ഡോ. സ്‌കറിയ സക്കറിയ
ഡോ. സ്‌കറിയ സക്കറിയ

ഡോ. സ്കറിയ സക്കറിയ അക്കാദമിക രംഗത്തെ ലിബറൽ ഹ്യൂമനിസ്റ്

കേരളത്തിന്റെ അക്കാദമിക മണ്ഡലത്തിൽ സ്കറിയ സക്കറിയയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ആയി പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ഗുണ്ടർട്ട് റിസേർച്ച്
Updated on
3 min read

കേരളീയ അക്കാദമിക രംഗത്ത് ഏറ്റവും ശ്രദ്ധേയനായ ഒരു ലിബറൽ ഇന്റലെക്ച്വൽ ആയിരുന്നു ഡോ. സ്‌കറിയാ സക്കറിയ. ചരിത്ര പoനത്തിലും ഭാഷാ വിമർശനത്തിലും സാഹിത്യ ഗവേഷണത്തിലും കേരളീയ സന്ദർഭത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ വലിയ ദിശ വ്യതിയാനങ്ങളെ രൂപപ്പെടുത്തിയ വ്യക്തി കൂടിയാണദ്ദേഹം. ഒരേ സമയം എം ജി സ് നാരായണനെപ്പോലുള്ള ലിബറൽ ചരിത്ര പണ്ഡിതരോടും കെ എൻ പണിക്കരെ പോലുള്ള അക്കാദമിക് ചരിത്ര ഗവേഷകരോടും പി ഗോവിന്ദപിള്ളയെപോലുള്ള മാർക്സിസ്റ്റ് സാമൂഹ്യ ചിന്തകരോടും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. അതോടൊപ്പം മലയാളത്തിലെ ഭാഷാ , സാഹിത്യ പഠന രംഗങ്ങളിലുള്ള മിക്കവരോടും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അവരുടെയെല്ലാം കാഴ്ചപ്പാടുകളോട് തികഞ്ഞ സംവാദബുദ്ധിയോടെ പ്രതികരിച്ച ആളുമായിരുന്നു അദ്ദേഹം.

1969 മുതൽ 2007 വരെയുള്ള അക്കാദമിക രംഗത്തെ 38 വർഷത്തെ ജീവിതത്തിൽ അസാമാന്യമായ റിസപ്റ്റിവിറ്റി ഉള്ള ആളായിരുന്നു അദ്ദേഹം

ഒരുപക്ഷെ സ്കറിയ സക്കറിയയുടെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ റിസപ്റ്റിവിറ്റിയാണ്. 1969 മുതൽ 2007 വരെയുള്ള 38 വർഷത്തെ അധ്യാപന, ഗവേഷണ, അക്കാദമിക ജീവിതത്തിൽ അസാമാന്യമായ റിസപ്റ്റിവിറ്റി ഉള്ള ആളായിരുന്നു അദ്ദേഹം. ഏത് പുതിയ ആശയത്തെയും സ്വീകരിക്കാനും അതേ സമയം ഭാഷയുടെയും സാഹിത്യത്തിന്റെയും ഏറ്റവും പഴയ സമ്പ്രദായങ്ങളെ പോലും നവീകരിക്കാനും അദ്ദേഹത്തിന് തുറന്ന മനസ്സുണ്ടായിരുന്നു.മൂന്ന് കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന സംഭവനകളായി ഞാൻ മനസ്സിലാക്കുന്നത്.

അദ്ദേഹത്തിന്റെ ഒന്നാമത്തെ സംഭാവന കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്ത് കേരളത്തിൽ മലയാള, കേരള പഠനങ്ങളെ വഴി തിരിച്ച് വിട്ട സാംസ്കാരിക പഠനങ്ങൾ, വിവർത്തനപഠനം പോലുള്ള വിഷയങ്ങളിൽ ഏറ്റവും നിശിതമായ സൈദ്ധാന്തികമായ ഉൾക്കാഴ്ചയും പ്രായോഗികതയും പുലർത്തി അദ്ദേഹം എടുത്ത സമീപനങ്ങൾ ആണ്.

