മാർക്സിസത്തിന്റെ ശങ്കര ഭാഷ്യം
ചരിത്രത്തിന്റെ വിളി കേട്ടുണർന്നുകൊണ്ട് ഒരു പുതുയുഗ സൃഷ്ടിക്കായി ജീവിതം സമർപ്പിച്ച ആധുനിക കേരളത്തിന്റെ ശില്പികളിൽ ഒരാൾ കൂടിയായ ഇ എം എസ്, ഇന്ത്യയും കേരളവുമൊക്കെ ഒരു കാലത്ത് പ്രതീക്ഷയോടെ കണ്ടിരുന്ന ആ പുതുയുഗത്തിന് വിരാമമായിരിക്കുന്നു എന്ന ഓർമപ്പെടുത്തലോടെയും ഒപ്പം തന്നെ താക്കീതോടെയുമാണ് 1998 മാർച്ച് 19 ന് മരണത്തിലേക്ക് മറഞ്ഞത്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി മന്ത്രിസഭ അധികാരത്തിലേറിയതും അതേ ദിനം തന്നെ.
ഇഎംഎസിന്റെ മരണവേളയും ഇത്തരമൊരു തീക്ഷ്ണമായ വികാരത്തെ അനുഭവപ്പെടുത്തുന്നതായിരുന്നു
ഇ എം എസിന്റെ മരണത്തിന് മുൻപ് സമാനമായൊരു അനുഭവം പ്രശസ്ത സംവിധായകൻ സയ്യിദ് മിർസ തന്റെ നെഹ്രുവിയൻ രാഷ്ട്രത്തിനുള്ള ചലച്ചിത്ര വിലാപകാവ്യമായ "നസീം" എന്ന ചലച്ചിത്രത്തിന്റെ അന്ത്യരംഗങ്ങളിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥിനിയായ നസീമിലൂടെയാണ് ബാബറി പള്ളി ഹിന്ദു തീവ്രവാദികളാൽ തകർക്കപ്പെട്ടതിന് തൊട്ടുമുൻപുള്ള സംഘർഷമുറ്റി നിൽക്കുന്ന, മുംബൈയിലെ മുസ്ലീം ജനവിഭാഗം തിങ്ങി പാർക്കുന്ന ഒരിടത്തരം താമസസ്ഥലത്തിലെ അനുഭവം പകർത്തുന്നത്. നസീമിന് താങ്ങും തണലുമായി നിൽക്കുന്നത് കൈഫി ആസ്മി അവതരിപ്പിച്ച ഉപ്പൂപ്പായാണ്. ഉപ്പൂപ്പ നെഹ്രുവിയൻ മതേതരത്വത്തിൻെറയും ആദർശാത്മകതയുടെയുടെയും യുഗസന്തതിയാണ്. ഡിസംബർ 6- ബാബറിപള്ളി ഹിന്ദു തീവ്രവാദികളാൽ തകർക്കപ്പെട്ട ദിവസം കൈഫി ആസ്മി അവതരിപ്പിച്ച ഈ വൃദ്ധനായ കഥാപാത്രം മരണത്തിന് കീഴടങ്ങുകയാണ്. ഒരു യുഗചേതനയുടെ അന്ത്യം നമ്മെ അനുഭവപ്പെടുത്തുന്നുണ്ട് ഈ അന്ത്യരംഗം. ഇ എം എസിന്റെ മരണവേളയും ഇത്തരമൊരു തീക്ഷ്ണമായ വികാരത്തെ അനുഭവപ്പെടുത്തുന്നതായിരുന്നു.
എന്ത്! ബിജെപി ഇന്ത്യ ഭരിക്കുകയോ! എന്റെ ശവത്തിനുമേലെ മതി!
പ്രശസ്‌ത മാർക്സിസ്റ്റ് ചിന്തകനായിരുന്ന ടി കെ രാമചന്ദ്രൻ ഇ എം എസിന്റെ മരണദിവസത്തിന്റെ പ്രത്യേകതയെ പകർത്തിയ വാക്കുകൾ ഇവിടെ കടമെടുക്കട്ടെ: "ഇ എം എസിന്റെ മരണവാർത്ത വന്നപ്പോൾ വിധി വൈപരീത്യമെന്ന് പറയട്ടെ, ദൂരദർശൻ ഫാസിസ്റ്റ് ഭരണത്തിന്റെ അരിയിട്ട് വാഴ്ച പാർലമെന്റ് ഹൗസിൽ നിന്ന് പ്രക്ഷേപണം ചെയ്യുകയായിരുന്നു. കൃതഹസ്തനായ ഈ രാഷ്ട്രീയ തന്ത്രജ്ഞൻ സ്വന്തം മരണത്തെ ഒരു രാഷ്ട്രീയ പ്രസ്താവനയാക്കി മാറ്റിയാലെന്ന പോലെ തന്റെ സ്വതസിദ്ധവും ദുശ്ശാഠ്യം കലർന്നതുമായ അയവില്ലായ്‌മയോടെ പറഞ്ഞത് ഇങ്ങനെയാവാം: എന്ത്! ബിജെപി ഇന്ത്യ ഭരിക്കുകയോ! എന്റെ ശവത്തിനുമേലെ മതി!" (ടി കെ രാമചന്ദ്രൻ, ലോട്ടസ് തീനികളുടെ നാട്, ഇച്ഛയുടെ ശുഭാപ്തി / ടി എൻ ജോയ് ഫൗണ്ടേഷൻ പ്രസിദ്ധീകരണം). ഇ എം എസിന്റെ മരണവേള ഈ നിലയിൽ ഒരു ഓർമപ്പെടുത്തലും താക്കീതുമായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തെയും വർഗീയ രാഷ്ട്രീയത്തെയും തന്റെ രാഷ്ട്രീയ ജീവിത പരിസരങ്ങളിൽ നിന്നെന്നും അകറ്റി നിർത്തിയിരുന്നു അദ്ദേഹം.
