ഗീതാ ഗോപിനാഥ്
ഗീതാ ഗോപിനാഥ്

ആ ചിത്രം ചരിത്രമാണ്; നേട്ടവുമായി ഗീതാ ഗോപിനാഥ്

ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയാകുന്ന ആദ്യ വനിതയാണ് ഗീതാ ഗോപിനാഥ്‌
Updated on
3 min read

അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്)യുടെ മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധരുടെ ചിത്രങ്ങള്‍ വെച്ച ചുവരിലേക്ക് അവസാനമായി ചേര്‍ക്കപ്പെട്ട ചിത്രം ഒരു മലയാളിയുടേതാണ്, ഗീതാ ഗോപിനാഥ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് അമേരിക്കന്‍ പൗരത്വമുള്ള ഈ കണ്ണൂരുകാരി.

'ട്രെന്റ് തകര്‍ത്ത്.... ഐഎംഎഫിന്റെ മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധരുടെ ചിത്രങ്ങളുള്ള ചുവരിലേക്ക് ഞാനും' എന്ന കുറിപ്പോടെ ചിത്രം ട്വീറ്റ് ചെയ്താണ് ഗീതാ ഗോപിനാഥ് സന്തോഷം പങ്കുവെച്ചത്. ചുമരില്‍ പതിനൊന്നാമതായാണ് ഗീതാഗോപിനാഥിന്റെ ചിത്രം ചേര്‍ത്തിരിക്കുന്നത്. രഘുറാം രാജനാണ് ഈ ബഹുമതിക്ക് അര്‍ഹനായ ആദ്യ ഇന്ത്യക്കാരന്‍.

2019 ജനുവരിയിലാണ് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേല്‍ക്കുന്നത്. മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി അധ്യാപനത്തിലേക്ക് മടങ്ങാനിരിക്കെ , ഒന്നാം ഉപ മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെട്ടു. അധ്യക്ഷ പദവി കഴിഞ്ഞാല്‍ ഐഎംഎഫിലെ രണ്ടാമത്തെ ഉന്നത പദവിയാണ് ഇത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരിയും ഗീതാ ഗോപിനാഥ് തന്നെ. ജനുവരി 21 നാണ് സ്ഥാനമേറ്റെടുത്തത്. ഐഎംഎഫിന്റെ നേതൃത്വം രണ്ട് വനിതകളിലെത്തുന്നതും ഇത് ആദ്യമായാണ്.

ഗീതാ ഗോപിനാഥ് മാതാപിതാക്കള്‍ക്കൊപ്പം
ഗീതാ ഗോപിനാഥ് മാതാപിതാക്കള്‍ക്കൊപ്പം

കേരളത്തിന് അഭിമാനം

മലയാളികളായ ടി.വി. ഗോപിനാഥിന്റെയും വി.സി വിജയലക്ഷ്മിയുടെയും മകളായി 1971 ല്‍ കൊല്‍ക്കത്തയിലാണ് ഗീതാ ഗോപിനാഥിന്റെ ജനനം. മൈസൂരിലെ നിര്‍മല കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം, ഡല്‍ഹി സര്‍വകലാശായ്ക്ക് കീഴിലുള്ള ലേഡി ശ്രീറാം കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി.

2001 ല്‍ ചിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. 2005 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വകുപ്പില്‍ പ്രൊഫസറായി. അമര്‍ത്യാ സെന്നിന് ശേഷം ഇന്ത്യയില്‍ നിന്നെത്തി ഹാര്‍വാര്‍ഡില്‍ സ്ഥിരം പ്രൊഫസറാകുന്ന ആദ്യ വ്യക്തിയാണ് ഗീതാ ഗോപിനാഥ്. ഹാര്‍വാര്‍ഡിലെ അധ്യാപന ജോലിക്കിടെയാണ് ഐഎംഎഫ് ചുമതലകളിലേക്ക് എത്തുന്നത്. ആദ്യം അവധിയിലായിരുന്ന ഗീതാ ഗോപിനാഥ്, ഉപമാനേജിങ് ഡയറക്ടര്‍ പദവിയിലെത്തിയതോടെ സര്‍വകലാശാല വിട്ടു.