രണ്ടാമത്തെ കാര്യം കഴിഞ്ഞ അരനൂറ്റാണ്ട് കാലം കേരളത്തിലെ ക്രിസ്തുമതത്തിനകത്തുണ്ടായ നിരവധിയായ പരിഷ്കരണ വാദങ്ങൾ, മതപരിഷ്കരണ ശ്രമങ്ങൾ, മത വിമർശനങ്ങൾ , എന്നിവയിൽ വലിയ തോതിൽ ഇടപെട്ടിരുന്ന ആളായിരുന്നു സ്കറിയ സക്കറിയ. ജോസഫ് പുലികുന്നേലിനെ പോലുള്ള സ്വതന്ത്ര ബുദ്ധിജീവികളുമായി ചേർന്ന് അദ്ദേഹം ബൈബിൾ തർജ്ജമ ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തി. അത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹം നടത്തിയ മിഷനറി പഠനങ്ങൾ. ഈ മിഷനറി പഠനങ്ങളുടെ കൂടി തുടർച്ചയിലാണ് ഗുണ്ടർട്ട് റിസേർച്ചിന്റെ ഒരു വലിയ തലം വരുന്നത്. കേരളത്തിന്റെ അക്കാദമിക മണ്ഡലത്തിൽ സ്കറിയ സക്കറിയയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ആയി പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ഗുണ്ടർട്ട് റിസേർച്ച്.1989 ലെ ലോക മലയാള സമ്മേളനത്തിന്റെ ഭാഗമായി ജർമ്മനയിൽ പോയി വന്ന ശേഷം 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം ജർമ്മനിയിൽ അദ്ദേഹം നടത്തിയ ഗുണ്ടർട്ട് റിസേർച്ച് അദ്ദേഹത്തിന്റെ അക്കാദമിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായിരുന്നു . ഒരു മലയാള അധ്യാപകന് ഇന്ന് വരെ ഒരു വിദേശ സർവ്വകലാശാലയിൽ നിന്ന് അങ്ങനെയൊരു ഫെല്ലോഷിപ്പ് കിട്ടിയിട്ടുന്നു തോന്നുന്നില്ല. പിന്നീട് അദ്ദേഹം ഹീബ്രു യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട നടത്തിയ കേരളത്തിലെ ജൂതപ്പാട്ടുകളുടെ വലിയ ശേഖരണവും അതിന്റെ വിശകലനവുമെല്ലാം മലയാള ജനസംസ്കൃതി പo ന ങ്ങളിലെ പ്രധാനപ്പെട്ട ചുവടുവയ് പാണ്. ഓക്സ്ഫോർഡ് , കേംബ്രിഡ്ജ് പോലുള്ള പ്രശസ്ത വിദേശ സർവ്വകലാശാലകളിൽ അദ്ദേഹം ക്ലാസുകൾ എടുത്തിട്ടുണ്ട്. ഡോക്ടർ കെ എം ജോർജിനെപ്പോലെയും ഡോക്ടർ എസ് കെ നായരെയും പോലുള്ള ഒന്നാം തലമുറ മലയാളം അക്കാദമിക് ചിന്തകർക്ക് ശേഷം , ഇത്തരത്തിൽ കേരളത്തിനും ഇന്ത്യക്കും പുറത്ത് സ്വീകാര്യതയും വലിയ തോതിലുള്ള അംഗീകാരവും ലഭിച്ച ഒരു മലയാള പണ്ഡിതൻ സ്കറിയ സക്കറിയ മാത്രമായിരിക്കും.

അദ്ദേഹത്തിന്റെ മൂന്നാമത്തെ സംഭാവന മലയാള ഗവേഷണത്തിന്റെ വൈജ്ഞാനിക നവീകരണമാണ് . കാലടി സർവകലാശാലയിൽ അദ്ദേഹം മലയാളം അധ്യാപകനായി ചേർന്ന് , അവിടുത്തെ മലയാള വിഭാഗം രൂപീകരിച്ച്, 1998 ൽ അതിന്റെ വകുപ്പധ്യക്ഷൻ ആയതിന് ശേഷം കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്ത് കേരളത്തിലും കേരളത്തിന് പുറത്തും മലയാളം ഗവേഷണം , മലയാളം പിജി പഠന പദ്ധതിയെ സമ്പൂർണ്ണമായി നവീകരിച്ചതിന്റെ വലിയ ഉത്തരവാദിത്വം അദ്ദേഹത്തിന്റേതാണ്. 1998 ൽ നിയമനം ലഭിച്ച് കാലടി സർവകലാശാലയിൽ വന്ന ഞങ്ങൾ നടത്തിയ അക്കാദമിക് വർക്ക്ഷോപ്പുകളിൽ സ്കറിയ മാഷ് മാത്രമല്ല എം ജി എസ് നാരായണനും പി ഗോവിന്ദപിള്ളയും ഉൾപ്പടെ സർവ്വകലാശാലയ്ക്ക് പുറത്തുള്ള ആളുകൾ പോലും പങ്കെടുത്തിരുന്നു. ആ അക്കാദമിക് വർക്ഷോപ്പിൽ നിന്നാണ് കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ കേരളത്തിലെ മലയാളപഠനത്തിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങൾ വരുന്നത്.