വർഗീയ ഫാസിസവുമായോ മതമൗലികവാദ പ്രസ്ഥാനങ്ങളുമായോ സന്ധി ചെയ്തെന്നോ അല്ലെങ്കിൽ രാഷ്ട്രീയ മുതലെടുപ്പിനായി അവസരവാദപരമായി എന്തെങ്കിലും അന്തർധാര നിലനിർത്തി എന്ന ആരോപണമോ അദ്ദേഹത്തിന്റെ കടുത്ത വിമർശകർ പോലും ഉയർത്തിയിട്ടില്ല. പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തിന് അഹിതകരമാകുന്ന രാഷ്ട്രീയ സമീപനങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധിപ്പിക്കാനുള്ള പ്രായോഗിക മുന്നണി രാഷ്ട്രീയ യുക്തിയെ ഇ എം എസ് എന്നും ശക്തിയുക്തം എതിർത്തുപോന്നിരുന്നു. അധികാരത്തിലാസനസ്ഥരായിരിക്കുക എന്ന ഏകമാന ലക്ഷ്യം മുൻനിർത്തി മതാത്മകവും സാമുദായികവുമായ സംഘടനകളെയോ പ്രസ്ഥാനങ്ങളെയോ രഹസ്യമോ പരസ്യമോ ആയ ബാന്ധവത്തിന് ക്ഷണിക്കുന്ന രാഷ്ട്രീയമായ അശ്ളീലതയെ ദ്യോതിപ്പിക്കുന്ന ഒരു വാക്കോ ചേഷ്ടയോ ഇ എം എസ് പ്രകടിപ്പിച്ചതായും ആരും ആരോപിച്ചിട്ടില്ല.
ഇന്ത്യയുടെ സാമൂഹിക ജീവിത വൈവിധ്യം ഹിന്ദുത്വ സമഗ്രാധികാരത്തിന് കീഴിൽ പലതരത്തിലുള്ള സമ്മർദങ്ങൾക്കും കീഴടങ്ങിക്കൊണ്ടിരിക്കുന്ന സമകാലിക സന്ധിയിൽ, പ്രതിപക്ഷ രാഷ്ട്രീയം ജനാവലികളെ ദേശീയമായി ഒത്തൊരുമിച്ച് അണിനിരത്താൻ പറ്റാത്തവിധം തീർത്തും നിശ്ചേതനമായി നിൽക്കുന്ന ഘട്ടത്തിൽ, ഇ എം എസ് നേതൃത്വം നൽകിയ സിപിഎം നിലനിന്നിരുന്ന ഇടങ്ങളിൽ നിന്ന് പോലും തുടച്ചുനീക്കപ്പെട്ടിരിക്കുന്ന ദുർഘടസന്ധിയിൽ, സിപിഎം ഉൾപ്പെടെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വവും അധികാരത്തിന്റെ ദുരകളിൽ അർമാദിച്ച് കൊണ്ടും അതിന്റെ മൗലിക രാഷ്ട്രീയത്തിന്റെ കടമകളിൽ നിന്ന് പിന്മാറിക്കൊണ്ടും പ്രത്യയശാസ്ത്രലോപത്തിന് വിധേയരായിരിക്കുന്ന വിഷമകരമായ സന്ധിയിൽ, യാന്ത്രികമായ വാചോടാപങ്ങളും അലക്ഷ്യവും അസാന്ദർഭികവുമായി ഇടതുപക്ഷ സാങ്കേതിക പദാവലികൾ ചുമ്മാ പ്രയോഗിച്ചും ഇന്നലെകളുടെ രാഷ്ട്രീയ സമ്പാദ്യത്തിൽ നിന്നുമുള്ള അവശേഷിച്ച മിച്ചത്തെ അധികരിച്ചും വെറും താത്ക്കാലികതയുടെ അധികാരസ്ഥാവരതയിൽ അഭിരമിച്ചും അധികാരത്തിൽ തുടരുന്ന സന്ദർഭത്തിൽ, കാലത്തിന്റെ ചുമരുഴുത്തുകളെ വായിക്കാതെയും നവലിബറൽ മുതലാളിത്തത്തിന്റെ അജ്ഞാതഭീകരതയെ ചെറുക്കാതെയും ജീവിതവ്യവസ്ഥകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തമേറ്റെടുത്ത് പുതിയ പ്രക്ഷോഭ മുഖങ്ങൾ തുറക്കാതെയും, ഏതാണ്ട് വറ്റാൻ തുടങ്ങുന്ന ഇത്തിരിക്കായലിലെ ചെറുതോണിയുടെ അണിയത്തിരുന്നു വലിയ തുഴച്ചിലുകാരാണെന്ന് നേതൃത്വം സ്വയം തെറ്റിദ്ധരിച്ചിരിക്കുന്ന ദുർവഹമായ വേളയിൽ, പുതിയ ഉപഭോഗ മുതലാളിത്തത്തിന്റെ ഇച്ഛകളല്ലാതെ സാമൂഹികമായ പുത്തൻ ഊർജമൊന്നും സംഭരിക്കാനാകാതെയും ചരിത്രപരമായ നിഷ്ഫലതയിലേക്ക് ഇടതുപക്ഷം നീങ്ങുന്നുവോ എന്ന് സന്ദിഗ്‌ദ്ധപ്പെടുന്ന ഘട്ടത്തിൽ ഇ എം എസിന്റെ രാഷ്ട്രീയം തീർച്ചയായും പുതിയ ഓർമപ്പെടുത്തലാകുന്നുണ്ട്.
മാർക്സിസ്റ്റ് ചരിത്രജ്ഞാനത്താൽ സ്നാനം ചെയ്യപ്പെട്ട വ്യക്തിത്വമായിരുന്നു ഇ എം എസിന്റേത്. പ്രാചീന കമ്മ്യൂണിസവും നാടുവാഴിത്തവും വിപ്ലവകരമായി മറികടന്ന് ബൂർഷ്വ സമൂഹം നിലവിൽ വരികയും വർഗപോരാട്ടങ്ങളിലൂടെ ശാസ്ത്രീയ സോഷ്യലിസത്തിന്റെ സ്ഥാപനത്തിലൂടെ കമ്മ്യൂണിസത്തിലേക്കുള്ള സമൂഹത്തിന്റെ പരിവർത്തനത്തെക്കുറിച്ചുള്ള യാന്ത്രികധാരണയെ ആധാരമാക്കിയാണ് ഇ എം എസ് തന്റെ മാത്രമല്ല പ്രസ്ഥാനത്തിന്റെ തന്നെ രാഷ്ട്രീയ ദൗത്യത്തെ വിശദീകരിച്ചിരുന്നത്. ഈ യാന്ത്രികധാരണയുടെ അടിസ്ഥാനത്തിലാണ് സോവിയറ്റ് യൂണിയൻ തകരുന്നതിന് മുൻപ് സോഷ്യലിസ്റ്റ് വ്യവസ്ഥകൾ ഒരിക്കലും മുതലാളിത്തത്തിലേക്ക് മടങ്ങില്ല എന്ന് ഇ എം എസ് പതിവ് ചിന്താപരമായ ഔദ്ധത്യത്തോടെ പ്രഖ്യാപിച്ചത്. മനുഷ്യൻ കുരങ്ങിലേക്ക് മടങ്ങുമോ എന്ന ശുദ്ധ നമ്പൂതിരി ഫലിതത്തിന് സമാനമായ ഉൽപ്രേക്ഷയാണ് ഇ എം എസ് ഗോർബച്ചേവിന്റെ പരിഷ്‌ക്കാരം മുതലാളിത്തത്തിലേക്ക് മാറുന്നു എന്ന് വാദിക്കുന്നവരുടെ മുനയൊടിക്കാനായി ഉപയോഗിച്ചത്. പക്ഷേ ബർലിൻ മതിൽ തകരുന്നതും സോവിയറ്റ് സാമ്രാജ്യം നിലംപരിശാകുന്നതും ഇ എം എസിന് കാണേണ്ടി വന്നു.
