അലക്സാന്ദ്രെ വില്ലാപ്ലെയ്ന്‍; ഹിറ്റ്ലറിനു വേണ്ടി വെടിയേറ്റ ഫ്രഞ്ച് നായകന്‍
ഇന്ന് ഒരു ഫുട്ബോള്‍ മത്സരത്തിന്റെ റിപ്പോര്‍ട്ടില്‍ ഒരു താരം ഹീറോയില്‍ നിന്നു വില്ലനായി എന്നു വായിക്കുമ്പോള്‍ ഏവരും അര്‍ത്ഥമാക്കുന്നത് അയാള്‍ ഒരു ഗോള്‍ നേടിയ ശേഷം പെനാല്‍റ്റി വഴങ്ങി എന്നോ, ഒരു ഗോള്‍ സേവ് ചെയ്ത ശേഷം ഒരു സെല്‍ഫ് ഗോള്‍ വഴങ്ങിയെന്നോ ആവും. എന്നാല്‍ ഫ്രാന്‍സ് മുന്‍ നായകന്‍ അലക്‌സ് വില്ലാപ്ലാനിനെ പരാമര്‍ശിക്കുമ്പോള്‍ ആ ക്ലീഷേ അപര്യാപ്തമാണെന്നതില്‍ തര്‍ക്കമില്ല, കാരണം അയാളുടെ കരിയര്‍ മൊത്തമായി ഒന്നും സംഗ്രഹിച്ചാല്‍ രണ്ടു തീയതികള്‍ മാത്രമാണ് കാണാനാകുക...
ജൂലൈ 13, 1930:- ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഫ്രാന്‍സ് ആദ്യമായി ഒരു മത്സരം കളിക്കുന്നു. എതിരാളികള്‍ മെക്‌സിക്കോ. ഫ്രാന്‍സിനെ നയിക്കുന്നത് അലക്‌സ് വില്ലാപ്ലാന്‍. എതിരാളികള്‍ മെക്‌സിക്കോ. മത്സരത്തില്‍ ഫ്രഞ്ച് ജയം 4-1ന്.
ഡിസംബര്‍ 26, 1944:- ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ രാജ്യദ്രോഹികളില്‍ ഒരാളായി മുദ്രകുത്തപ്പെട്ടതിനാല്‍ ഫയറിങ് സ്‌ക്വാഡിന്റെ വെടിയുണ്ടകളേറ്റു മരണം.
തുടക്കം
1905-ല്‍ അള്‍ജീരിയയില്‍ ജനിച്ച വില്ലാപ്ലെയ്ന്‍ ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടംപിടിച്ച ആദ്യ ഉത്തരാഫ്രിക്കന്‍ വംശജനാണ്. 16-ാം വയസില്‍ തന്റെ അമ്മാവന്മാര്‍ക്കൊപ്പം ഫ്രാന്‍സിലേക്കു കുടിയേറിയ വില്ലാപ്ലെയ്ന്‍ ഫ്രഞ്ച് ക്ലബ് എഫ്.സി. സെറ്റെ 34-ലൂടെയാണ് ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്.
താരത്തിന്റെ മികവ് ടീമിന്റെ പരിശീലകനും സ്‌കോട്‌ലന്‍ഡ് മുന്‍ താരം കൂടിയായ വിക്ടര്‍ ഗിബ്‌സണ്‍ തിരിച്ചറിഞ്ഞതോടെ കരിയറില്‍ വമ്പന്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഏറെ വൈകാതെ തന്നെ ക്ലബിന്റെ എ ടീമില്‍ വില്ലാപ്ലെയ്‌ന് ഇടംകിട്ടി.
ക്ലബ് ഫുട്‌ബോളില്‍ പ്രൊഫഷണലിസം എത്തിനോക്കാത്ത അന്നത്തെക്കാലത്ത് താരങ്ങള്‍ക്ക് തുച്ഛമായ വേതനമാണ് ലഭിച്ചിരുന്നത്. അതിനാല്‍ത്തന്നെ മികച്ച ഓഫറുകള്‍ ലഭിക്കുമ്പോള്‍ ക്ലബ് മാറുന്നത് ഇന്നത്തേക്കാള്‍ വേഗത്തില്‍ നടക്കുമായിരുന്നു. സെറ്റെ എഫ്.സിയുടെ പരമ്പരാഗത വൈരികളായ നിമിസ് വില്ലാപ്ലെയ്‌ന് വന്‍തുക വാഗ്ദാനം ചെയ്തതോടെ താരം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.
ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നതില്‍ മികച്ച പ്രാവീണ്യമുണ്ടായിരുന്ന വില്ലാപ്ലെയ്ന്‍ അതിവേഗം തന്നെ ആരാധാകരുടെ മനസില്‍ ചേക്കേറി. അതുവഴി ദേശീയ ടീമിലേക്കും ക്ഷണം നേടിയെടുത്തു. 1926-ല്‍ ആദ്യമായി ഫ്രഞ്ച് ജഴ്‌സിയണിഞ്ഞു. ബെല്‍ജിയത്തിനെതിരേയായിരുന്നു ആദ്യ മത്സരം. അരങ്ങേറ്റത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച വില്ലാപ്ലെയ്‌നെ 1930ലെ പ്രഥമ ലോകകപ്പില്‍ ഫ്രാന്‍സ് ടീമിന്റെ നായകനാക്കാന്‍ സെലക്ടര്‍മാര്‍ക്ക് മടിയുണ്ടായില്ല.
ഇതിനിടയില്‍ രാജ്യത്തെ ഏറ്റവും വലിയ ക്ലബായി മാറാന്‍ ശ്രമിച്ച റേസിങ് ക്ലബ് വമ്പന്‍ തുക നല്‍കി വില്ലാപ്ലെയ്‌നെ സ്വന്തമാക്കിയതോടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മാറിമറിയുകയും ചെയ്തു. സമ്പന്നതയുടെയും സുഖലോലുപതയുടെയും നടുവിലായിരുന്നു പിന്നെ അദ്ദേഹത്തിന്റെ ജീവതം.
പണമാണ് പ്രധാനം എന്നു മനസിലാക്കിയതോടെ വമ്പന്‍ ഓഫറുകള്‍ക്കു പിന്നാലെ പോകാനും വാതുവയ്പു സംഘങ്ങളുടെ കൂടെക്കൂടി മത്സരം ഒത്തു കളിക്കാനും വരെ വില്ലാപ്ലെയ്ന്‍ തയാറായി. പരിശീലനത്തിനു വരാതിരിക്കുക, മുഴുവന്‍ സമയവും മദ്യപാനത്തില്‍ മുഴുകുക എന്നീ ദുശീലങ്ങളും കൂടെക്കൂടിയതോടെ കളിയിലുള്ള ശ്രദ്ധ അദ്ദേഹത്തിനു പൂര്‍ണമായും നഷ്ടമായി.
ഹെഡ്ഡറില്‍ നിന്ന് ഹെഡ് ഹണ്ടിലേക്ക്
1940-കളില്‍ ഹിറ്റ്‌ലറിന്റെയും നാസിപ്പടയുടെയും തേരോട്ടം ആരംഭിച്ചിരുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസും നാസികളുടെ പിടിയിലേക്കമരാന്‍ ഏറെ വൈകിയില്ല. ഫ്രഞ്ച് ജനതയെ തങ്ങളുടെ കീഴില്‍ അടിച്ചമര്‍ത്തി നിര്‍ത്താന്‍ നാസി ഉദ്യോഗസ്ഥരും ഗെസ്റ്റപ്പോകളും ഫ്രാന്‍സിലേക്കു കുടിയേറിയ ആഫ്രിക്കന്‍ വംശജരെയാണ് ഉപയോഗിച്ചത്.
അതിനകം സ്വര്‍ണ്ണക്കടത്തിലേക്കുവരെ വഴുതി വീണ വില്ലാപ്ലെയ്ന്‍ തന്റെ ക്രിമിനല്‍ പശ്ചാത്തലത്തിലൂടെ, ഫ്രഞ്ച് ചെറുത്തുനില്‍പ്പിനെതിരേ കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജര്‍മ്മന്‍ റീച്ച് സെക്യൂരിറ്റി മെയിന്‍ ഓഫീസ് രൂപീകരിച്ച ഫ്രഞ്ച് കാര്‍ലിങ് എന്ന സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടു. കുറ്റവാളികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സംഘം ഫ്രഞ്ച് ഗസ്റ്റപ്പോ എന്നാണ് അറിയപ്പെട്ടിരുന്നത്.
പാരീസിലെ രണ്ടു പ്രമുഖ ഗുണ്ടാസംഘങ്ങളുടെ തലവന്മാരായ ഹെന്റ്‌റി ലാഫോണ്ട്, പിയറി ബോണി എന്നിവര്‍ ചേര്‍ന്നാണ് ഫ്രഞ്ച് ഗസ്റ്റപ്പോയെ നയിച്ചിരുന്നത്. സംഘത്തിലെ അംഗങ്ങള്‍ അവരുടെ ക്രിമിനല്‍ വൈദഗ്ധ്യവും നെറ്റ്വര്‍ക്കുകളും അധിനിവേശ ഫ്രാന്‍സിലെയും വിച്ചിയിലെയും നാസി സുരക്ഷാ സേവനങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതില്‍ വില്ലാപ്ലെയ്ന്‍ വൈദഗ്ദ്ധ്യം നേടി.
