യെച്ചൂരി, സംവാദകനായ കമ്മ്യൂണിസ്റ്റ്

യെച്ചൂരി, സംവാദകനായ കമ്മ്യൂണിസ്റ്റ്

ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്‍ സീതാറാം യെച്ചൂരിയെ ഓര്‍മിക്കുന്നു
Published on

ഇടത്പക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഖമാണ് യെച്ചൂരി. ആന്ധ്രയിൽ ജനിച്ച് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് വരികയും, അവിടെ നിന്ന് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വരികയും ചെയ്ത ഒരു നേതാവാണ് അദ്ദേഹം. ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എന്നാൽ ആ യാഥാസ്ഥിതിക വഴിയിലൂടെ പോകാതെ ജെഎൻയു പഠനകാലത്ത് ഇടത്പക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെടുകയും, ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാവി നേതാവായി മാറുകയും ഒക്കെ ചെയ്തയാൾ. സാമ്പത്തികശാസ്ത്രം ആണ് പഠിച്ചതെങ്കിൽ പോലും സാമൂഹ്യവിഷയങ്ങളിലും വലിയ ധാരണ ഉള്ള ഒരാളാണ് അദ്ദേഹം. വളരെ വ്യക്തമായി വിഷയങ്ങളെക്കുറിച്ച് പഠിക്കുകയും അപഗ്രഥിക്കുകയും ഒക്കെ ചെയ്യുന്ന നേതാവ്.

യെച്ചൂരി, സംവാദകനായ കമ്മ്യൂണിസ്റ്റ്
'പാർട്ടിക്കു പുറത്തുള്ളവരേയും യെച്ചൂരി ബോധ്യപ്പെടുത്തി- സോഷ്യലിസമാണ് ഭാവി'

അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതൻ ആണെന്ന് കൂടി പറയാം. മാതൃഭാഷ തെലുങ്ക് ആണെങ്കിൽ കൂടി ഡൽഹിയിൽ പഠിച്ചതു കൊണ്ടുതന്നെ ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല പ്രാവീണ്യം ഉണ്ട്. യെച്ചൂരി രാജ്യസഭയിൽ അംഗമായത് ബംഗാളിൽ നിന്നാണ്. ബംഗാളിയും നന്നായി സംസാരിക്കും. അതോടൊപ്പംതന്നെ തമിഴും അറിയാം. എല്ലാ ഭാഷകളിലുമുള്ള സ്വാധീനം അദ്ദേഹത്തെ ഒരു പാൻ ഇന്ത്യൻ നേതാവ് ആക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. വിവിധ കാര്യങ്ങൾ ഒന്നിച്ച് ചെയ്യാൻ കഴിവുള്ള ആളാണ് യെച്ചൂരി. എക്കണോമിക്സും ഹിസ്റ്ററിയും ഒക്കെ തന്നെ കൈകാര്യം ചെയ്യുന്നതിൽ വളരെ പ്രഗത്ഭനായിട്ടുള്ള ഒരു നേതാവ്.

പ്രകാശ് കാരാട്ടിന്റെ കൂടെ, ആ കാലത്താണ് അദ്ദേഹം ജെഎൻയുവിൽ പഠിച്ചത്. ആ കാലത്ത് പ്രകാശ് കാരാട്ട് അവിടുത്തെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവായി ഉയരാൻ ഏറ്റവും കൂടുതൽ പ്രയന്തിച്ച ഒരു നേതാവ് യെച്ചൂരി ആയിരുന്നു. യഥാർഥത്തിൽ യെച്ചൂരി പ്രകാശിന്റെ ജൂനിയർ ആണ്. വയസിലും വിദ്യാർഥി രാഷ്ട്രീയത്തിലും പ്രകാശിന്റെ ജൂനിയർ ആയി വന്നയാളാണ് യെച്ചൂരി.