ലോക കമ്മ്യൂണിസ്റ്റ്റ് പാർട്ടികൾ ഒട്ടുമിക്കവയും പിരിച്ചുവിടുകയോ അല്ലെങ്കിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി സ്വയം പരിവർത്തനമോ ചെയ്ത സന്ദർഭത്തിൽ സ്റ്റാലിനിസ്റ്റ് സംഘടന ചട്ടക്കൂടുള്ള തൊഴിലാളി വർഗ പാർട്ടിയായി നിലനിൽക്കാനും മുന്നേറാനും അണികൾക്ക് ആശയപരമായ ആത്മവിശ്വാസം നൽകുന്നതിനും ഇ എം എസ് സ്തുത്യർഹമായ പങ്കുവഹിച്ചു. സോവിയറ്റ് പതനത്തിന്റെ സമയമാകുമ്പോഴേക്കും പാർട്ടിക്കകത്തെ സൈദ്ധാന്തികരിൽ ഇ എം എസ് മാത്രമാണ് പ്രധാനമായും ഉണ്ടായിരുന്നത്. ബി ടി രണദിവെയും സുന്ദരയ്യയും നേരത്തെ തന്നെ അന്തരിച്ചിരുന്നു. ഇ എം എസിനേക്കാൾ ഒരുപക്ഷേ പ്രധാനപ്പെട്ട മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന ബസവപുന്നയയും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അക്കാദമിക് മാർക്സിസ്റ്റുകളൊഴിച്ചാൽ കമ്മ്യൂണിസത്തിന്റെ പ്രസക്‌തി ആഗോള തലത്തിൽ തന്നെ വിശദീകരിക്കാൻ ഇടതുപക്ഷർ വിമുഖപ്പെട്ട് നിന്നപ്പോൾ സോവിയറ്റ് പതനത്തെ അതിജീവിച്ച ലോക കമ്മ്യൂണിസ്റ്റ് പാർട്ടികളിലൊന്നായ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ശാസ്ത്രീയ സോഷ്യലിസത്തിന്റെ സൈദ്ധാന്തിക വക്താവായി ഇ എം എസാണ് മുന്നോട്ട് വന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പോലും അത്തരത്തിലുള്ള സൈദ്ധാന്തിക പ്രചാരവേലകളിൽ നിന്ന് വളരെ മുൻപേ പിന്നോക്കം പോയിരുന്നു.
ഇ എം എസിന്റെ രാഷ്ട്രീയ ദർശനം യാന്ത്രികമാണെന്ന് വിശദീകരിച്ചാലും മുതലാളിത്ത വിമർശനമായിരുന്നു അതിന്റെ കാതലെന്നത് വിസ്മരിക്കാനാവില്ല. മുതലാളിത്തത്തോട് മുതൽകൂട്ടുന്നതിനോടും ഉറച്ച പ്രത്യയശാസ്ത്ര ബോധത്തോടെ എതിർമനോഭാവം അവസാനംവരെ ഇ എം എസ് പ്രകടിപ്പിച്ചു. ഇ എം എസിന്റേത് വൾഗർ മാർക്സിസമായിരുന്നില്ല. സ്വർണക്കട മുതൽ റിയൽ എസ്റ്റേറ്റ് വൻകിട ഹോട്ടൽ മുതലാളിമാരെ കാൺകെ തന്നെ തരളചിത്തനാകുന്ന പ്രകൃതമായിരുന്നില്ല ഇ എം എസിന്റേത്. ഒരുപക്ഷേ അതിനുള്ള കാരണം ത്യാഗോജ്വലമായ ഒരു തലമുറയുടെ പ്രതിനിധി കൂടിയായിരുന്നു ഇ എം എസ് എന്നുള്ളതാണ്. മുതലാളിത്ത ഉല്പാദനോന്മുഖമായ വികസനത്തിന്റെ ആവശ്യകതയെപ്പറ്റി ഭരണാധികാരി എന്ന നിലയിലും ഇ എം എസ് വിശദീകരിച്ചിട്ടുണ്ട്.
കേരള മാതൃകയുടെ ഉപജ്ഞാതാക്കളിലൊരാളായിട്ടും ഇ എം എസ് ഈ സങ്കൽപത്തെ നിരന്തരം വിമർശിച്ച് കൊണ്ടിരുന്നത് ഉത്പാദനാധിഷ്ഠിതമായ വികസനത്തിന്റെ അഭാവം ദീർഘകാല പ്രതിസന്ധികൾക്ക് കാരണമാകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. അത്തരത്തിലുള്ള വികസന മാതൃകയ്ക്ക് ഊന്നൽ നൽകുമ്പോഴും ഉപഭോഗ മുതലാളിത്തത്തിന് മുൻപിൽ നമ്രശിരസ്ക്കരാകുന്ന വീക്ഷണമായിരുന്നില്ല ഇത്. മുതലാളിത്ത സാമ്രാജ്യത്വ വിമർശനം വാചോടാപമാക്കുകയും നവലിബറൽ ഉപഭോഗ മുതലാളിത്ത മാതൃകയായ സിംഗപ്പൂരിനെ പുതുകേരളമാതൃകയായി വിഭാവനം ചെയ്യുന്നതും "ശാസ്ത്രീയ സോഷ്യലിസ"ത്തിന്റെ അശ്ലീലവൽക്കരണമാണ്.
