'എന്റെ ജനനം തന്നെയാണ് എന്റെ ഏറ്റവും വലിയ ദുരന്തം'; രോഹിത് വെമുലയുടെ ഓർമകൾക്ക് എട്ടുവർഷം

'എന്റെ ജനനം തന്നെയാണ് എന്റെ ഏറ്റവും വലിയ ദുരന്തം'; രോഹിത് വെമുലയുടെ ഓർമകൾക്ക് എട്ടുവർഷം

2016 ൽ ഇതേപോലൊരു ജനുവരി 17 നാണ് രോഹിത് വെമുല ജീവനൊടുക്കിയത്
Updated on
3 min read

''എന്റെ ജനനം തന്നെയാണ് എന്റെ ഏറ്റവും വലിയ ദുരന്തം, ഈ കത്ത് വായിക്കുന്ന നിങ്ങൾക്ക് എനിക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, എനിക്ക് ഏഴ് മാസത്തെ ഫെലോഷിപ്പ്, ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ ലഭിക്കാനുണ്ട്. എന്റെ കുടുംബത്തിന് അത് ലഭിക്കുന്നുണ്ടെന്ന് ദയവായി ഉറപ്പുവരുത്തണം. റാംജിക്ക് 40,000 രൂപ കൊടുക്കാനുണ്ട്. അവൻ തിരിച്ചൊന്നും ചോദിച്ചിട്ടില്ല. എന്നാലും അതിൽനിന്ന് അവനു പണം നൽകുക.

എന്റെ ശവസംസ്‌കാരം നിശബ്ദമായും സുഗമമായും നടക്കട്ടെ. ഞാൻ പ്രത്യക്ഷപ്പെട്ട് പോയതുപോലെ പെരുമാറുക. എനിക്കുവേണ്ടി കണ്ണുനീർ പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാൾ ഞാൻ മരിച്ചതിൽ സന്തോഷമുണ്ടെന്ന് അറിയുക. ഞാൻ പോയതിനുശേഷം എന്റെ സുഹൃത്തുക്കളെയും ശത്രുക്കളെയും ഇതിൽ ബുദ്ധിമുട്ടിക്കരുത്.''

ഏറെ പ്രതീക്ഷകളോടെ ശാസ്ത്ര എഴുത്തുകാരനാവാൻ ആഗ്രഹിച്ചിരുന്ന, സഹജീവികളെ സ്‌നേഹത്തോടെ കണ്ടിരുന്ന രോഹിത് വെമൂലയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് എട്ടുവർഷം തികയുകയാണ്. 2016 ൽ ഇതേപോലൊരു ജനുവരി 17 നാണ് രോഹിത് വെമുല ജീവനൊടുക്കിയത്. ഹൈദരാബാദ് സർവകലാശാലയിൽനിന്ന് ജാതിവിവേചനത്തിന് ഇരയായ ആ ഇരുപത്തിയാറുകാരൻ 12 ദിവസം നീണ്ടുനിന്ന സമരത്തിന് ഒടുവിലാണ് നിരാശനായി ജീവനൊടുക്കിയത്.

'എന്റെ ജനനം തന്നെയാണ് എന്റെ ഏറ്റവും വലിയ ദുരന്തം'; രോഹിത് വെമുലയുടെ ഓർമകൾക്ക് എട്ടുവർഷം
'ഒളിമ്പിക് അസോസിയേഷന്‍ സിഇഒ നിയമനത്തില്‍ സമ്മർദം ചെലുത്തി'; പി ടി ഉഷയ്ക്കെതിരെ ഗുരുതര ആരോപണം

ആന്ധ്രാപ്രദേശ് ഗുണ്ടൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്ന് ഏറെ സ്വപ്‌നങ്ങളുമായിട്ടായിരുന്നു രോഹിത് വെമുല ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ എത്തുന്നത്. എം എസ്‌സി ബയോടെക്‌നോളജിക്ക് ചേർന്ന രോഹിത് പിന്നീട് സോഷ്യോളജി തിരഞ്ഞെടുക്കുകയായിരുന്നു. എസ് എഫ് ഐ പ്രവർത്തകനായിരുന്ന രോഹിത് പിന്നീട് അംബേദ്ക്കർ സ്റ്റുഡന്റസ് അസോസിയേഷന്റെ പ്രവർത്തകനായി.

ഗവേഷണത്തിന് രോഹിത്തിന് ലഭിക്കാറുണ്ടായിരുന്ന 25000 രൂപയുടെ ഗ്രാന്റ് വൈസ് ചാൻസലർ അനധികൃതമായി തടഞ്ഞുവെച്ചു. തനിക്ക് ലഭിക്കാനുള്ള ഗ്രാന്റ് തരണമെന്ന് ആവശ്യപ്പെട്ട് രോഹിത് വിസിക്ക് പല തവണ കത്തയച്ചു. സ്‌കോളർഷിപ്പ് തരുന്നില്ലെങ്കിൽ പകരം കുറച്ച് വിഷമോ കയറോ തരണമെന്നായിരുന്നു രോഹിത് വിസിക്ക് അയച്ച അവസാന കത്തിൽ പറഞ്ഞത്.

ഇതിനിടെ എബിവിപി നേതാവ് സുശീൽ കുമാറിനെ മർദിച്ചുവെന്നാരോപിച്ച് 2015 ഓഗസ്റ്റ് അഞ്ചിന് രോഹിത് അടക്കം അഞ്ചുപേർക്കെതിരെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. പിന്നീട് സ്ഥലത്തെ എംപിയും മന്ത്രിയുമായിരുന്ന ബന്ദാരു ദത്താത്രേയ യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് അടക്കമുള്ള എ എസ് എ പ്രവർത്തകർ പ്രതിഷേധിച്ചുവെന്നാരോപിക്കുകയും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി.

