ചരിത്ര കൗൺസിൽ മുതൽ സംഘ്പരിവാറിന്റെ നോട്ടപ്പുള്ളി: ഗോപിനാഥ് രവീന്ദ്രന്റെ കരിയർ
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാൻസലര്‍ ഗോപിനാഥ് രവീന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി സി ക്രിമിനലാണെന്നും തന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഗവർണറുടെ പരാമർശത്തിനെതിരെ ചരിത്രകാരന്മാർ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.
കണ്ണൂര്‍ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംഘപരിവാറിനും നേരത്തെ തന്നെ ചില പ്രശ്നങ്ങളുണ്ട്. 2015ൽ ഗോപിനാഥ് രവീന്ദ്രൻ ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായിരിക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം. യുപിഎ സര്‍ക്കാരായിരുന്നു ഗോപിനാഥിനെ മെമ്പർ സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിപ്പോള്‍ ചരിത്ര കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. വൈ സുദര്‍ശന്‍ റാവുവെന്ന, ചരിത്രകാരനായി അന്നുവരെ അറിയപ്പെടാതിരുന്നയാളെ ചെയര്‍മാനാക്കി.
ഇർഫാൻ ഹബീബ്, റോമില ഥാപ്പർ തുടങ്ങിയ പ്രമുഖ ചരിത്രകാരന്മാർ ഉൾപ്പെട്ട ഐസിഎച്ച്ആറിന്റെ ഉപദേശക സമിതിയെ പിരിച്ചുവിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മെമ്പര്‍ സെക്രട്ടറിയായിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഐസിഎച്ച്ആർ ചെയർമാനായിരുന്ന സുദർശൻ റാവു അത് രേഖപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഗോപിനാഥ് രാജിവെച്ചു.
മെമ്പര്‍ സെക്രട്ടറിക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ പറ്റില്ലെന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. ചരിത്ര കൗണ്‍സിലിലെ സങ്കുചിത നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ഗോപിനാഥ് രവീന്ദ്രൻ സംഘ്പരിവാറിന്റെ നോട്ടപുള്ളിയായി.
2017 നവംബറിലാണ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ചുമതലയേൽക്കുന്നത്
2017 നവംബറിലാണ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ചുമതലയേൽക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഗോപിനാഥ് രവീന്ദ്രൻ 1979-82 വർഷങ്ങളിൽ ഡൽഹി സെന്റ് സ്റ്റീഫൻസിലും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലുമായി പഠനം പൂർത്തിയാക്കി. 1987ൽ ചരിത്രത്തിൽ എംഫിൽ എടുത്ത ശേഷം ഡോ. ഗോപിനാഥ് 1987ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ചരിത്ര അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
അതേവർഷം തന്നെ അദ്ദേഹം ജാമിയ മിലിയ ഇസ്ലാമിയയിലെ അദ്ധ്യാപകനായി ചുമതലയേറ്റു. 1990ൽ ജെഎൻയുവിൽ നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം തുടർന്ന് ജാമിയയിൽ വിവിധ പദവികളിൽ തുടർന്നു. 2002 മുതൽ 2004 വരെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സോഷ്യൽ പോളിസി വിഭാഗത്തിലെ അക്കാദമിക് വിസിറ്ററായിരുന്നു.
കാർഷിക സമ്പദ്‌വ്യവസ്ഥ, മരണനിരക്ക്, ഫെർട്ടിലിറ്റി, അസമത്വം എന്നിവയെക്കുറിച്ച് ദീർഘകാല പഠനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ''Agrarian regimes and demographic change: Fertility change in southern india , Aspects of demographic change and the agrarian economy of colonial malabar and the changing late precolonial political economy of malabar'' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളിൽ ചിലത്.
കണ്ണൂർ വിസിയായി ചുമതലയേറ്റ്, 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നിരവധി മാറ്റങ്ങൾ അദ്ദേഹം സർവകലാശാലയിൽ നടപ്പാക്കി
കണ്ണൂർ വിസിയായിരിക്കെ 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നിരവധി മാറ്റങ്ങൾ അദ്ദേഹം സർവകലാശാലയിൽ നടപ്പാക്കി. വിവിധ പോർട്ടലുകൾ ഉൾപ്പെടുത്തി കണ്ണൂർ സർവകലാശാല വെബ്‌സൈറ്റ് പരിഷ്കരിച്ചു. ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിംഗ് സംവിധാനം കൊണ്ടുവന്നു. നാക് അക്രഡിറ്റേഷനിൽ മികച്ച റാങ്കിംഗ്, പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവും ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം, മൂല്യനിർണയ ക്യാമ്പുകളിൽ നിന്ന് ഓൺലൈൻ മാർക്ക് എൻട്രിക്കായി സർവകലാശാലയിൽ തന്നെ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. കമ്പ്യൂട്ടേഷണൽ ബയോളജി, നാനോ സയൻസ് & നാനോ ടെക്നോളജി, എത്‍നോ ബോട്ടണി, തുടങ്ങി നിരവധി കോഴ്സുകൾ തുടങ്ങി. പ്രത്യേക ഐടി സെൽ, ഗവേഷണ ഡയറക്ടറേറ്റ് എന്നിവ രൂപീകരിച്ചു. സർവകലാശാല നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങൾക്കും അദ്ദേഹം പരിഹാരം കണ്ടതായാണ് പൊതുവേയുള്ള വിലയിരുത്തൽ.
ആദ്യ കാലാവധി പൂർത്തിയായ ശേഷം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതും വിവാദമായിരുന്നു. ഗോപിനാഥിന്റെ നിയമനത്തിനെതിരെ പരസ്യ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തുവരികയും ചെയ്തു. പുതിയ വിസിയെ കണ്ടെത്താന്‍ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അത് പിരിച്ചുവിട്ട് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുകയുമായിരുന്നു.
2019ല്‍ കണ്ണൂര്‍ സര്‍വകലാശാല വേദിയായ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധം ചൂണ്ടിക്കാട്ടിയിയിരുന്നു വിസിക്കെതിരായ ഗവര്‍ണറുടെ പുതിയ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രതിനിധികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണര്‍ക്കെതിരെ വേദിയില്‍ കയറി പ്രതിഷേധിച്ചത് അന്ന് വിവാദവുമായി. സിഎഎ പ്രതിഷേധ സമയത്ത് തനിക്കെതിരെ വിസി ഗൂഢാലോചന നടത്തിയെന്നാണ് ഇപ്പോള്‍ ഗവര്‍ണറുടെ ആരോപണം.