ഇ എം എസിന്റെ യാന്ത്രിക സമീപനം പ്രകടമായിരുന്ന മറ്റൊരു വ്യവഹാരമണ്ഡലമാണ് അദ്ദേഹത്തിന്റെ മലയാള സാഹിത്യ വിമർശനം. സ്വന്തമായ വായനയുടെയും ലെനിനിസ്റ്റ് സാഹിത്യ സമീപനത്തിന്റെയും ഉറച്ച ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇ എം എസ് തന്റെ സാഹിത്യ വ്യവഹാരം രൂപപ്പെടുത്തിയത്. ആരെങ്കിലും എഴുതിക്കൊടുത്തത് വായിക്കേണ്ട ഗതികേട് ഇ എം എസിനില്ലായിരുന്നു. വായനയെക്കുറിച്ച് ഇ എം എസ് വലിയ സത്യസന്ധത പുലർത്തുകയും ചെയ്തു. പരമ്പരാഗത മാർക്സിസം ലെനിനിസത്തോട് പ്രതിജ്ഞാബദ്ധമായ ധൈഷണിക സത്യസന്ധത ഇ എം എസിന് പ്രധാനമായിരുന്നു.
ദസ്തയേവ്സ്കിയെയും കാഫ്കയെയും വായിച്ചിട്ടുണ്ടോ എന്ന വിദ്യാർഥി സമൂഹത്തിന്റെ ചോദ്യത്തിന് ആധുനിക സാഹിത്യത്തെക്കുറിച്ചുള്ള തന്റെ അജ്ഞത തുറന്ന് പ്രകടിപ്പിക്കാൻ ഇ എം എസിന് മടിയുണ്ടായിരുന്നില്ല. കല കലയ്ക്ക് വേണ്ടി എന്ന പിശകിയ ധാരണയിലേക്ക് വൈകിയെത്തിയെങ്കിലും അഭിരുചികളിൽ പഴയമനസ്ക്കനാണെന്ന് അനുഭവപ്പെടുത്തുന്നതായിരുന്നു അരുന്ധതി റോയിയുടെ "ഗോഡ് ഓഫ് സ്മാൾ തിങ്സ്" എന്ന നോവലിനെക്കുറിച്ചുള്ള വ്യക്തിഗതമായ വിമർശനം. എം എ ബേബിയെ പോലുള്ള അടുത്ത തലമുറയിൽപ്പെട്ട വായനയുടെ അനുഭവമുള്ള നേതാക്കൾക്ക് ഇ എം എസിന്റെ വ്യക്തിഗത വിമർശനത്തിനോട് വിയോജിക്കേണ്ടി വന്നിട്ടുണ്ട്. മലയാളത്തിലെ നവോത്ഥാന സാഹിത്യം ഗൗരവത്തോടെ വായിച്ചിരുന്ന ഇ എം എസ് പക്ഷേ കേരളത്തിന് വേണ്ടത് എഴുത്തുകാരേക്കാൾ ജെ സി ബോസ്, സി വി രാമൻ ഹോമി ഭാഭാ എന്നിവരെ പോലുള്ള ശാസ്ത്രജ്ഞരാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
വർഗീയ രാഷ്ട്രീയത്തിനെതിരെ ഇ എം എസ് സ്വീകരിച്ചിരുന്ന സമീപനത്തിൽ വിമർശന വിധേയമായിട്ടുള്ളതാണ് "ഷാ ബാനു കേസ്" 1987 ലെ പൊതുതിരഞ്ഞെടുപ്പിൽ ഒരു പ്രധാന കാമ്പെയ്ൻ പോയിന്റായി ഉയർത്തിക്കൊണ്ടുവന്നത്. മുസ്ലീം ലീഗുമായുള്ള നീക്കുപോക്കുകൾക്കെതിരെയുള്ള ഇ എം എസിന്റെ സമീപനം കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ, ലീഗുമായി നടത്തിയ നീക്കുപോക്കാണ് മലപ്പുറം ജില്ലയുടെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് വലതുപക്ഷം ഇ എം എസിനെതിരെ ഉയർത്തുന്ന ആരോപണവുമാണ്. തന്റെ തലമുറ ഉൾക്കൊണ്ട നവോത്ഥാന, സാമൂഹിക പുരോഗമന രാഷ്ട്രീയമാണ് ഇ എം എസ് എന്നും മുന്നോട്ട് വെച്ചത്.
