യു യു ലളിത്: മുത്തലാഖ് മൗലികാവകാശ ലംഘനമെന്നും വധശിക്ഷ പ്രതികാരത്തിനല്ലെന്നും വിധിച്ച ന്യായാധിപന്‍
''കുട്ടികള്‍ക്ക് ഏഴ് മണിക്ക് സ്‌കൂളില്‍ പോകാമെങ്കില്‍ അഭിഭാഷകര്‍ക്കെന്തുകൊണ്ട് 9 മണിക്കെത്തിക്കൂടാ?'' ഒരു സുപ്രധാന കേസിന്റെ വാദത്തിനിടെ, കോടതി നടപടികള്‍ 9.30ന് ആംഭിച്ചതിലെ വൈരുധ്യം ആരാഞ്ഞ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിക്ക് ജസ്റ്റിസ് യു യു ലളിത് കൊടുത്ത മറുപടിയാണിത്. ആഗസ്റ്റ് അവസാനത്തോടെ ഈ മാറ്റം കാണാന്‍ സാധിക്കുമെന്നായിരുന്നു അതിനോടുള്ള അഭിഭാഷകൻ്റെ പ്രതികരണം. ജസ്റ്റിസ് യു യു ലളിത് അന്ന് പറഞ്ഞ ഉത്തരം 'ദിസ് ഈസ് ജസ്റ്റ് എ കാപ്സ്യൂള്‍' എന്നും.
ഇതാണ് ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റ യു യു ലളിത്. ചുമതലയില്‍ കുറഞ്ഞകാലം മാത്രമേ പ്രവര്‍ത്തിക്കൂ എങ്കിലും സുപ്രീംകോടതി പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വരുത്താനാണ് ജസ്റ്റിസ് യു യു ലളിത് ലക്ഷ്യമിടുന്നത്. സുപ്രീംകോടതിയില്‍ വര്‍ഷം മുഴുവന്‍ ഒരു ഭരണഘടനാ ബെഞ്ച് പ്രവര്‍ത്തിക്കുമെന്ന് ജസ്റ്റിസ് യു യു ലളിത് പറഞ്ഞിരുന്നു.
ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്
സുപ്രീംകോടതി അഭിഭാഷകനായിരിക്കെ ജഡ്ജിയായും പിന്നീട് രാജ്യത്തെ ചീഫ് ജസ്റ്റിസായും ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് യു യു ലളിത്. 1971ല്‍ 13-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് എസ് എം സിക്രിയാണ് ഈ പട്ടികയിലെ ആദ്യപേര്. മഹാരാഷ്ട്ര സ്വദേശിയായ യു യു ലളിത് 1983ല്‍ അഭിഭാഷകനായി എൻറോൾ ചെയ്തു. 1985 വരെ മുംബൈ ഹൈക്കോടതിയിലും തുടർന്ന് ഡല്‍ഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. ക്രിമിനൽ കേസുകൾ വാദിക്കുന്നതിൽ വിദഗ്ധനായിരുന്നു അദ്ദേഹം. 2004 ഏപ്രിലില്‍, സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.
ചരിത്ര വിധികള്‍
2017ലെ വിവാദമായ മുത്തലാഖ് കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് യു യു ലളിത് ഉണ്ടായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ് മുത്തലാഖെന്ന് ജസ്റ്റിസ് ലളിത് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് വിധിച്ചു. മുത്തലാഖ് ഗുരുതര ഭരണഘടനാ ലംഘനമെന്നായിരുന്നു ജസ്റ്റിസ് യു യു ലളിതിന്റെ നിരീക്ഷണം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ തിരുവിതാംകൂര്‍ രാജവംശത്തിന്റെ നടത്തിപ്പവകാശം ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്ന വിധിയും ജ. യു യു ലളിതിന്റേതായിരുന്നു.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി (2) പ്രകാരം 6 മാസത്തെ കാത്തിരിപ്പ് കാലയളവ് നിര്‍ബന്ധമല്ലെന്ന് വിധിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിലും അദ്ദേഹം ഉണ്ടായിരുന്നു.
ബോംബെ ഹൈക്കോടതിയുടെ വിവാദ 'സ്‌കിന്‍-ടു-സ്‌കിന്‍' വിധി റദ്ദാക്കിയത് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ഉദ്ദേശത്തോടെയുള്ള ഏതുതരം ശാരീരിക ബന്ധവും പോക്സോ കേസായി പരിഗണിക്കപ്പെടുമെന്ന് യു യു ലളിതിന്റെ ബെഞ്ച് വിധിച്ചു.
അയോധ്യാ ഭൂമി തർക്ക കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് 2019ൽ ജസ്റ്റിസ് യു യു ലളിത് പിന്മാറിയിരുന്നു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ യു പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി ഹാജരായത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
2022 നവംബർ 8ന് വിരമിക്കുന്നതിനാൽ താരതമ്യേന ചെറിയ കാലാവധിയാകും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ജസ്റ്റിസ് യു യു ലളിതിന് ലഭിക്കുക. മൂന്ന് മാസത്തിൽ താഴെ മാത്രമായിരിക്കും ലളിതിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഇരിക്കാൻ കഴിയുക.