ശരിയായ സമയത്തെ ശരിയായ നിയമനമെന്നാണ് ഗീതാഗോപിനാഥിന്റെ നിയമനത്തെ ഐഎംഎഫ് അധ്യക്ഷ ക്രിസ്റ്റാലിന ജോര്‍ജിവ വിശേഷിപ്പിച്ചത്.

അര്‍ഹതയ്ക്കുള്ള അംഗീകാരം

ലോകത്തെ എണ്ണം പറഞ്ഞ മാക്രോ എക്‌ണോമിസ്റ്റുകളില്‍ ഒരാളാണ് ഗീതാ ഗോപിനാഥ്. മാക്രോ എക്‌ണോമിക്‌സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് എന്നീ മേഖലകളിലാണ് വൈദഗ്ധ്യം. കോവിഡ് കാലത്ത് വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതടക്കം അതിജീവനത്തിന് ആവശ്യമായ പദ്ധതിയ്ക്ക് രൂപം നല്‍കുന്നതില്‍ ഗീതാ ഗോപിനാഥ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട 'പാന്‍ഡമിക് പേപ്പറി'ന്റെ സഹരചയിതാവാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ കോവിഡിന്റെ ആഘാതത്തെ കുറിച്ചുള്ള പ്രവചനമുള്‍പ്പെടെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ പതിമൂന്ന് പ്രസിദ്ധീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് ആവശ്യമായ ഐഎംഎഫ് ആന്തരിക സമിതി രൂപീകരിക്കുന്നതും ഗീതാ ഗോപിനാഥിന്റെ നേതൃത്വത്തിലാണ്. ഐഎംഎഫ് ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറായും ഫണ്ട് വിഭാഗത്തിന്റെ എകണോമിക് കൗണ്‍സിലറായും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് ഐഎംഎഫിലെ രണ്ടാം പദവിയിലേക്കുള്ള നിയമനം. ശരിയായ സമയത്തെ ശരിയായ നിയമനമെന്നാണ് ഗീതാഗോപിനാഥിന്റെ നിയമനത്തെ ഐഎംഎഫ് അധ്യക്ഷ ക്രിസ്റ്റാലിന ജോര്‍ജിവ വിശേഷിപ്പിച്ചത്.

ഐഎംഎഫ് ലോഗോ
ഐഎംഎഫ് ലോഗോ

2016 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായതോടെയാണ് കേരളത്തില്‍ ഗീതാ ഗോപിനാഥിന്റെ പേര് സജീവ ചര്‍ച്ചയാകുന്നത്. ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധയായതോടെ ഈ ചുമതലയില്‍ നിന്ന് അവര്‍ ഒഴിയുകയായിരുന്നു. സാമ്പത്തിക വിദഗ്ധ എന്ന നിലയിലും ഗവേഷക എന്ന നിലയിലും നിരവധി രാജ്യാന്തര അംഗീകാരങ്ങളും നേട്ടങ്ങളും ഗീതാ ഗോപിനാഥിനെ തേടിയെത്തിയിട്ടുണ്ട്. 2011 ല്‍ ലോകസാമ്പത്തിക ഫോറത്തിന്റെ യങ് ഗ്ലോബല്‍ ലീഡറുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐഎംഎഫിന്റെ 45 വയസിന് താഴെയുള്ള മികച്ച 25 സാമ്പത്തിക വിദഗ്ധരുടെ പട്ടികയില്‍ 2014 ല്‍ ഇടംപിടിച്ചു. 2021 ല്‍ ഫിനാന്‍സ് ടൈംസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 വനിതകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. വിദേശ ഇന്ത്യക്കാര്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാനിനും ഗീതാ ഗോപിനാഥ് അര്‍ഹയായിട്ടുണ്ട്.

ഡല്‍ഹി സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ സഹപാഠിയായിരുന്ന ഇക്ബാല്‍ സിങ് ധലിവാലാണ് ജീവിത പങ്കാളി. 20 വയസുകാരന്‍ രാഹില്‍ മകനാണ്.

logo
The Fourth
www.thefourthnews.in