സി ആർ ഓമനക്കുട്ടന്‍; സർവോപരി കോട്ടയംകാരൻ

സി ആർ ഓമനക്കുട്ടന്‍; സർവോപരി കോട്ടയംകാരൻ

കോട്ടയം മിത്തോളജി കൊട്ടാരത്തിൽ ശങ്കുണ്ണിക്ക് ശേഷം പകർത്തിയത് സി ആർ ഓമനക്കുട്ടനാണ്. ദേശ സ്നേഹം മൂത്ത് 'കോട്ടയത്തുകാരായ ഞങ്ങൾ' എന്നൊരു പുസ്തകമെഴുതി. താമസം എറണാകുളത്താണെങ്കിലും വീട്ടുപേര് 'തിരുനക്കര.
Updated on
4 min read

രണ്ടാഴ്ച മുൻപാണ് സി ആർ ഓമനക്കുട്ടൻ കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ടാജ് ഗേറ്റ് വേ  ഹോട്ടലിലെ വേദിയിൽ തന്റെ രണ്ട് പുസ്തകങ്ങളുടെ  പ്രകാശന ചടങ്ങിൽ ഇരുന്നത്. ആ ഇരിപ്പ് ഒരു ചരിത്ര സംഭവമായിരുന്നു. മഹാരാജാസ് കോളേജിലെ സാറിന്റെ രണ്ട് നടന ശിഷ്യൻമാരാണ് വലത്തും ഇടത്തും ഇരുന്നത് - മമ്മൂട്ടിയും സലിം കുമാറും. മമ്മൂട്ടി ' ശവം തീനികൾ'  എന്ന പുസ്തകവും  സലിം കുമാർ ‘തിരഞ്ഞെടുത്ത കഥകളും'  പ്രകാശനം ചെയ്തു.  

മഹാരാജാസിന്റെ ചരിത്രകാരനും അദ്ധ്യാപകനുമായിരുന്ന സി ആർ ഓമനക്കുട്ടൻ സാർ യാത്രയാകുമ്പോൾ ഒരു ചരിത്രം അസ്തമിക്കുകയാണ്.  

മമ്മൂട്ടിയും സലിം കുമാറും തന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുക. ഏത് അശീതിക്കാരൻ (80 വയസുകാരൻ)  എഴുത്തുകാരന് കിട്ടും ഈ അംഗീകാരം? ആ ചടങ്ങ് ഓമനക്കുട്ടൻ സാറെഴുതുന്ന ലേഖനങ്ങൾ പോലെയായി പരിണമിച്ചു. കാലവും ചരിത്രവും രാഷ്ട്രീയവും സാഹിത്യവും ഗാനവും അഭിനയവും നർമ്മവും എല്ലാം അവിടെ സമ്മേളിച്ചിരുന്നു.

മഹാരാജാസിന്റെ ചരിത്രകാരനും അദ്ധ്യാപകനുമായിരുന്ന സി ആർ ഓമനക്കുട്ടൻ സാർ യാത്രയാകുമ്പോൾ ഒരു ചരിത്രം അസ്തമിക്കുകയാണ്.  

ജനിച്ചു വളർന്ന കോട്ടയത്ത് വളരെ ചെറുപ്പത്തിലേ  ഡി സി കിഴക്കേ മുറിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതിനാൽ ഓമനക്കുട്ടന് വലിപ്പ ചെറുപ്പമില്ലാതെ എല്ലാ സാഹിത്യകാരന്മാരോടും അടുപ്പം സ്ഥാപിക്കാനായി. എൻ ബി എസിന്റെ ആദൃ കാലത്തെ പബ്ലിഷിങ് മാനേജറും  പിന്നീട് സാഹിത്യ അക്കാദമി സെക്രട്ടറിയുമായ എം കെ മാധവൻ നായരുമായി അസാധാരണമായ ആത്മബന്ധമുണ്ടായിരുന്നതിനാൽ സാഹിത്യ ലോകത്തെ അപസർപ്പക കഥകളൊക്കെ ഓമനക്കുട്ടൻ സാറിന് നന്നായി അറിയാമായിരുന്നു. ഇവയ്‌ക്കൊപ്പം അദ്ധ്യാപകനായി എറണാകുളത്തും കോഴിക്കോടും ചിലവഴിച്ചപ്പോൾ കിട്ടിയ അനുഭവങ്ങളും ചേർന്നപ്പോൾ 25 ഓളം മികച്ച പുസ്തകങ്ങൾ പിറന്നു.

