വിടപറഞ്ഞത് 'ദരിദ്രരുടെ പ്രവാചകൻ'; കമ്മ്യൂണിസ്റ്റായി മുദ്രകുത്തപ്പെട്ട ഫാദർ ഗുസ്താവോ ഗുട്ടറസ്

വിടപറഞ്ഞത് 'ദരിദ്രരുടെ പ്രവാചകൻ'; കമ്മ്യൂണിസ്റ്റായി മുദ്രകുത്തപ്പെട്ട ഫാദർ ഗുസ്താവോ ഗുട്ടറസ്

ക്രൈസ്തവ സഭകളുടെ ചുമതല ആത്മീയത മാത്രമല്ല, ആഗോളദാരിദ്ര്യ നിർമാർജനവും ആ പരിധിയിലുണ്ടാകണമെന്ന് വാദിച്ച 'വിമോചന ദൈവശാസ്ത്ര' സിദ്ധാന്തം ഗുസ്താവോ ഗുട്ടറസിന്റെ സംഭാവനയായിരുന്നു
Updated on
2 min read
ചരിത്രത്തിൻ്റെ ഭാവി ദരിദ്രരുടെയും ചൂഷിതരുടേതുമാണ്

ദരിദ്രരുടെ പ്രവാചകനായിരുന്നു പെറുവിയൻ പുരോഹിതൻ ഗുസ്താവോ ഗുട്ടറസ്. അദ്ദേഹം തൊണ്ണൂറ്റിയാറാം വയസിൽ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ആരായിരുന്നു? എന്നതിനേക്കാൾ എന്തായിരുന്നു ഗുസ്താവോ ഗുട്ടറസ് എന്ന ചോദ്യമാണ് കൂടുതൽ പ്രസക്തം. ക്രൈസ്തവ സഭകളുടെ ചുമതല ആത്മീയത മാത്രമല്ല, ആഗോളദാരിദ്ര്യ നിർമാർജനവും ആ പരിധിയിലുണ്ടാകണമെന്ന് വാദിച്ച 'വിമോചന ദൈവശാസ്ത്ര' സിദ്ധാന്തം ഗുസ്താവോ ഗുട്ടറസിന്റെ സംഭാവനയായിരുന്നു.

1960കളിലും എഴുപതുകളിലും പ്രക്ഷുബ്ധമായ ലാറ്റിനമേരിക്കയിലാണ് വിമോചന ദൈവശാസ്ത്ര സിദ്ധാന്തം ഗുസ്താവോ ഗുട്ടറസ് അവതരിപ്പിക്കുന്നത്. ദാരിദ്ര്യമുക്തി എന്ന അടിസ്ഥാന രാഷ്ട്രീയത്തിലൂന്നി ചൂഷിതരുടെ ജീവിതത്തെ ഘടനാപരമായി പുരോഗതിയിലേക്കെത്തിക്കാൻ സഭയ്ക്ക് കടമ ഉണ്ടെന്ന് അദ്ദേഹം വാദിച്ചു. 1971ൽ പുറത്തിറങ്ങിയ 'വിമോചനത്തിന്റെ ദൈവശാസ്ത്രം' എന്ന ഗുട്ടറസിന്റെ പുസ്തകത്തിലൂടെയായിരുന്നു ആഗോളതലത്തിൽ വേരോട്ടമുണ്ടാക്കിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചത്.

ദരിദ്രരോടുള്ള ആധികാരിക ഐക്യദാർഢ്യവും നമ്മുടെ കാലത്തെ പട്ടിണിയോടുള്ള യഥാർത്ഥ പ്രതിഷേധവും മാത്രമേ ദാരിദ്ര്യത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ ചർച്ചയ്ക്ക് ആവശ്യമായ മൂർത്തവും സുപ്രധാനവുമായ സന്ദർഭം പ്രദാനം ചെയ്യാൻ കഴിയൂ

ഗുട്ടറസ് പ്രസിദ്ധമായ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കുറിച്ചു

ലോകത്ത് ദാരിദ്ര്യം നടമാടിയിരുന്ന മിക്ക ഭൂഖണ്ഡങ്ങളിലും ഗുട്ടറസ് രൂപംകൊടുത്ത സിദ്ധാന്തത്തിന്റെ അലയൊലികൾ കണ്ടെടുക്കാനാകും. സഭാ മുന്നേറ്റങ്ങൾക്ക് ഉപരിയായി വിപ്ലവപ്രവർത്തനങ്ങൾക്ക് പോലും അവ കാരണമായി. മെക്സിക്കോയിലും കൊളംബിയയിലുമെല്ലാം ഇടതുപക്ഷ വിപ്ലവകാരികളെ ഉൾപ്പെടെ ഈ ആശയ അടിത്തറയാൽ സ്വാധീനിക്കപ്പെട്ടിരുന്നുവെന്നത് ചരിത്രമാണ്. നിക്കറാഗുവയിലെ അനസ്തേഷ്യോ സൊമോസയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ച പ്രസിദ്ധനായ സാൻഡിനിസ്റ്റ വിപ്ലവത്തിൽ സജീവമായിരുന്ന ക്രൈസ്തവ പുരോഹിതർ ഉദാഹരണം.