യെച്ചൂരി, സംവാദകനായ കമ്മ്യൂണിസ്റ്റ്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത നഷ്ടം, ആ വിടവ് നികത്താനാകില്ല: എ കെ പത്മനാഭന്‍

അദ്ദേഹം ഹർകിഷൻ സിങ് സുർജിത്തിന്റെ വലം കൈ ആയാണ് ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചത്. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വക്താവാണ് സുർജിത്. സുർജിത് ഉള്ളത് കൊണ്ടാണ് യുപിഎ സർക്കാർ പോലും രൂപം കൊണ്ടത്. യുപിഎ സർക്കാരിന്റെ മാത്രം അല്ല, അതിന് മുൻപുള്ള ദേവഗൗഡ- ഗുജ്റാൾ സർക്കാർ ഒക്കെ രുപീകരിക്കുന്നതിൽ, എല്ലാ കക്ഷികകളെയും ഒരു ബിജെപി വിരുദ്ധ പ്ലാറ്റ്‌ഫോമിൽ അണിനിരത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചയാളാണ് സുർജിത്. ആ കാലത്തൊക്കെ അദ്ദേഹത്തിന്റെ കൂടെ നിന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് യെച്ചൂരി. അത്കൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കൾ ആയിട്ടൊക്കെ തന്നെ അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ലാലു പ്രസാദ് യാദവ്, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ അങ്ങനെ ഉള്ള നേതാക്കളുമായി ബന്ധമുള്ള ഇടത്പക്ഷ നേതാവ് ആരാണെന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ല, അത് സീതാറാം യെച്ചൂരിയാണ്.

യെച്ചൂരി, സംവാദകനായ കമ്മ്യൂണിസ്റ്റ്
ലാൽ സലാം ഡിയർ കോമ്രേഡ്

ഇന്ത്യ സഖ്യം ഉണ്ടാക്കിയെടുക്കുന്നതിൽ പോലും പല നേതാക്കളെയും കാണുകയും ചർച്ച ചെയ്യുകയും ചെയ്തതിൽ പ്രധാന പങ്ക് യെച്ചൂരിക്കുണ്ടായിരുന്നു. ഒരു വലിയ ഗുണം അതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല, വിദേശ രാഷ്ട്രീയത്തിലും അദ്ദേഹത്തിന് സ്വാധീനം ഉണ്ടായിരുന്നു. ബ്രിട്ടനിലെ ജെറമി കോർബിൻ, ഹ്യൂഗോ ഷാവേസ് പോലുള്ള നേതാക്കളുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു. ദീർഘകാലം സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിൽ ഉണ്ടായിരുന്ന കാലത്ത്, പാർട്ടിയുടെ വിദേശകാര്യങ്ങൾ നോക്കിയിരുന്ന ആളായിരുന്നു യെച്ചൂരി. പ്രത്യേകിച്ചും സുർജിത്ത് ജനറൽ സെക്രട്ടറി ആയിരുന്ന കാലത്ത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിദേശരാജ്യങ്ങളും അവിടുത്തെ രാഷ്ട്രീയവുമൊക്കെ വ്യക്തമായി അറിയാമായിരുന്നു.

യെച്ചൂരി, സംവാദകനായ കമ്മ്യൂണിസ്റ്റ്
'ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ, എന്റെ സുഹൃത്ത്'; യെച്ചൂരിയെ ഓർത്ത് രാഹുല്‍

യെച്ചൂരിയുടെ ഒരു പ്രധാനപ്പെട്ട ഗുണം അദ്ദേഹത്തിൻ്റെ ലളിതമായ പെരുമാറ്റം ആയിരുന്നു. അദ്ദേഹത്തെ സന്ദർശിച്ചാൽ നമുക്ക് തൃപ്തി വരും. ഒരിക്കലും നമ്മളോട് മുഖം കറുപ്പിച്ച് സംസാരിക്കുകയോ, നമുക്ക് വേദന ഉണ്ടാക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ, ധാർഷ്ട്യമായി പെരുമാറുകയോ ചെയ്യാറില്ല. വളരെ ലളിതമായി സംസാരിക്കും, വളരെ നന്നായിട്ട് ഇടപഴകും. ഇത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ്. ചെറിയ കുട്ടികളോട് പോലും തമാശകൾ പറഞ്ഞ് ചിരിക്കുന്ന സ്വഭാവമാണ് യെച്ചൂരിയുടേത്. അദ്ദേഹവും ഞാനും അടുത്തടുത്ത് താമസിച്ചിരുന്നവരാണ്. മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാട് താളം തെറ്റലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആളുകളോടുള്ള പെരുമാറ്റം നമുക്ക് സന്തോഷം പകരുന്ന തരത്തിൽ ഉള്ളതായിരുന്നു.