അറുപത്തഞ്ച് വയസ് പൂർത്തിയായപ്പോൾ ഓമനക്കുട്ടൻ സാറ് അത് ആഘോഷിച്ചു. എങ്ങനെ? പലപ്പോഴായി പലയിടത്ത് എഴുതിയ 65 ലേഖനങ്ങൾ 2 പുസ്തകങ്ങളാക്കി അച്ചടിപ്പിച്ചു - സത്യം ജ്ഞാനം ആനന്ദം, നിറം പിടിപ്പിക്കാത്ത നേരുകൾ. രണ്ട് പുസ്തകങ്ങളിലും മനോഹരമായ കുറെ ലേഖനങ്ങൾ. ഒരു വിജ്‌ഞാന കോശത്തിലും  വിക്കിപീഡിയിലും കാണാൻ പറ്റാത്തവ! 

കോട്ടയത്ത് വെച്ച് മുണ്ടശ്ശേരിയുടെ വിമർശന പ്രസംഗത്തിന് മുട്ടത്ത് വർക്കി അതേ വേദിയിൽ മറുപടി പറഞ്ഞത് ഒരു ലേഖനത്തിൽ വായിക്കാം. ഡി സി കിഴേക്ക മുറി കാരൂരിന്റെ പേരിൽ പുസ്തകം മറ്റൊരാളെക്കൊണ്ട് എഴുതിച്ച് ബാലചന്ദ്രൻ എന്ന പേരിൽ പാഠപുസ്തകമാക്കി. അങ്ങനെ സാഹിത്യ പ്രവർത്തക സംഘത്തിന് സർക്കാർ റോയൽറ്റി വാങ്ങിക്കൊടുത്ത കഥയും അദ്ദേഹം പറയുന്നുണ്ട്.

സി ആർ ഓമനക്കുട്ടന്‍; സർവോപരി കോട്ടയംകാരൻ
സി ആർ ഓമനക്കുട്ടന്റെ ആക്ഷേപഹാസ്യ പരമ്പര ദേശാഭിമാനി എന്തുകൊണ്ട് അവസാനിപ്പിച്ചു?

വിമോചന സമരക്കാലത്ത്, കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെ ഇറക്കാൻ അമേരിക്കൻ ഡോളർ  ഇന്ത്യൻ രൂപയായി കേരളത്തിൽ പലർക്കും വിതരണം ചെയ്ത ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി പാട്രിക്ക് മൊയ്നിഹാൻ, കോട്ടയത്ത് വന്ന്, ഓക്സ്ഫഡിൽ തന്റെ സഹപാഠിയായ  കോട്ടയം പാലത്തിങ്കൽ ജോർജ് ഐസക്കിന്റെ കുടുംബ ഉൽപ്പന്നമായ, 'പാലാട്ട് ' അച്ചാറും കൂട്ടി തെങ്ങിൻ ചാരായം മോന്തിയ രസകരമായ സംഭവം അതിലുണ്ട്. മേരി റോയിയുടെ സഹോദരനും അരുന്ധതി റോയിയുടെ അമ്മാവനുമായ ജോർജ് ഐസക് കഴിഞ്ഞ ആഴ്ചയാണ് അന്തരിച്ചത്. 

അതിനുമപ്പുറം, ചെമ്മീൻ എന്ന വിഖ്യാത ചിത്രത്തിന് നടന്മാരെ തിരഞ്ഞെടുത്ത്, പടം സഹിതം വരച്ച്, രാമു കാര്യാട്ടിന് അയച്ച ചിത്രത്തിന്റെ അനൗദ്യോഗിക കാസ്റ്റിങ് ഡയറക്ടർ ആർട്ടിസ്റ്റ് ശങ്കരൻ കുട്ടിയാണെന്ന കഥ നമ്മളറിഞ്ഞതും ഓമനക്കുട്ടൻ സാർ എഴുതിയപ്പോഴാണ്.

ദേശ സ്നേഹം മൂത്ത് 'കോട്ടയത്തുകാരായ ഞങ്ങൾ' എന്നൊരു 12 അദ്ധ്യായം ഉള്ള ഒരു പുസ്തകവും എഴുതി. താമസം എറണാകുളത്താണെങ്കിലും വീട്ടുപേര് ' തിരുനക്കര'. ഇതിൽ കൂടുതൽ ദേശസ്നേഹം ഒരാൾ എങ്ങനെ കാണിക്കും?