ഏതെങ്കിലും പ്രത്യശാസ്ത്രങ്ങളോടോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ കാഴ്ചപ്പാടുകളോടോ അദ്ദേഹം പക്ഷപാതം കാണിച്ചിട്ടില്ല. തുറന്ന മനസ്സോടെ തന്റേതായ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും , തന്റേതായ കാഴ്ചപ്പാടുകൾ സ്ഥാപിച്ചെടുക്കുകയും ചെയ്തു

ബഹുവിജ്ഞാനപരവും അന്തർവിജ്ഞാനപരവുമായസമീപനങ്ങൾ, കൾച്ചറൽ സ്റ്റഡീസ് പോലുള്ള, പാശ്ചാത്യ രാജ്യത്ത് രൂപപ്പെട്ട ഒരു വലിയ ചിന്താപദ്ധതി, ട്രാൻസ്ലേഷൻ സ്റ്റഡീസ്, ലിറ്റററി ഹിസ്റ്റോറിയോഗ്രഫി തുടങ്ങിയ നിരവധി പുതിയ വിജ്ഞാനങ്ങളും വിഷയങ്ങളും മലയാള പഠനത്തിലും കേരളത്തിലെ അക്കാദമിക രംഗത്ത് , പ്രത്യേകിച്ച് ഹ്യൂമാനിറ്റീസിൽ രൂപപ്പെട്ട വരുന്നത് സ്കറിയ സക്കറിയയുടെ നേതൃത്വത്തിലാണ്. നമ്മൾ കാണുന്നതിനും അപ്പുറത്ത് അല്ലെങ്കിൽ പൊതുസമൂഹത്തിന് മനസ്സിലാവുന്നതിനും അപ്പുറത്ത് അക്കാദമികമായ വലിയ ഉന്മേഷങ്ങളും വലിയ സംഭാവനകളും നൽകിയ ആൾ ആണ് സ്കറിയ സക്കറിയ. അദ്ദേഹത്തിന്റെ അന്വേഷണമേഖല മിഷനറി സ്റ്റഡീസ് മുതൽ വ്യാകരണവും ഭാഷാ ശാസ്ത്രവും വരെയും പോപ്പുലർ കൾച്ചർ, പരസ്യം , സിനിമ , ചലച്ചിത്രം , സംഗീതം, മാധ്യമ പഠനങ്ങൾ എന്നിവ വരെയും എത്തി നിൽക്കുന്നു . കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്ത് കേരളത്തിന്റെ അക്കാദമിക മേഖല കണ്ട ഏറ്റവും മൗലികതയുള്ള ലിബറൽ ഹ്യൂമനിസ്റ് ബുദ്ധിജീവി എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കാൻ ആഗ്രഹിക്കുന്നത്. ആത്യന്തികമായി അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

അദ്ദേഹത്തിന്റെ അസാധാരണമായ വ്യക്തിബന്ധ സ്വഭാവത്തെക്കുറിച്ചും പറയേണ്ടതുണ്ട്. ശിഷ്യരാവട്ടെ , സഹപ്രവർത്തകരാവട്ടെ , തന്നെക്കാൾ ഇളയവരാവട്ടെ , സാധാരണക്കാരാവട്ടെ , അസാമാന്യമാം വിധം ജനാധിപത്യബോധത്തോടെ, യാതൊരു തരത്തിൽ പെട്ട വേർതിരിവും കൂടാതെ ആളുകളെ ചേർത്ത്പിടിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള വിയോജിപ്പുകളോടും അദ്ദേഹം സംവദിക്കുമായിരുന്നു. ഏതെങ്കിലും പ്രത്യശാസ്ത്രങ്ങളോടോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ കാഴ്ചപ്പാടുകളോടോ അദ്ദേഹം പക്ഷപാതം കാണിച്ചിട്ടില്ല. തുറന്ന മനസ്സോടെ തന്റേതായ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും , തന്റേതായ കാഴ്ചപ്പാടുകൾ സ്ഥാപിച്ചെടുക്കുകയും ചെയ്തു. അതിന് വ്യക്തിബന്ധങ്ങളോ സൗഹൃദങ്ങളോ ഒരിക്കലും അദ്ദേഹം ബലി കഴിച്ചില്ല. ഒരു ബന്ധവും ബലി കഴിക്കാതെയാണദ്ദേഹം തന്റെ ആശയങ്ങൾ സഹപ്രവർത്തകരിലും വിദ്യാർത്ഥികളിലും പകർന്ന് നൽകാൻ ശ്രമിച്ചിട്ടുള്ളത്. അതദ്ദേഹത്തിന്റെ അസാധാരണമായൊരു വ്യക്തി സ്വഭാവമായിരുന്നു.

logo
The Fourth
www.thefourthnews.in