വിഭജനവും ദാരിദ്ര്യവും ജന്മം നല്‍കിയ എഴുത്തുകാരന്‍
ഹിന്ദി ചലച്ചിത്ര മേഖലയില്‍ കാലത്തിനും മാറ്റങ്ങള്‍ക്കും അനുസൃതമായി ഇന്നും പ്രസക്തിയുള്ള വരികള്‍ സമ്മാനിക്കുന്ന മറ്റൊരു കവിയുണ്ടാകില്ല. ഒന്‍പത് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട് സമ്പൂരന്‍ സിങ് കല്‍റ എന്ന ഗുല്‍സാറിന്റെ ചിന്തകള്‍ക്ക്. വിഭജനത്തിന്റേയും ഒറ്റപ്പെടലിന്റേയും ദാരിദ്ര്യത്തിന്റേയും ദു:സ്വപ്നങ്ങളാണ് ഗുല്‍സാറെന്ന സാഹിത്യകാരന് ജന്മം നല്‍കിയത്. ഒറ്റനോട്ടത്തില്‍ സാധാരണമാണെന്ന് തോന്നുന്ന വാക്കുകള്‍, ആഴ്ന്ന് നോക്കിയാലറിയാം തീവ്രത, ഇതാണ് ഗുല്‍സാറിന്റെ ശൈലി. ഈ കൈകളിലേക്കാണ് 58-ാമത് ജ്ഞാനപീഠ പുരസ്കാരമെത്തുന്നത്.
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ഗുല്‍സാറിന് പ്രായം 12 വയസാണ്. ചുറ്റുമെന്താണ് സംഭവിക്കുന്നതെന്ന തിരിച്ചറിവെത്തുന്ന സമയമെന്ന് തന്നെ പറയാം. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടേയും ഇന്നത്തെ പാകിസ്താന്റെയും ഭാഗമായ ഝലം ജില്ലയിലെ ദിനയിലാണ് ജനനം. വിഭജനത്തിന് ശേഷം മുംബൈയിലേക്ക് ജീവിതം പറിച്ചു നട്ടെങ്കിലും ഇന്ത്യ-പാക് അതിർത്തി കടന്ന് ജന്മദേശത്തിലേക്കുള്ള യാത്ര പലപ്പോഴും സ്വപ്നം കണ്ടിരുന്നതായി ഗുല്‍സാർ തന്നെ പറഞ്ഞിട്ടുണ്ട്.
അന്നത്തിനായുള്ള ദൈനംദിന വെല്ലുവിളികളെ തോല്‍പ്പിച്ചും പിതാവിന്റെ അമർഷത്തെ മറികടന്നുമാണ് സമ്പൂരന്‍ സിങ് 'ഗുല്‍സാർ ദീന്‍വി' എന്ന തൂലീകാനാമത്തിലേക്ക് എത്തുന്നത്, പിന്നീടത് ഗുല്‍സാറായി മാറുകയായിരുന്നു.
രവീന്ദ്രനാഥ് ടാഗോറായിരുന്നു കുട്ടിക്കാലം മുതല്‍ ഗുല്‍സാറിനെ ഏറെ സ്വാധീനിച്ചിരുന്നത്. ടാഗോറിന്റെ എഴുത്തുകളോടുള്ള പ്രിയം വൈകാതെ തന്നെ ബംഗാളി ഭാഷയിലേക്കും പകർന്നു. അഭിനിവേശമായി തുടങ്ങിയത് മെല്ലെ ആഴത്തിലുള്ള പഠനമായി മാറിയെന്ന് പറയാം. ടാഗോറിനെ നന്നായി പഠിച്ചു, സമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ അനായാസമായി അവതരിപ്പിക്കുന്ന ടാഗോർ ടച്ച് ഗുല്‍സാറിനെ ആകർഷിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
സമൂഹിക വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന എഴുത്തുകള്‍ക്ക് പിന്നിലെ രാഷ്ട്രീയവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ ഇരയായി മാറിയതാണ് തന്റെ ജീവിതമെന്ന് 2017-ല്‍ ബെംഗളൂരു പോയട്രി ഫെസ്റ്റിവലില്‍ ഒരിക്കല്‍ ഗുല്‍സാർ പറഞ്ഞിരുന്നു. ഇന്ത്യയെ എല്ലാ സാധാരണക്കാരും രാജ്യത്തിന്റെ രാഷ്ട്രീയത്താല്‍ ബാധിക്കപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്നു. ഞാന്‍ ഒരു സംഘടനയുടേയൊ ആശയത്തിന്റെയൊ ഭാഗമല്ല. മറിച്ച് അതിന് ഇരയായ വ്യക്തിയാണെന്നാണ് അദ്ദേഹം പറഞ്ഞു. 'സസ്പെക്റ്റഡ് പോംസ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള സംവാദത്തിലായിരുന്നു പരാമർശം. അന്ന് ഗോമാംസം ഭക്ഷിച്ചതിനെ തുടർന്നുണ്ടായ കൊലപാതങ്ങളെക്കുറിച്ചു, രാഷ്ട്രീയ പശ്ചാത്തലത്തിന് അനുസരിച്ച് ചുവടുമാറ്റപ്പെടേണ്ടി വരുന്ന വിവിധ ജനവിഭാഗങ്ങളെക്കുറിച്ചും ഹാസ്യരൂപേണ അദ്ദേഹം അവതരിപ്പിച്ചിരുന്നു.
സാഹിത്യലോകത്തുള്ളവർ അതിരുകള്‍ മറികടന്ന് ചിന്തിക്കണമെന്നും മനുഷ്യപക്ഷത്ത് നിന്ന് കൃതികളുണ്ടാകണമെന്നും ചട്ടക്കൂടിനുള്ളില്‍ നിന്ന് പുറത്ത് വരണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പലവേദികളില്‍ ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഒരു സമയത്ത് പ്രത്യക്ഷമായിരുന്ന ഭാഷയുദ്ധത്തേയും ചോദ്യം ചെയ്തിരുന്നു ഗുല്‍സാർ. രാഷ്ട്രീയമായി മാത്രമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളത്, സാംസ്കാരിക സ്വാതന്ത്ര്യം ഇന്നും അകലെയാണെന്നായിരുന്നു ഗുല്‍സാറിന്റെ വാക്കുകള്‍.