ഒരു ലേഖനത്തിൽ മുട്ടത്ത് വർക്കിയെ അവതരിപ്പിച്ചത് ഇങ്ങനെ:  മുട്ടത്ത് വർക്കി അര നൂറ്റാണ്ട് കാലം നോവലെഴുതിക്കൂട്ടി. 75 പഞ്ചാര നോവൽസ്. ഒപ്പം കഥക്കൂട്ടങ്ങളും, നാടകങ്ങളും, കവിതകളും ബാലസാഹിത്യങ്ങളും. തർജ്ജമകളുമായി വെറെ 52 പുസ്തകവും മൊത്തം 127. കൂടാതെ മുപ്പതിലേറെ  തിരക്കഥകളും. രണ്ടല്ല എട്ട്  കൈകളായിരുന്നു ബ്രഹ്മാവിന്. വാസന ചുണ്ണാമ്പും, പാവുകാച്ചിയ പുകയിലയും എലത്തരിയും ഇരട്ടിമധുരവും കൊപ്രാക്കഷ്ണവും  കൂട്ടി  മുറുക്കി തുടങ്ങി. കരകാണാക്കടലും അക്കരപ്പച്ചയും ഒരു കുടയും കുഞ്ഞു പെങ്ങളും ഡോക്ടർ ഷിവാഗോയുമൊക്കെയായ് പാടും പൈങ്കിളിയായ് പറന്നു നടക്കുകയാണ്. നോവലുകളുടെ ചരിത്ര പതിപ്പുകളും വെറെ. മുറുക്കിയാൽ തുപ്പാൻ നേരമില്ല. 

വിക്കിപീഡിയയിൽ മുട്ടത്ത് വർക്കിയെ ഇതു പോലെ വായിക്കാൻ പറ്റുമോ?

സി ആർ ഓമനക്കുട്ടന്‍; സർവോപരി കോട്ടയംകാരൻ
'മലയാളം ബിഎ വിദ്യാര്‍ഥിയും അധ്യാപകനും പരസ്പരം തിരിച്ചറിഞ്ഞത് ആ രാത്രിയായിരുന്നു', സലിം കുമാറിന്റെ ഓമനക്കുട്ടന്‍ മാഷ്

സിനിമാ നടൻ സത്യൻ തൊട്ട് അരൂർ സത്യനെ വരെ വായനക്കാർക്ക് പരിചയപ്പെടുത്തി.  മഹാരാജാസിന്റെ ചരിത്രം പറഞ്ഞു. കോട്ടയം മിഥോളജി കൊട്ടാരത്തിൽ ശങ്കുണ്ണിക്ക് ശേഷം പകർത്തിയത് ഓമനക്കുട്ടൻ സാറാണ് . കോട്ടയത്തെ അര നൂറ്റാണ്ട് കാലത്തെ വ്യക്തികളും സംഭവങ്ങളും അറിയാൻ സാറെഴുതിയത് വായിച്ചാൽ മതി.

ഓമനക്കുട്ടൻ സാറിന്റെ എഴുത്തിൽ അര നൂറ്റാണ്ടിന്റെ കോട്ടയത്തെ, സാഹിത്യ, സാംസ്ക്കാരിക ചരിത്രമുണ്ട്. മുട്ടത്ത് വർക്കി മുതൽ പൊൻകുന്നം വർക്കി വരെയുണ്ട്. നടൻ അച്ചൻ കുഞ്ഞുണ്ട്. സംവിധായകൻ ജോൺ എബ്രഹാം ഉണ്ട്. ആദ്യ കാല ഗാനരചയിതാവ് അഭയദേവ് ഉണ്ട്. സാഹിത്യ പ്രവർത്തക സംഘമുണ്ട്. അതിലെ ഇലക്ഷനും അലമ്പുകളും ഉണ്ട്. തിരുനക്കര മൈതാനമുണ്ട്, ആനന്ദമന്ദിരം ഹോട്ടലുണ്ട്, നാട്ടകത്തെ ഗസ്റ്റ് ഹൗസ് ഉണ്ട്, എൻ ബി എസും ഡി സി കിഴക്കേ മുറിയുമുണ്ട്. കോട്ടയംകാരുടെ ദിവ്യപുരുഷന്മാരായ പ്രഭാകര സിദ്ധയോഗി, കപ്പ്യാര് കൊച്ചുട്ടി, എലിച്ചെറിയാൻ, ബിഷപ്പ് എറിക്ക് മുറിക്ക് എന്നിവരുണ്ട്. കൂടെ ആരേയും ഭാവ ഗായകരാക്കാവുന്ന ആത്മ സൗന്ദര്യമെന്ന് അദ്ദേഹം തന്നെ വിളിക്കുന്ന പഴയ കോട്ടയം പോലീസ് സ്റ്റേഷൻ മന്ദിരമുണ്ട്.

