ഇടത്തും വലത്തും കളിച്ച സി അച്യുതമേനോൻ

ഇടത്തും വലത്തും കളിച്ച സി അച്യുതമേനോൻ

'കളിക്കളത്തിൽ ഇടതുവിംഗറായിരുന്നെങ്കിലും രാഷ്ട്രീയത്തിൽ അച്യുതമേനോൻ മിന്നിത്തിളങ്ങിയത് വലതുവിംഗിൽ'
Updated on
3 min read

''ആരു പറഞ്ഞു ഞാൻ ഇടതുവിംഗിലേ കളിച്ചിട്ടുള്ളുവെന്ന്?'' പ്രായം തളർത്താത്ത ശബ്ദത്തിൽ എഴുപത്തേഴുകാരന്റെ ചോദ്യം. '' എല്ലാ പൊസിഷനിലും കളിച്ചിട്ടുണ്ട്. ഗോൾ കീപ്പറായി വരെ'' ക്രാന്തദർശിയും കർക്കശക്കാരനുമായ രാഷ്ട്രീയനേതാവിൽ പൊടുന്നനെ ചുറുചുറുക്കുള്ള ഒരു യുവ ഫുട്ബോളർ വന്നു നിറഞ്ഞപോലെ.

ഇടത്തും വലത്തും കളിച്ച സി അച്യുതമേനോൻ
പ്രത്യയശാസ്ത്രത്തിനു മേൽ യുക്തിയെ പ്രതിഷ്ഠിച്ച നേതാവ്; സി അച്യുതമേനോന്റെ 110-ാം ജന്മദിനം

പേരു പറഞ്ഞാൽ ആളെ അറിയും നിങ്ങൾ: ചേലാട്ട് അച്യുതമേനോൻ. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാൾ. ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖൻ. ലളിതവും സുതാര്യവുമായ ഭാഷ കൈമുതലായുള്ള സാഹിത്യകാരൻ. 1969 നവംബർ മുതൽ 1977 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനിൽ ഒരു 'ക്ളീൻ' ഫുട്ബാളറും ഉണ്ടായിരുന്നു എന്നറിഞ്ഞത് തൃശൂരിലെ പഴയ തലമുറയിൽ പെട്ട കളിക്കാരിൽ നിന്നും പാഞ്ചിയേട്ടനെപോലുള്ള കളിയെഴുത്തുകാരിൽ നിന്നുമാണ്.

1990 ലെ ഫെഡറേഷൻ കപ്പിന് മുന്നോടിയായി കേരളകൗമുദി പുറത്തിറക്കിയ പ്രത്യേക പേജിൽ, അച്യുതമേനോന്റെ അധികമാരുമറിയാത്ത കളിഭ്രമത്തെ കുറിച്ച് വിശദമായി എഴുതിയിരുന്നു ഞാൻ. ലേഖനം കയ്യിലില്ലെങ്കിലും അതിന്റെ ഇൻട്രോ ഇന്നുമുണ്ട് ഓർമയിൽ: 'കളിക്കളത്തിൽ ഇടതുവിംഗറായിരുന്നെങ്കിലും രാഷ്ട്രീയത്തിൽ അച്യുതമേനോൻ മിന്നിത്തിളങ്ങിയത് വലതുവിംഗിൽ'

അച്യുതമേനോൻ സഖാവ് എന്റെ ലേഖനം വായിച്ചിരിക്കുമോ? വായിച്ചെങ്കിൽ എങ്ങനെയായിരിക്കും അദ്ദേഹം പ്രതികരിക്കുക?