യെച്ചൂരി, സംവാദകനായ കമ്മ്യൂണിസ്റ്റ്
സീതാറാം: ധിഷണയും സമരവും

യെച്ചൂരിയെ കണ്ടാൽ നമ്മുടെ മുഖത്തേക്ക് വരുന്നത് ഒരു സന്തോഷമാണ്, ഒരു ആശ്വാസമാണ്. അങ്ങനെ ഉള്ള ഒരു സാമീപ്യമാണ് യെച്ചൂരിയുടേത്. ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിന് ഉണ്ടാവേണ്ട ഗുണങ്ങൾ ഒക്കെ തന്നെയുള്ള ഒരു പ്രധാനപ്പെട്ട നേതാവായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട വിപ്ലവ രാഷ്ട്രീയ നേതാവായിരുന്നു. റാഡിക്കൽ വിപ്ലവ ചിന്തകൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന, സോഷ്യലിസ്റ്റ് സമത്വത്തെക്കുറിച്ചൊക്കെ വലിയ ആശയങ്ങൾ പങ്കുവെക്കുന്ന ഒരാൾ.

യെച്ചൂരി, സംവാദകനായ കമ്മ്യൂണിസ്റ്റ്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദമായിരുന്നു യെച്ചൂരിയുടേത്. ഇന്ത്യൻ പാർലമെൻറിൽ ബഹളങ്ങൾ ഉണ്ടാക്കി ശ്രദ്ധിക്കപ്പെടുന്നവരുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ശാസ്ത്രവിരുദ്ധമായ, ചരിത്രവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ശ്രദ്ധ നേടുന്നവരുണ്ട്. എന്നാൽ പാർലമെൻറിൽ വസ്തുതാധിഷ്ഠിതമായ കാര്യങ്ങൾ അവതരിപ്പിച്ച്, വസ്തുതാപരമായിട്ടുള്ള സംവാദം നടത്തി ശ്രദ്ധ പിടിച്ച് പറ്റിയ വളരെ അപൂർവം നേതാക്കളിൽ ഒരാളാണ് അദ്ദേഹം. ജയ്പാൽ റെഡ്ഢിയെപ്പോലുള്ള അത്തരം നേതാക്കൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. രാജ്യസഭയ്ക്കകത്താണ് യെച്ചൂരി ഉണ്ടായിരുന്നത്.

യെച്ചൂരിയുടെ സംഭാഷണങ്ങൾ, പ്രസംഗങ്ങൾ കേൾക്കാൻ എല്ലാ രാഷ്ട്രീയ നേതാക്കളും കാതുകൂർപ്പിച്ച് ഇരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വസ്തുതാപരമാണ്, അതോടൊപ്പം തന്നെ സാധാരണക്കാരന്റെ പ്രശ്‍നങ്ങൾ, വിഷമങ്ങൾ, അരികുവൽക്കരിക്കപ്പെടുന്നവരുടെ വിഷയങ്ങൾ ഒക്കെ തന്നെ പാര്‍ലമെന്റിലേക്ക്‌ ഉയർത്തികൊണ്ടുവരുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് അദ്ദേഹം വഹിച്ചു. യെച്ചൂരിയെപ്പോലുള്ള ഒരാൾ പറയുമ്പോഴാണ് ആളുകൾ ശ്രദ്ധിക്കുക. ഏറ്റവും പ്രധാനപ്പെട്ട ഒരു സംവാദകൻ കൂടിയാണ് അദ്ദേഹം. വലിയ ഒഴുക്കാണ് അദ്ദേഹത്തിന്റെ ഭാഷയ്ക്ക്. കേൾക്കാൻ തന്നെ നല്ല സുഖമാണ്. അത്രമാത്രം ഭാഷാപ്രാവീണ്യമുണ്ട് അദ്ദേഹത്തിന്. ഇംഗ്ലീഷിൽ വളരെ ലളിതമായ വാക്കുകൾ ആണ് ഉപയോഗിക്കുക. പക്ഷേ വലിയ ആശയങ്ങൾ അതിൽ ഉൾക്കൊള്ളും. അങ്ങനെതന്നെ ശ്രദ്ധിക്കപ്പെട്ട വലിയ വ്യക്തികത്വമായിരുന്നു യെച്ചൂരിയുടേത്.

logo
The Fourth
www.thefourthnews.in