ഇതൊന്നും പോരാതെ, ദേശ സ്നേഹം മൂത്ത് 'കോട്ടയത്തുകാരായ ഞങ്ങൾ' എന്നൊരു 12 അദ്ധ്യായം ഉള്ള ഒരു പുസ്തകവും എഴുതി. താമസം എറണാകുളത്താണെങ്കിലും വീട്ടുപേര് ' തിരുനക്കര'. ഇതിൽ കൂടുതൽ ദേശസ്നേഹം ഒരാൾ എങ്ങനെ കാണിക്കും?

എഴുതിയതെല്ലാം എല്ലാം അനുഭവ കഥകൾ!

ഒരിക്കൽ അവിവിവാഹിതനായി കഴിഞ്ഞ സമയത്ത് കൂട്ടുകാരോടൊത്ത് താമസിക്കുന്ന എറണാകുളത്തെ വീട്ടിൽ ഉച്ച നേരത്ത് ഒരു മദ്ധ്യവയസ്കൻ കേറി വന്നു. നല്ല കനപ്പിടി ശബ്ദത്തിൽ അയാൾ പറഞ്ഞു. ചോറു തന്നാൽ പാട്ട് പാടാം !

അയാളെ ഒപ്പമിരുത്തി ചോറ് കൊടുത്തു. വയറു നിറയെ കഴിച്ച അയാൾ കൈ കഴുകി വന്ന് തറയിൽ ഇരുന്ന് പാടാൻ തുടങ്ങി. ഹൃദ്യമായ ശബ്ദത്തിൽ കുറെ കീർത്തനങ്ങൾ . ആരോ പറഞ്ഞു സിനിമാ പാട്ട് പാടൂ.

ഉടനെ അയാൾ പ്രസിദ്ധങ്ങളായ കുറച്ച് പാട്ട് പാടി. നല്ല ആലാപനം. പക്ഷേ, അവിടെയുള്ളവർ അന്നത്തെ പ്രസിദ്ധ ഗാനങ്ങളായ - താമസമെന്തെ വരുവാൻ  തുടങ്ങിയ പാട്ടുകൾ പാടാൻ ആവശ്യപ്പെട്ടു.

അയാൾ നിർവികാരമായി പ്രതികരിച്ചു. ഖാദറിന്റെയും പുരുഷോത്തമന്റെയും ദാസിന്റെയും പാട്ടുകൾ ഞാൻ പാടില്ല.

എന്നിട്ട് അയാൾ പാടാൻ തുടങ്ങി, 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം…'

ഉടനെ കേൾവിക്കാരനായ ഓമനക്കുട്ടൻ സാറടക്കമുള്ളവർ നിർത്താൻ പറഞ്ഞു. 

നിങ്ങൾ ചോറു തന്നുവെന്നതിനാൽ നിങ്ങൾ പറയുന്ന പാട്ട് ഞാൻ പാടില്ല. ഞാൻ എന്റെ പാട്ടേ പാടൂ, അതിനേ ആത്മാവുണ്ടാവൂ, എന്നായിരുന്നു അയാളുടെ മറുപടി. 

കലിപൂണ്ട അവിടത്തെ അന്തേവാസികൾ അയാളെ ചീത്തവിളിച്ചു. ഒരാൾ ചോദിച്ചു താൻ മെഹുബൂബിന്റെ പാട്ട് പാടുന്നതോ? അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു, “അത് ഞാൻ മെഹബൂബ് ആയതു കൊണ്ട്!” നിമിഷങ്ങൾ വേണ്ടി വന്നു കേട്ടവർക്ക് സമനില കിട്ടാൻ.