ബെനഡിക്ട് മാർപാപ്പയുടെ കാലം മുതൽ 'വിമോചന ദൈവശാസ്ത്ര' സിദ്ധാന്തത്തിന് എതിർപ്പുകൾ നേരിട്ടിരുന്നു. വിമോചന ദൈവശാസ്ത്രത്തിൻ്റെ "മാർക്സിസ്റ്റ് ആശയങ്ങൾ" കലാപവും വിഭജനവും വളർത്തുമെന്നായിരുന്നു വത്തിക്കാന്റെ ഭയം. "സഭയുടെ വിശ്വാസത്തിന് അടിസ്ഥാനപരമായ ഭീഷണി" എന്ന് പോലും അക്കാലത്ത് മുദ്രകുത്തപ്പെട്ടിരുന്നു. എന്നാൽ പിൽകാലത്ത് ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ സ്വീകരിക്കുന്ന സാമൂഹ്യനീതിക്കായുള്ള പ്രവർത്തനങ്ങളിൽ ഗുട്ടറസിന്റെ സംഭാവന പ്രകടമാണ്.

ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും സ്വതന്ത്രവും അന്തസ്സോടെയും സ്വയം വികാസം നടത്താൻ കഴിയണം

ഗുട്ടറസ്

"ദൈവശാസ്ത്ര സേവനത്തിലൂന്നി, സമൂഹത്തിലെ പാവപ്പെട്ടവരോടും അന്യവത്കരിക്കപ്പെട്ടവരോടും പ്രകടിപ്പിച്ച സ്നേഹത്തിലൂടെ സഭയ്ക്കും മാനവികതയ്ക്കും നൽകിയ സംഭാവനകൾക്ക് നന്ദി" 2018-ൽ ഗുട്ടറസിന്റെ തൊണ്ണൂറാം പിറന്നാളിന് ഫ്രാൻസിസ് മാർപാപ്പ അയച്ച കത്തിൽ പറയുന്നു.

ഗുട്ടറസിനെ സംബന്ധിച്ചിടത്തോളം സ്വാർഥതയിൽനിന്നും പാപത്തിൽനിന്നുമുള്ള മോചനത്തിന് മുന്നോടിയായി നടക്കേണ്ട രണ്ട് വിമോചനങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തേത് ദാരിദ്ര്യത്തിൻ്റെയും അനീതിയുടെയും ഉടനടി കാരണങ്ങളെ ഇല്ലാതാക്കി, രാഷ്ട്രീയവും സാമൂഹികവുമായ വിമോചനമായിരുന്നു. രണ്ടാമതായി, ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും സ്വതന്ത്രവും അന്തസ്സോടെയും സ്വയം വികാസം നടത്താൻ കഴിയണമെന്നും ഗുട്ടറസ് വാദിച്ചിരുന്നു. അതുണ്ടായാൽ മാത്രമേ യഥാർഥ വിമോചനം സാധ്യമാകുവെന്നായിരുന്നു ഗുട്ടറസ് എല്ലാകാലവും അടിയുറച്ച് വിശ്വസിച്ചത്.

വിടപറഞ്ഞത് 'ദരിദ്രരുടെ പ്രവാചകൻ'; കമ്മ്യൂണിസ്റ്റായി മുദ്രകുത്തപ്പെട്ട ഫാദർ ഗുസ്താവോ ഗുട്ടറസ്
സീതാറാം യെച്ചൂരി: കൈമാറാനില്ലാത്തൊരു സ്വപ്നത്തിന്റെ അന്ത്യം

വിപ്ലവത്തിലല്ല, ബൈബിളിൽ ഊന്നിയാണ് തന്റെ സിദ്ധാന്തമെന്ന് ഗുട്ടറസ് തന്നെ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റായി മുദ്രകുത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായിരുന്നു. വൈദികനായിരുന്നെങ്കിലും പ്രഭാഷണങ്ങൾക്ക് ഉപരിയായി ചെസ്സും ഫുട്ബോളും സംഗീതവുമൊക്കെയായിരുന്നു അദ്ദേഹം ജനങ്ങളുമായി സംവദിക്കാൻ തിരഞ്ഞെടുത്ത മാർഗങ്ങൾ.

വിടപറഞ്ഞത് 'ദരിദ്രരുടെ പ്രവാചകൻ'; കമ്മ്യൂണിസ്റ്റായി മുദ്രകുത്തപ്പെട്ട ഫാദർ ഗുസ്താവോ ഗുട്ടറസ്
എ ജി നൂറാനി: ഹിന്ദുത്വത്തെ പ്രതിരോധിച്ച പോരാളി

1928 ജൂൺ എട്ടിന് പെറു തലസ്ഥാനമായ ലിമയിലാണ് ഗുട്ടറസ് ജനിക്കുന്നത്. വൈദ്യശാസ്ത്രം, സാഹിത്യം, മനഃശാസ്ത്രം, ഫിലോസഫി ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു പഠനം. ഫ്രാൻസിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്ററൽ ഡി എറ്റ്യൂഡ്സ് റിലീജിയസസിൽനിന്ന് ഡോക്ടറേറ്റും നേടി. ജീവിതത്തിൻ്റെ ഭൂരിഭാഗവും ലിമയിലെ ദരിദ്ര വിഭാഗങ്ങൾക്കിടയിലായിരുന്നു ഗുട്ടറസ് ജീവിക്കുകയും ജോലി നോക്കുകയും ചെയ്തത്.

logo
The Fourth
www.thefourthnews.in