മലയാളത്തിന്റെ സ്വന്തം ഇറ്റാലിയന്‍ വിവര്‍ത്തക

മലയാളത്തിന്റെ സ്വന്തം ഇറ്റാലിയന്‍ വിവര്‍ത്തക

ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകമാണ് ഏറ്റവും പുതിയതായി ഇറങ്ങിയ സബ്രീനയുടെ വിവർത്തനം
Updated on
2 min read

മലയാളത്തിന്റെ മധുരം ഇറ്റലിയിലേക്കും പകർന്നെത്തിക്കുകയാണ് ഇറ്റാലിയന്‍ എഴുത്തുകാരിയും ചിന്തകയുമായ ഡോ. സബ്രീന ലെയ്. മലയാളത്തിലെ പ്രശസ്തമായ സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടെ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന സബ്രീന ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകത്തിനാണ് ഏറ്റവും ഒടുവില്‍ ഇറ്റാലിയന്‍ പരിഭാഷയൊരുക്കിയത്. കണ്ണൂര്‍ സ്വദേശി പ്രൊഫ. അബ്ദുള്‍ ലത്തീഫ് ചാലക്കണ്ടിയുമായുള്ള വിവാഹത്തോടെയാണ് ഡോ. സബ്രീന ലെയ് ഇന്ത്യയെയും ഇവിടുത്തെ വൈജ്ഞാനിക സാഹിത്യത്തെ കുറിച്ചും കൂടുതലറിയുന്നത്.

ഡോ.സബ്രീന ലെയ്
ഡോ.സബ്രീന ലെയ്

തകഴിയുടെ ചെമ്മീന്‍, ഒ ചന്തു മേനോന്റെ ഇന്ദുലേഖ തുടങ്ങിയവയെല്ലാം ഡോ. സബ്രീന വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നടന്‍ ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരിയും ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. ഗുരുവിന്റെ തന്നെ ഉപനിഷത് സമാനമായ ദര്‍ശനമാല വിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ സബ്രീന. ഗുരുവിന്റെ ജീവചരിത്രം ഇറ്റാലിയന്‍ ഭാഷയില്‍ എഴുതാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മതങ്ങളുടെ കാമ്പ് മാനവികതയാണെന്ന് വിളംബരം ചെയ്യുകയും, സ്വയം നന്നാവേണ്ടതിനെ കുറിച്ച് സ്വന്തം അസ്തിത്വത്തോട് നടത്തുന്ന ഒരു പ്രഭാഷണമായാണ് ആത്മോപദേശ ശതകത്തെ കാണുന്നതെന്ന് ഡോ. സബ്രീന പറയുന്നു.

ഡോ.സബ്രീന ലെയ്,  അബ്ദുള്‍ ലത്തീഫ് ചാലക്കണ്ടി
ഡോ.സബ്രീന ലെയ്, അബ്ദുള്‍ ലത്തീഫ് ചാലക്കണ്ടി

റോമിന് സമീപമുള്ള ലറ്റിന നഗരത്തില്‍ ഒരു പഴയ ക്രിസ്ത്യന്‍ കുടുംബത്തിലാണ് സബ്രീന ലെയ് ജനിച്ച് വളര്‍ന്നത്. പഠിച്ചത് ഗ്രീക്ക് തത്വചിന്ത. നിരവധി തത്വചിന്താഗ്രന്ഥങ്ങള്‍ ഗ്രീക്കില്‍ നിന്ന് ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത സബ്രീനയ്ക്ക് പുരാതനഗ്രീക്ക് സംസ്‌കാരത്തെ കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. അലിഗഢ് സര്‍വകലാശാലയില്‍ നിന്ന് എല്‍ എല്‍ എം പാസായി ഇംഗ്ലണ്ടില്‍ ഫിലോസഫി പഠനത്തിന് ചെന്നപ്പോഴാണ് തലശ്ശേരിക്കാരന്‍ അബ്ദുള്‍ ലത്തീഫ് ചാലക്കണ്ടി സെബ്രീനയെ പരിചയപ്പെടുന്നത്. അബ്ദുള്‍ ലത്തീഫിന്റെ പഠനവും എഴുത്തും പ്രവര്‍ത്തനവുമെല്ലാം തത്വചിന്തയിലും മതദര്‍ശനങ്ങളിലുമായതിനാല്‍ ഒന്നിച്ച് പോകാന്‍ ഇരുവരും തീരുമാനിച്ചു.

ഇറ്റലിയിലെ റോം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തവാസുല്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പബ്ലിഷിംഗ്, റിസര്‍ച്ച്, ഡയലോഗ് എന്ന സംഘടനയുടെ ഡയറക്ടര്‍ ആണ് സബ്രീന. വിവിധ സംസ്‌കാരങ്ങളിലെ ക്ലാസിക്ക് കൃതികള്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന സബ്രീന മികച്ച പ്രഭാഷകയും എഴുത്തുകാരിയും കൂടിയാണ്. അബ്ദുള്ള യൂസഫലിയുടെ സാഹിത്യം, ഖുര്‍ ആന്‍ ഇംഗ്ലീഷ് പരിഭാഷ. ഭഗവദ്ഗീതയുടെ ഇറ്റാലിയന്‍ പരിഭാഷ, രാജാറാം മോഹന്‍ റോയിയുടെ ചിന്തകള്‍, തൗഫത്തുല്‍ മൊഹിയുദ്ദീന്‍ മിസാഹാദിയുടെ ഉമ്രാവുജാന്‍, ദശോപനിഷത്തുക്കളില്‍ ഈശം, കേനം, കഠം, മാണ്ഡൂക്യം, ഐതരീയം എന്നിവയെല്ലാം എടുത്തു പറയേണ്ട വിവര്‍ത്തനകൃതികളാണ്.

ഉപനിഷത്തുകള്‍, മഹാഭാരതം, സി രാജഗോപാലാചാരിയുടെ മഹാഭാരത സംക്ഷിപ്തം, കാളിദാസന്റെ ശാകുന്തളം, 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാരതീയ ചിന്തകന്‍ മാധവാചാര്യരുടെ സര്‍വ ദര്‍ശന സംഗ്രഹം, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ തുടങ്ങിയവയെല്ലാം പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോ സബ്രീന ഇപ്പോള്‍.

logo
The Fourth
www.thefourthnews.in