പാടാം കുട്ടനാടിൻ ഈണം, ബീയാർ പ്രസാദിന്റെ ഓർമ്മയിൽ
കുട്ടനാട്ടുകാരനല്ലാത്ത ഏതൊരാളേയും കുട്ടനാടിന്റെ ആരാധകനാക്കി മാറ്റാൻ പോന്ന വരികൾ, സിബി മലയിലിന്റെ ആവശ്യം അതായിരുന്നു. പാട്ടെഴുതാൻ പേനയെടുത്തപ്പോൾ, ജനിച്ചു വളർന്ന നാടിൻറെ നിറവും മണവും അന്തരീക്ഷവും പൊടുന്നനെ മനസ്സിൽ വന്നു നിറഞ്ഞെന്ന് ബീയാർ പ്രസാദ്; ഒപ്പം കരിവളയും കണ്മഷിയും കൊലുസുമണിഞ്ഞു നടന്നുവരുന്ന ഒരു ഗ്രാമീണപ്പെൺകൊടിയുടെ മുഖവും.
``എന്റെ പാരലൽ കോളേജ് അധ്യാപന കാലത്ത് പതിവായി അണിഞ്ഞൊരുങ്ങി ക്ലാസ്സിൽ വന്നിരുന്ന ആ പെൺകുട്ടിയെ കൗതുകത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട്, വർഷങ്ങൾക്ക് ശേഷം നാട്ടിൽ ചെന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു വേഷത്തിൽ ആ കുട്ടിയെ കണ്ടു. ചളി പുരണ്ട വസ്ത്രങ്ങളുമായി പാടത്തിറങ്ങി നിന്ന് കൊയ്യുകയാണ് അവൾ. വളയും കൊലുസും കണ്മഷിയുമൊന്നുമില്ല. പക്ഷേ മുഖത്തെ ചിരിയ്ക്ക് മാത്രം പഴയ അതേ വശ്യത...'' ആ കാഴ്ചയുടെ ഓർമ്മയിൽ നിന്നാണ് പാട്ടിന്റെ ചരണത്തിൽ ``ഞാറ്റോല പച്ചവള പൊന്നുംചെളി കൊലുസ്, പെണ്ണിവൾ കള മാറ്റും കളമൊഴിയായ്, കൊറ്റികൾ പകൽ നീളെ കിനാക്കാണും മൊട്ടിടും അനുരാഗക്കരൾ പോലെ, മണ്ണിനും ഇവൾ പോലെ മനം തുടിക്കും പാടാം കുട്ടനാടിനീണം'' എന്നെഴുതിയത്.
ഭാവഗായകൻ ജയചന്ദ്രന്റെ ശബ്ദത്തിൽ അനശ്വരമായ ആ ഗാനത്തിന്റെ പല്ലവി ഇങ്ങനെ: ``കേരനിരകളാടും ഒരു ഹരിത ചാരുതീരം പുഴയോരം കളമേളം കവിത പാടും തീരം, കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇളംഞാറിൻ ഇലയാടും കുളിരുലാവും നാട്, നിറപൊലിയേകാൻ അരിയ നേരിന്നായ് പുതുവിള നേരുന്നൊരിനിയ നാടിതാ, പാടാം കുട്ടനാടിന്നീണം..'' ബി രാജേന്ദ്രപ്രസാദ് എന്ന ഗാനരചയിതാവിന്റെ മുദ്രാഗീതം. ``മലയാളമണ്ണിനോട് ഇത്രയേറെ ചേർന്നുനിൽക്കുന്ന സിനിമാപ്പാട്ടുകൾ അധികമില്ല വേറെ എന്ന് പലരും പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നും. ഓണത്തിനും വിഷുവിനും കേരളപ്പിറവിക്കുമെല്ലാം റേഡിയോയിലും ടെലിവിഷനിലും ഏറ്റവുമധികം കേൾക്കുന്ന പാട്ടുകളിലൊന്നായി മാറിയിരിക്കുന്നു അത്.
ഭാസ്കരൻ മാഷിന്റെ മാമലകൾക്കപ്പുറത്ത്, ശ്രീകുമാരൻ തമ്പിയുടെ കേരളം കേരളം, പൂവിളി പൂവിളി, ഒ എൻ വിയുടെ ഓണപ്പൂവേ തുടങ്ങിയ അനശ്വരഗാനങ്ങൾക്കൊപ്പം അവരുടെയൊക്കെ ആരാധകനായ എന്റെ രചനയും പരാമർശിച്ചു കേൾക്കുമ്പോൾ എങ്ങനെ അഭിമാനം തോന്നാതിരിക്കും?''-- ബീയാർ പ്രസാദിന്റെ വാക്കുകൾ. ``ജലോത്സവ'' (2004) ത്തിൽ പാട്ടെഴുതുന്ന കാര്യം പത്രവാർത്തയിൽ നിന്നാണ് അറിഞ്ഞതെന്ന് പ്രസാദ്. സംവിധായകന്റെ വിളി വന്നത് പിന്നീടാണ്. ``കുട്ടനാട്ടുകാരൻ അല്ലാത്ത ഒരാളെ കുട്ടനാടിന്റെ മഹത്വം പറഞ്ഞു മനസ്സിലാക്കാൻ പോന്ന ഒരു പാട്ട് വേണം, അത് കുട്ടനാടിന്റെ മനസ്സറിയുന്ന ഞാൻ തന്നെ എഴുതണം എന്ന് സിബി സാർ പറഞ്ഞപ്പോൾ ഒരേ സമയം ആഹ്ളാദവും തെല്ലൊരു ഭയവും തോന്നി. നൂറുകണക്കിന് ബിംബങ്ങളും ഇമേജറികളും ഘോഷയാത്ര പോലെ മനസ്സിലേക്ക് കടന്നുവരികയാണ്. ജനിച്ചു വളർന്ന നാടല്ലേ?'' ഈണത്തിനൊത്ത് പാട്ടെഴുതാൻ അധികസമയം വേണ്ടിവരാറില്ല പ്രസാദിന്.