സുഹൃത്തും കൗമുദിയുടെ തൃശൂർ ലേഖകനുമായ എം ബി സതീഷ് കുമാറിനൊപ്പം ശങ്കരയ്യ റോഡിലെ ചേലാട്ട് തറവാടിന്റെ പൂമുഖത്ത് ഗൃഹനാഥനായ മുൻ മുഖ്യമന്ത്രി വാതിൽ തുറന്നു പുറത്തുവരുന്നതും കാത്തുനിൽക്കേ, ജിജ്ഞാസയായിരുന്നു ഉള്ളിൽ. അച്യുതമേനോൻ സഖാവ് എന്റെ ലേഖനം വായിച്ചിരിക്കുമോ? വായിച്ചെങ്കിൽ എങ്ങനെയായിരിക്കും അദ്ദേഹം പ്രതികരിക്കുക? മനസ്സിൽ തോന്നുന്ന കാര്യം ആരോടും മുഖം നോക്കാതെ തുറന്നടിക്കാൻ മടിയില്ലാത്ത ആളെന്നാണ് കേട്ടിട്ടുള്ളത്. പൊട്ടിത്തെറിക്കുമോ? ആകെയൊരു സസ്പെൻസ്.

തികച്ചും ആകസ്മികമായിരുന്നു മുപ്പതു വർഷം മുൻപത്തെ ആ കൂടിക്കാഴ്ച. നിനച്ചിരിക്കാതെ വീണുകിട്ടിയ സുവർണ്ണാവസരം. ഫെഡറേഷൻ കപ്പ് റിപ്പോർട്ട് ചെയ്യാൻ തൃശൂരിൽ തമ്പടിക്കുന്ന കാലത്ത് ഒരു ദിവസം രാവിലെ സതീഷ് കുമാർ വിളിച്ചു ചോദിക്കുന്നു. '' കലാകൗമുദിയിൽ നിന്ന് ജയചന്ദ്രൻ സാർ വിളിച്ചിരുന്നു. അച്യുതമേനോന്റെ കയ്യിൽ നിന്ന് ഒരു ലേഖനം കളക്റ്റ് ചെയ്യാനുണ്ട്. വരുന്നോ?'' ഉവ്വ് എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ചെറുപ്പം മുതലുള്ള ആരാധനയും രാഷ്ട്രീയാതീതമായ ആദരവുമാണ് അച്യുതമേനോനോട്. എന്നെങ്കിലുമൊരിക്കൽ നേരിൽ കാണണമെന്ന് ആഗ്രഹിച്ചുപോയത് സ്വാഭാവികം. രാഷ്ട്രീയ ജീവിതത്തോട് വിടവാങ്ങി വീട്ടിൽ വിശ്രമത്തിലായിരുന്നല്ലോ അദ്ദേഹം.

ഏത് മൂഡിലാണ് എന്നറിയില്ല. ശുണ്ഠിക്കാരനാണ്. അല്പം നേരത്തെ വന്നുപോയതിന്റെ പേരിൽ എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്

ബെല്ലടിച്ച ശേഷം വീടിന്റെ വരാന്തയിൽ അക്ഷമരായി കാത്തുനിൽക്കുമ്പോൾ സതീഷ് പറഞ്ഞു: '' ഏത് മൂഡിലാണ് എന്നറിയില്ല. ശുണ്ഠിക്കാരനാണ്. അല്പം നേരത്തെ വന്നുപോയതിന്റെ പേരിൽ എന്നെ ചീത്ത പറഞ്ഞിട്ടുണ്ട് ഒരിക്കൽ. പറയാതെ വന്നാലും പ്രശ്നമാണ്. നേരത്തെ ഫോൺ വിളിച്ചു പറഞ്ഞത് നന്നായി.''പൊടുന്നനെ വാതിലിനപ്പുറത്ത് കാൽപ്പെരുമാറ്റം. വാതിൽപ്പാളി അൽപ്പമൊന്ന് തുറന്ന് കയ്യിലെ നീണ്ട കവർ സതീഷിന് നേരെ നീട്ടി ഗൃഹനാഥൻ പറയുന്നു: ''

ജയചന്ദ്രൻ നായർ വിളിച്ചിരുന്നു. ഇതിലുണ്ട് ലേഖനം. അക്ഷരത്തെറ്റ് വരാതെ നോക്കണം..''