പക്ഷേ കുശാഗ്ര ബുദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകനാകയാൽ അദ്ദേഹം സ്വന്തം പാർട്ടിയുടെ താല്പര്യങ്ങൾക്ക് ഉചിതമാകും വിധം അതാത് കാലത്തുയർന്ന് വരുന്ന വിഷയങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ എം പി നാരായണ പിള്ള ഒരിക്കൽ നീരീക്ഷിച്ച പോലെ നിർമമതയാണ് ഇ എം എസിന്റെ സമീപനത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിനാൽ അതാത് കാലത്തുയർന്ന് വരുന്ന വിഷയങ്ങളെ വികാരരഹിതമായും അടവുപരമായും ഉപയോഗിക്കുന്നത് നിലപാടുകളുടെ അനന്തരഫലത്തെക്കുറിച്ചുള്ള ദീർഘ വീക്ഷണത്തോടെയാണ്. അതേപോലെ, സാമൂഹിക വിഷയങ്ങളെ ഇ എം എസ് ഒരിക്കലും വ്യക്തി പ്രാമാണ്യത്തിന് ഉപാധിയുമാക്കിയില്ല.
ഇന്ന് മുസ്ലീം ലീഗുമായി സഖ്യത്തിനുള്ള സിഗ്നലുകൾ പാർട്ടി നേതാക്കൾ തന്നെ പല തവണ നൽകിയിട്ടുണ്ട്. പക്ഷേ ലീഗിനെ അടുപ്പിക്കണമെങ്കിൽ ലീഗ് ചില ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നു പോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പ്രത്യേകമായ മതനിരപേക്ഷത അംഗീകരിക്കണം. രണ്ട്, ആഗോളവത്ക്കരണ വിരുദ്ധ സമരത്തിൽ അണിചേരണം. വിരോധാഭാസമെന്ന് പറയട്ടെ, തൊട്ടുതലേനാൾ വരെ സിപിഎമ്മിന്റെ രൂക്ഷമായ പരിഹാസത്തിനും എതിർപ്പിനും വിധേയമായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഇടത് മുന്നണിയിലേക്ക് കരകയറാൻ മതനിരപേക്ഷത അംഗീകരിക്കേണ്ടതോ ആഗോളവത്ക്കരണ സമരമുഖങ്ങളിൽ അണിചേരേണ്ടതോ എന്തിന് അഴിമതി വിരുദ്ധ പ്രസ്താവന പോലും നടത്തേണ്ടതായോ ആവശ്യമുണ്ടായില്ല എന്നതാണ്.
ക്രീമിലെയർ എന്ന പരികല്പന വഴി ജാതി സംവരണത്തിലേക്ക് സാമ്പത്തിക സംവരണത്തെ കലർത്തിയത്തിന് സൈദ്ധാന്തിക അടിത്തറയിട്ടത് ഇ എം എസാണ്
പക്ഷേ കേരളത്തിലെ പ്രധാനപ്പെട്ട ജനാധിപത്യ സാമുദായിക പാർട്ടിയായ മുസ്ലീം ലീഗിന് ഇതൊക്കെ വേണം താനും. ഭരണഘടനാദത്ത സംവരണത്തെ പ്രധാനമായി കാണുന്ന മുസ്ലീം ലീഗ് സാമ്പത്തിക സംവരണത്തെ ശക്തിയുക്തം എതിർക്കുന്നു. എൽഡിഎഫിന്റെ സാമ്പത്തിക സംവരണ നിലപാടുമായി എങ്ങനെയായിരിക്കും ലീഗിന് പൊരുത്തപ്പെടാനാവുക. ക്രീമിലെയർ എന്ന പരികല്പന വഴി ജാതി സംവരണത്തിലേക്ക് സാമ്പത്തിക സംവരണത്തെ കലർത്തിയത്തിന് സൈദ്ധാന്തിക അടിത്തറയിട്ടത് ഇ എം എസാണ്. ഇ എം എസ് വിമർശനം അർഹിക്കുന്ന ഒരു പ്രധാന വാദം സാമ്പത്തിക സംവരണത്തെ പറ്റിയുള്ളതാണ്. സിപിഎം സാമ്പത്തിക സംവരണം ഒരു നയപരിപാടിയായി തന്നെയാണ് നടപ്പാക്കിയിട്ടുള്ളത്.
സൈദ്ധാന്തികമായ കാഴ്ചപ്പാടുകളൊന്നുമില്ലാതെ നേതാക്കളുടെ വ്യക്തിപരമായ സങ്കല്പത്തിന് അനുസരിച്ച് വികസനമുൾപ്പെടെയുള്ള രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഇ എം എസിന്റെ അഭാവം മാർക്സിസ്റ്റ് പാർട്ടിയെ ധൈഷണികമായി എങ്ങനെ ശോഷിപ്പിച്ചു എന്നത് വ്യക്തമാണ്. സൈദ്ധാന്തിക പരാധീനതകൾ ഏറെക്കുറെ പരിഹരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നത് പാർട്ടിയോട് അനുഭാവപ്പെട്ട് നിൽക്കുന്ന സാംസ്‌കാരിക വരേണ്യരിലൂടെയാണ്. പൊതുപ്രവർത്തകൻ എന്ന നിലയിലും പാർട്ടി പ്രത്യയ ശാസ്ത്രജ്ഞൻ എന്ന നിലയ്ക്കും കേരളം ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരികയും ചർച്ചകളുടെ ഗതി നിർണയിക്കുകയും ചെയ്തത് ഇ എം എസാണെങ്കിൽ പാർട്ടി അനുഭാവത്തിന്റെ പേരിൽ സാംസ്‌കാരിക വരേണ്യരാണ് ഇപ്പോൾ ഈ പണി ദുർബലമാണെങ്കിലും നിർവഹിക്കാൻ പരിശ്രമപ്പെടുന്നത്.