ഓമനക്കുട്ടൻ സാറെഴുതിയ ‘ആ പാട്ടും ചോറും” എന്ന കുറിപ്പ് പറയുന്നത് ഹൃദയസ്പർശിയായ ഈ സംഭവമാണ്.

സി ആർ ഓമനക്കുട്ടന്‍; സർവോപരി കോട്ടയംകാരൻ
സാഹിത്യകാരന്‍ സി ആർ ഓമനക്കുട്ടന്‍ അന്തരിച്ചു

അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് രാജൻ കേസ് കോടതിയിൽ വന്ന് കേരളമാകെ ഇളകി മറഞ്ഞപ്പോൾ പേനയെടുത്ത് ദേശാഭിമാനിയിൽ 'ശവം തീനികൾ'  എന്ന പേരിൽ ഒരു ഉഗ്രൻ സാധനം ‘അഘശംസി' എന്ന തൂലികാ നാമത്തിൽ എഴുതി. ഒന്നല്ല പതിനെട്ടു ലക്കങ്ങളായ് അത് അടിച്ചു വന്നു.

(അഘശംസി എന്നാൽ പാപം റിപ്പോർട്ട് ചെയ്യുന്നവൻ, ദുഷ്ടൻ എന്ന് ശബ്ദതാരാവലി).

അടിയന്താവസ്ഥയോടുള്ള എതിർപ്പോ രാഷ്ട്രീയ ആവേശമോ ആയിരുന്നില്ല ഇതെഴുതാൻ കാരണം. ആ കാലത്ത്  രാജന്റെ പിതാവ് ഈച്ചരവാര്യർ കോഴിക്കോട് കോളേജിൽ പഠിപ്പിച്ചിരുന്നു. അവിടെ അദ്ധ്യാപകനായിരുന്ന ഓമനക്കുട്ടൻ സാറിന്റെ സഹപ്രവർത്തകനും ഒരേ മുറിയിൽ താമസിക്കുന്നയാളുമായിരുന്നു അദ്ദേഹം. രാജനെ തേടി തിരുവനന്തപുരത്തും കോഴിക്കോട്ടും ഈച്ചരവാര്യർ അലഞ്ഞപ്പോൾ കൂടെ ഓമനക്കുട്ടൻ സാറുമുണ്ടായിരുന്നു. ആ വേദനകളും വീർപ്പുമുട്ടലുകളും അന്ന് പങ്ക് വെച്ചിരുന്നു. ഒടുവിൽ രാജൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന വിവരം ഓമനക്കുട്ടൻ സാർ അറിയുന്നത് ഇത് പോലെ ഈച്ചരവാര്യരുടെ കൂടെ പോയ ഒരു യാത്രക്കിടയിലാണ്. അത് ആ പിതാവിനോട് പറയാനാവാതെ കുഴങ്ങി. ആ പിതാവിന്റെ വേദനയും വിഷമവും നേരിട്ടറിഞ്ഞത് , മനസിൽ തൊട്ടത് തീക്ഷ്‌ണമായി അവതരിപ്പിച്ചതാണ് 'ശവം തീനികൾ' രാജൻ കേസിന്റെ നേർസാക്ഷ്യമായ അത് പുസ്തകമായപ്പോൾ നാലു മാസം കൊണ്ട് പതിനായിരം കോപ്പി വിറ്റഴിഞ്ഞു. തമിഴ് പരിഭാഷ 'പിണന്തിന്നികൾ' ഇരുപത്തയ്യായിരം കോപ്പിയും. രാജനെ കസ്റ്റഡിയിൽ എടുത്തു തൊട്ടുള്ള സംഭവങ്ങൾ പലതും കേരളമറിഞ്ഞത് ഈ കൃതിയിലൂടെയാണ്.

കാൽ നൂറ്റാണ്ട് കാലം മഹാരാജാസ് കോളേജ്കാരുടെ പ്രിയ അദ്ധാപകൻ. ജീവിതാനുഭവ സമ്പത്തിലൂടെ ധന്യമായ ജീവിതം.