അത്രമാത്രം. വാതിൽ ചാരി, യാത്ര പറയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങുകയാണ് അച്യുതമേനോൻ. നിരാശ തോന്നിയെന്നത് സത്യം. ഇത്രയും മോഹിച്ചു വന്നിട്ട് ഒന്ന് മിണ്ടാൻ പോലുമാകാതെ. എന്റെ മനസ്സറിഞ്ഞെന്നപോലെ പൊടുന്നനെ സതീഷ് ഇടപെടുന്നു. ''സാർ, ഇത് കോഴിക്കോട്ട് നിന്ന് ഫുട്ബോൾ ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ വന്ന ആളാണ്. രവിമേനോൻ. സഖാവിനെ പറ്റി എഴുതിയിരുന്നു കൗമുദിയിൽ.... ഫുട്ബാൾ കളിച്ച കാലത്തെ കുറിച്ചൊക്കെ....''

ഞെട്ടിത്തിരിഞ്ഞുനോക്കുന്നു അച്യുതമേനോൻ. മുഖത്ത് നേർത്തൊരു മന്ദഹാസം വിരിഞ്ഞോ? ഏയ്‌ ഇല്ല. സാധ്യതയില്ല. എങ്കിലും പഴയ പരുക്കൻ ഭാവത്തിന് തെല്ലൊരു മാർദ്ദവം വന്നിരിക്കുന്നു.'' ഇതാണ് മോനേ നിന്റെ നിമിഷം. എന്തും സംഭവിക്കാം.'' -- ആരോ കാതിൽ മന്ത്രിച്ച പോലെ.

ഇന്നത്തെ പോലെയല്ല അന്നത്തെ കളി. വളരെ റോ ആണ്. ശാസ്ത്രീയമായ സമീപനം ഒന്നുമില്ല. സെന്റ് തോമസിൽ പഠിക്കുന്ന കാലത്ത് കോച്ച് പോലുമുണ്ടായിരുന്നില്ല ഞങ്ങൾക്ക്.

തികച്ചും അപ്രതീക്ഷിതമായാണ് ആ വിശദീകരണം വന്നത്. ഇടതുവിംഗിൽ മാത്രമല്ല, വലതു വിംഗിലും മധ്യനിരയിലും പ്രതിരോധത്തിലും ക്രോസ്ബാറിന് കീഴിലുമെല്ലാം കളിച്ച ഒരു 'ടോട്ടൽ ഫുട്ബാളറാ'ണ് താൻ എന്ന വിനീതമായ സാക്ഷ്യം. ഹ്രസ്വമെങ്കിലും മറക്കാനാവാത്ത ഒരു സംഭാഷണത്തിന്റെ തുടക്കം കൂടിയായിരുന്നു ആ വിശദീകരണം. ''ഇന്നത്തെ പോലെയല്ല അന്നത്തെ കളി. വളരെ റോ ആണ്. ശാസ്ത്രീയമായ സമീപനം ഒന്നുമില്ല. സെന്റ് തോമസിൽ പഠിക്കുന്ന കാലത്ത് കോച്ച് പോലുമുണ്ടായിരുന്നില്ല ഞങ്ങൾക്ക്.'' മൗനത്തിന്റെ വല്മീകത്തിൽ നിന്ന് പുറത്തുകടന്ന് പൊടുന്നനെ വാചാലനായി മാറിയ സഖാവിനെ സാകൂതം നോക്കിനിന്നു സതീഷും ഞാനും. എന്തൊരു ഭാവപ്പകർച്ച. അരവിന്ദൻ പടം ഇടക്കുവെച്ച് ഐ വി ശശിപ്പടമായി മാറിയപോലെ!

''പിന്നെ, പഴയ രാഷ്ട്രീയക്കാർ പലരും നല്ല ഫുട്ബോൾ കളിക്കാരായിരുന്നു. അവരെപ്പറ്റിയൊന്നും നിങ്ങൾ എഴുതിക്കണ്ടില്ല.'' അച്യുതമേനോൻ തുടരുന്നു. ''ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് ടി വി തോമസ് ഇവിടെ വന്നു കളിച്ചിട്ടുണ്ട് ആലപ്പുഴയ്ക്ക് വേണ്ടി. പിന്നെ നമ്മടെ വി വി രാഘവൻ നന്നായി കളിച്ചിരുന്നു എന്നറിയാലോ.. '' കൃഷിമന്ത്രിയായിരുന്ന രാഘവേട്ടന്റെ കളിക്കമ്പം നന്നായി അറിഞ്ഞിരുന്നതുകൊണ്ട് അത്ഭുതം തോന്നിയില്ല. തൃശൂരിലെ ഫെഡറേഷൻ കപ്പ് നടത്തിപ്പിലും ഉണ്ടായിരുന്നു അദ്ദേഹത്തിന് മുന്തിയ ഒരു റോൾ.