വലിയ സമ്പന്നരാകുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. നാസികള്‍ക്ക് ആഗ്രഹിക്കുന്നതെന്തും നല്‍കി തങ്ങള്‍ക്കായി ധാരാളം സമ്പാദിച്ചു കൂട്ടിയ അവര്‍ പ്രത്യയശാസ്ത്രജ്ഞരായിരുന്നില്ല, എന്നാല്‍ അവര്‍ക്ക് എസ്.എസ്. യൂണിഫോം നല്‍കിയ മേലധികാരികളുടെ വിശ്വാസം നിലനിര്‍ത്താന്‍ അവര്‍ പതിവായി ജൂതന്മാരെയും പ്രതിരോധ പോരാളികളെയും അതിക്രൂരമായി പീഡിപ്പിച്ചു. ഇത്തരത്തില്‍ നൂറിലേറെ റെയ്ഡുകള്‍ക്കാണ് വില്ലാപ്ലെയ്ന്‍ നായകത്വം വഹിച്ചത്.
ഒടുവിലെ കളി നിലനില്‍പ്പിനു വേണ്ടി
ഇത്രയേറെ ക്രൂരത കാട്ടിയിട്ടും ചെറുത്തുനില്‍പ്പ് പോരാളികള്‍ കൂടുതല്‍ വര്‍ദ്ധിച്ചുവരുന്നതായും ജര്‍മനി യുദ്ധത്തില്‍ വിജയിക്കില്ലെന്നും വില്ലാപ്ലെയ്ന്‍ മനസിലാക്കാന്‍ തുടങ്ങി. ഇതോടെ അദ്ദേഹം കളംമാറ്റിച്ചവിട്ടി. താന്‍ പിന്തുടരുന്ന പലരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൊണ്ട് അദ്ദേഹം പൊതു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. തന്റെ നാട്ടുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ നാസികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് എന്ന തോന്നല്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടത്തിയത്.
1944 ഓഗസ്റ്റില്‍, സഖ്യസേന പാരീസില്‍ എത്തിയതോടെ പാരീസുകാര്‍ ഉണര്‍ന്നു. ഫ്രഞ്ച് സൈനികരും, പകുതിയിലധികം ആഫ്രിക്കന്‍ വംശജരും വിമോചനം പൂര്‍ത്തിയാക്കാന്‍ സഖ്യസേനയ്‌ക്കൊപ്പം അണിചേര്‍ന്നു. തങ്ങള്‍ നേരിട്ട ക്രൂരതകളോടുള്ള അവരുടെ പ്രതികാര നടപടികള്‍ വേഗത്തിലും രക്തരൂക്ഷിതമായതുമായിരുന്നു.
എന്നിരുന്നാലും, ഫ്രഞ്ച് ഗസ്റ്റപ്പോയുടെ തലകള്‍ അവര്‍ അടിച്ചുടച്ചില്ല. അവരെ കണ്ടെത്തി വിചാരണ ചെയ്തു. തുടര്‍ന്ന് വധശിക്ഷ വിധിച്ചു.
'അവര്‍ കൊള്ളയടിച്ചു ബലാത്സംഗം ചെയ്തു, കൊള്ളയടിച്ചു, കൊന്നു, അതിലും മോശമായ കാര്യങ്ങള്‍ നാസികളുമായി ചേര്‍ന്നു നടപ്പിലാക്കി. അവര്‍ ജനങ്ങളെ ജീവനോടെ തീയിട്ടു. ഈ കൂലിപ്പടയാളികള്‍ അവരുടെ ഇരകളുടെ ചൂടുവമിക്കുന്ന, രക്തമൊഴുകുന്ന ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ എടുക്കുന്നത് എങ്ങനെയെന്ന് കണ്ടവരുണ്ട്'' -പാരീസ് മോചിപ്പിക്കപ്പെട്ടതിന് ശേഷം വില്ലാപ്ലെയ്‌ന്റെ വിചാരണയില്‍ വികാരവിക്ഷോഭത്താല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഈ സമയമെല്ലാം പെനാല്‍റ്റി കാത്തു നില്‍ക്കുന്ന ഒരു ഗോള്‍കീപ്പറുടെ അക്ഷോഭ്യതയും ശാന്തതയുമായിരുന്നു ഫ്രഞ്ച് ടീമിന്റെ ആ പഴയ നായകന്റെ മുഖത്ത്.
1944-ലെ ക്രിസ്മസിന്റെ പിറ്റേന്ന് വില്ലാപ്ലെയ്ന്‍, ലാഫോണ്ട്, ബോണി എന്നിവരെയും മറ്റ് അഞ്ചു പേരെയും നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫോര്‍ട്ട് ഡി മോണ്‍ട്രോഗില്‍ എത്തിച്ചു പരസ്യമായാണ് വധശിക്ഷ നടപ്പാക്കിയത്.