ഉമ്മൻ ചാണ്ടി എന്ന സർവകലാശാല

ഉമ്മൻ ചാണ്ടി എന്ന സർവകലാശാല

ഉമ്മൻ ചാണ്ടി സാറിന് സമാനം ഉമ്മൻ ചാണ്ടി സാർ മാത്രം
Updated on
2 min read

ഒരു പക്ഷെ ലോക രാഷ്ട്രീയത്തിൽ തന്നെ സമാനതകളില്ലാത്ത നേതാവായിരിക്കും ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി സാറിന് സമാനം ഉമ്മൻ ചാണ്ടി സാർ മാത്രം. ലോകമെങ്ങുമുള്ള മൂന്നരക്കോടി മലയാളികളും ഒരു രാഷ്ട്രീയനേതാവിനുപരിയായി സ്വന്തം കുടുംബത്തിലെ ഒരു വിയോഗം എന്നതുപോലെയാവണം ഈ ദുഃഖവാർത്ത കേട്ടിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ഇത്രയേറെ മലയാളികളുടെ മനസ്സിൽ ഉമ്മൻ ചാണ്ടി എന്ന നാമം സ്ഥിരപ്രതിഷ്ഠ നേടിയതിനുകാരണം അദ്ദേഹത്തിൽനിന്ന് ഉറവ കൊണ്ട് പുഴ പോലെ ഒഴുകിയിരുന്ന സ്നേഹമാണ്. ആ സ്നേഹം ആവോളം നുകരാൻ അവസരം ലഭിച്ച ലക്ഷക്കണക്കിന് ആൾക്കാരിൽ ഒരാളാണ് ഞാനും. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ മാർഗനിർദേശം രാഷ്ട്രീയത്തിലെ ഒരു തുടക്കക്കാരനെന്ന നിലയിൽ എനിക്ക് ഏറെ സഹായകമായിട്ടുണ്ട്. എന്റെ രാഷ്ട്രീയജീവിതത്തിന്റെ കാരണക്കാരിൽമുഖ്യനും നിർണായകഘട്ടങ്ങളിൽ ഉറച്ച പിന്തുണ നൽകി കൂടെനിന്നതും ഉമ്മൻ ചാണ്ടി സാറാണ്.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ പല സങ്കീർണ പ്രശ്നങ്ങൾക്കും അദ്ദേഹം പരിഹാരം കാണുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്

സാമൂഹികപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് പല പാഠങ്ങളും പഠിക്കേണ്ടതുണ്ട്. ഒരു സാധാരണക്കാരന് നീതി ലഭിക്കേണ്ട വിഷയത്തിൽ ഇടപെടേണ്ടി വന്നാൽ അത് ഉറപ്പിക്കാൻ ഏതറ്റം വരെയും അദ്ദേഹം പോകുമായിരുന്നു. വഴിയിൽ നിയമപരമായ തടസങ്ങളുണ്ടെങ്കിൽ അത് നീക്കം ചെയ്യും. ഇനി, നിയമനിർമാണമാണ് ആവശ്യമെങ്കിൽ അതും ചെയ്യും. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പല സങ്കീർണപ്രശ്നങ്ങൾക്കും അദ്ദേഹം പരിഹാരം കാണുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.

എനിക്ക് ഇപ്പോഴും ഓർമയുണ്ട് എം എൽ എയായിരുന്ന കാലത്ത് ഇത്തരം ഒരു വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അരികിൽ ചെല്ലേണ്ടിവന്നത്. വിതുര ജേഴ്‌സി ഫാമിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യമായിരുന്നു. ഞാൻ ഈ വിഷയം അദ്ദേഹത്തെ ഓഫിസിൽ കണ്ടു ഫയലുമായി എത്തുന്നത് ഒരു ബജറ്റ് കാലത്ത് രാത്രി 12 മണിക്കാണ്. വിഷയത്തിന്റെ ഗൗരവവും ആത്മാർത്ഥതയും ബോധ്യപ്പെട്ട ഉമ്മൻ ചാണ്ടി ഉടനെ തന്നെ  നിയമപരമായ കാര്യങ്ങൾ മനസിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ക്യാബിനറ്റിൽ അംഗീകാരം നൽകി. ഇതിന്റെ സന്തോഷസൂചകമായി ബജറ്റ് ദിവസം ജേഴ്‌സി ഫാമിലെ എല്ലാ യൂണിയനുകളിലെ തൊഴിലാളികളും വെളുപ്പിനെ  കറന്ന പാലുമായി അതിരാവിലെ അഞ്ചു മണിക്ക് ക്ലിഫ് ഹൗസിൽ അദ്ദേഹത്തെ കാണാനെത്തിയപ്പോൾ മുഖ്യമന്ത്രി ഒരു ചെറുപുഞ്ചിരി തൂകി.

സുതാര്യമായ രാഷ്ട്രീയ ജീവിതമായിരുന്നിട്ടും രാഷ്ട്രീയ എതിരാളികൾ അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടുന്നതും നാം കണ്ടു.

ഇന്ന് പല പ്രമുഖ രാഷ്ട്രീയനേതാക്കളും ജനമനസുകളിൽ ഇത്തിരി ഇടം തേടാൻ പി ആർ ഏജൻസികളുടെ സഹായം തേടുമ്പോൾ അത്തരം ഒരു സഹായവും ആവശ്യമില്ലാതെ തന്നെ ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞ ഒരു അതുല്യ നേതാവായിരുന്നു അദ്ദേഹം. സുതാര്യമായ പ്രവർത്തനവും ആത്മാർത്ഥതയും കൊണ്ടു മാത്രമാണ് പി ആർ സേവനങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ ജനജീവിതത്തെ സ്വാധീനിക്കാൻ കഴിയുന്ന തലത്തിൽ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അരനൂറ്റാണ്ടും അദ്ദേഹത്തിന് പ്രവർത്തിക്കാനായത്.

ഇത്ര സുതാര്യമായ രാഷ്ട്രീയജീവിതമായിരുന്നിട്ടും രാഷ്ട്രീയ എതിരാളികൾ അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടുന്നതും നാം കണ്ടു. അപ്പോഴും സ്ഥിതപ്രജ്ഞനായ അദ്ദേഹം എല്ലാ തീർപ്പും മനസാക്ഷിയുടെ കോടതിക്ക് വിടുന്നതാണ് കണ്ടത്. അന്ന് അദ്ദേഹത്തെ കളിയാക്കിയവർക്കു തന്നെ പിന്നീട് ആ കോടതിയിൽനിന്ന് അഗ്നിശുദ്ധി വരുത്തി ഉമ്മൻ ചാണ്ടി പുറത്തുവരുന്നതും കാണേണ്ടി വന്നു. ഈ വിയോഗത്തോടെ കേരളത്തിന്റെ രാഷ്ട്രീയം ഉമ്മൻ ചാണ്ടിക്ക് മുൻപും ഉമ്മൻ ചാണ്ടിക്ക് ശേഷവും എന്ന നിലയിൽ രണ്ടായി വിഭജിക്കപ്പെടുകയാണ്. അദ്ദേഹം ഇല്ലാത്ത ഇനിയുള്ള കാലത്ത് ആ പാവനസ്മരണയുടെ കരുത്തിൽനിന്ന് ഊർജം നേടി പ്രവർത്തിക്കാൻ സാധിക്കണേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ.

logo
The Fourth
www.thefourthnews.in