ബാലാമണിയമ്മയ്ക്ക് ഗൂഗിളിന്‍റെ ആദരം; 113ാം പിറന്നാളില്‍ പ്രത്യേക ഡൂഡില്‍
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ബാലാമണിയമ്മയെ ആദരിച്ച് ഗൂഗിള്‍. ബാലാമണി അമ്മയുടെ 113ാം ജന്മദിനത്തോടനുബന്ധിച്ച്, ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി. ദേവിക രാമചന്ദ്രന്‍ വരച്ച, തറവാട് വരാന്തയിലിരുന്ന് എഴുതുന്ന ബാലമണിയമ്മയുടെ ചിത്രമാണ് ഗൂഗിള്‍ ഡൂഡിലില്‍ നല്‍കിയിരിക്കുന്നത്.
തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ 1909 ജൂലൈ 19 നാണ് ബാലാമണിയമ്മയുടെ ജനനം.19ാം വയസില്‍ മാതൃഭൂമി പത്രത്തിന്‍റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്ന വി.എം നായരെ വിവാഹം ചെയ്തു. 1930ലാണ് ആദ്യകവിത, കൂപ്പുകൈ പ്രസിദ്ധീകരിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ബാലാമണിയമ്മയ്ക്ക്, അമ്മാവന്‍ നാലപ്പാട്ട് നാരായണ മേനോന്റെ ശിക്ഷണമാണ് കവിതയെഴുതാന്‍ പ്രചോദനമായത്.
മാത്യഹൃദയത്തിന്റെ വാത്സല്യമാണ് ബാലാമണിയമ്മയുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അമ്മയ്ക്ക് പുതിയ ഭാവങ്ങള്‍ നല്‍കപ്പെട്ടത് ബാലാമണിയമ്മയുടെ കവിതകളിലൂടെയാണ്. മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട കവികളില്‍ വേറിട്ട സ്വരമായിരുന്നു ബാലാമണിയമ്മയുടേത്. 21 കവിതാസമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നല്‍കിയ ബാലാമണിയമ്മയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തി. 1947ല്‍, കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനില്‍ നിന്നുള്ള സാഹിത്യ നിപുണ ബഹുമതിയായിരുന്നു ആദ്യ ആദരം. 1984ല്‍ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് പേര് നിര്‍ദേശിക്കപ്പെട്ടു.
കേരള, കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയ ബാലമണിയമ്മയെ രാജ്യം 1987ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 1991ല്‍ ആശാന്‍ പുരസ്‌കാരവും 1993ല്‍ വള്ളത്തോള്‍ പുരസ്‌കാരവും 1993 ല്‍ ആശാന്‍ പുരസ്‌കാരവും ലളിതാംബിക അന്തര്‍ജന പുരസ്‌കാരവും ലഭിച്ചു. 1995 ല്‍ മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരവും ബാലാമണിയമ്മയെ തേടിയെത്തി. അല്‍ഷിമേഴ്‌സ് ബാധിച്ച് അഞ്ച് വര്‍ഷത്തോളം ചികിത്സയിലിരിക്കെ, 2004 സെപ്റ്റംബര്‍ 29 നായിരുന്നു മരണം.