ഹെക്കാനി ജഖാലു
ഹെക്കാനി ജഖാലു

ഹെക്കാനി ജഖാലു; നാഗാലാന്‍ഡിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എംഎല്‍എ

ലോക് ജനശക്ത് പാര്‍ട്ടിയുടെ അഷെറ്റോ ഷിമോമിയെയാണ് 1536 വോട്ടുകള്‍ക്ക് ഹെക്കാനി ജഖാലു പരാജയപ്പെടുത്തിയത്.
Updated on
1 min read

സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന്റെ അറുപതാം വര്‍ഷത്തില്‍ നാഗാലാന്‍ഡിന് ആദ്യ വനിതാ എംഎല്‍എയെ ലഭിച്ചിരിക്കുന്നു. ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപിയുടെ സ്ഥാനാര്‍ഥിയും അഭിഭാഷകയുമായ ഹെക്കാനി ജഖാലുവാണ് നാഗാ ജനതയുടെ ആദ്യ വനിതാ എംഎല്‍എ. ധീമാപൂര്‍ -III മണ്ഡലത്തില്‍ നിന്നാണ് 48കാരിയായ ജഖാലുവിന്‌റെ ജയം. ലോക് ജനശക്ത് പാര്‍ട്ടിയുടെ അഷെറ്റോ ഷിമോമിയെയാണ് 1536 വോട്ടുകള്‍ക്ക് ഹെക്കാനി ജഖാലു പരാജയപ്പെടുത്തിയത്.

നാഗാലാന്‍ഡിലെ 183 സ്ഥാനാര്‍ഥികളില്‍ നാലുപേര്‍ മാത്രമായിരുന്നു വനിതകള്‍. വെസ്റ്റേണ്‍ അംഗാമി സീറ്റില്‍ നിന്ന് എന്‍ഡിപപിയുടെ മറ്റൊരു വനിതാ സ്ഥാനാര്‍ഥി സല്‍ഹൗതുവോനൗ ക്രൂസും ലീഡ് ചെയ്യുന്നുണ്ട്.

സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ലോ സ്‌കൂളില്‍ നിന്നാണ് ഹെക്കാനി ജഖാലു നിയമത്തില്‍ മാസ്റ്റര്‍ ബിരുദം സ്വന്തമാക്കിയത്. രാഷ്ട്രപതിയുടെ നാരി ശക്തി പുരസ്‌കാരം നേടിയ വനിതാ നേതാവ് കൂടിയാണ് അവര്‍. യുവാക്കളുടേയും സ്ത്രീകളുടേയും പിന്നോക്ക വിഭാഗങ്ങളുടേയും ക്ഷേമം ഉറപ്പാക്കി മുന്നോട്ടുപോകുമെന്നായിരുന്നു അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനം.

നാരി ശക്തി പുരസ്കാരം സ്വീകരിക്കുന്നു
നാരി ശക്തി പുരസ്കാരം സ്വീകരിക്കുന്നുഫയല്‍

ഹെക്കാനി ജഖാലു നാഗാലാന്‍ഡിലെ എന്‍ഡിപി സര്‍ക്കാരില്‍ മന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭയിലെത്തുന്ന ഏക വനിതാ അംഗമാണെങ്കില്‍ മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് എന്‍ഡിപിപി നേതൃത്വം നല്‍കുന്ന സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔദ്യോഗിക ഫലം വന്നില്ലെങ്കിലും നാഗാലാന്‍ഡില്‍ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം തരംഗം ഉറപ്പായിരിക്കുകയാണ്. എന്‍ഡിപിപി - ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തുന്നത്. 60 അംഗ സഭയില്‍ 43ലധികം സീറ്റുകള്‍ ബിജെപി സഖ്യം ഉറപ്പാക്കി. എന്‍ഡിപിപി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നെഫ്യൂ റിയോ തന്നെ പുതിയ സര്‍ക്കാരിനേയും നയിക്കും.

40:20 എന്ന രീതിയിലായിരുന്നു എന്‍ഡിപിപിയും ബിജെപിയും മത്സരിച്ചിരുന്നത്. ഇതില്‍ മികച്ച പ്രകടനം കാഴ്ച വച്ചത് ബിജെപിയാണ്. മത്സരിച്ച 20 സീറ്റില്‍ 17 എണ്ണത്തിലും മുന്നേറ്റം. അകല്ലുട്ടോ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിജയം പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in