ഫാലി എസ് നരിമാൻ: നീതിയും ന്യായവും ഒപ്പം കൂട്ടിയ ജീവിതം

ഫാലി എസ് നരിമാൻ: നീതിയും ന്യായവും ഒപ്പം കൂട്ടിയ ജീവിതം

ഇന്ത്യയിലെ മനുഷ്യാവകാശ- പൗരാവകാശ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന അഭിഭാഷകനായിരുന്നു നരിമാൻ
Updated on
2 min read

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജിച്ച നിയമജ്ഞനും ഇന്ത്യയിലെ മുതിർന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാൻ അന്തരിച്ചു. 95-ാമത്തെ വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

1971 മുതൽ, ഇന്ത്യൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി സേവനമനുഷ്ഠിച്ച ഫാലി എസ് നരിമാൻ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വാദം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വിദഗ്ധരായ അഭിഭാഷകരിലൊരാളായിരുന്നു. ഇന്ത്യയുടെ നിയമചരിത്രത്തിൽ ഇടം പിടിച്ച നിരവധി സുപ്രധാനമായ കേസുകളുടെ ഭാഗമായിരുന്നു നരിമാന്‍. സുപ്രീംകോർട്ട് AoR അസോസിയേഷൻ കേസ്, ഗോളക്നാഥ് കേസ്, എസ്പി ഗുപ്ത കേസ്, ടിഎംഎ പൈ കേസ്, ഭോപ്പാൽ വാതക ദുരന്ത കേസ് തുടങ്ങിയവ ഇവയിൽ ചിലതാണ്.

ഫാലി എസ് നരിമാൻ: നീതിയും ന്യായവും ഒപ്പം കൂട്ടിയ ജീവിതം
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

കൊളീജിയം സംവിധാനത്തിന് പകരമായി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രുപീകരിച്ച എൻജെഎസിക്കെതിരായ കേസായിരുന്നു സുപ്രീംകോർട്ട് AoR അസോസിയേഷൻ കേസ്.

ഈ കേസ് പ്രകാരം എൻജെഎസി നിയമത്തിൻ്റെയും 99-ാം വകുപ്പ് ഭേദഗതിയുടെയും ഭരണഘടനാ സാധുത കോടതി പരിശോധിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ തത്വങ്ങളുടെ ലംഘനമാണ് എൻജെഎസിയെന്ന് കോടതി കണ്ടെത്തി. തൽഫലമായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് 99-ാം ഭേദഗതിയും എൻജെഎസി നിയമവും റദ്ദാക്കുകയും കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ കേസ് വാദിച്ച് ജയിച്ചത് ഫാലി എസ് നരിമാൻ ആയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 30 സംബന്ധിച്ച് ഫാലി എസ് നരിമാൻ ഹാജരായ കേസ് ആണ് ടിഎംഎ പൈ കേസ്. ഇതുപ്രകാരം ആർട്ടിക്കിൾ 30 ന്റെ ആവശ്യങ്ങൾക്കായി മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ സംസ്ഥാനാടിസ്ഥാനത്തിൽ പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ മറ്റൊരു സുപ്രധാനമായ കേസാണ് ഗോളക്നാഥ് കേസ്. മൗലികാവകാശങ്ങളുടെ ഭരണഘടനാവ്യാഖ്യാനമായിരുന്നു ഈ കേസിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. 1953 ലെ 'പഞ്ചാബ് സെക്യൂരിറ്റി ആൻഡ് ലാൻഡ് ടെന്യുർസ് ആക്റ്റിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്തുകൊണ്ട് 1965 ൽ ഹെൻട്രി ഗോലക് നാഥ് സമർപ്പിച്ച ഹർജിയിലാണ് കേസ് നടന്നത്.

ഗുജറാത്തിലെ നർമദാ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി വാദിച്ച നരിമാൻ, കേസിനിടയ്ക്ക് പ്രദേശത്തെ ക്രിസ്തുമതവിശ്വാസികൾ ആക്രമിക്കപ്പെട്ടതിലും ബൈബിൾ കത്തിച്ചതിലുമൊക്കെ പ്രതിഷേധിച്ച് വക്കാലത്തിൽ നിന്ന് പിൻവാങ്ങി. ഭോപ്പാലിൽ വാതക ദുരന്തമുണ്ടായപ്പോൾ അന്ന് യൂണിയൻ കാർബൈഡ് എന്ന വിദേശ കമ്പനിക്കുവേണ്ടിയാണ് അദ്ദേഹം ഹാജരായത്. കേന്ദ്ര സർക്കാരിനും ഇരകൾക്കും എതിരെ ഹാജരായത് തെറ്റായ തീരുമാനമായെന്ന് അദ്ദേഹം പിന്നീട് സമ്മതിച്ചിട്ടുണ്ട്.

ഫാലി എസ് നരിമാൻ: നീതിയും ന്യായവും ഒപ്പം കൂട്ടിയ ജീവിതം
യൂലിയ നവാല്‍നയ: അന്ന് അലക്‌സി നവാല്‍നിക്കുപിന്നിലെ ഉറച്ച ശബ്ദം; ഇന്ന് പുടിനെതിരായ പോരാട്ടത്തിന്റെ പുതിയ മുഖം

ഇന്ത്യയിലെ മനുഷ്യാവകാശ- പൗരാവകാശ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന അഭിഭാഷകനായിരുന്നു നരിമാന്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ ഉൾപ്പെടെ അദ്ദേഹം നിലപാടെടുത്തിരുന്നു. സുപ്രീം കോടതിയുടെ നിലപാട് ഭരണഘടനയോടുള്ള തെറ്റായ സമീപനമാണെന്നും , കോടതിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. മറ്റു പല ജുഡീഷ്യൽ കാര്യങ്ങളിലും അദ്ദേഹം വിമർശനാത്മകമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഇന്ദിരാഗാന്ധി സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു 1972 മേയ് മുതൽ 1975 ജൂൺ 25 വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന ഫാലി എസ് നരിമാൻ പദവി രാജി വെച്ചത്.

അദ്ദേഹത്തിൻ്റെ ആത്മകഥയായ "ബിഫോർ മെമ്മറി ഫേഡ്സ്" വ്യാപകമായി വായിക്കപ്പെട്ട ഒരു പുസ്തകമാണ്. "ദി സ്റ്റേറ്റ് ഓഫ് നേഷൻ", "ഗോഡ് സേവ് ദി ഹോണബിൾ സുപ്രീം കോടതി" എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് പുസ്തകങ്ങൾ. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുള്ള ഫാലി നരിമാന്‍ 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു

1929-ല്‍ റംഗൂണില്‍ പാര്‍സി മാതാപിതാക്കളായ സാം ബരിയാംജി നരിമാന്‍, ബാനു നരിമാന്‍ എന്നിവരുടെ മകനായിട്ടായിരുന്നു ജനനം.  സാമ്പത്തിക ബിരുദ ധാരിയായിരുന്ന നരിമാന്‍ 1950- ല്‍ മുംബൈ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 22 വര്‍ഷത്തെ പ്രാക്ടീസിനുശേഷം, 1971-ല്‍ ഇന്ത്യന്‍ സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി. സുപ്രീം കോടതി ജഡ്ജിയായിരുന്ന റോഹിങ്ടന്‍ നരിമാന്‍ മകനാണ്. മകള്‍ അനഹിത സ്പീച്ച് തെറാപിസ്റ്റാണ്.

logo
The Fourth
www.thefourthnews.in