വിമർശനങ്ങളെ ക്ഷുദ്രസാഹിത്യം വെച്ച് നേരിടാൻ അണികളെ ഇറക്കിവിടുന്നതും ധൈഷണിക ദാരിദ്ര്യത്തിന്റെ ലക്ഷണം തന്നെ
പൊതുസമൂഹത്തോടുള്ള ആശയ വിനിമയത്തിൽ വിവാദങ്ങൾക്ക് മറുപടി പറയുക എന്നല്ലാതെ ഉൾക്കാമ്പുള്ള ഒരു പുതിയ കാഴ്ചപ്പാടും മുന്നോട്ട് വയ്ക്കാൻ കഴിയാത്ത വിധം ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം ധൈഷണികമായി ശോഷിച്ചിരിക്കുന്നു എന്നത് ലെനിനിസ്റ്റ് പാർട്ടികൾക്ക് താങ്ങാനാവുന്ന കാര്യമല്ല. എന്നാൽ പാർട്ടിയുടെ സമകാലികാവസ്ഥ അങ്ങനെയായിരിക്കുന്നു. വിമർശനങ്ങളെ ക്ഷുദ്രസാഹിത്യം വച്ച് നേരിടാൻ അണികളെ ഇറക്കിവിടുന്നതും ധൈഷണിക ദാരിദ്ര്യത്തിന്റെ ലക്ഷണം തന്നെ. ആശയ വിനിമയങ്ങളെ ഊർജ്വസ്വലമാക്കാൻ പറ്റുന്ന ഉന്നത നേതാക്കളായ ചില പാർട്ടി പ്രത്യശാസ്ത്രജ്ഞരെങ്കിലും വല്ലപ്പോഴുമുള്ള ഫേസ്ബുക്ക് പോസ്റ്റുകളിൽ മാത്രം തങ്ങളുടെ ചില ചിന്താ ശകലങ്ങളെയും അല്ലെങ്കിൽ ഉറപ്പില്ലാത്ത ചില ന്യായീകരണങ്ങളെയും ഒതുക്കി സ്വയം പിന്മാറുകയുമാണ്.
ജനാധിപത്യത്തിൽ മത ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെ ഇ എം എസ് മനസിലാക്കിയിട്ടില്ല എന്ന വിമർശനവും പ്രസക്തിയുള്ളതാണ്
ഇ എം എസിനെക്കുറിച്ച് വിമർശനങ്ങൾ ഇല്ലാതെയില്ല. 1995 -ൽ ഹൈക്കോടതി ബന്ദ് നിരോധിച്ചപ്പോൾ അദ്ദേഹം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ ബന്ദ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലേ എന്ന ചോദ്യത്തിന് ഇ എം എസ് നൽകിയ മറുപടി പാൽ പായസം കുടിക്കാനാണോ ബന്ദ് നടത്തുന്നത് എന്നാണ്. പാർട്ടി അധികാരമുഷ്ക്കിന്റെ ധാർഷ്ട്യം ഈ മറുപടിയിൽ നിറഞ്ഞ് നിൽക്കുന്നു. ആ മുഷ്ക്ക് തന്നെയാണ് ട്രേഡ് യൂണിയൻ നേതൃത്വം അതേയളവിൽ ഇപ്പോഴും പ്രകടിപ്പിക്കുന്നത്. ജനാധിപത്യത്തിൽ മത ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെ ഇ എം എസ് മനസിലാക്കിയിട്ടില്ല എന്ന വിമർശനവും പ്രസക്തിയുള്ളതാണ്. 1921ലെ മലബാർ കലാപത്തെക്കുറിച്ചുള്ള ഇ എം എസിന്റെ പ്രസിദ്ധമായ ലേഖനമാണ് "ഓർമയും താക്കീതും". ഇ എം എസിനേക്കാൾ അനുഭാവപൂർവമായി സിപിഎം പുതിയ നേതൃത്വം ന്യൂനപക്ഷ രാഷ്ട്രീയത്തെ കാണുന്നു എന്ന വാദമുണ്ട്, അത് ശരിയുമാണ്.