ഏറെക്കഴിഞ്ഞ് ഇ എം എസ് കൊച്ചി ദേശാഭിമാനിയിൽ വന്നപ്പോൾ . അവിടെയുണ്ടായിരുന്ന ഇ എം എസിന്റെ മകൻ അനിയൻ ഓമനക്കുട്ടൻ സാറിനെ ഇ എം എസിന് പരിചയപ്പെടുത്തി - ഇതാണ് നമ്മുടെ അഘശംസി. ഇ എം എസ് ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു പി ജിയാണെന്നാ കരുതിയത് (പി. ഗോവിന്ദപിള്ള). ഓമനക്കുട്ടൻ മറുപടി പറഞ്ഞു: പി ജി ആണെന്നാ ഞാനും പറയുന്നത്. ഇഎംഎസ് ചോദിച്ചു, അതെന്താ? ‘അടി വരുന്നത് പി ജിക്കാകട്ടെ’ യെന്ന് മറുപടി. ഇ എം എസ് മനസ് തുറന്നു ചിരിച്ചു.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മുടിഞ്ഞ് കുത്തുപാളയെടുത്ത കാലം. അന്ന് സഹകരണ മന്ത്രിയായ പിണറായി വിജയന്‍ സംഘത്തെ രക്ഷിക്കാന്‍ കോട്ടയത്ത്  യോഗം വിളിച്ചു കൂട്ടി. സി പി ശ്രീധരന്‍ പ്രസംഗിച്ചു, ''സംഘം ഭരിക്കാന്‍ ഒരു ഐ എ എസ് കാരനെ നിയമിക്കണം.'' ഡി സി കിഴക്കേ മുറി തന്നെ പറഞ്ഞു. “സംഘത്തില്‍ ഇപ്പോള്‍ വേണ്ടത് ഐ  എ എസ് അല്ല, ഐ പി എസ് ഓഫീസറാണ്. അതാണ് ഇപ്പോഴത്തെ സ്ഥിതി.'' എന്നാല്‍ സംഘത്തിലെ മുന്‍കാല മെമ്പറായ സി ആര്‍ ഓമനക്കുട്ടന്‍ സാർ പറഞ്ഞു, ''ഐ എ എസും ഐ പി എസുമൊന്നുമല്ല, സംഘത്തിനു വേണ്ടത് ഒരു ഡി സി കിഴക്കേമുറിയെയാണ്.'' ആ ഒറ്റ വാക്കിൽ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനെ ബാധിച്ച പ്രശ്നം എന്താണെന്ന് അവിടെയുള്ളവർക്ക് മനസിലായി. 

എൻ വി കൃഷ്ണവാര്യർക്ക് ശേഷം ഇത്ര വൈവിധ്യമുള്ള വിഷയങ്ങൾ എഴുതിയ മറ്റൊരാളും മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല. എൻ വി വൈജ്ഞാനിക സാഹിത്യമെഴുതി; ഓമനക്കുട്ടൻ സാർ സ്വാനുഭവസാഹിത്യമെഴുതി.

എലിസബത്ത് ടെയ്ലറുടെ ജീവചരിത്രമാണ്  ആദ്യ കൃതി. എഴുതിയത് പതിനേഴാം വയസിൽ. ലിസ ടെയ്ലറെ കുറിച്ച് ഒരു ഇന്ത്യൻ ഭാഷയിൽ വന്ന ആദ്യത്തേതും അവസാനത്തേതുമായ പുസ്തകം എഴുതിയയാൾ എന്ന ബഹുമതി സി ആർ ഓമനക്കുട്ടനാണ്.

പിന്നീട് മലയാളത്തിലെ ആദ്യകാല നടി  മിസ് കുമാരിയുടെ ആത്മകഥ എഴുതി. (ആത്മകഥ തന്നെ) അതിനും  ഒരു ബഹുമതി കിട്ടി. മലയാളത്തിലെ ആദ്യത്തെ ഗോസ്റ്റ് റൈറ്റർ! 

മമ്മുട്ടി മുതൽ സലിം കുമാർ വരെയുള്ള ശിഷ്യ സമ്പത്ത്. കാൽ നൂറ്റാണ്ട് കാലം മഹാരാജാസ് കോളേജ്കാരുടെ പ്രിയ അദ്ധാപകൻ. ജീവിതാനുഭവ സമ്പത്തിലൂടെ ധന്യമായ ജീവിതം. സാറെഴുതിയ ഒരു പുസ്തകത്തിന്റെ ശീർഷകം തന്നെയാണ് അദ്ദേഹത്തെ ജീവിതത്തെ സംഗ്രഹിക്കാൻ ഉത്തമം - സത്യം ജ്ഞാനം ആനന്ദം!

logo
The Fourth
www.thefourthnews.in