എന്നാൽ ഈ പാട്ടിനായി ഒരാഴ്ച തല പുകക്കേണ്ടി വന്നു. ഇപ്പോൾ കേൾക്കുന്നതിന്റെ അഞ്ചിരട്ടി നീളത്തിൽ വരികൾ എഴുതിക്കൂട്ടിയ ശേഷം വെട്ടിയും തിരുത്തിയും അത് ഒരു കൊച്ചു ഗാനമാക്കി മാറ്റുകയായിരുന്നു. കുട്ടനാടിനെ കർഷകസ്ത്രീയായി സങ്കല്പിച്ചാണ് എഴുതിയത്. മണ്ണും പെണ്ണും ഒരുപോലെ എന്ന ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയം. എഴുതിയ വരികളെ മനോഹരമായ ശ്രവ്യാനുഭവമാക്കി മാറ്റിയത് സംഗീത സംവിധായകൻ അൽഫോൻസാണ്. കേരളീയതയുടെ എല്ലാ സൗകുമാര്യവും വഴിഞ്ഞൊഴുകുന്ന ഈണത്തിലൂടെ. സരസ്വതി രാഗത്തിലാണ് അൽഫോൺസ് ഈണം ചിട്ടപ്പെടുത്തിയത്. മലയാളത്തിൽ അധികം പാട്ടുകൾ പിറന്നിട്ടില്ല ഈ രാഗത്തിൽ.
ദേവരാജൻ മാസ്റ്ററുടെ ``സരസ്വതീയാമം കഴിഞ്ഞു'', അർജ്ജുനൻ മാസ്റ്ററുടെ ``ആയിരമജന്താ ചിത്രങ്ങളിൽ'' എന്നിവ ഉദാത്ത മാതൃകകളായി നമുക്ക് മുന്നിലുണ്ട്. ``അർദ്ധ ശാസ്ത്രീയ ഗാനങ്ങളാണ് പൊതുവെ ഈ രാഗത്തോട് ചേർന്നുനിൽക്കുക. ആത്മീയാന്തരീക്ഷത്തിലുള്ള പാട്ടുകൾ.'' - അൽഫോൺസ് പറയുന്നു. ``അതിൽ നിന്ന് വിഭിന്നമായി ഫോക്ക് ശൈലിയിലുള്ള ഒരു ഗാനം സരസ്വതി രാഗത്തിൽ ചെയ്തു നോക്കിയത് പരീക്ഷണാർത്ഥമാണ്. ജയേട്ടന്റെ ഭാവമധുരമായ ആലാപനം കൂടി ചേർന്നപ്പോൾ നമ്മൾ ഉദ്ദേശിച്ച തലത്തിനും അപ്പുറത്തേക്ക് വളർന്നു അത്. സന്തോഷമുള്ള കാര്യം.'' അർജ്ജുനൻ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും ഉൾപ്പെടെയുള്ള പ്രഗത്ഭർ ഈ ഗാനത്തിന്റെ ശില്പഭദ്രതയെ കുറിച്ച് മതിപ്പോടെ സംസാരിച്ചുകേട്ടതോർക്കുന്നു. ശീർഷകങ്ങൾക്കൊപ്പമാണ് പാട്ട് പടത്തിൽ വന്നത്; അതും പാതി മാത്രം. ഗാനരചയിതാവിന് സ്വാഭാവികമായും നിരാശയുളവാക്കുന്ന കാര്യം.
ടൈറ്റിൽ ഗാനങ്ങൾ പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോകുകയാണല്ലോ പതിവ്. എന്നാൽ കേരനിരകൾ അവിടെയും ചരിത്രമായി. ``ജലോത്സവം'' എന്ന ശരാശരിപ്പടം ഇന്ന് ഓർക്കപ്പെടുന്നതുപോലും ഈ പാട്ടിന്റെ പേരിലാണെന്നല്ലേ സത്യം? ``പാട്ടിനോടുള്ള ഇഷ്ടം കൊണ്ടാവണം, പലരും ആ വരികളുടെ പശ്‌ചാത്തലത്തിൽ വേറെ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് പൂർണ്ണമായി യൂട്യൂബിലും മറ്റും പോസ്റ്റ് ചെയ്തു കണ്ടിട്ടുണ്ട്. നൃത്താവിഷ്കാരങ്ങൾ വേറെ. എഴുതുമ്പോൾ അത് ഈ വിധത്തിൽ സ്വീകരിക്കപ്പെടും എന്ന് സങ്കല്പിച്ചിട്ടില്ല. എല്ലാം വിധിനിയോഗം.''ബീയാർ പ്രസാദിന്റെ വികാരാധീനമായ ശബ്ദം ഇതാ ഈ നിമിഷവുമുണ്ട് കാതുകളിൽ.