അതേസമയം, സമഗ്ര സ്വഭാവത്തോടെ അധികാരത്തിൽ പിടിമുറുക്കിയിരിക്കുന്ന ഹിന്ദുത്വത്തിനെതിരെയുള്ള രാഷ്ട്രീയ ചെറുത്തുനില്പിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്കുണ്ടെന്നുള്ള വസ്തുതയെ സംബന്ധിച്ച് ഇടതുപക്ഷ പാർട്ടികൾക്കകത്ത് തന്നെ മാനസികമായ പിളർപ്പുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്നുള്ള ഗാന്ധിജിയുടെ അഭിപ്രായത്തെ മുൻനിർത്തി കോൺഗ്രസ് പിരിച്ചുവിടണമെന്നാണ് ഇ എം എസ് എഴുതിയിട്ടുള്ളത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അതിന്റെ പരിണിത ഫലം എന്തായിരിക്കുമെന്നുള്ളത് ഉൾക്കിടിലത്തോടെയാണ് ഇന്ന് ജനാധിപത്യവിശ്വാസികൾ മനസിലാക്കുന്നത്.
ഇ എം എസിന്റെ അഭാവം സൃഷ്ടിച്ച ധൈഷണിക ശോഷണത്തെക്കുറിച്ചുള്ള യാഥാർഥ്യം ഒരുവശത്ത് നിൽക്കെ കേരളീയ പൊതുസമൂഹം ഇ എം എസിനെ ഈ നവലിബറൽ കാലത്ത് ഓർക്കുന്നത് ഒരുപക്ഷേ അദ്ദേഹത്തിന്റെ ലാളിത്യമാർന്ന ജീവിതശൈലി വഴിയാകും. പ്രമുഖ പത്രാധിപർ എസ് ജയചന്ദ്രൻ നായർ ഇ എം എസിനെക്കുറിച്ചുള്ള ചരമകുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: "വ്യക്തിപരമായ സുഖസൗകര്യങ്ങളുടെ നേർക്ക് മുഖം തിരിച്ചുനിന്ന അദ്ദേഹത്തിന്റെ അവസാനകാലം വാടകവീട്ടിലായിരുന്നുവെന്ന് ഓർക്കുമ്പോഴാണ് ആദർശനിഷ്ഠതയുടെ കാര്യത്തിൽ അദ്ദേഹം അത്യുന്നതനാകുന്നത്. അനുകരണീയമായ മാനദണ്ഡങ്ങളാണ് നമുക്കായി അദ്ദേഹം വിട്ടുനൽകിയിട്ട് വിടപറഞ്ഞത്. ആ വഴികൾ പിന്തുടരാൻ ഇക്കാലത്തോ വരും കാലത്തോ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. എന്തെന്നാൽ ജീവിതത്തിലെ നിസാരതകളിലാണ് നമുക്കൊക്കെ കൗതുകം." (മലയാളത്തിന്റെ മുഖപ്രസംഗങ്ങൾ, പുസ്തക പ്രസാധക സംഘം).
നരബലിപോലുള്ള ദുരാചാരങ്ങളും ഉപഭോഗ മുതലാളിത്തവും ഇഴുകി ചേർന്നുകിടക്കുന്ന കേരളത്തിന്റെ സാമൂഹിക ബോധം ഇത്രമേൽ ഗതികെട്ടിരിക്കാൻ കാരണങ്ങളിലൊന്ന് നവലിബറൽ ആഡംബരങ്ങളിൽ ആക്രാന്തപ്പെട്ടിരിക്കുന്ന നവാഭിജാത രാഷ്ട്രീയ വർഗത്തിന്റെ സ്വാർത്ഥബോധമാണ്. പാർലമെന്ററി വ്യാമോഹം എന്ന അധികാരപ്രാപ്തി മാത്രം ലക്ഷ്യമാക്കിയുള്ള വെറും പ്രായോഗിക രാഷ്ട്രീയം ഫാസിസം ഉൾപ്പെടെയുള്ള രാഷ്ട്രീയ ദുർഗതികൾക്കെതിരെ ചെറുത്തുനില്പിന് സഹായകമാകുന്നില്ല. ഫാസിസത്തെ ചെറുക്കാനും തോൽപ്പിക്കാനും ഇ എം എസിൽ നിന്ന് ഇടതുപക്ഷ നേതൃത്വം ഒരുപക്ഷേ ഏറ്റവും ഫലവത്തായി ഉൾക്കൊള്ളേണ്ടത് ത്യാഗസന്നദ്ധതയും പ്രത്യയശാസ്ത്രനിഷ്ടയും എളിമയോടെയുളള ജനാധിപത്യബോധവുമാണ്. ഇതിന്റെയൊക്കെ അഭാവം തന്നെയാണ് കേരളത്തിൽ ഇ എം എസ് ഇല്ലാത്ത കാലത്തിൽ അനുഭവേദ്യമാകുന്നതും.