കേട്ടു മാത്രമറിഞ്ഞ ജോൺ - ജോർജ്ജ് - കുര്യൻ സഖ്യത്തെ കുറിച്ച് ചോദിച്ചത് അപ്പോഴാണ്. നാല്പതുകളിൽ തൃശൂർ ഫുട്ബോളിലെ ത്രിമൂർത്തികളായി അറിയപ്പെട്ടിരുന്നവർ. ചോദ്യം കേട്ട് അച്യുതമേനോൻ ഒന്നുകൂടി ഉഷാറാകുന്നു. ഉള്ളിലെ കർക്കശക്കാരനായ രാഷ്ട്രീയ ചിന്തകൻ കളിക്കമ്പക്കാരന് വേണ്ടി കളമൊഴിഞ്ഞപോലെ. ''ബൂട്ടിടാതെ കളിച്ചവരായിരുന്നു എല്ലാവരും. വലിയ സാമ്പത്തിക നേട്ടവുമില്ല. ഇക്കണ്ടവാര്യർ, മണ്ണത്താഴത്ത് ബാലകൃഷ്ണമേനോൻ തുടങ്ങി പലരെയും അന്നത്തെ കാലത്ത് നല്ല പന്തുകളിക്കാരായാണ് ഞങ്ങളൊക്കെ അറിഞ്ഞിരുന്നത്. പലരും പിന്നീട് വേറെ മേഖലകളിലേക്ക് തിരിഞ്ഞു. പി ആർ ആന്റണി ആയിരുന്നു പിന്നെ വന്ന സ്റ്റാർ ...''

. പിന്നിൽ കനത്ത ശബ്ദത്തിൽ വാതിലടയുന്നു. ശുഭം. അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. സന്ദർശകർക്ക് സ്ഥലം വിടാം.

ഇടയ്ക്കെപ്പോഴോ വാക്കുകൾ മുറിയുന്നു. മുഖത്തെ പ്രസന്നഭാവം തെല്ലൊന്ന് മങ്ങിയപോലെ. വിഷയം കൈവിട്ടുപോയതിന്റെ മൗഢ്യം കാണാമായിരുന്നു അപ്രതീക്ഷിതമായ ആ ഭാവപ്പകർച്ചയിൽ. തലയൊന്ന് പതുക്കെ കുലുക്കി യാത്ര പറഞ്ഞെന്നു വരുത്തി കണ്മുന്നിൽ നിന്ന് ഞൊടിയിടയിൽ അപ്രത്യക്ഷനാകുന്നു മുൻ മുഖ്യമന്ത്രി. പിന്നിൽ കനത്ത ശബ്ദത്തിൽ വാതിലടയുന്നു. ശുഭം. അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. സന്ദർശകർക്ക് സ്ഥലം വിടാം.

തിരിച്ച് ഓട്ടോയിൽ കൗമുദി ബ്യൂറോയിലേക്ക് മടങ്ങുമ്പോൾ സതീഷ് പറഞ്ഞു: '' ന്നാലും നിങ്ങൾക്ക് ഭാഗ്യമുണ്ട് കേട്ടോ. ഒരു ചിരി കിട്ടിയില്ലേ? സ്വന്തം ഭാര്യയോട് പോലും ചിരിക്കാത്ത ആളെന്നാ കേട്ടിരിക്കുന്നേ..''

'' എന്നോടായിരുന്നില്ല ആ ചിരി സതീഷേ. ഫുട്ബോളിനോടായിരുന്നു..'' -- നിശബ്ദമായി ഉരുവിടുന്നു മനസ്സ്.

--രവിമേനോൻ

logo
The Fourth
www.thefourthnews.in