അതിനോട് മതബന്ധമായ വിധേയത്വമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്. 2000ത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ നടന്ന അതിരൂക്ഷമായ വിഭാഗീയതയാണ് ബര്‍ലിനെ വീണ്ടും മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പാര്‍ട്ടിയുടെ നേതൃത്വവുമായി നിലനിര്‍ത്തിയ അടുപ്പവും, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പാര്‍ട്ടി സമീപനവുമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ യാന്ത്രികമായി സ്വീകരിച്ച് അതിനുവേണ്ടി ജീവിച്ച കുഞ്ഞനന്ദന്‍ നായരുടെ മരണത്തോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം ജീവിച്ച വ്യക്തിയാണ് ഇല്ലാതാവുന്നത്.