തുടർന്ന് 2015 സെപ്റ്റംബറിൽ രോഹിത് അടക്കം അഞ്ചുപേരെ സർവകലാശാലയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. 2016 ജനുവരി മൂന്നിന് രോഹിത് അടക്കമുള്ളവരെ ഹോസ്റ്റലിൽനിന്ന് പുറത്താക്കി. ഇതേത്തുടർന്ന് രോഹിത്തും മറ്റു വിദ്യാർത്ഥികളും സർവകലാശാലയിൽ നിരാഹാര സമരം ആരംഭിച്ചു. ഒടുവിൽ എട്ട് വർഷം മുമ്പുള്ള ജനുവരി 17 ന് രോഹിത് ജീവനൊടുക്കി.

രോഹിതിന്റെ ആത്മഹത്യയെത്തുടർന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണുയർന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറവും രോഹിതിനെയും അദ്ദേഹത്തിന്റെ 'രക്തസാക്ഷി'ത്വത്തെയും അധിക്ഷേപിക്കുന്ന നിലപാടാണ് സർവകലാശാലയും കേന്ദ്രസർക്കാരും സ്വീകരിച്ചത്. രോഹിത് മുന്നോട്ടുവെച്ച പ്രശ്‌നങ്ങൾ വിലയിരുത്തുകയും പരിഹരിക്കുകയും ചെയ്യുന്നതിനുപകരം രോഹിത് ദളിതനല്ലെന്ന് തെളിയിക്കാനായിരുന്നു സർവകലാശാലയുടെയും കേന്ദ്രസർക്കാരിന്റെയും വെമ്പൽ. രോഹിത്തിനെതിരായ സർവകലാശാല നടപടികൾ സ്വാഭാവികമാണെന്നുമായിരുന്നു കേന്ദ്ര മാനവശേഷി മന്ത്രാലയം നിയോഗിച്ച ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ പി അപ്പറാവുവിന് പങ്കില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.

രോഹിത് വെമുല ദളിത് വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ആവർത്തിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ അവകാശവാദങ്ങളെ തള്ളി രോഹിത് ദളിതനാണെന്നും കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അന്നത്തെ പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാൻ പി എൽ പുനിയ വ്യക്തമാക്കിയിരുന്നു. രോഹിത് വെമുല ദളിതൻ തന്നെയാണെന്ന് കാണിച്ച് ജില്ലാ കളക്ടർ കന്തിലാൽ ദണ്ഡേ നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഈ നടപടി. ഗുണ്ടൂർ തഹസിൽദാറുടെ കൈവശമുള്ള ഔദ്യോഗിക രേഖകൾ പരിശോധിച്ചതിൽ മാല എന്ന ഹിന്ദു പിന്നാക്ക ജാതി വിഭാഗത്തിൽപ്പെട്ടയാളാണ് രോഹിതെന്ന് ബോധ്യപ്പെട്ടതായിട്ടായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്.

എന്നാൽ സുഷമസ്വരാജിന്റെ പരാമർശവും കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ റിപ്പോർട്ടും പുറത്തുവന്നതിന് പിന്നാലെ രോഹിത് വെമുല ദളിത് വിഭാത്തിൽപ്പെടുന്ന ആളാണെന്ന വാദത്തെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജിയിൽ ജില്ലാ ഭരണകൂടം നടത്തിയ വിശദ പരിശോധനാ റിപ്പോർട്ട് പ്രകാരം രോഹിതും അമ്മയും ദളിത് വിഭാഗത്തിൽപെടുന്നില്ലെന്ന് വ്യക്തമായതായി ഗുണ്ടുർ കലക്ടർ കാന്തിലാൽ ദണ്ഡെ പറഞ്ഞു. തുടർന്ന് രോഹിത് വെമുലയുടെ പട്ടിക ജാതി സർട്ടിഫിക്കറ്റ് അസാധുവാക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ തീരുമാനിച്ചു. നിയമവിരുദ്ധമായി പട്ടികജാതി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതാണെന്ന് ആരോപിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും സർക്കാർ തീരുമാനിച്ചു.

രോഹിത് അടക്കമുള്ള വിദ്യാർത്ഥികൾക്കെതിരായ വ്യാജപരാതിയോ മന്ത്രിമാരുടെയും ഗ്രാന്റ് അനധികൃതമായി പിടിച്ചുവെച്ച വൈസ് ചാൻസിലറുടെയോ നടപടികളെയോ ചോദ്യം ചെയ്യുന്നതിന് പകരം രോഹിത് ദളിതൻ അല്ലെന്ന് സ്ഥാപിക്കാനായിരുന്നു സർക്കാരിന്റെയും അന്വേഷണ കമ്മീഷന്റെയും താൽപ്പര്യം.

രോഹിത് വെമൂലയുടെ മരണത്തിനുശേഷവും ഇന്ത്യയിൽ ദളിത് വിദ്യാർത്ഥികളുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഏറ്റവുമൊടുവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് എന്തൊക്കെയാണ് ചെയ്തതെന്ന് യുജിസിയോട് സുപ്രീം കോടതി ചോദിക്കേണ്ടി വന്നു. ജാതി വിവേചനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് യുജിസിയോട് ഈ ചോദ്യം ഉന്നയിച്ചത്.

logo
The Fourth
www.thefourthnews.in